/indian-express-malayalam/media/media_files/nVgt9jr21X4Jhtf11zsj.jpg)
ഛത്തീസ്ഗഡിലെ സർഗുജയിൽ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനങ്ങൾ
ഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയുടെ 'അമേരിക്കൻ മോഡൽ' പരാമർശത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയെ കുടുംബസ്വത്താക്കി മാറ്റിക്കൊണ്ട് മക്കൾക്ക് കൈമാറിയവരാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി വിമർശിച്ചു. രാജകുടുംബത്തിലെ രാജകുമാരന്റെ ഉപദേശകനും അദ്ദേഹത്തിന്റെ പിതാവിന്റെ ഉപദേശകനും ഇടത്തരക്കാർക്ക് കൂടുതൽ നികുതി ചുമത്തണമെന്നാണ് പറയുന്നതെന്ന് പിട്രോഡയുടെ വാക്കുകളിലൂടെ ഗാന്ധി കുടുംബത്തെ ആക്രമിച്ചുകൊണ്ട് മോദി പറഞ്ഞു. ഛത്തീസ്ഗഡിലെ സർഗുജയിൽ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനങ്ങൾ.
"രാജകുടുംബത്തിലെ രാജകുമാരന്റെ ഉപദേശകനും രാജകുടുംബത്തിലെ രാജകുമാരന്റെ പിതാവിന്റെ ഉപദേശകനും ഇടത്തരക്കാർക്ക് കൂടുതൽ നികുതി ചുമത്തണമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അവർ ഒരു പടി കൂടി മുന്നോട്ട് പോയി. ‘പൈതൃക നികുതി’ ചുമത്തുമെന്നാണ് കോൺഗ്രസ് ഇപ്പോൾ പറയുന്നത്. അത് മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന അനന്തരാവകാശത്തിന് നികുതി ചുമത്തുമെന്നാണ് പറഞ്ഞുവെക്കുന്നത്. നിങ്ങളുടെ അധ്വാനത്തിലൂടെ നിങ്ങൾ സ്വരൂപിച്ച സ്വത്ത് നിങ്ങളുടെ മക്കൾക്ക് നൽകില്ല. കോൺഗ്രസിന്റെ കൈകൾ നിങ്ങളിൽ നിന്ന് അതും തട്ടിയെടുക്കും. കോൺഗ്രസിന്റെ മന്ത്രം ഇതാണ്: കോൺഗ്രസ് കി കൊള്ള, സിന്ദഗി കേ സാത്ത് ഭി, സിന്ദഗി കെ ബാദ് ഭീ. നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം, കോൺഗ്രസ് ഉയർന്ന നികുതി ചുമത്തും, നിങ്ങൾ മരിച്ച് കഴിഞ്ഞാലും അവർ നിങ്ങൾക്ക് അനന്തരാവകാശ നികുതി ചുമത്തും. കോൺഗ്രസ് പാർട്ടിയെ മുഴുവൻ തങ്ങളുടെ തറവാട്ടു സ്വത്തായി കണക്കാക്കി മക്കൾക്ക് കൈമാറിയവരാണ് ഇതൊക്കെ പറയുന്നത്" . പ്രാധാനമന്ത്രി പറഞ്ഞു.
അതേ സമയം തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണ് ബിജെപിയും പ്രധാനമന്ത്രിയും ചെയ്യുന്നതെന്ന് പരാമർശങ്ങൾ വിവാദമായതോടെ സാം പിട്രോഡ പ്രതികരിച്ചു. “55% എടുത്തുകളയുമെന്ന് ആരാണ് പറഞ്ഞത്? ഇന്ത്യയിൽ അത് നടപ്പിലാക്കുമെന്ന് ആരാണ് പറഞ്ഞത്? എന്തുകൊണ്ടാണ് ബിജെപിയും മാധ്യമങ്ങളും പരിഭ്രാന്തരാകുന്നത്? കോൺഗ്രസിന്റെ പ്രകടനപത്രികയെക്കുറിച്ച് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്ന നുണകളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി യുഎസിലെ അനന്തരാവകാശ നികുതിയെക്കുറിച്ച് ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറഞ്ഞത് ഗോഡി മാധ്യമങ്ങൾ വളച്ചൊടിച്ചത് നിർഭാഗ്യകരമാണ്. മംഗളസൂത്രം, സ്വർണം തട്ടിയെടുക്കൽ എന്നിവയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങൾ യാഥാർത്ഥ്യമല്ല. ടിവിയിലെ എന്റെ സംഭാഷണത്തിൽ ഒരു ഉദാഹരണമായി മാത്രമാണ് ഞാൻ യുഎസിലെ അനന്തരാവകാശ നികുതി പരാമർശിച്ചത്. എനിക്ക് വസ്തുതകൾ പരാമർശിക്കാനാവില്ലേ? ജനങ്ങൾ ചർച്ച ചെയ്യേണ്ടതായ വിഷയങ്ങളാണിവയെന്ന് ഞാൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ഒരു പാർട്ടിയുടെയും നയവുമായി ഇതിന് ബന്ധമില്ലെന്നും പിട്രോഡ പറഞ്ഞു.
കോണ്‍ഗ്രസ് പ്രകടനപത്രികയിലെ സാമ്പത്തിക സര്‍വേ ബിജെപി ആയുധമാക്കുന്ന പശ്ചാത്തലത്തിലായിരുന്നു സാം പിത്രോദ അമേരിക്കന്‍ മോഡല്‍ പരാമർശവുമായി രംഗത്തെത്തിയത്. യുഎസില്‍ അതി സമ്പന്നനായ വ്യക്തി മരിച്ചാല്‍ അദ്ദേഹത്തിന്‍റെ സ്വത്തിന്‍റെ 45 ശതമാനമേ അനന്തരാവകാശിക്ക് കിട്ടൂ, 55 ശതമാനം സര്‍ക്കാരിലേക്ക് പോകുമെന്നും അത് പിന്നീട് ക്ഷേമ പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തുമെന്നും പിത്രോദ പറഞ്ഞു. ഈ മാതൃക ഇന്ത്യയിലും പിന്തുടര്‍ന്നാല്‍ നന്നായിരിക്കുമെന്നുമായിരുന്നു പിത്രോദയുടെ പരാമർശങ്ങൾ. ഇതാണ് ഇപ്പോൾ കോൺഗ്രസിനെതിരായി ബിജെപി ഇപ്പോൾ ആയുധമാക്കുന്നത്.
അതേ സമയം അമേരിക്കൻ മോഡൽ അനന്തരാവാകാശ നികുതി പരാമർശങ്ങൾ വിവാദമായതോടെ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലായി.ഇതേ തുടർന്ന് സാം പിത്രോദയെ കോൺഗ്രസ് തള്ളി പറഞ്ഞു. പിത്രോദയുടെ വാക്കുകള്‍ വ്യക്തിപരമാണെന്നും അത് പാർട്ടി നയമല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
Read More
- 'മാപ്പ്' മൈക്രോസ്കോപ്പിലൂടെ നോക്കണോ? പതഞ്ജലിക്കെതിരെ സുപ്രീം കോടതി
- പ്രതിപക്ഷവും ഇന്ത്യ മുന്നണിയും രാജ്യത്തെ ജനങ്ങളുടെ സ്വത്തിൽ കണ്ണുവയ്ക്കുന്നു: പ്രധാനമന്ത്രി
- ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ച മുയിസുവിന്റെ പാർട്ടിക്ക് മാലദ്വീപ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം
- പ്രധാനമന്ത്രിയുടേത് വിദ്വേഷ പ്രസംഗം, കോൺഗ്രസിന്റെ പ്രകടനപത്രിക എല്ലാവർക്കും നീതി ഉറപ്പാക്കുന്നത്: മല്ലികാർജുൻ ഖാർഗെ
- ഇന്ത്യ മുന്നണിയിൽ രാജ്യത്തെ നയിക്കാൻ കഴിവുള്ള ആരുണ്ട്? ഒരാളെ ചൂണ്ടിക്കാണിക്കൂ: ദേവഗൗഡ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.