/indian-express-malayalam/media/media_files/2024/11/17/Gu6qGqyak7IQbBzqV4fZ.jpg)
യുക്രെയ്നിൽ ആക്രമണം വ്യാപിപ്പിച്ച് റഷ്യ
ന്യൂഡൽഹി: യുദ്ധം വ്യാപിപ്പിക്കരുതെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ ആവശ്യപ്പെടുമ്പോഴും റഷ്യ - യുക്രെയ്ൻ സംഘർഷത്തിൽ ആക്രമണം ശക്തമാകുന്നു. രണ്ട് വർഷം പിന്നിട്ട യുദ്ധത്തിന് ഇടയിലെ ശക്തമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ രാത്രിയിൽ റഷ്യ യുക്രെയ്നിൽ നടത്തിയത്. യുക്രെയ്നിന്റെ ഊർജ സംവിധാനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് റഷ്യ കഴിഞ്ഞ രാത്രിയിൽ നടത്തിയ ആക്രമണത്തിൽ 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകൾ.
ആക്രമണങ്ങളിൽ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപതിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണമാണ് റഷ്യ നടത്തിയത് എന്നാണ് യുക്രെയ്ൻ എയർ ഫോഴ്സ് നൽകുന്ന വിശദീകരണം. യുക്രെയ്ൻ സൈന്യവുമായും ഇവർക്ക് സഹായം നൽകുന്നതുമായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് റഷ്യയുടെ വിശദീകരണം. യുക്രെയ്ൻ പ്രസിഡന്റ് വളൊഡിമിർ സെലൻസ്‌കിയുടെ നാടായ ക്രൈവി റിഹ്, ഒഡേസ മേഖലയിലാണ് വ്യാപകമായ ആക്രമണങ്ങൾ നടന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഒരാഴ്ച മുൻപ് റഷ്യൻ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമിട്ട് യുക്രയ്ൻ വൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. യുക്രയ്ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വിപുലമായ ഡ്രോൺ ആക്രമണമാണ് ഞായറാഴ്ച ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മോസ്‌കോ നഗരത്തിന് മുകളിലെത്തിയ 34 ഡ്രോണുകൾ റഷ്യൻ സൈന്യം വെടിവച്ചിട്ടെനാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതിൽ അധികം ഡ്രോണുകൾ വെടിവച്ചിട്ടതെന്നും റഷ്യ അവകാശപ്പെട്ടിരുന്നു.
അതേസമയം, റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ സിവിലിയൻ മാർ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന് റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ആക്രമണ വാർത്തകൾ പുറത്തുവരുന്നത്. സൗത്തേൺ യുക്രെയ്ൻ നഗരമായ കഴ്സണിൽ മാത്രം കഴിഞ്ഞ ജൂലായ് ഒന്ന് മുതൽ 30 സിവിലിയൻമാരെങ്കിലും ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
യുക്രയ്നിലെ ആകെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാലയളവിൽ അയ്യായിരത്തിൽ അധികം ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാവുകയും നാന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ബിബിസി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മനഃപൂർവം സിവിലിയൻമാരെ ലക്ഷ്യമിടുന്നുവെന്ന വാദം റഷ്യ നിരന്തരം നിഷേധിക്കുകയാണ് പതിവ്. 2022-ൽ ആക്രമണം ആരംഭിച്ചതിനുശേഷം, 622 കുട്ടികൾ ഉൾപ്പെടെ 11,973 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.