/indian-express-malayalam/media/media_files/Fz00nDuWhBDgkrGqyRqU.jpg)
നരേന്ദ്ര മോദിയുടെ കഴിവുകെട്ട സർക്കാർ വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും രാഹുൽ പറഞ്ഞു
ഡൽഹി: നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലായിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പാടെ തകർന്നുവെന്നും വിദ്യാഭ്യാസ മാഫിയക്ക് മുന്നിൽ മോദി തീർത്തും നിസ്സഹായനായി മാറിയെന്നും രാഹുൽ കുറ്റപ്പെടുത്തി. പഠന കാലയളവിൽ തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സർക്കാരുമായി പൊരുതേണ്ട ഗതികേടിലാണ് രാജ്യത്തെ വിദ്യാർത്ഥികളെന്നും രാഹുൽ പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ.
“ഇപ്പോൾ നീറ്റ് പിജിയും മാറ്റിവച്ചു! നരേന്ദ്രമോദിയുടെ ഭരണത്തിൽ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മറ്റൊരു ദൗർഭാഗ്യകരമായ ഉദാഹരണമാണിത്. ബിജെപി ഭരണത്തിൽ, വിദ്യാർത്ഥികൾക്ക് തങ്ങളുടെ കരിയർ ഉണ്ടാക്കാൻ കഴിയുന്നില്ല, മറിച്ച് അവരുടെ ഭാവി സംരക്ഷിക്കാൻ സർക്കാരുമായി 'പൊരുതാൻ' ആണ് അവർ നിർബന്ധിതരാകുന്നത് " എക്‌സിൽ രാഹുൽ എഴുതി.
“ഇപ്പോൾ വ്യക്തമാണ് - ഓരോ തവണയും നിശ്ശബ്ദമായി കാഴ്ചകൾ വീക്ഷിച്ചിരുന്ന മോദി, പേപ്പർ ചോർച്ച റാക്കറ്റിനും വിദ്യാഭ്യാസ മാഫിയയ്ക്കും മുന്നിൽ പൂർണ്ണമായും നിസ്സഹായനാണ്. നരേന്ദ്ര മോദിയുടെ കഴിവുകെട്ട സർക്കാർ വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറ്റവും വലിയ ഭീഷണിയാണ് - അതിൽ നിന്ന് രാജ്യത്തിന്റെ ഭാവിയെ നമ്മൾ രക്ഷിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പരീക്ഷാ ബോർഡ് എല്ലാ വർഷവും നടത്തുന്ന നീറ്റ് പി ജി പരീക്ഷയുടെ പ്രക്രിയകളുടെ ദൃഢതയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. “ഈ പരീക്ഷയുടെ പുതിയ തീയതി എത്രയും വേഗം അറിയിക്കും,” മന്ത്രാലയം അറിയിച്ചു. ഏകദേശം 2 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ തീരുമാനത്തെ നീറ്റ് പിജി ഉദ്യോഗാർത്ഥികൾ നിശിതമായി വിമർശിക്കുമ്പോൾ, ഇന്ത്യാ സഖ്യ നേതാക്കളും കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ്.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വിദ്യാഭ്യാസ മാഫിയ നുഴഞ്ഞുകയറയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. “വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെങ്കിൽ, മോദി സർക്കാരിന് ഉത്തരവാദിത്തമുണ്ടാകണം. ഇപ്പോൾ നീറ്റ്-പിജി പരീക്ഷ മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 4 പരീക്ഷകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. കടലാസ് ചോർച്ച, അഴിമതി, ക്രമക്കേടുകൾ, വിദ്യാഭ്യാസ മാഫിയ എന്നിവ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നു". ഖാർഗെ എക്സിൽ കുറിച്ചു.
വിദ്യാഭ്യാസ സമ്പ്രദായം മുഴുവനും മാഫിയയ്ക്കും അഴിമതിക്കാർക്കും തീറെഴുതി നൽകിയിരിക്കുകയാണ് മോദിയെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. “ബിജെപി സർക്കാരിന് ഒരു പരീക്ഷ പോലും ന്യായമായ രീതിയിൽ നടത്താൻ കഴിയാത്ത അവസ്ഥയായി. ഇന്ന് യുവാക്കളുടെ ഭാവിക്ക് മുന്നിലെ ഏറ്റവും വലിയ കടമ്പയായി ബിജെപി സർക്കാർ മാറിയിരിക്കുന്നു. രാജ്യത്തെ കഴിവുറ്റ യുവാക്കൾ ബിജെപിയുടെ അഴിമതിക്കെതിരെ പോരാടുന്നതിന് തങ്ങളുടെ വിലപ്പെട്ട സമയവും ഊർജവും പാഴാക്കുകയാണ്, നിസ്സഹായനായ മോദി ജി ഈ കാഴ്ച്ച കണ്ടുകൊണ്ടിരിക്കുകയാണ്," പ്രിയങ്ക പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us