/indian-express-malayalam/media/media_files/2025/10/25/kurnool-bus-accident-2025-10-25-08-40-40.jpg)
അപകടത്തിൽ കത്തിനശിച്ച ബസ്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂലിലുണ്ടായ ബസ് അപകടത്തിൽ 20 പേരാണ് മരിച്ചത്. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്കാനിയ സ്ലീപ്പർ ബസിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. സംഭവശേഷം ബസിലെ ഡ്രൈവർമാരിൽ ഒരാൾ മൊഴി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വി-കാവേരി ട്രാവൽസ് ബസിന്റെ രണ്ടാമത്തെ ഡ്രൈവറായ ശിവ നാരായണനെ (30) പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് ബസ് ഒരു മോട്ടോർ സൈക്കിളിൽ ഇടിച്ചതിനെ തുടർന്ന് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായപ്പോൾ താനല്ല വാഹനമോടിച്ചിരുന്നതെന്നും, മറ്റു യാത്രക്കാരെ പോലെ ഉറങ്ങുകയായിരുന്നുവെന്നുമാണ് ഇയാൾ നൽകിയ മൊഴി. ബസ് ഓടിച്ചിരുന്ന ലക്ഷ്മയ്യയാണ് തന്നെ വിളിച്ച് ഉണർത്തിയതെന്നും ഉടൻ തന്നെ ബസിന്റെ ജനാലകൾ തകർത്ത് നിരവധി യാത്രക്കാരെ പുറത്തെത്തിച്ചുവെന്നും ഇയാൾ പോലീസ് പറഞ്ഞിട്ടുണ്ട്.
"ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ബസ് ഒരു ബൈക്കിൽ ഇടിച്ചശേഷം, അതിനെ വലിച്ചിഴച്ചു, പക്ഷേ ഡ്രൈവർ ലക്ഷ്മയ്യ ആദ്യം ഇത് ശ്രദ്ധിച്ചില്ല. എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കി ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോഴേക്കും തീ പടർന്നിരുന്നു,'' ശിവ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഞാൻ ഉണർന്നപ്പോൾ എല്ലായിടത്തും പുക നിറഞ്ഞിരുന്നു, വാതിലുകൾ അടഞ്ഞിരുന്നു. ഒരു കമ്പി ഉപയോഗിച്ച് ജനാലകൾ തകർത്തുവെന്ന് ശിവ പറഞ്ഞു. തീ ആളിപ്പടരുന്ന ബസിൽ നിന്ന് നിരവധി യാത്രക്കാരെ ശിവ പുറത്തെത്തിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. "എന്നെ ആദ്യം സഹായിച്ചത് ഒരു ചെറുപ്പക്കാരനായിരുന്നു. പിന്നീട് അയാൾ ഡ്രൈവർമാരിൽ ഒരാളാണെന്ന് മനസിലായി," രക്ഷപ്പെട്ടവരിൽ ഒരാളായ സുബ്രഹ്മണ്യം പറഞ്ഞു.
Also Read: എന്താണ് കർണൂലിൽ സംഭവിച്ചത്? ആളി പടർന്ന തീയിൽ നിന്ന് രക്ഷപെട്ടവർ പറയുന്നു
സംഭവത്തിന് ശേഷം ബസ് ഓടിച്ചിരുന്ന ലക്ഷ്മയ്യ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് ലക്ഷ്മയ്യയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് ശിവയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ അപകടത്തെക്കുറിച്ചുള്ള മൊഴി ശിവ മാറ്റിയെന്ന് പോലീസ് ആരോപിച്ചു. തുടക്കത്തിൽ, ലക്ഷ്മയ്യ തന്നെ ഉണർത്തി ബസ് എന്തിലോ ഇടിച്ചെന്ന് പറഞ്ഞതായി അയാൾ പറഞ്ഞിരുന്നു. പിന്നീടാണ് ബൈക്ക് ബസിനടിയിൽ കുടുങ്ങിയതായി മനസിലായതെന്ന് പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.
പിന്നീട് ശിവ തന്റെ മൊഴി മാറ്റി. മോട്ടോർ സൈക്കിളും അതിലെ യാത്രക്കാരനും അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നിരുന്നുവെന്നും ലക്ഷ്മയ്യ അറിയാതെ അവരുടെ മുകളിലൂടെ വാഹനമോടിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നും മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ആരോ പറഞ്ഞ് പഠിപ്പിച്ച മൊഴിയാണ് ശിവ നൽകിയതെന്ന് തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും അന്വേഷണ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. "കമ്പനി അന്വേഷണത്തിൽ വരാതിരിക്കാൻ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ട്രാവൽ കമ്പനികളുടെ ഉടമകൾ പലപ്പോഴും ഡ്രൈവർമാർക്ക് മൊഴി പറഞ്ഞ് പഠിപ്പിക്കാറുണ്ട്," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ട് മിനിറ്റിനുള്ളിൽ തീ പടർന്നതായും യാത്രക്കാർക്ക് രക്ഷപ്പെടാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. "മോട്ടോർ സൈക്കിളിൽ ഇടിച്ച ശേഷം കുറഞ്ഞത് 300 മീറ്ററെങ്കിലും അത് വലിച്ചിഴച്ചതായി ഡ്രൈവർ രണ്ടാമത്തെ ഡ്രൈവറോട് പറഞ്ഞില്ല. ഈ ഘർഷണം മൂലമാകാം തീപിടിത്തമുണ്ടായത്" ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More: ഡൽഹിയിൽ ഭീകരാക്രമണ ശ്രമം തകർത്തു; രണ്ടുപേർ പിടിയിൽ, ഐഎസിന്റെ പിന്തുണയുള്ളവരെന്ന് സൂചന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us