/indian-express-malayalam/media/media_files/UWiWBmUfL450QFQpg9Zc.jpg)
ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കൂടിയാണ് ഇപ്പോൾ സിഎഎ നടപ്പാക്കിയതെന്നും വിമർശിക്കുന്നു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് അസമിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. അസമിന് ഇതൊരു കരിദിനമാണെന്ന് വിശേഷിപ്പിച്ച അസം ദേശീയ പരിഷത്തിൻ്റെ പ്രസിഡന്റ് ലുറിൻജ്യോതി ഗൊഗോയ്, സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. 2019ലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിൽ നിന്ന് ജനിച്ച പാർട്ടിയാണിത്.
തിങ്കളാഴ്ച രാത്രി തന്നെ ഗുവാഹത്തിയിലെ കോട്ടൺ യൂണിവേഴ്സിറ്റിക്ക് മുന്നിൽ ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ ഇടയ്ക്കിടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. അസമിലെ പ്രതിഷേധം കണക്കിലെടുത്ത് ഗുവാഹത്തി നഗരത്തിലുടനീളം റോഡരികുകളിൽ മുള ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നിയമസഭയ്ക്കും ജനതാഭവനിലും സുരക്ഷ ശക്തമാക്കി. 2019 ഡിസംബറിൽ സിഎഎ പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. അസമിൽ പ്രതിഷേധങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
കോൺഗ്രസ്, ഇടത് പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. പ്രതിപക്ഷ യുവജന സംഘടനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞു. അസമിൽ പ്രതിഷേധിച്ച എഎപി സംസ്ഥാന അധ്യക്ഷൻ ബബൻ ചൗധരിക്ക് പരുക്കേറ്റു.
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി ജാമിയ മിലിയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അസം സ്റ്റുഡന്റ്സ് യൂണിയൻ ഗുവാഹത്തിയിൽ സിഎഎ വിജ്ഞാപനം കത്തിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെയെല്ലാം പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ദില്ലി ഷഹീൻ ബാഗിൽ പൊലീസിൻ്റെ ഫ്ലാഗ് മാർച്ച് നടന്നു. പരിധിവിട്ടുള്ള പ്രതിഷേധങ്ങളോ ആഹ്ളാദ പ്രകടനങ്ങളോ അനുവദിക്കില്ലെന്ന് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രശ്നബാധിതമായ മേഖലകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശവുമുണ്ട്.
ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്. നിയമഭേദഗതിയുടെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ 6 മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് നിയമം.
Read More:
- ഭാരത് ജോഡോ യാത്രയുടെ സമാപന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാൻ കോൺഗ്രസ്
- ആർട്ടിക്കിൾ 370 ലൂടെ കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു; നരേന്ദ്ര മോദി കശ്മീരിൽ
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 ലോക്സഭാ സീറ്റുകൾ എൻഡിഎ നേടും; അസം മുഖ്യമന്ത്രി ഹിമന്ത
- ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയാകുന്ന നീക്കവുമായി ഒവൈസി; യു.പിയിലും ബിഹാറിലും കൂടുതൽ സീറ്റുകളിൽ മത്സരിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.