/indian-express-malayalam/media/media_files/2025/04/11/oc1vQZgGXccqaJsCH1JE.jpg)
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക തീരുവ ചുമത്തി ചൈന
ബീജിംഗ്: വ്യാപാര യുദ്ധത്തിൽ പോര് മുറുകുന്നു. യുഎസ് ഉൽപ്പന്നങ്ങൾക്കുമേൽ 125 ശതമാനം തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ശനിയാഴ്ച്ച മുതൽ പുതിയ തീരുവ നിലവിൽ വരും. ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 84 ശതമാനത്തിൽനിന്നാണ് കുത്തനെയുളള വർധന.
ചൈനയ്ക്കുമേൽ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയർന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യ യുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ താരിഫ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അമേരിക്കയുടെ പുതിയ താരിഫുകൾക്കെതിരെ ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്യാൻ ചൈന തീരുമാനിച്ചതായാണ് വിവരം. അമേരിക്കയുടെ ഏകപക്ഷീയമായ നയങ്ങൾക്കെതിരെ തങ്ങൾക്കൊപ്പം ചേരാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് യുഎസ് ഉൽപ്പന്നങ്ങൾക്കുമേൽ തീരുവ ഉയർത്തിക്കൊണ്ടുളള നീക്കം. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് 145 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.
ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്കുമേൽ താരിഫ് ഏർപ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്. 20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യൻ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു അന്ന് യുഎസ് പ്രഖ്യാപിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.