/indian-express-malayalam/media/media_files/2025/10/04/vijay-2025-10-04-11-18-39.jpg)
വിജയ്
Vijay Rally Stampede: ചെന്നൈ: കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിൽ രാഷ്ട്രീയ പുനഃസംഘടനയ്ക്കുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കുകയാണ് ബിജെപി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ഡിഎംകെ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പാർട്ടി രംഗത്തെത്തി. അതേസമയം, വിജയ്‌ക്കെതിരായ പ്രസ്താവനകൾ ഒഴിവാക്കുകയും ചെയ്തു.
തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ച വിജയ് തന്റെ റാലികളിൽ ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനിടെയാണ് ടിവികെയെ തളർത്തിക്കൊണ്ടുള്ള ദുരന്തം സംഭവിച്ചത്. എന്നിരുന്നാലും, വിജയ് നടത്തുന്ന യോഗങ്ങളിലെ വൻ ജനപങ്കാളിത്തം രാഷ്ട്രീയത്തിൽ താരത്തിന് പുതിയൊരു പാത തുറക്കുമെന്ന് ബിജെപി വിശ്വസിക്കുന്നുണ്ട്.
"പിന്നണി ചർച്ചകൾ നടക്കുന്നുണ്ട്," ഒരു മുതിർന്ന ബിജെപി നേതാവ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലെ പാളിച്ചകൾ പരിഹരിക്കാൻ ശ്രമിക്കുന്ന പാർട്ടിയിലെ ഒരു ഉന്നത നേതാവ് വിജയ്‌യുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിനായി ബിജെപി അടുത്തിടെ എഐഎഡിഎംകെയുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ ഇരുവരും സഖ്യ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പാർട്ടിയിലെ പിളർപ്പുകൾ കാരണം നിരവധി പ്രമുഖ നേതാക്കളെ നഷ്ടപ്പെട്ട എഐഎഡിഎംകെയ്ക്ക്, കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടുന്ന ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാൻ ആവശ്യമായ രാഷ്ട്രീയ ശക്തി ഇല്ലെന്ന് ബിജെപി ഭയപ്പെടുന്നുണ്ട്.
"തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. മുൻകാലങ്ങളിൽ എഐഎഡിഎംകെക്ക് ഒരു മൂന്നാം കക്ഷിയുടെ ആവിർഭാവത്തെ മറികടക്കാൻ കഴിയുന്ന ഒരു കരിസ്മാറ്റിക് നേതൃത്വം ഉണ്ടായിരുന്നു, അന്തരിച്ച വിജയകാന്തിന്റെ ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ) പാർട്ടിപോലെ, അതിനെ ഒരുമിച്ച് നിർത്താൻ ഇപ്പോൾ ഒരു ജനപ്രിയ നേതാവില്ല," ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
എഐഎഡിഎംകെയുടെ വോട്ട് വിഹിതം കുറഞ്ഞാൽ, ടിവികെ ഒരു ബദലായി വേഗത്തിൽ ഉയരുമെന്ന് പാർട്ടിക്ക് മനസിലായിട്ടുണ്ടെന്ന് ഒരു ബിജെപി തന്ത്രജ്ഞൻ പറഞ്ഞു. "വിജയ്‌യുടെ പ്രായവും അദ്ദേഹത്തിന് ഒരു നേട്ടമാണ്. അദ്ദേഹത്തിന് വെറും 51 വയസ് മാത്രമേ ഉള്ളൂ."
കരൂർ ദുരന്തത്തിനുപിന്നാലെ ബിജെപിയുടെ ഉന്നത നേതാക്കളായ തമിഴിസൈ സൗന്ദരരാജൻ, നൈനാർ നാഗേന്ദ്രൻ, പൊൻ രാധാകൃഷ്ണൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കുടുംബത്തോടൊപ്പം ശ്രീലങ്കയിലേക്കുള്ള സ്വകാര്യ യാത്ര റദ്ദാക്കി ദുരന്ത സ്ഥലത്തേക്ക് പോയി. കരൂർ ജില്ലാ ബിജെപി യൂണിറ്റിന്റെ പേരിൽ ഓരോ ഇരയ്ക്കും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഒരു ദിവസത്തിനുശേഷം, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കരൂരിലെത്തി. തുടർന്ന് കേന്ദ്ര ബിജെപി നേതാക്കളായ ഹേമമാലിനി, അനുരാഗ് താക്കൂർ തുടങ്ങിയ ഉന്നത എംപിമാരെ ഉൾപ്പെടുത്തി ഒരു എൻഡിഎ സമിതിയെ സംഭവ സ്ഥലത്തേക്ക് അയച്ചു. ദുരന്തത്തിന് ഉത്തരവാദികൾ സംസ്ഥാന പൊലീസും സർക്കാരുമാണെന്ന വാദമാണ് എല്ലാ ബിജെപി നേതാക്കളും ഉയർത്തിയത്. സോഷ്യൽ മീഡിയയിൽ, വിജയ് ഡിഎംകെ സർക്കാരിൽ നിന്ന് പീഡനം നേരിടേണ്ടിവരുമെന്നും എൻഡിഎയുമായി കൈകോർക്കണമെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.
Also Read: രാജ്യമായി അവശേഷിക്കണോ എന്ന് പാക്കിസ്ഥാൻ ചിന്തിക്കണം; കർശന മുന്നറിയിപ്പുമായി കരസേനാ മേധാവി
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെയുടെ പ്രധാന നേതാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സംസ്ഥാന ജനറൽ സെക്രട്ടറി 'ബസ്സി' എൻ.ആനന്ദ്, ഡെപ്യൂട്ടി സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മൽ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, വിജയ്‌യുടെ പേര് ഒരു എഫ്‌ഐആറിലും ഉൾപ്പെടുത്തിയിട്ടില്ല. നടനെതിരെ എന്തെങ്കിലും നടപടിയുണ്ടായാൽ തിരിച്ചടി നേരിടുമെന്ന് ഡിഎംകെയും ഭയപ്പെടുന്നുണ്ട്.
Also Read: പാക്ക് അധീന കശ്മീരിലെ സംഘർഷം; അടിച്ചമർത്തലിന്റെയും കൊള്ളയടിയുടെയും ഫലമെന്ന് ഇന്ത്യ
ടിവികെയുടെ ഭാഗത്തുനിന്ന് എൻഡിഎയുമായി സഖ്യത്തിലേർപ്പെടുന്നതിന്റെ സൂചനകളൊന്നുമില്ലെന്നാണ് വിജയ്‌യുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഒരു മുതിർന്ന ടിവികെ നേതാവ് ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ, ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലയിലായിരുന്നുവെന്ന് ഒരു ഉന്നത വൃത്തം അവകാശപ്പെട്ടു.
ടിവികെ എൻഡിഎയിൽ ചേർന്നില്ലെങ്കിൽ, വിജയ്‌യുടെ ഉയർച്ചയെ ഉപയോഗപ്പെടുത്തി, ദിനകരൻ, പനീർസെൽവം, അൻപുമണി രാമദോസിന്റെ പിഎംകെ എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളെ ഡിഎംകെ വിരുദ്ധ മുന്നണിയിലേക്ക് ആകർഷിക്കണമെന്ന് ബിജെപി നേതാക്കളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
Read More: ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ 5 എഫ്-16 യുദ്ധവിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.