/indian-express-malayalam/media/media_files/b2GF1ty9gmvtM4yH0rmH.jpg)
ഗുർപത്വന്ത് സിങ്ങ് പന്നൂൻ (ഫയൽ ചിത്രം)
ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിങ്ങിനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിന് ചെക്ക് ജയിലിൽ തടവിലുള്ള ഇന്ത്യൻ വംശജനായ നിഖിൽ ഗുപ്തയ്ക്ക് വാദത്തിനാവശ്യമായ രേഖകൾ ലഭിക്കണമെന്ന ഹർജിയെ എതിർത്ത് യു എസ് സർക്കാർ. ന്യൂയോർക്കിലെ കോടതിയിൽ ഗുപ്ത ഹാജരായാൽ മാത്രമേ വിവരങ്ങൾ നൽകൂ എന്ന് യു എസ് വ്യക്തമാക്കി. യുഎസ്, കനേഡിയൻ ഇരട്ട പൗരത്വമുള്ള ഖാലിസ്ഥാനി വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വെച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തി എന്നതാണ് നിഖിൽ ഗുപ്തക്കെതിരെ യു എസ് ആരോപിക്കുന്ന കുറ്റം. ഒരു ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനൊപ്പം പന്നുനിനെ വധിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കഴിഞ്ഞ വർഷം നവംബറിലാണ് ഫെഡറൽ പ്രോസിക്യൂട്ടർമാർ 52 കാരനായ ഗുപ്തയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് .
യു എസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2023 ജൂൺ 30 ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വെച്ച് ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പ്രാഗിലെ ജയിലിൽ തടവിൽ കഴിയുന്ന ഗുപ്തയെ കൈമാറാനുള്ള അമേരിക്കൻ സർക്കാരിന്റെ അപേക്ഷ ചെക്ക് കോടതിയുടെ പരിഗണനയിലണ്. ഇതിനിടയിലാണ് എതിർവാദത്തിനായി തെളിവുകൾ ശേഖരിക്കാനുള്ള അവസരം നിഖിൽ ഗുപ്ത ആവശ്യപ്പെട്ടത്. നിഖിൽ ഗുപ്തക്ക് ആവശ്യമായ തെളിവുകൾ നൽകാൻ ഫെഡറൽ പ്രോസിക്യൂട്ടർമാർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഗുപ്തയുടെ അഭിഭാഷകൻ ജനുവരി 4-നാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ 'മോഷൻ ടു കംപൽ പ്രൊഡക്ഷൻ ഓഫ് ഡിസ്കവറി' ഫയൽ ചെയ്തത്.
ഗുപ്തയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ യുഎസ് ജില്ലാ ജഡ്ജി വിക്ടർ മാരേറോ ജനുവരി 8ന് സർക്കാരിന് മൂന്ന് ദിവസത്തെ സമയം നൽകിയിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച ജില്ലാ കോടതിയിൽ സമർപ്പിച്ച മറുപടിയിൽ രേഖകൾ ആവശ്യപ്പെട്ടുള്ള ഗുപ്തയുടെ ഹർജി തള്ളിക്കളയണമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
ക്രിമിനൽ നടപടിക്രമങ്ങളുടെ ഫെഡറൽ നിയമങ്ങൾക്ക് അനുസൃതമായി, പ്രതി ന്യൂയോർക്കിൽ ഹാജരാകുകയും ഈ കേസിൽ വിചാരണ നേരിടുകയും ചെയ്താൽ മാത്രം വേണ്ട രേഖകൾ നൽകാൻ സർക്കാർ തയ്യാറാണ്. എന്നിരുന്നാലും, അതിനുമുമ്പ്, പ്രതിക്ക് അവ ലഭിക്കാനുള്ള അർഹതയില്ല,ഇപ്പോൾ രേഖകൾ ലഭിക്കാനുള്ള നിയമപരമായ അവകാശമോ ന്യായീകരണമോ ഗുപ്തക്കില്ലെന്നും ഗവൺമെന്റിന്റെ പ്രതികരണത്തിൽ, യുഎസ് അറ്റോർണി ഡാമിയൻ വില്യംസ് പറഞ്ഞു,
“മറ്റേതൊരു ക്രിമിനൽ പ്രതിയെയും പോലെ, ഈ ജില്ലയിൽ അവന്റെ സാന്നിധ്യത്തിലും വിചാരണയിലും രേഖകൾ സമർപ്പിക്കാൻ സർക്കാർ തയ്യാറാണ്. രേഖകൾ നിർബന്ധമായും ലഭിക്കണമമെന്നുള്ള അദ്ദേഹത്തിന്റെ നീക്കം നിഷേധിക്കപ്പെടണം,” വില്യംസ് പറഞ്ഞു.
എന്നാൽ അമേരിക്കൻ കുറ്റപത്രം മാത്രമല്ലാതെ ഒരു തരത്തിലുള്ള തെളിവുകളും രേഖകളും ഗുപ്തയ്ക്ക് ലഭിച്ചിട്ടില്ല എന്നാണ് ഗുപ്തയുടെ ന്യൂയോർക്കിലെ അഭിഭാഷകൻ ജെഫ് ഷാബ്രോവ് തന്റെ പ്രമേയത്തിൽ വ്യക്തമാക്കിയത്. ഗുപ്തയെ പ്രാഗിൽ വച്ച് മുതിർന്ന യുഎസ് ഏജന്റുമാരുടെ ഗ്രൂപ്പുകൾ പലതവണ ചോദ്യം ചെയ്തിരുന്നെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ കേസിൽ അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ ഗുപ്ത യുഎസ് ഉദ്യോഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനു വിധേയനായതിനാൽ ഡിഫൻസ് ഡിസ്കവറി ഇവിടെ പ്രത്യേകിച്ചും ആവശ്യമാണ്,” ഷാബ്രോയുടെ പ്രമേയത്തിൽ പറയുന്നു.
പ്രാഗിലെ മുനിസിപ്പൽ കോടതി ഗുപ്തയെ കൈമാറാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും എന്നാൽ അന്തിമ കൈമാറ്റ ഉത്തരവിന് മുമ്പായി നിരവധി നടപടികൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്നും ഗുപ്തയുടെ പ്രമേയത്തിൽ പറഞ്ഞു. തന്റെ അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ യുഎസ് ഉദ്യോഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിന് വിധേയനാക്കിയെന്ന ഗുപ്തയുടെ വാദം സർക്കാർ നിരസിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ ഗുപ്തയുടെ അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച നടന്നതെന്നും സർക്കാർ വ്യക്തമാക്കി. അതേ സമയം നിഖിൽ ഗുപ്തയെ കൈമാറണമെന്ന യു എസിന്റെ ആവശ്യത്തിന്മേൽ നടപടികൾ പുരോഗമിക്കേ ആരോപണങ്ങൾ അന്വേഷിക്കാൻ ഇന്ത്യ ഒരു അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
Read More
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
- മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ പിണക്കുന്നതെങ്ങനെ? സോഷ്യൽ മീഡിയ യുദ്ധം എന്തിന്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us