/indian-express-malayalam/media/media_files/Yc5kSmZJW5XoHNHwLRII.jpg)
ബുധനാഴ്ച മോഹൻ ചരൺ മാജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും (Photo: ഫേസ്ബുക്ക്/മോഹൻ ചരൺ മാജി)
ഭുവനേശ്വർ: മോഹൻ ചരൺ മാജി ഒഡിഷ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിത മുഖത്തെയാണ് ബിജെപി അവതരിപ്പിച്ചത്. ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. നാലു തവണ എംഎൽഎ ആയിരുന്ന മോഹൻ ചരൺ മാജിയെ മുഖ്യമന്ത്രിയായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച മോഹൻ ചരൺ മാജി സത്യപ്രതിജ്ഞ ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. സംസ്ഥാനത്തു നിന്നുള്ള ധർമേന്ദ്ര പ്രധാനും ജുവൽ ഓറമും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് മോഹൻ ചരൺ മാജി മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്. കെ.വി. സിങ് ഡിയോ, പ്രവതി പരീദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.
കിയോൻജർ നിയമസഭാ മണ്ഡലത്തിൽ നിന്ന് 11,577 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാജി വിജയിച്ചത്. 24 വർഷത്തെ നവീൻ പട്നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ഒഡിഷയിൽ ബിജെപി ഭരണം പിടിച്ചെടുത്തത്. യോഗത്തിന് ശേഷം ഗവർണർ രഘുബർ ദാസിനെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മാജി കൂടിക്കാഴ്ച നടത്തി.
“ഒഡിഷ ബിജെപി നിയമസഭാ പാർട്ടി നേതാവായി മോഹൻ ചരൺ മാജിയെ ഐകകണ്‌ഠേന തിരഞ്ഞെടുത്തുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഒഡിഷയുടെ പുതിയ മുഖ്യമന്ത്രിയായി സംസ്ഥാനത്തെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ യുവാക്കളുടെ പ്രതിനിധിയും സജീവമായ പാർട്ടി പ്രവർത്തകനുമാണ് അദ്ദേഹം. അദ്ദേഹത്തിന് നിരവധി അഭിനന്ദനങ്ങൾ,” പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
ഒഡിഷയിൽ ഒരു ഗോത്ര വർഗ്ഗക്കാരനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനുള്ള ബിജെപിയുടെ തീരുമാനം, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 23% വരുന്ന ആദിവാസികൾക്കിടയിൽ തങ്ങൾക്ക് പിന്തുണയും അടിത്തറയും ഉറപ്പിക്കാനുള്ള പാർട്ടിയുടെ ശ്രമമായാണ് കാണുന്നത്.
നിയമ ബിരുദധാരിയായ മാജി സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായിരുന്നു. 1997ൽ സർപഞ്ചായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 2000ൽ കിയോഞ്ജറിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2004ൽ വീണ്ടും ഇതേ സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2005 മുതൽ 2009 വരെ ബിജെഡി-ബിജെപി സഖ്യ സർക്കാരിൽ ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്നു.
2009ലും 2014ലും രണ്ട് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ശേഷം, 2019ലും മാജി വീണ്ടും സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും 2024ലും സീറ്റ് നിലനിർത്തുകയും ചെയ്തു. കഴിഞ്ഞ നിയമസഭയിൽ നിർണായകമായ പല വിഷയങ്ങളിലും നവീൻ പട്നായിക്ക് സർക്കാരിനെതിരെ, ബിജെപിയുടെ കടന്നാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു മാജി. 2022ൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായും നിയമിതനായി.
Read More
- മന്ത്രിമാരുടെ എണ്ണത്തിൽ 'റെക്കോർഡ്'; കൂട്ടുകക്ഷി മന്ത്രിസഭ കരുതിവെക്കുന്നത് എന്തൊക്കെ
- സത്യപ്രതിജ്ഞയിൽ നിന്നും വിട്ടുനിൽക്കും; മോദി സർക്കാർ അധികകാലം തുടരില്ലെന്ന് മമത ബാനർജി
- മൂന്നാം മോദി സർക്കാർ; സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മാലദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തിയേക്കും
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.