/indian-express-malayalam/media/media_files/RwF36M64MKOV4INgnj3a.jpg)
രാജ്യസഭയിലെ 15 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
ന്യൂഡൽഹി: ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. യുപിയിൽ 10 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതിൽ ബിജെപിക്ക് ഏഴെണ്ണം എതിരില്ലാതെയും സമാജ്‌വാദി പാർട്ടിക്ക് (എസ്‌പി) മൂന്നെണ്ണവും വിജയിക്കാനാവും. ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ സഞ്ജയ് സേത്തിനെ എട്ടാം സ്ഥാനാർത്ഥിയായി ബിജെപി രംഗത്തിറക്കിയതോടെ, ഒരു സീറ്റിൽ മത്സരം നടക്കുകയാണ്. 2019ലാണ് മുൻ എസ്‌പി നേതാവായ സേത്ത് ബിജെപിയിൽ ചേർന്നത്.
കർണാടകയിൽ 4 രാജ്യസഭാ സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു മത്സരാർത്ഥികൾ രംഗത്തുണ്ട്. ജനതാദൾ (സെക്കുലർ) നേതാവും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ ഡി കുപേന്ദ്ര റെഡ്ഡിയുടെ സ്ഥാനാർത്ഥിത്വമാണ് നാലാം സീറ്റിലേക്ക് മത്സരം അനിവാര്യമാക്കിയത്. കർണാടകയിൽ മൂന്നു സീറ്റിൽ കോൺഗ്രസിനും ഒരു സീറ്റിൽ ബിജെപിക്കും ജയിക്കാനാവും.
ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് ഒരു സീറ്റിലാണ് ജയിക്കാൻ കഴിയുക. മുതിർന്ന പാർട്ടി നേതാവ് അഭിഷേക് മനു സിങ്‌വിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് കോൺഗ്രസിലെ ചിലർക്കിടയിൽ അമർഷമുണ്ട്. കോൺഗ്രസിനുള്ളിലെ ഭിന്നത മുതലെടുക്കാമെന്ന നീക്കത്തോടെയാണ് മുൻ കോൺഗ്രസ് നേതാവ് ഹർഷ് മഹാജനെ ബിജെപി രംഗത്തിറക്കിയത്.
ഉത്തർപ്രദേശ്
ഉത്തർപ്രദേശിൽ 10 സീറ്റുകളും 11 സ്ഥാനാർത്ഥികളാണുമുള്ളത്. മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിങ്, പാർട്ടി ജനറൽ സെക്രട്ടറി അമർപാൽ മൗര്യ, മുൻ മന്ത്രി സംഗീത ബൽവന്ത്, വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിങ്, മുൻ ആഗ്ര മേയർ നവീൻ ജെയിൻ, മുൻ എംപി ചൗധരി തേജ്വീർ സിങ്, സേത്ത് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ. നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ജയാ ബച്ചൻ, മുൻ സംസ്ഥാന ചീഫ് സെക്രട്ടറി അലോക് രഞ്ജൻ, ദലിത് നേതാവ് റാംജി ലാൽ സുമൻ എന്നിവരെയാണ് എസ്‌പി സ്ഥാനാർത്ഥികളാക്കിയത്.
യുപി നിയമസഭയിൽ 403 എംഎൽഎമാരുണ്ടെങ്കിലും നാലു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ, ഇന്നത്തെ വോട്ടിങ് അംഗബലം 399 ആയിരിക്കും. 37 എംഎൽഎമാരുടെ പിന്തുണയാണ് ഒരു സ്ഥാനാർത്ഥിക്ക് വേണ്ടത്. ബിജെപിക്ക് 252 എംഎൽഎമാരും ബിജെപി സഖ്യകക്ഷിയായ അപ്‍നാദൾ (13), നിഷാദ് പാർട്ടി (6), ആർഎൽഡി (9), എസ്ബിഎസ്പി (6), ജൻസട്ടാ ദൾ ലോക്താന്ത്രിക് (2), ബിഎസ്പി (1) എംഎൽഎമാരുമാണുള്ളത്.
എസ്പിക്ക് 108 എംഎൽഎമാരും സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ട് എംഎൽഎമാരുമുണ്ട്. തങ്ങളുടെ മൂന്ന് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ പാർട്ടിക്ക് 111 വോട്ടുകൾ ആവശ്യമാണ്. ജയാ ബച്ചനോ അലോക് രഞ്ജനോ വോട്ട് ചെയ്യില്ലെന്ന് സഖ്യകക്ഷിയും 2022 ൽ എസ്പി ചിഹ്നത്തിൽ വിജയിച്ച അപ്നാ ദൾ (കെ) നേതാവുമായ പല്ലവി പട്ടേൽ പറഞ്ഞത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്.
കർണാടക
ഇവിടെ നാലു സീറ്റുകളിലാണ് മത്സരം നടക്കുന്നത്. 5 മത്സരാർത്ഥികളാണുള്ളത്. മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ, നിലവിലെ രാജ്യസഭാ എംപിമാരായ സയ്യിദ് നാസിർ ഹുസൈൻ, കോൺഗ്രസിലെ ജി.സി.ചന്ദ്രശേഖർ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഹിന്ദു നേതാവ് നാരായണ കൃഷ്ണസ ബണ്ഡഗെയാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി പിന്തുണയോടെ ജനതാ ദളിന്റെ ഡി.കുപേന്ദ്ര റെഡ്ഡിയും മത്സരിക്കുന്നുണ്ട്.
224 അംഗ നിയമസഭയിൽ ഓരോ സ്ഥാനാർത്ഥിക്കും ജയിക്കാൻ 45 എംഎൽഎമാരുടെ പിന്തുണ വേണം. കോൺഗ്രസിന് 134 എംഎൽഎമാരുടെ പിന്തുണയുണ്ട്. ഷോറാപ്പൂർ എംഎൽഎ രാജാ വെങ്കടപ്പ നായിക്ക് ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. സ്വതന്ത്ര നിയമസഭാംഗങ്ങളായ ലത മല്ലികാർജുൻ, കെ.പുട്ടസ്വാമി ഗൗഡ, സർവോദയ കർണാടക പക്ഷയിലെ ദർശൻ പുട്ടണ്ണയ്യ എന്നിവരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. കല്യാണ രാജ്യ പ്രഗതി പക്ഷത്തിന്റെ ജനാർദ്ദൻ റെഡ്ഡിയും കോൺഗ്രസിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
ബിജെപിക്ക് 66 എംഎൽഎമാരാണുള്ളത്. ബിജെപിയുടെ പ്രധാന സ്ഥാനാർഥിയായ ഭണ്ഡാഗെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. അങ്ങനെയെങ്കിൽ ബിജെപിയുടെ ബാക്കിയുള്ള വോട്ടുകളും 19 എംഎൽഎമാരും ഉണ്ടെങ്കിലും കുപേന്ദ്ര റെഡ്ഡിയെ രാജ്യസഭയിലേക്ക് അയക്കാൻ ജെഡി(എസ്)ന് അഞ്ച് വോട്ടുകൾ കൂടി വേണ്ടിവരും.
ഹിമാചൽ പ്രദേശ്
ഇവിടെ ഒരു ഒഴിവാണുള്ളത്. 35 എംഎഎമാരുടെ പിന്തുണയാണ് ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ വേണ്ടത്. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുടെ പിന്തുണയുണ്ട്. സ്വതന്ത്ര എംഎൽഎമാരായ ആശിഷ് ശർമ്മ, കെ.എൽ.താക്കൂർ, ഹോഷ്യാർ സിങ് എന്നിവരുടെ പിന്തുണയും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ബിജെപിക്ക് 25 എംഎൽഎമാരാണ് സഭയിലുള്ളത്.
കോൺഗ്രസും ബിജെപിയും ഓരോ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മുതിർന്ന നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്ങ്‌വിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മുൻ കോൺഗ്രസ് നേതാവ് ഹർഷ് മഹാജനെയാണ് ബിജെപി മത്സര രംഗത്തിറക്കിയിട്ടുള്ളത്.
രാജ്യസഭയിൽ വിവിധ സംസ്ഥാനങ്ങളിലായി 56 സീറ്റുകളാണ് ഒഴിവു വന്നത്. ഇതിൽ 41 സീറ്റുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെയാണ് ശേഷിച്ച് 15 സീറ്റുകളിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.