/indian-express-malayalam/media/media_files/e2xPRdIWFywAJHFcwSSY.jpg)
ഫയൽ ചിത്രം
ദക്ഷിണ കൊറിയൻ പാർലമെന്റ് ചൊവ്വാഴ്ച പട്ടിയിറച്ചി ഉൽപാദനവും വിൽപ്പനയും നിരോധിക്കുന്ന ഒരു ബിൽ പാസാക്കിയിരുന്നു. ഈ തീരുമാനത്തെ മൃഗസംരക്ഷണത്തിന്റെ “ചരിത്രവിജയം”എന്നാണ് മൃഗസ്നേഹികൾ വാഴ്ത്തുന്നത്. ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി കഴിക്കുന്നത് നിലവിൽ കുറ്റകരമല്ലെങ്കിലും, 2027ഓടെ നായ്ക്കളുടെ വിൽപ്പന, വിതരണം, കശാപ്പ്, വളർത്തൽ എന്നിവ നിരോധിക്കുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്.
എന്തുകൊണ്ടാണ് ഇപ്പോൾ ബിൽ പാസാക്കിയത്?
ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി കഴിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരമാണ്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, ഒരുകാലത്ത് രാജ്യത്ത് ചരിത്രപരമായി പശുക്കൾ ഏറെ വിലമതിക്കപ്പെട്ടിരുന്നു. അതിനാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ആളുകൾക്ക് അവയെ കശാപ്പ് ചെയ്യാൻ സർക്കാരിന്റെ അനുമതി വാങ്ങേണ്ടിവന്നു.
അതിനാൽ തന്നെ രാജ്യവ്യാപകമായി പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമായി പട്ടിയിറച്ചി മാറി. വർഗ്ഗ വ്യത്യാസമേതുമില്ലാതെ തന്നെ ആളുകൾ അത് ആസ്വദിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, സമീപകാലങ്ങളിൽ വരുമാനം, വളർത്തു മൃഗങ്ങളുടെ ഉടമസ്ഥാവകാശം, മൃഗങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്ക എന്നിവ ക്രമാനുഗതമായി വർദ്ധിച്ചതിനാൽ ഈ സമ്പ്രദായം കൂടുതലായി ഒഴിവാക്കപ്പെട്ടു.
ദക്ഷിണ കൊറിയൻ ജനതയുടെ ആഗ്രഹമെന്താണ്?
ദക്ഷിണ കൊറിയയിലെ മുതിർന്നവരിൽ 93% പേരും ഭാവിയിൽ പട്ടിയിറച്ചി കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതായി, സിയോളിലെ മൃഗക്ഷേമ സംഘടനയായ അവെയർ കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ വ്യക്തമായിരുന്നു. 82% പേർ നിരോധനത്തെ പിന്തുണച്ചുവെന്നും സർവേയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
2023 നവംബറിൽ, ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി നായ്ക്കളെ മനുഷ്യർക്ക് കഴിക്കാനായി വളർത്തുന്നതും കശാപ്പ് ചെയ്യുന്നതും വിൽക്കുന്നതും നിരോധിക്കാനുള്ള ഒരു ബിൽ നിർദ്ദേശിച്ചപ്പോൾ, അമ്പരപ്പിക്കുന്ന തരത്തിലുള്ള ഉഭയകക്ഷി പിന്തുണയാണ് അതിന് ലഭിച്ചത്. ബില്ലിന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെയും, പ്രഥമ വനിത കിം കിയോണിന്റെയും ശക്തമായ പിന്തുണയും ലഭിച്ചു. മൃഗസ്‌നേഹികളായ പ്രസിഡന്റും ഭാര്യയും നിരോധനത്തിനായി പ്രചാരണവും നടത്തി. പട്ടി മാംസം കഴിക്കുന്ന ആചാരം നിയമവിരുദ്ധമാക്കുന്നത് മുൻഗണനകളിൽ ഒന്നാണെന്ന് രാഷ്ട്രപതി പറഞ്ഞു.
It is possible to change and do the right thing. #dogmeat#progress#animalrightspic.twitter.com/RQlyl6HIIY
— Direct Action Everywhere (@DxEverywhere) January 11, 2024
ബിൽ എന്താണ് പറയുന്നത്?
പട്ടിയിറച്ചി കഴിക്കുന്നത് യഥാർത്ഥത്തിൽ നിരോധിക്കാതെ, അവയെ ക്രൂരമായി കൊല്ലുന്നത് തടയാനാണ് ബിൽ ഉദ്ദേശിക്കുന്നത്. നേരത്തെ ഇറച്ചി കടക്കാർ നായ്ക്കളെ കശാപ്പിന് മുന്നോടിയായി വൈദ്യുതാഘാതമേൽപ്പിച്ചോ, തൂക്കിക്കൊല്ലുകയോ ആണ് ചെയ്യാറുള്ളതെന്ന് മൃഗസ്നേഹികൾ ആരോപിക്കുന്നു. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ കശാപ്പ് കൂടുതൽ മാനുഷികമായി മാറിയെന്ന് ബ്രീഡർമാരും വ്യാപാരികളും വാദിക്കുന്നു.
ഡോഗ് ഫാം ഉടമകൾ, മാംസ റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട തൊഴിലാളികൾ എന്നിവർക്ക് അവരുടെ ബിസിനസുകൾ അവസാനിപ്പിക്കുന്നതിനോ, മറ്റ് തൊഴിൽ സ്രോതസ്സുകൾ കണ്ടെത്തുന്നതിനോ മൂന്ന് വർഷത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഇതിന് ശേഷം 2027ൽ ബിൽ നടപ്പിലാക്കും.
മൂന്ന് വർഷം തടവ്, 19 ലക്ഷം രൂപ വരെ പിഴ
ബില്ല് പ്രകാരം നായ്ക്കളെ ഭക്ഷിക്കുന്നതിനായി കശാപ്പ് ചെയ്താൽ 30 ദശലക്ഷം വോൺ (ഏകദേശം 19 ലക്ഷം രൂപ) വരെ പിഴയോ മൂന്ന് വർഷം വരെ തടവോ ലഭിക്കാം. ഭക്ഷണത്തിനായി നായ്ക്കളെ വിൽക്കുന്നതിനും വളർത്തുന്നതിനും 2 വർഷം തടവോ, 20 ദശലക്ഷം വോൺ (12.58 ലക്ഷം രൂപ) പിഴയോ ലഭിക്കും.
2022 ഏപ്രിലിലെ കണക്കനുസരിച്ച്, രാജ്യത്ത് 1,100 ഫാമുകളിലായി 5,70,000 നായ്ക്കളെ വളർത്തുന്നുണ്ടെന്ന് ദക്ഷിണ കൊറിയയിലെ കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ പട്ടിയിറച്ചി രാജ്യത്തെ 1,600 റെസ്റ്റോറന്റുകളിൽ വിളമ്പുന്നുണ്ട്. നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കുന്ന നായ ഫാമുകൾ, കശാപ്പുകാർ, വ്യാപാരികൾ, റെസ്റ്റോറന്റുകൾ എന്നിവ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാനോ മറ്റൊരു വ്യവസായത്തിലേക്ക് മാറാനോ ഉദ്ദേശിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഘട്ടംഘട്ടമായ മാർഗ്ഗരേഖ, പ്രാദേശിക അധികാരികൾക്ക് സമർപ്പിക്കാൻ പുതിയ നിയമം ആവശ്യപ്പെടുന്നു.
ഇതിന്റെ അടിസ്ഥാനത്തില് ഏതൊക്കെ വ്യവസായ സ്ഥാപനങ്ങൾക്കാണ് സർക്കാർ നഷ്ടപരിഹാരത്തിന് അർഹതയുള്ളതെന്ന് തീരുമാനിക്കും. എന്നിരുന്നാലും, എന്ത് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുമെന്നതിന്റെ വിശദാംശങ്ങൾ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും ബിബിസി പറയുന്നു.
South Korea's national assembly unanimously passed a bill to ban the eating and selling of dog meat on Tuesday. https://t.co/Er56oyH2ujpic.twitter.com/Ns6Hjkd3NQ
— ABC News (@ABC) January 10, 2024
ഏതെല്ലാം രാജ്യങ്ങളിലാണ് ഈ നിയമം ഉള്ളത്?
ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ, നായ മാംസം വ്യാപാരം നിരോധിച്ച ഏഷ്യൻ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിൽ ദക്ഷിണ കൊറിയയും ചേരും. സിംഗപ്പൂർ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, ഹോങ്കോംഗ്, തായ്‌വാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ പട്ടിയിറച്ചി കച്ചവടം അനുവദനീയമാണോ?
അതെ, അനുവദനീയമാണ്. എന്നാൽ ചില തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. 2020 ജൂലൈയിൽ നാഗാലാൻഡ് സർക്കാർ, സംസ്ഥാനത്ത് നായ ഇറച്ചി ഇറക്കുമതി, വ്യാപാരം, വിൽപ്പന എന്നിവ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, കഴിഞ്ഞ വർഷം ജൂണിൽ, ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച്, ആധുനിക കാലത്തും നാഗന്മാർക്കിടയിൽ പട്ടിമാംസം കഴിക്കുന്നത് "സ്വീകാര്യമായ ഒരു മാനദണ്ഡമായി" നിരീക്ഷിച്ച്, സർക്കാരിന്റെ നിരോധന ഉത്തരവ് റദ്ദാക്കിയിരുന്നു.
Read More
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us