/indian-express-malayalam/media/media_files/2025/10/04/vijay-namakkalrally-2025-10-04-19-51-26.jpg)
File Photo
Vijay Rally Stampede:സ്വന്തം ഗ്രാമം ആയ നാമക്കലിലെ ഒരു റാലി. വെള്ളിയാഴ്ച വൈകുന്നേരം ആ റാലിയെ കുറിച്ച് എഴുതാൻ തുടങ്ങുകയായിരുന്നു പ്രശസ്ത എഴുത്തുകാരനായ പെരുമാൾ മുരുകൻ. അതൊരു വെറും റാലി ആയിരുന്നില്ല. തമിഴക വെട്രി കഴകം നേതാവ് വിജയ് സെപ്തംബർ 27ന് അവിടെയെത്തി, കരൂരിൽ തിക്കിലും തിരക്കിലും പിടഞ്ഞ് വീണ് 41 പേർ മരിച്ച സംഭവത്തിന് ഏതാനും മണിക്കൂറുകൾ മാത്രം മുൻപ്.
മുരുകന്റെ തമിഴിലെ ആ ബ്ലോഗ് പോസ്റ്റ് ഒരു രാഷ്ട്രീയ പ്രഭാഷണം അല്ല. അതൊരു വിശദമായ ഡയറിയാണ്. എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്നതിന്റെ വ്യക്തമായ എഴുത്തായിരുന്നു. എന്തായിരുന്നു അവിടെയുണ്ടായിരുന്ന അന്തരീക്ഷം എന്ന് വാക്കുകളിലൂടെ വരച്ചിടുകയായിരുന്നു അദ്ദേഹം. ആ എഴുത്തിൽ ഒരിടത്തും അതിഭാവുകത്വമില്ല.
"സെപ്തംബർ 27, ശനിയാഴ്ച വിജയ് ആദ്യം എത്തിയത് നാമക്കലിലാണ്, അങ്ങനെയാണ് അദ്ദേഹം എഴുതി തുടങ്ങിയത്. "കരൂർ ദുരന്തത്തെ തുടർന്ന് നാമക്കലിൽ എന്താണ് സംഭവിച്ചത് എന്നുള്ള റിപ്പോർട്ടുകൾക്ക് ശ്രദ്ധ ലഭിച്ചില്ല. നാമക്കലിൽ ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ എന്താണ് കണ്ടത് എന്ന് റെക്കോർഡ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അന്വേഷിച്ചറിഞ്ഞ കാര്യങ്ങളും ഇവിടെ എഴുതുന്നു. ഇതൊരു പത്രക്കുറിപ്പായും എടുത്തേക്കാം."
ബാനറുകളാൽ നിറഞ്ഞ വേദി
ഈ റാലി നടക്കുന്നതിന് രണ്ട് ദിവസം മുൻപ് സേലം റോഡിലൂടെ മുരുകൻ വെറുതെ നടന്നിരുന്നു. ഇങ്ങനെ ഒരു ഇടം ഈ റാലിക്ക് ഇണങ്ങുന്നതല്ല എന്ന് അദ്ദേഹത്തിന് മനസിലായി. രണ്ട് വശവും കടകൾ, ചെറിയ റോഡ്, ഗതാഗതം തടസപ്പെടുത്തി മാത്രമേ വിജയിക്ക് പ്രസംഗിക്കാൻ സാധിക്കുകയുള്ളു.
"അവിടെ ഒരിടത്ത് നിന്ന് വിജയ് 20-30 മിനിറ്റ് സംസാരിക്കും എന്നതായിരുന്നു പ്ലാൻ. റോഡിൽ നിൽക്കുന്ന ജനങ്ങൾക്ക് അദ്ദേഹത്തിനെ കാണാനാവും. വിജയിയെ കണ്ട് അവർ സംതൃപ്തരാും. വീട്ടിലേക്ക് തിരികെ പോകും. അതിനാലാണ് അവർ ഈ സ്പോട്ട് തിരഞ്ഞെടുത്തത്, അങ്ങനെയാണ് ഞാൻ ചിന്തിച്ചത്," പെരുമാൾ മുരുകൻ എഴുതുന്നു.
പക്ഷേ ആ ബാനറുകൾ പെരുമാൾ മുരുകന്റെ ശ്രദ്ധ പിടിച്ചു. റോഡിന്റെ വലിയൊരു ഭാഗം ഈ ബാനറുകളാണ് നിറഞ്ഞുനിൽക്കുന്നത്. പൊലീസ് അത് മാറ്റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബാനറുകളുടെ ഫോട്ടോ പൊലീസുകാർ എടുത്തു. പക്ഷേ പാർട്ടി പ്രവർത്തകർ പൊലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു. കാരണം അതിനുള്ള ഫൈനുകൾ ചെറിയ തുകയാണ്.
പാർട്ടി അയച്ച വിരമിച്ച പൊലീസുകാരന്റെ നിർദേശവും തള്ളി
ജില്ലയിലെ മുൻ പൊലീസ് മേധാവിയായിരുന്ന ഡെപ്യൂട്ടി സുപ്രണ്ടിനെ ടിവികെ നാമക്കലിലേക്ക് അയച്ചിരുന്നു. റാലി നടക്കുന്നതിന് രണ്ട് ദിവസം മുൻപ് അദ്ദേഹം നാമക്കലിലേക്ക് വന്നു. അദ്ദേഹം നൽകിയ നിർദേശം പ്രായോഗികമായിരുന്നു: ഷീറ്റ് ഉപയോഗിച്ച് ചുറ്റികെട്ട് ട്രാൻസ്ഫോർമറുകൾ സുരക്ഷിതമാക്കുക. വലിയ ബാനറുകൾ നീക്കം ചെയ്യുക, ഒരു മെഡിക്കൽ ക്യാംപ് ക്രമീകരിക്കുക. ആറ് ഇടങ്ങളിൽ കുടിവെള്ളം വെക്കുക. 30 അടിയോളം ഉയർത്തിൽ നാട്ടിയിരിക്കുന്ന കൊടികൾ നീക്കുക. ക്യാംപെയ്ൻ വാഹനം നിർത്തി വിജയ് സംസാരിച്ച് തുടങ്ങുമ്പോൾ ചിലപ്പോൾ ഇതെല്ലാം താഴേക്ക് മറിഞ്ഞുവീഴാൻ സാധ്യതയുണ്ട്, വിജയിയുടെ പാർട്ടി അയച്ച വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ ഇതെല്ലാമായിരുന്നു. "എന്നാൽ പാർട്ടിയുടെ ജില്ലാ നേതൃത്വം ഇതെല്ലാം പിന്തുടർന്നില്ല. ചില നിർദേശങ്ങൾ അവർ പാലിച്ചു. ചിലത് അവഗണിച്ചു," മുരുകൻ എഴുതുന്നു.
തിരക്ക് പിടിച്ച ജനറൽ സെക്രട്ടറി
ടിവികെ ജനറൽ സെക്രട്ടറിയായ ആനന്ദിലേക്കാണ് പിന്നെ മുരുകന്റെ എഴുത്ത് വരുന്നത്, ആനന്ദ് നേരത്തെ തന്നെ എത്തി. നാമക്കലിലേക്കും കരൂരിലേക്കും മാറിമാറി പൊയ്ക്കൊണ്ടിരുന്നു. കൊടികൾ വേണ്ടവിധം ആഴത്തിലാണോ ഉറപ്പിച്ചിരിക്കുന്നത് എന്നെല്ലാം അദ്ദേഹം നോക്കുന്നുണ്ടായി. എന്നാൽ പേരിന് മാത്രമായിരുന്നു അത്. ഉടനെ തന്നെ ആനന്ദ് മടങ്ങി, മുരുകൻ എഴുതുന്നു.
ജാതിയും മറ്റ് ലക്ഷ്യങ്ങളും വെച്ച് ചില ഉപകഥകളും ഇതിനിടയ്ക്ക് ഉണ്ടായിരുന്നു., പടിഞ്ഞാറൻ ജില്ലാ സെക്രട്ടറിയായ സതിഷ് കുമാർ ആനന്ദിന്റെ ജാതിയെ കുറിച്ച് പറഞ്ഞു, നാമക്കലിലെ ഒരു ന്യൂനപക്ഷമായിരുന്നു ഇത്. അയാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റ് ലഭിക്കാനുള്ള സാധ്യത നേരിയതായിരുന്നു. പകരം ഈ റാലികൾക്ക് പണമൊഴുക്കുന്ന സമ്പന്നൻ സീറ്റ് ലക്ഷ്യം വെക്കുന്നു. മുരുകൻ ഇതിനെ കുറിച്ച് പതിയെയാണ് പറയുന്നത്. പക്ഷേ അദ്ദേഹം പറയുന്ന രാഷ്ട്രീയം വ്യക്തമാണ്. അവസരത്തിനായി പണം നൽകുന്നു. നേതാക്കൾ വിജയിയെ ചുറ്റുന്നു.
സ്കൂൾ മുറ്റത്ത് തുടക്കം
രാവിലെ 8.50ന് ആണ് വിജയ് തൃച്ചിയിലെത്തിയത്. നാമക്കലിൽ വിജയി പ്രസംഗിക്കും എന്ന് പറഞ്ഞിരുന്നത് 8.45ന് ആയിരുന്നു. അവിടെ നിന്ന് ക്യാംപെയ് ബസ് പിന്നെ രണ്ട് മൂന്ന് കിലോമീറ്റർ നിർത്തിയില്ല. പകരം സ്കൂൾ ഗ്രൗണ്ടിൽ ക്യാംപെയ്ൻ വണ്ടി പാർക്ക് ചെയ്തു, 25 കിമീ അകലെ. വിജയിയെ കണ്ടതോടെ അധ്യാപകരം കുട്ടികളും ആർത്തുവിളിക്കാൻ തുടങ്ങി.
അവിടെ നിന്നാണ് അനുവാദമില്ലാത്ത റോഡ് ഷോ ആരംഭിച്ചത്. "ഈ 25 കിലോമീറ്റർ പിന്നിടാൻ മൂന്ന് മണിക്കൂറിലധികം സമയമെടുത്തു".മുരുകൻ എഴുതുന്നു. റോഡിൽ ജനം തിങ്ങി നിറഞ്ഞു. ബസിനുള്ളിൽ നിന്ന് വിജയ് കൈവീശി. പുറത്ത് ബസിന്റെ ചില്ലിൽ ജനങ്ങൾ മുഖം അമർത്തി. ഉച്ചയ്ക്ക് 2.30ഓടെ വിജയ് നാമക്കലിലെത്തി. 2.45ന് സേലം റോഡിൽ നിന്ന് വിജയ് സംസാരിക്കാൻ ആരംഭിച്ചു.
കാത്തിരിപ്പും ദാഹവും
വൈകുന്നേരം അഞ്ച് മണിയോട ജനങ്ങൾ തിങ്ങി നിറഞ്ഞു. കടകൾ അടച്ചിരിക്കുന്നു. ഭക്ഷണവും വെള്ളവുമില്ല. "ഗ്രാമീണ മേഖലയിൽ നിന്നാണ് കൂടുതൽ ആളുകളും വന്നിരുന്നത്. വെള്ളവും പലഹാരങ്ങളും കൊണ്ടുവരുന്ന പതിവ് അവർക്കില്ല. കുട്ടികളെ കൂടെ കൊണ്ടുവന്നാൽ പോലും അവർ വെള്ളമൊന്നും എടുക്കില്ല. അവർ കരുതിയത് റാലി നടക്കുന്ന സ്ഥലത്ത് നിന്ന് ഇതെല്ലാം ലഭിക്കുമെന്നാണ്. ഭക്ഷണം ഒരുക്കിയിട്ടില്ലെങ്കിൽ അവിടെ വെള്ളമെങ്കിലും ക്രമീകരിക്കണമായിരുന്നു. ഒരിടത്ത് മാത്രമായിരുന്നു വെള്ളം വിതരണം ചെയ്തത്. അവിടേക്ക് ജനക്കൂട്ടം ഓടിക്കൂടി. ഒരാൾക്ക് മുകളിലേക്ക് മറ്റൊരാൾ വീണു," പെരുമാൾ മുരുകൻ എഴുതുന്നു.
10 മണിയായതോടെ ആളുകൾ തളർന്ന് വീഴാൻ തുടങ്ങി. നൂറിന് മുകളിൽ ആളുകൾ കുഴഞ്ഞുവീണു. തിക്കിലും തിരക്കിലും ചിലരുടെ എല്ലുകൾ ഒടിഞ്ഞു. ഭാഗ്യത്തിന് ഇവിടെ ആരും മരിച്ചില്ല.
ജനങ്ങളെ നിയന്ത്രിക്കാനാരുമില്ലാതെ...
റാലി നടക്കുന്നതിന് പുറത്തായാണ് പൊലീസ് നിന്നിരുന്നത്. പരിപാടിയിൽ ഇടപെടരുത് എന്ന നിർദേശമാണ് പൊലീസിന് ലഭിച്ചിരുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് പാർട്ടിയുടെ ജോലിയും കലാപം നിയന്ത്രിക്കേണ്ടത് പൊലീസിന്റെ ജോലിയുമാണെന്നത് പോലെ. വോളന്റിയർമാർ ട്രാൻസ്ഫോർമറുകൾക്ക് മുകളിൽ കയറി. ബാനറുകളും കൊടി തോരണങ്ങളും ഊരിയെടുത്തു. വിജയിയുടെ പേര് അവർ ആർത്ത് വിളിച്ചു.
നേതാക്കളെയൊന്നും അവിടെ ഒരിടത്തും കാണാനുണ്ടായില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം നേതാക്കൾ വിജയിയുടെ ശ്രദ്ധ പിടിക്കാനാണ് ശ്രമിച്ചത്. വിജയിയുടെ മനസിൽ തങ്ങളുടെ മുഖം പതിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. അതിനാൽ വിമാനത്താവളം മുതൽ അവർ വിജയിയെ പിന്തുടർന്നു. വിജയിയുടെ ബസിന് ചുറ്റും ഓടി. വിജയിയുടെ ശ്രദ്ധ പിടിക്കാൻ ആവുന്നതെല്ലാം അവർ ചെയ്തു.
Also Read: രാജ്യമായി അവശേഷിക്കണോ എന്ന് പാക്കിസ്ഥാൻ ചിന്തിക്കണം; കർശന മുന്നറിയിപ്പുമായി കരസേനാ മേധാവി
"രാഷ്ട്രീ നേതാക്കൾ സാധാരണ നഗരത്തിൽ എത്തിയാൽ അവർ ഏതാനും മണിക്കൂർ സർക്കാർ ഗസ്റ്റ് ഹൗസിലോ സ്വകാര്യ ലോഡ്ജിലോ സമയം ചിലവഴിക്കും. ജില്ലാ തല നേതാക്കളുമായി അവർ ചർച്ച ചെയ്യും. നിർദേശങ്ങൾ നൽകും. ക്രമീകരണങ്ങൾ നോക്കും. എന്നാൽ ടിവികെ അങ്ങനെയൊന്നും ആയിരുന്നില്ല. ജില്ല സെക്രട്ടറിക്കോ പരിപാടി സംഘടിപ്പിച്ച മറ്റുള്ളവർക്കോ വിജയിയെ കാണാൻ അവസരം ലഭിച്ചില്ല. ആനന്ദിന് മാത്രമാണ് വിജയിയെ കാണാനായത്," മുരുകൻ എഴുതുന്നു.
മൂർച്ചയേറിയ വാക്കുകളുമായാണ് പെരുമാൾ മുരുകന്റെ വാക്കുകൾ അവസാനിക്കുന്നത്. ജില്ലാ സെക്രട്ടറി സതിഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നാമക്കലിൽ ഈ സംഭവം നടന്ന് ഏതാനും മണിക്കൂർ മാത്രം ശേഷമാണ് കരൂരിൽ ദുരന്തമുണ്ടായത്. നാമക്കലിൽ വലിയൊരു ദുരന്തത്തിന്റെ സൂചന ലഭിച്ചിരുന്നു, അതിന്റെ ചെറിയ രൂപം കണ്ടിരുന്നു. എന്നിട്ടും...
Read More: ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ 5 എഫ്-16 യുദ്ധവിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.