/indian-express-malayalam/media/media_files/lDR4icXgugGq0kHXns5o.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: സ്ത്രീകളുടെ മാറിടത്തിൽ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു. കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്ക് വിഷയത്തിൽ വേണ്ടത്ര ശ്രദ്ധയും ഉത്തരവാദിത്തവും ഉണ്ടായില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
വിഷയത്തിൽ സുപ്രീം കോടതി ചൊവ്വാഴ്ച സ്വമേധയാ കേസെടുത്തിരുന്നു. ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ജഡ്ജിയുടെ ഭാഗത്തുനിന്നുള്ള സംവേദനക്ഷമതയുടെ പൂർണ്ണമായ അഭാവത്തെ ചിത്രീകരിക്കുന്നുവെന്ന് പറയാൻ വിഷമമുണ്ടെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.ജി മാസി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ മാർച്ച് 17ലെ വിധിന്യായം പെട്ടെന്ന് പുറപ്പെടുവിച്ചതല്ലെന്നും, നാലു മാസത്തേക്ക് മാറ്റിവച്ചതിനു ശേഷമാണ് വിധി പ്രഖ്യാപിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. നിരീക്ഷണം നിർവികാരപരവും മനുഷ്യത്വരഹിതവും ആണെന്നും സുപ്രീം കോടതി പറഞ്ഞു.
ഹൈക്കോടതിക്ക് മുമ്പാകെയുള്ള കേസിൽ കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനും കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ സോളിസിറ്റർ ജനറലിന്റെ സഹായവും സുപ്രീം കോടതി തേടി. വിവാദ വിധിക്കെതിരെ നല്‍കിയി റിട്ട് ഹര്‍ജി നേരത്തെ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി.ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ കീഴ്‌കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹരജിയിലായിരുന്നു അലഹബാദ് ഹൈകോടതിയുടെ വിവാദ പരാമർശം. ഉത്തര്‍പ്രദേശിൽ നിന്നുള്ള പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പർശിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പീന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനു ശ്രമിച്ചെന്നുമായിരുന്നു കേസ്.
ആ സമയം അതുവഴി ഒരാള്‍ വരുന്നത് കണ്ട് അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ രണ്ടു പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്‌ക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് അലഹബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ നിരീക്ഷണം.
Read More
- ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിലെ തീപിടിത്തം; പൊലീസ് ആസ്ഥാനം അറിയാൻ വേണ്ടിവന്നത് 8 മണിക്കൂർ
- യുഎസ് സ്റ്റുഡന്റ് വിസ നിരസിക്കൽ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; കഴിഞ്ഞ വർഷം തള്ളിയത് 41 ശതമാനം
- പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി
- ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം; അന്വേഷത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീം കോടതി
- ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.