/indian-express-malayalam/media/media_files/a2QGJ7k64rWMmzYPvgAs.jpg)
വേനൽ അവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും ചേരുന്ന ജൂലൈ 8 ന് നീറ്റുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കും
ഡൽഹി: പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച വിവാദങ്ങൾ തെരുവിലേക്കെത്തുമ്പോൾ നീറ്റ്-യുജി 2024 പരീക്ഷയിൽ സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി. പരീക്ഷയിൽ പങ്കെടുത്ത 1,563 ഉദ്യോഗാർത്ഥികൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നിർദ്ദേശിച്ച റീ-ടെസ്റ്റ് സ്റ്റേ ചെയ്യാനും ജൂലൈ 6 ന് ആരംഭിക്കാനിരിക്കുന്ന മെഡിക്കൽ കോളേജ് പ്രവേശനത്തിനുള്ള കൗൺസിലിംഗ് മാറ്റിവയ്ക്കാനുമുള്ള ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. വേനൽ അവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും ചേരുന്ന ജൂലൈ 8 ന് നീറ്റുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കും.
ജസ്റ്റിസുമാരായ വിക്രം നാഥിന്റേയും എസ് വി ഭട്ടിയുടെയും അവധിക്കാല ബെഞ്ചാണ് നീറ്റ് റീ ടെസ്റ്റ് തടയണമെന്നുള്ള ഹർജി തള്ളിയത്. മുഴുവൻ പരീക്ഷയും മാറ്റിവയ്ക്കാമെന്നും അതിനാൽ അന്തിമഫലത്തിനായി കാത്തിരിക്കണമെന്നും കോടതി പറഞ്ഞു. “ഇപ്പോൾ ഒന്നും സംഭവിക്കില്ല. എല്ലാം മാറ്റിവെക്കാം. മെയ് 5-ലെ മെയിൻ പരീക്ഷ മാറ്റിവെക്കാൻ അവസരമുള്ളപ്പോൾ, 1,563 ഉദ്യോഗാർത്ഥികളുടെ റീ ടെസ്റ്റിൽ പ്രസക്തിയില്ല" ജസ്റ്റിസ് നാഥ് പറഞ്ഞു.
1,563 ഉദ്യോഗാർത്ഥികളിൽ 753 പേർ ഇതിനകം പരാജയപ്പെട്ടുവെന്ന മെറ്റീരിയൽ വിവരങ്ങൾ എൻടിഎ കോടതിയിൽ നിന്ന് മറച്ചുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ റീ ടെസ്റ്റിന് സ്റ്റേ ആവശ്യപ്പെട്ടു. “അതുവഴി അവർക്ക് പരീക്ഷകളിൽ രണ്ടാം ഷോട്ട് ലഭിക്കുന്നു,” അദ്ദേഹം പറഞ്ഞു. വീണ്ടും ഹാജരാകാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉള്ളതിനാൽ ഇത് അന്യായവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിന്റെ സമ്മർദ്ദം അനുഭവിക്കുമെന്നും അദ്ദേഹം വാദിച്ചു.
“പരാജയപ്പെട്ട ചില ഉദ്യോഗാർത്ഥികളെ വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കുന്നുണ്ടെന്നാണ് നിങ്ങളുടെ വാദം. പിന്നെ ഇപ്പോൾ നിങ്ങൾ പറയുന്നു രണ്ടാം പരീക്ഷ എഴുതാൻ പോകുന്നവർ സമ്മർദത്തിലാണെന്ന്. തികച്ചും വിരുദ്ധമായ വാദങ്ങളാണ് നിങ്ങൾ ഉന്നയിക്കുന്നത്,” ജസ്റ്റിസ് നാഥ് പറഞ്ഞു.
കൗൺസിലിംഗ് രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മറ്റൊരു ഹർജി. ഈ ഹർജി നിരസിച്ച ജസ്റ്റിസ് ഭാട്ടി കൗൺസിലിംഗ് ന്യായമായ ഒരു പ്രക്രിയ ആണെന്നും അത് ജൂലൈ 6 ന് തന്നെ ആരംഭിക്കട്ടെയെന്നും പറഞ്ഞു.
“കൗൺസിലിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ കാലാവധി എത്രയാണ്? അതിനുശേഷം, ആ ആഴ്‌ചയ്‌ക്കുള്ളിൽ, അപേക്ഷകർക്ക് ഭേദഗതി വരുത്താനും പരിഷ്‌ക്കരിക്കാനും അതിൽ ഇടപെടാനും കഴിയും. അതിന് ശേഷമേ, അത് കൺവീനറുടെ ഡൊമെയ്‌നിലേക്ക് എത്തുകയുള്ളൂ " ജസ്റ്റിസ് ഭാട്ടി കൂട്ടിച്ചേർത്തു,
10 മിനിറ്റിലധികം പേന പിടിച്ച് നിൽക്കാൻ സാധിക്കാത്ത അപൂർവ രോഗാവസ്ഥ കാരണം തനിക്ക് പരീക്ഷ എഴുതാൻ മതിയായ സമയം ലഭിച്ചില്ലെന്ന് ഒരു ഉദ്യോഗാർത്ഥിയുടെ ഹർജിയും സുപ്രീം കോടതി പരിഗണിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കകം അദ്ദേഹത്തെ വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കാനും ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനും കോടതി എൻടിഎയ്ക്ക് നിർദ്ദേശം നൽകി.
Read More
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
- പ്രധാനമന്തി മോദിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു: ശരദ് പവാർ
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.