/indian-express-malayalam/media/media_files/uploads/2018/03/sonia-gandhi.jpg)
സോണിയ ഗാന്ധി (ഫയൽ ചിത്രം)
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിധി വ്യക്തിപരമായും, രാഷ്ട്രീയപരമായും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട ധാർമ്മിക പരാജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. എന്നാൽ ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും അദ്ദേഹം ഒട്ടും മാറിയിട്ടില്ലെന്ന മട്ടിൽ തുടരുകയാണെന്നും കോൺഗ്രസ് മുൻ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി വിമർശിച്ചു. പ്രധാനമന്ത്രിയുടെ ദൂതന്മാർ സ്പീക്കർ സ്ഥാനത്തേക്ക് സമവായം ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷമായ ഇന്ത്യാ സഖ്യം സർക്കാരിനെ പിന്തുണയ്ക്കാൻ സമ്മതിച്ചതായും അവർ പറഞ്ഞു.
എന്നാൽ കീഴ്വഴക്കത്തിനും പാരമ്പര്യത്തിനും അനുസൃതമായി, പ്രതിപക്ഷ നിരയിൽ നിന്നുള്ള ഒരു അംഗത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമായ ആവശ്യമായിരുന്നുവെന്നും സോണി പറഞ്ഞു. പക്ഷേ തികച്ചും ന്യായമായ ആവശ്യ സർക്കാർ അംഗീകരിക്കാൻ തയ്യാറായില്ല. പാർലമെന്റിൽ സന്തുലിതവും തീരുമാനങ്ങളിൽ ഫലപ്രദമായ നീക്കങ്ങളും പുനഃസ്ഥാപിക്കാൻ പ്രതിപക്ഷ സഖ്യം പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.
“2024 ജൂൺ 4-ന്, നമ്മുടെ രാജ്യത്തെ വോട്ടർമാരുടെ വിധി വ്യക്തവും ഉജ്ജ്വലവുമായി. പ്രചാരണ വേളയിൽ സ്വയം ദൈവിക പദവി നൽകിയ ഒരു പ്രധാനമന്ത്രിയുടെ വ്യക്തിപരവും രാഷ്ട്രീയവും ധാർമ്മികവുമായ തോൽവിയാണ് ഇത് സൂചിപ്പിക്കുന്നത്, എന്നിട്ടും, ഒന്നും മാറിയിട്ടില്ലെന്ന മട്ടിൽ പ്രധാനമന്ത്രി തുടരുകയാണ്. അദ്ദേഹം സമവായത്തിന്റെ മൂല്യം പ്രസംഗിക്കുന്നു, പക്ഷേ ഏറ്റുമുട്ടലിനെ വിലമതിക്കുന്നത് തുടരുന്നു, ”സോണിയ പറഞ്ഞു.
പ്രധാനമന്ത്രിയുടെയും ലോക്‌സഭാ സ്പീക്കറുടെയും ബിജെപി നേതാക്കളുടെയും അടിയന്തരാവസ്ഥ പരാമർശം ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും സോണിയ ആരോപിച്ചു. "1977 മാർച്ചിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾ അടിയന്തരാവസ്ഥയെക്കുറിച്ച് വ്യക്തമായ വിധി പുറപ്പെടുവിച്ചു എന്നത് ചരിത്ര വസ്തുതയാണ്, അത് മടികൂടാതെയും അസന്ദിഗ്ധമായും അംഗീകരിക്കപ്പെട്ടു," ഗാന്ധി പറഞ്ഞു.
ലോക്‌സഭയിൽ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള സ്പീക്കറുടെ പരാമർശത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഭരണഘടനയെ ചവിട്ടിമെതിക്കുമ്പോഴും പൊതുജനാഭിപ്രായം അടിച്ചമർത്തപ്പെടുമ്പോഴും സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുമ്പോഴും എന്ത് സംഭവിക്കും എന്നതിന്റെ ഉചിതമായ ഉദാഹരണമാണ് അതെന്നും സോണിയ പറഞ്ഞു. ശീതകാല സമ്മേളനത്തിൽ മൂന്ന് ക്രിമിനൽ നിയമങ്ങൾ പാസാക്കുന്നതിനെക്കുറിച്ചും 146 എംപിമാരെ പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നും സസ്പെൻഡ് ചെയ്തതിനെക്കുറിച്ചും സോണിയ വിമർശിച്ചു.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളെക്കുറിച്ച് ഗാന്ധി പറഞ്ഞു, “തന്റെ ‘പരീക്ഷ പേ ചർച്ച’ ചെയ്യുന്ന പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള നിരവധി കുടുംബങ്ങളെ തകർത്ത ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് വ്യക്തമായ മൗനം പാലിക്കുകയാണ്. പ്രതിപക്ഷം ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്ന് പറഞ്ഞ അവർ, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും ക്രിയാത്മകമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.