/indian-express-malayalam/media/media_files/2025/03/06/DM5yOzND4SqCwDScWLAt.jpg)
ഒരോ കിലോഗ്രാം ഭാരമുള്ള 14 സ്വർണ്ണക്കട്ടികളാണ് കടത്താൻ ശ്രമിച്ചത്
Ranya Rao Gold Smuggling Case: ബെംഗളൂരു: സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവുവിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 12.86 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണവുമായാണ് നടി പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ ശരീരത്തിന്റെ പല ഭാഗങ്ങളിലായി ബാൻഡേജും ടേപ്പും ഉപയോഗിച്ച് ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.
വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 14.2 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടികൾ ശരീരത്തിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയെന്ന്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഒരോ കിലോഗ്രാം വീതം ഭാരമുള്ള 14 സ്വർണക്കട്ടികളാണ് കടത്താൻ ശ്രമിച്ചത്. ഇത് കാലിലും മറ്റു ശരീര ഭാഗങ്ങളിലുമായി ടേപ്പും ബാൻഡേജുകളും ഉപയോഗിച്ച് കെട്ടിവച്ച നിലയിലാണ് കണ്ടെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
'കുറ്റകൃത്യത്തിന്റെ രീതി സൂചിപ്പിക്കുന്നത് മുൻപും നടി സമാന രീതിയിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ്. വിമാനത്താവളത്തിലെ പ്രോട്ടോക്കോളിനെക്കുറിച്ച് ഇവർക്ക് നന്നായി അറിയാമായിരുന്നു. സമീപകാലത്ത് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ സ്വർണക്കടത്തായാരുന്നു ഇത്' ഡിആർഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇടയ്ക്കിടെ വിദേശയാത്രകൾ നടത്തിയിരുന്ന നടി ഏറെ നാളായി ഡിആർഐ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നാലു തവണയാണ് ദുബായിലേക്ക് യാത്ര ചെയ്തത്. മാർച്ച് 3ന് ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ബെംഗളൂരുവിലെത്തിയ നടിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്.
കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. വിമാനത്താവളത്തിൽ എത്തുമ്പോൾ താൻ ഡിജിപിയുടെ മകളാണെന്ന് പറയുകയും വീട്ടിലേക്ക് കൊണ്ടുപോകാൻ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്യുമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർക്ക് കള്ളക്കടത്ത് സംഘവുമായി എന്തെങ്കിലും പങ്കുണ്ടോയെന്നാണ് ഡിആർഐ അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിനു പിന്നാലെ നടിയുടെ വീട്ടിൽ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ ആഭരണങ്ങളും പണമായി 2.67 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. 2014ൽ സിനിമയിലെത്തിയ രന്യ റാവു മൂന്ന് കന്നഡ ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
Read More
- ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു, നടി രന്യ റാവു അറസ്റ്റിൽ
- ജമ്മു കശ്മീരിൽ വൻ ഹിമപാതം; വീഡിയോ കാണാം
- ഉക്രെയ്നിനുള്ള സൈനിക സഹായം നിർത്തലാക്കി അമേരിക്ക
- ചാർജർ കേബിളുകൊണ്ട് കഴുത്തു ഞെരിച്ചു, മൃതദേഹവുമായി ഓട്ടോയിൽ മടക്കം; യുവതിയെ കൊലപ്പെടുത്തിയത് സുഹൃത്ത്
- അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സെലൻസ്കി
- ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.