/indian-express-malayalam/media/media_files/2025/08/14/president1-2025-08-14-20-07-06.jpg)
ദ്രൗപതി മുർമു
ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ മനുഷ്യത്വം നടത്തിയ പോരാട്ടമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നൽകിയ സന്ദേശത്തിലാണ് രാഷ്ട്രപതിയുടെ പരാമർശം.
ഓപ്പറേഷൻ സിന്ദൂരിൽ ഏറ്റവും ശ്രദ്ധേയമായത് രാഷ്ട്രത്തിന്റെ ഐക്യമായിരുന്നു. വിഭജിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ശക്തമായ മറുപടി കൂടിയായിരുന്നു ഈ ഐക്യം. ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിവിധ രാജ്യങ്ങളിൽ എത്തിയ വിവിധ കക്ഷികളിലുള്ള എംപിമാരുടെ പ്രതിനിധി സംഘത്തിലും ഈ ഐക്യം പ്രകടമായിരുന്നു.
Also Read: കശ്മീരിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 28 ആയി
നമ്മൾ ആക്രമണകാരികളല്ല, പക്ഷേ നമ്മുടെ പൗരന്മാരുടെ പ്രതിരോധത്തിനായി തിരിച്ചടിക്കാൻ മടിക്കില്ല എന്ന ഇന്ത്യയുടെ നിലപാട് ലോകം ശ്രദ്ധിച്ചു. പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് ദൗത്യത്തിന്റെ ഒരു പരീക്ഷണം കൂടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.- രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.
2047 ഓടെ ഇന്ത്യ ഒരു വികസിത സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കൾ, സ്ത്രീകൾ, പിന്നോക്കം നിൽക്കുന്നവർ എന്നിവരുടെ ഉന്നമനത്തിലൂടെ നമ്മൾ ഈ നേട്ടം കൈവരിക്കുമെന്നും ദ്രൗപതി മുർമു പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവന്നു. പഠനത്തെ മൂല്യങ്ങളുമായി യോജിപ്പിച്ചു.രാജ്യത്ത് തൊഴിലവസരങ്ങൾ കുതിച്ചുയരുകയാണ്. സംരംഭകത്വ അഭിലാഷങ്ങളുള്ളവർക്ക്, സർക്കാർ ഏറ്റവും അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ ബഹിരാകാശ പദ്ധതികൾ അഭൂതപൂർവമായ വികാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
Also Read:പ്രായം 124 നോട്ട്ഔട്ട്; കന്നി വോട്ടർ; തിരഞ്ഞെടുപ്പ് കമ്മിഷൻ വെട്ടിലാക്കിയ 35കാരി
രാജ്യത്ത സാധ്യമായ എല്ലാ മേഖലകളിലും സ്വാശ്രയത്വം വർധിപ്പിക്കുകയാണെന്നും തദ്ദേശ ഉത്പ്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും രാഷ്ട്രപതി ആവശ്യപ്പെടുകയും ചെയ്തു. സാധ്യമായ എല്ലാ മേഖലകളിലും നാം നമ്മുടെ സ്വാശ്രയത്വം വർധിപ്പിക്കുകയാണ്. ഇത് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും വികസിത സമ്പത്ത് വ്യവസ്ഥയിലേക്കുള്ള നമ്മുടെ യാത്ര എളുപ്പമാക്കുകയും ചെയ്യും.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസനത്തിനാണ് സർക്കാർ മുഖ്യപരിഗണന നൽകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് എന്നിവയെല്ലാം ഇതിന് ഉദ്ദാഹരണങ്ങളാണ്. നല്ല ഭരണത്തിലൂടെ വലിയൊരു വിഭാഗം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ദുർബലരെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
Read More: വോട്ടർപട്ടികയിലെ ക്രമക്കേട് കോൺഗ്രസ് സർക്കാരിന്റെ കാലത്ത്; വിവാദ പരാമർശത്തിനു പിന്നാലെ രാജിവച്ച് കർണാടക മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.