/indian-express-malayalam/media/media_files/2024/10/16/GhbG2zbZA616Hj4Ytm9p.jpg)
മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് ധാക്ക-ഡൽഹി വൃക്ക മാഫിയ തഴച്ചുവളർന്നത്
ന്യൂഡൽഹി: അവയവ മാഫിയ പിടിമുറുക്കിയതോടെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ രാജ്യത്ത് കർശനമാക്കിയത്. ഡോക്ടറുടെ സാക്ഷ്യപത്രം, മെഡിക്കൽ രേഖകൾ എന്നിവയെല്ലാം ഇഴകീറി പരിശോധിക്കുന്നത് പതിവാണ്.
ഇവിടെ കൃത്രിമ രേഖകൾ വേഗത്തിൽ പിടിക്കപ്പെടും. എന്നാൽ യഥാർത്ഥ ആശുപത്രി രേഖകൾ തന്നെ ഹാജരാക്കാൻ പാകത്തിൽ പരന്നുകിടക്കുന്നതായിരുന്നു ധാക്ക-ഡൽഹി വൃക്ക മാഫിയയുടെ കണ്ണികൾ. നിരവധി ചങ്ങലകളാൽ കൂട്ടിയോജിപ്പിച്ച ധാക്ക-ഡൽഹി വൃക്ക മാഫിയയുടെ ഉള്ളറകളിലൂടെ ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണം തുടരുന്നു.
മറയായി മെഡിക്കൽ ടൂറിസം
മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് ധാക്ക-ഡൽഹി വൃക്ക മാഫിയ തഴച്ചുവളർന്നത്. ഡൽഹിയിലെ അൽഷിഫ ഹെൽത്ത് കെയറായിരുന്നു ഈ രംഗത്തെ പ്രധാന ഇടനിലക്കാരനെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്ഥാപനത്തിലെ പ്രധാന നടത്തിപ്പുകാരിൽ ഒരാളായ ബംഗ്ലാദേശ് പൗരൻ റസൽ റാക്കറ്റിന്റെ മുഖ്യ സൂത്രധാരനാണെന്ന് പോലീസ് കണ്ടെത്തിയതാണ്. ഇന്ത്യയിലെ വിവിധ ആശൂപത്രികളിലെ ഡോക്ടർമാർ ഉൾപ്പടെയുള്ളവരെ റാക്കറ്റിന്റെ കണ്ണിയാക്കുന്നതിൽ നിർണായക പങ്കാണ് റസൽ വഹിച്ചത്.
മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മിക്ക ആശുപത്രികളും മാർക്കറ്റിംങ് പാർട്ണർമാരെ നിയമിക്കുന്ന കാലമാണിത്. അൽഷിഫ ഹെൽത്ത് കെയർ വിവിധ ആശുപത്രികളിലേക്ക് കയറിചെന്നതും മാർക്കറ്റിംങ് പാർട്ണരുടെ കുപ്പായം അണിഞ്ഞാണ്. തങ്ങൾ മാർക്കറ്റിംങ് പാർട്ണറായുള്ള ആശുപത്രിയിലേക്ക് കുടുതൽ രോഗികളെ ആകർഷിക്കുക, വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ പോലും ചികിത്സയ്ക്കായി ഈ ആശുപത്രികളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള കാൻവാസിങ് ആണ് ഇത്തരം ഗ്രൂപ്പുകൾ നടത്തുന്നത്. ഇതിന്റെ മറവിലാണ് അനധികൃത വൃക്ക മാറ്റിവെയ്ക്കലിന് മാഫിയകൾ കളമൊരുക്കിയത്.
അപ്പോളോ ഗ്രൂപ്പിന്റെ ഭാഗമായ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോയുടെയും നോയിഡയിലെ അപ്പോളോ ആശുപത്രിയുടെയും മാർക്കറ്റിംങ് പാർട്ണറായി അൽ ഷിഫ പ്രവർത്തിച്ചു.എന്നാൽ ഈ ആശുപത്രികളുമായി അൽഷിഫ ഔപചാരിക കരാറിൽ ഏർപ്പെട്ടിരുന്നില്ല. പകരം, അൽ ഷിഫ ഹൈദരാബാദ് ആസ്ഥാനമായുള്ള മെഡിജോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഈ ആശുപത്രികൾക്ക് വേണ്ട സേവനം നടത്തിയത്. അന്വേഷണം വന്നാൽ അതിൽ നിന്ന് വേഗത്തിൽ തടിതപ്പാനുള്ള മാർഗമായാണ് ബിനാമിയെന്ന് രീതിയിൽ മെഡിജോൺ സൊല്യൂഷൻസിനെ അൽഷിഫ മുന്നിൽ നിർത്തിയത്.
ചങ്ങലകൾ കണ്ണിചേർക്കുമ്പോൾ
അൽ ഷിഫയുടെ ജീവനക്കാരായാണ് വൃക്ക മാഫിയകളിലെ അംഗങ്ങൾ ഡോക്ടർമാരുമായി ബന്ധം സ്ഥാപിക്കുന്നത്. വൻ തുകകൾ വാഗ്ദാനം ചെയ്താണ് ഇവർ ഡോക്ടർമാരെ ചങ്ങലയുടെ ഭാഗമാക്കുന്നത്. ആരോപണവിധേയയായ ഡൽഹിയിലെ ട്രാൻസ്പ്ലാൻറ് സർജൻ ഡോ. വിജയ രാജകുമാരി സംശയാസ്പദമായ 20-25 ട്രാൻസ്പ്ലാൻറുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് വാദം.കഴിഞ്ഞ ജൂലൈ ഒന്നിന് അറസ്റ്റിലായ ഇവർ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
അവയവ മാഫിയകളുടെ ഭാഗമാകുന്ന ഡോക്ടർമാർ നേരിട്ട് തന്നെ ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകും. പിടിക്കപ്പെടാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചാണ് ഇവ ചെയ്യുന്നത്. കൂടാതെ അതാത് ആശുപത്രികൾ അനുവദിച്ചിട്ടുള്ള ലെറ്റർ പാഡ്, സീൽ തുടങ്ങിയവയെല്ലാം ഇവർ ഇതിന് ഉപയോഗിക്കുന്നു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പരിശോധനകൾ വേഗത്തിലാക്കാൻ ഈ രേഖകൾ മാത്രം മതി.
പോലീസ് പറയുന്നതനുസരിച്ച് ആശുപത്രികളിൽ നിന്നുള്ള ശൂന്യമായ ലെറ്റർ പാഡുകൾ ഏജൻസികളിലേക്ക് ഡോക്ടർമാർ തന്നെ എത്തിച്ചുനൽകും. കൂടാതെ കിഡ്‌നി ദാനം ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തിയ്ക്ക് വേണ്ട മെഡിക്കൽ രേഖകളും മാഫിയകളുടെ ഭാഗമായ ഡോക്ടർമാർ നേരിട്ട് ചെയ്തുകൊടുക്കും. ഇതോടെ ആദ്യകടമ്പ പൂർത്തിയാക്കുന്ന മാഫിയ പിന്നീട് എംബസികളിൽ ഈ രേഖകൾ ഹാജരാക്കി ക്ലിയറൻസ് വാങ്ങും. സകലപഴുതുകളും അടച്ചുള്ള നിയമലംഘനമായതിനാൽ ആണ് ഇതുവരെ ഇവർ പോലീസ് വലയിലാകാതിരുന്നത്.
Read More
- ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം കാനഡയിൽ അടയന്തിരമായി താഴെയിറക്കി
- രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ അറസ്റ്റിൽ
- ആടിയൂലഞ്ഞ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം
- നിജ്ജാർ വധക്കേസ്; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതിനു പിന്നാലെ, 6 കനേഡിയൽ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ
- IndiGo flights :മുംബൈയിൽ നിന്ന് പറന്നുയർന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.