/indian-express-malayalam/media/media_files/UCzqU4LFJvbcB6LZYjLF.jpg)
എക്സ്പ്രസ് ഫൊട്ടോ
ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖലിസ്ഥാൻ തീവ്രവാദികൾക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരം കനേഡിയൻ രാഷ്ട്രീയം ഒരുക്കി നൽകുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇത് ഇന്ത്യ-കാനഡ ബന്ധത്തിന് തന്നെ വിള്ളലുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ്. ഇതിനെ ഒരിക്കലും രാജ്യം അംഗീകരിക്കുന്നില്ല. കനേഡിയൻ ഭരണകൂടവും അതേ നിലപാടിലാണുള്ളതെന്നാണ് കരുതുന്നതെന്നും ജയശങ്കർ പറഞ്ഞു.
2023 ജൂൺ 18 ന് കാനഡയിൽ ഖലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറിന്റെ പരാമർശം. സെപ്തംബറിൽ കനേഡിയൻ പാർലമെന്റിൽ സംസാരിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്നും അതിന് തക്കതായ തെളിവുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ട്രൂഡോയുടെ ആരോപണത്തെ 'അസംബന്ധം' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.
ഖാലിസ്ഥാൻ വിഘടനവാദിയായ ഗുർപത്വന്ത് സിംഗ് പന്നൂനെ ന്യൂയോർക്കിൽ വച്ച് കൊല്ലാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തത് ഇന്ത്യൻ ഇന്റലിജൻസുമായി ബന്ധമുള്ളവരാണെന്ന് യു എസും ആരോപിച്ചിരുന്നു. നവംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്‌ക്കൊപ്പം ഒരു മുതിർന്ന ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനെയും ഈ കേസിൽ പ്രതിചേർത്തിരുന്നു. നിലവിൽ നിഖിൽ ഗുപ്ത ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ തടവിൽ കഴിയുകയാണ്.
എന്നാൽ ഇരു രാജ്യങ്ങളുടേയും ആരോപണങ്ങളെ ഒരുപോലെയല്ല ഇന്ത്യ നേരിട്ടത് എന്നതും ശ്രദ്ധേയമാണ്. ഖലിസ്ഥാൻ വിഷയത്തിൽ രാജ്യസഭയിലെ ഒരു ചോദ്യത്തിന് യു എസിന്റെ ഭാഗത്ത് നിന്നും ചില സുപ്രധാന തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കാനഡയുടേത് വെറും ആരോപണം മാത്രമാണെന്നുമായിരുന്നു മന്ത്രി ജയശങ്കറിന്റെ പ്രതികരണം. അതിനാൽ തന്നെ ഈ വിഷയത്തിൽ ഇരു രാജ്യങ്ങളോടും ഒരേ രീതിയിലുളള സമീപനം സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഖലിസ്ഥാൻ വിഘടനവാദികൾക്ക് കാനഡയിൽ പിന്തുണ ലഭിക്കുന്നുവെന്ന മന്ത്രിയുടെ പരാമർശവും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Read More
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.