/indian-express-malayalam/media/media_files/2025/05/10/3lAFH1e8ftKQjtbUCXCn.jpg)
ഡൽഹിയിൽ ഉന്നതലയോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി
india Pakistan News Updates: ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതല സുരക്ഷായോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൈനിക മേധാവികൾ, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് തീർത്തും പ്രകോപനപരമായ നീക്കങ്ങളാണ് ഉണ്ടാകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വിദേശകാര്യ-പ്രതിരോധ സംയുക്ത വാർത്താസമ്മേളനത്തിൽ പരാമർശിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല സുരക്ഷായോഗം വിളിച്ചുചേർത്തത്.
ഇന്ത്യയുടെ സൈനീക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാക് പട്ടാളം ശ്രമിച്ചെന്നും അതിർത്തിമേഖലയിൽ കൂടുതൽ സൈന്യത്തെ പാക്കിസ്ഥാൻ അതിർത്തിയിൽ വിന്യസിക്കുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി പറഞ്ഞിരുന്നു. ഈ സാഹചര്യത്തെ ഏറെ ഗൗരവ്വത്തോടെയാണ് കേന്ദ്ര സർക്കാർ നോക്കികാണുന്നത്്.
അതേസമയം ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. സുരക്ഷ നടപടികളുടെ ഭാഗമായി രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചുപൂട്ടി. മേയ് 15വരെയാണ് വിമാനത്താവളങ്ങൾ അടച്ചിട്ടത്. നിലവിൽ, ഈ വിമാനത്താവളങ്ങളുടെ പൂർണ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തത്.
അധംപുർ, അംബാല, അമൃത്സർ, അവന്തിപുർ, ഭട്ടിൻഡ, ഭുജ്, ബികാനിർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൺ, ജമ്മു, ജയ്സാൽമിർ, ജോധ്പുർ, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷൻഗഡ്, കുളു- മണാലി, ലേ, ലുധിയാന, മുന്ദ്ര, നലിയ, പത്താൻകോട്ട്, പട്ട്യാല, പോർബന്തർ, രാജ്കോട്ട്, സർസാവ, ഷിംല, ശ്രീനഗർ, ഥോയിസ്, ഉത്തർലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡി.ജി.സിഎയുടെ നിർദ്ദേശപ്രകാരം അടച്ചത്.
നേരത്തെ സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തെ 25 വിമാനത്താവളങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ പാക്കിസ്ഥാൻ ആക്രമം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ നടപടികളുടെ ഭാഗമായി കൂടുതൽ വിമാനത്താവളങ്ങൾ അടച്ചിടുന്നത്. അടച്ചിട്ട വിമാനത്താവളങ്ങളിൽ ഭൂരിഭാഗവും പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ളതാണ്.
അതേസമയം,ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 138 വിമാന സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച രാത്രി ഒൻപത് മണിവരെ ഡൽഹി വിമാനത്താവളത്തിലേക്ക് എത്തിചേരേണ്ട് 63 ആഭ്യന്തര വിമാനസർവ്വീസുകളും പുറപ്പടേണ്ട 66 സർവീസുകളും റദ്ദാക്കി. നാല് അന്താരാഷ്ട്ര ആഗമന സർവീസുകളും അഞ്ച് അന്താരാഷ്ട്ര പുറപ്പെടൽ സർവീസുകളും റദ്ദാക്കിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെങ്കിലും വ്യോമാതിർത്തികളിലെ പ്രതികൂല സാഹചര്യങ്ങളും സുരക്ഷാനടപടികളും മുൻനിർത്തിയാണ് സർവ്വീസുകൾ റദ്ദാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വരും ദിവസങ്ങളിലും വിമാനങ്ങൾ റദ്ദാക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
Read More
- ഇന്ത്യയുടെ ശക്തമായ വിയോജിപ്പിനിടെ പാക്കിസ്ഥാന് ഐ.എം.എഫിന്റെ 100 കോടിയുടെ വായ്പ
- പാക് വ്യോമാക്രമണത്തിന്റെ മുനയൊടിച്ച് എസ് 400; കരുത്തുകാട്ടി ഇന്ത്യയുടെ സ്വന്തം ആകാശ്
- ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; ഐ.പി.എൽ മത്സരം നിർത്തിവെച്ചേക്കും
- ഓപ്പറേഷൻ സിന്ദൂർ; എല്ലാ വിമാനത്താവളങ്ങളിലും കർശന സുരക്ഷ, യാത്രക്കാർ നേരത്തെ എത്തണമെന്ന് എയർ ഇന്ത്യ
- ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാൻ ആക്രമണം തുടർന്നാൽ ഏതറ്റം വരെയും പോകും; മുന്നറിയിപ്പുമായി ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.