scorecardresearch

ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയാകുന്ന നീക്കവുമായി ഒവൈസി; യു.പിയിലും ബിഹാറിലും കൂടുതൽ സീറ്റുകളിൽ മത്സരിക്കും

പ്രതിപക്ഷ സഖ്യത്തിന് വേരോട്ടമുള്ള യു പിയിലും ബിഹാറിലും ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ കഴിവുള്ള എഐഎംഐഎം മത്സരിച്ചാൽ അത് പ്രതിപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കും

പ്രതിപക്ഷ സഖ്യത്തിന് വേരോട്ടമുള്ള യു പിയിലും ബിഹാറിലും ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ കഴിവുള്ള എഐഎംഐഎം മത്സരിച്ചാൽ അത് പ്രതിപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കും

author-image
WebDesk
New Update
Ovaisi

ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകളിൽ ഒവൈസിയുടെ പാർട്ടി മത്സരിച്ചേക്കുമെന്നാണ് വിവരം

ഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് നീക്കങ്ങൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകളിൽ ഒവൈസിയുടെ പാർട്ടി മത്സരിച്ചേക്കുമെന്നാണ് വിവരം. പ്രതിപക്ഷ സഖ്യത്തിന് വേരോട്ടമുള്ള യു പിയിലും ബിഹാറിലും ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ കഴിവുള്ള എഐഎംഐഎം മത്സരിച്ചാൽ അത് പ്രതിപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കും എന്നതാണ് ഇന്ത്യാ സഖ്യത്തിനുള്ള വെല്ലുവിളി. 

Advertisment

യുപിയിൽ 20 സീറ്റുകളിലും ബിഹാറിൽ ഏഴ് സീറ്റുകളിലും മത്സരിക്കാനാണ് എഐഎംഐഎം പദ്ധതിയിടുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ ബീഹാറിൽ നിന്നും ഒരു സീറ്റിൽ മാത്രമാണ് ഓവൈസിയുടെ പാർട്ടി മത്സരിച്ചത്.
എഐഎംഐഎം മഹാരാഷ്ട്രയിലും - മുംബൈയിലും മറാത്ത്‌വാഡയിലേക്കും കടന്നുചെല്ലുമെന്നാണ് സൂചന. തെലങ്കാനയിൽ ഒവൈസിയുടെ തട്ടകമായ ഹൈദരാബാദിന് പുറമെ സെക്കന്തരാബാദിൽ നിന്നും അവർ മത്സരിച്ചേക്കും. അതേ സമയം  2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്ന പശ്ചിമ ബംഗാളിൽ പാർട്ടി മത്സരിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. 

ഹൈദരാബാദ് (തെലങ്കാന), ഔറംഗബാദ് (മഹാരാഷ്ട്ര), കിഷൻഗഞ്ച് (ബീഹാർ) എന്നിവിടങ്ങളിൽ ഞങ്ങൾ മത്സരിക്കും. ഞങ്ങളുടെ ബിഹാർ യൂണിറ്റ് കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു. യുപിയിലും സമാനമായ ആവശ്യങ്ങളാണുള്ളത്. മഹാരാഷ്ട്രയിൽ മുംബൈയിൽ നിന്നും മറാത്ത്വാഡയിൽ നിന്നും പോരാടാനുള്ള ആഹ്വാനമുണ്ട്. എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന്  ഉടൻ തീരുമാനമുണ്ടാകും” ഒവൈസി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഒവൈസി (ഹൈദരാബാദ്), ഇംതിയാസ് ജലീൽ (ഔറംഗബാദ്) എന്നിവർ പ്രതിനിധീകരിക്കുന്ന രണ്ട് സീറ്റുകളാണ് എഐഎംഐഎമ്മിന് നിലവിൽ ലോക്‌സഭയിൽ ഉള്ളത്. 2019 ൽ, കിഷൻഗഞ്ചിൽ നിന്നുള്ള എഐഎംഐഎം സ്ഥാനാർത്ഥി അക്തർ-ഉൽ-ഇമാൻ ഏകദേശം 3 ലക്ഷം വോട്ടുകൾ നേടിക്കൊണ്ട് കോൺഗ്രസ്, ജെഡിയു സ്ഥാനാർത്ഥികളെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 2019ൽ കോൺഗ്രസ്-ആർജെഡി സഖ്യം വിജയിച്ച 40 സീറ്റുകളിൽ ബിഹാറിലെ ഏക സീറ്റാണ് കിഷൻഗഞ്ച്. എഐഎംഐഎം വീണ്ടും അക്തർ-ഉൽ-ഇമാനെ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കും.

Advertisment


എഐഎംഐഎം 2019ൽ യുപിയിൽ സ്ഥാനാർഥികളെ നിർത്തിയില്ലെങ്കിലും 2017ൽ 32 സീറ്റുകൾ നേടി സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ലെങ്കിലും, 10-ലധികം സീറ്റുകളിൽ നേടിയ വോട്ടുകൾ അവിടെ എസ്പി സ്ഥാനാർത്ഥികളുടെ തോൽവിയുടെ മാർജിനേക്കാൾ കൂടുതലായിരുന്നു എന്നത് ശ്രദ്ധേയമാണ്. 

ജനസംഖ്യയുടെ 12% മുസ്‌ലിംകളുള്ള മുംബൈയിലും മറാത്ത്‌വാഡയിലേക്കും കടന്നുചെല്ലാനുള്ള എഐഎംഐഎമ്മിന്റെ ശ്രമവും ഇന്ത്യാ സംഘത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. അതുപോലെ ബീഹാറിൽ, ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള സീമാഞ്ചൽ മേഖലയിൽ എഐഎംഐഎമ്മിന് നല്ല വേരോട്ടമാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, പാർട്ടി അഞ്ച് സീറ്റുകൾ ഈ മേഖലയിൽ നിന്നും നേടിയിരുന്നു, എന്നാൽ അതിലെ നാല് എംഎൽഎമാർ പിന്നീട് ആർജെഡിയിലേക്ക് കൂറുമാറിയിരുന്നു. ഇതാണ് ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിൽ ചേരുന്നതിൽ നിന്ന് പാർട്ടി വിട്ടുനിൽക്കാനുള്ള ഒരു കാരണം.

ബീഹാറിൽ ആർജെഡി ഇന്ത്യ സഖ്യത്തിനൊപ്പമാണ്. ഞങ്ങളുടെ നാല് എംഎൽഎമാരെ ആർജെഡി അടർത്തിയെടുത്തു. അതിനാൽ, അവരുമായി സഖ്യത്തിലാവുന്ന പ്രശ്നമില്ല. എന്തുകൊണ്ട് എഐഎംഐഎം ഇന്ത്യയ്‌ക്കൊപ്പം ഇല്ല എന്നത് ഇന്ത്യക്ക് മാത്രം ഉത്തരം നൽകാൻ കഴിയുന്ന കാര്യമാണ്. അവർ ഇതിനകം ഒരു എലൈറ്റ് ക്ലബ് രൂപീകരിച്ചു. അതിലെ അംഗത്വം വരേണ്യ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. തുടക്കം മുതലേ അവർ ഞങ്ങളെ അധിക്ഷേപിക്കുന്നുണ്ട്,” ഒവൈസി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

കിഷൻഗഞ്ച് കൂടാതെ കതിഹാർ, പൂർണിയ, അരാരിയ, ദർഭംഗ, മധുബാനി, ഗയ എന്നിവിടങ്ങളിലും മത്സരിക്കാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്നും ബിഎസ്പിയുമായി സഖ്യത്തിനുള്ള ചർച്ചകൾ നടത്തിവരികയാണെന്നും എഐഎംഐഎമ്മിന്റെ ബിഹാർ വക്താവ് ആദിൽ ഹസൻ പറഞ്ഞു. പട്ടിക ബാരിസ്റ്റർ സാഹബിന് (ഒവൈസി) അയച്ചിട്ടുണ്ട്. തീരുമാനം അദ്ദേഹത്തിന്റേതായിരിക്കും. ബിഎസ്പിയുമായി സഖ്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ സമാന ചിന്താഗതിക്കാരായ പാർട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ എസ്പിയും ബിഎസ്പിയും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നിർദ്ദേശങ്ങൾ അയച്ചിരുന്നുവെങ്കിലും അവരിൽ നിന്നും മറുപടി ഒന്നും ലഭിച്ചില്ല. യുപിയിൽ 20 സീറ്റിൽ മത്സരിക്കാൻ ഞങ്ങൾ നിർദ്ദേശം നൽകി ഒവൈസി സാഹബിന് അയച്ചു. ഞങ്ങൾക്ക് താൽപ്പര്യമുള്ള സീറ്റുകളായ സംഭാൽ, മൊറാദാബാദ്, അംരോഹ, ബിജ്‌നോർ, സഹാറൻപൂർ, കാൺപൂർ, ജൗൻപൂർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുപിയിലെ പാർട്ടി വക്താവ് ഷൗക്കത്ത് അലി പറഞ്ഞു, 

"മതേതര പാർട്ടികൾ" മുസ്ലീം നേതൃത്വത്തെ "അയിത്തം" ആയി കണക്കാക്കുന്നുവെന്ന് അലി പറഞ്ഞു. "അവർക്ക് ഞങ്ങളുടെ വോട്ടുകൾ വേണം, പക്ഷേ ഞങ്ങളുടെ നേതൃത്വമല്ല. ഇന്ന് എസ്പിയും കോൺഗ്രസും മുസ്ലീം വോട്ടുകൾക്കായി മത്സരിക്കുകയാണ്. സഖ്യമുണ്ടായാൽ ഞങ്ങൾ കൂടുതൽ ശക്തരാകുമെന്നും തങ്ങളുടെ വോട്ട് അടിത്തറ നഷ്‌ടപ്പെടുമെന്നും അവർ ഭയപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

തെലങ്കാനയിൽ, ബിആർഎസുമായി പാർട്ടി ധാരണ നിലനിർത്താൻ സാധ്യതയുണ്ടെന്ന് എഐഎംഐഎം വൃത്തങ്ങൾ പറഞ്ഞു, എന്നാൽ സംസ്ഥാന ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡി എംപിയായ സെക്കന്തരാബാദ് സീറ്റിൽ മത്സരിക്കാൻ പാർട്ടിയുടെ കേഡറിൽ നിന്നുള്ള സമ്മർദ്ദമുണ്ട്.

Read More

Congress Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: