/indian-express-malayalam/media/media_files/2025/04/14/72GdkLDVXRiKc3jU7A7V.jpg)
മെഹുല്‍ ചോക്സി (ചിത്രം: എക്സ്)
Punjab National Bank Loan Fraud Case: ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റിൽ. ബെൽജിയം പൊലീസാണ് മെഹുല്‍ ചോക്സിയെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്റർപോൾ റെഡ് നോട്ടീസ് പിൻവലിച്ചതിനെത്തുടർന്ന്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി), സിബിഐയും മെഹുല്‍ ചോക്സിയെ കൈമാറാൻ നീക്കം നടത്തുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ചയാണ് ചോക്‌സിയെ ബെല്‍ജിയം പൊലീസ് കസ്റ്റഡിയിലെടുത്തത്.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,500 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട കേസിലെ പ്രധാന പ്രതികളിലൊരാളാണ് മെഹുൽ ചോക്സി. ഇയാളുടെ അനന്തരവൻ നീരവ് മോദിയാണ് മറ്റൊരു പ്രധാന പ്രതി. നീരവ് മോദി നിലവിൽ ലണ്ടനിലെ ജയിലിലാണ്. തട്ടിപ്പു വിവരം പുറത്തുവരുന്നതിന് ഏതാനും ദിവസം മുൻപാണ് മെഹുല്‍ ചോക്‌സിയും നീരവ് മോദിയും ഇവരുടെ കുടുംബവും ഇന്ത്യ വിട്ടത്. ചോക്‌സി ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ താമസിച്ചുവരികയായിരുന്നു.
അതേസമയം, ഈ വർഷം ഫെബ്രുവരിയിൽ, ചോക്സിക്ക് കാൻസർ ബാധിച്ചതായി സംശയിക്കുന്നുവെന്നും ബെൽജിയത്തിൽ ചികിത്സയിലാണെന്നും അദ്ദേഹത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ മുംബൈയിലെ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. ചോക്‌സിയെ എഫ്‌ഇഒ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
2018ൽ, മുംബൈയിലെ പിഎൻബി ബ്രാഡി ഹൗസ് ശാഖയിൽ വായ്പാ തട്ടിപ്പ് നടത്തിയതിനായിരുന്നു മെഹുല്‍ ചോക്‌സിക്കും നീരവ് മോദിയ്ക്കും എതിരെ കേസെടുത്തത്. ഇരുവരെയും കുടുംബാംഗങ്ങളെയും ജീവനക്കാരെയും ബാങ്ക് ഉദ്യോഗസ്ഥരെയും മറ്റു ചിലരെയും അന്വേഷണ ഏജൻസികൾ കേസിൽ പ്രതിചേർത്തിരുന്നു. മുംബൈ കോടതി 2018ലും 2021ലും പുറപ്പെടുവിച്ച അറസ്റ്റു വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്സിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Read More
- US Tariff War: പകരത്തിന് പകരം; അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക തീരുവ ചുമത്തി ചൈന
- ചൈനക്കെതിരെ തീരുവ 145 ശതമാനമാക്കി അമേരിക്ക
- Tahawwur Rana Case: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി; ആരാണ് തഹാവൂർ റാണ?
- Tahawwur Rana: തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ
- Waqf Amendment Bill: വഖഫ് ഭേദഗതി നിയമം; മണിപ്പൂരിൽ പ്രതിഷേധം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.