/indian-express-malayalam/media/media_files/2025/08/22/india-students-us-visa-issue-2025-08-22-15-33-11.jpg)
File Photo
india US student Visa Crisis: മോൺറോ കോളേജിലെ 27കാരനായ എംബിഎ വിദ്യാർഥി തന്റെ ഫുൾ ടൈം യുഎസ് എംപ്ലോയി വർക്ക് വിസ ലഭിക്കുന്നതിന് ഒരാഴ്ച മാത്രം അകലെയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വിവാഹ തിയതിയും തീരുമാനിച്ചിരുന്നു. എച്ച് -1 ബി വിസ ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ എല്ലാം തകിടം മറിച്ചാണ് യുഎസ് ഭരണകൂടത്തിന്റെ ഇടപെടൽ വന്നത്. ഏപ്രിലിൽ ഇൻബോക്സിലേക്ക് ഈ യുവാവിന് ഒരു സന്ദേശം വന്നു. സ്റ്റുഡന്റ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫോർമേഷൻ സിസ്റ്റം(SEVIS) ടെർമിനേറ്റ് ചെയ്തെന്നായിരുന്നു ഇത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, യുഎസിൽ ഇനി വിദേശ വിദ്യാർഥി എന്ന നിലയിൽ തുടരാനാവില്ല എന്ന്. എച്ച് 1 ബി വിസ പ്രതീക്ഷിച്ചിരുന്നിടത്ത് നിന്ന് നാടുകടത്തപ്പെടുമെന്ന അവസ്ഥയായി. ഇത് ഒരു വിദ്യാർഥിയുടെ മാത്രം അവസ്ഥയല്ല.
"ഇതോടെ എനിക്ക് ഭയമായി. ഐസിഇ ആളുകളെ കസ്റ്റഡിയിലെടുക്കുന്നതായി ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങി. അറസ്റ്റ് ചെയ്യപ്പെടുന്നത് ഭയന്ന് ഞാൻ അമേരിക്കയിൽ നിന്ന് മടങ്ങി," യുഎസിൽ നിന്ന് അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർഥി പറഞ്ഞു. നാല് മാസമായി ഇനി എന്ത് എന്ന് അറിയാത്ത ശൂന്യതയിലാണ് ഈ വിദ്യാർഥി. ഇതുപോലെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി വിദ്യാർഥികൾ ഇനി എന്ത് എന്നറിയാതെ വഴിമുട്ടി നിൽക്കുന്നു.
Also Read: ഡോക്ടറാവാൻ ഇന്ത്യൻ വിദ്യാർഥികൾ ജപ്പാനിലേക്ക്; ട്യൂഷൻ ഫീയും ജീവിത ചെലവും അറിയണ്ടേ?
നിരവധി ഇന്ത്യൻ വിദ്യാർഥികളാണ് എഫ്1 വിസ റദ്ദാക്കപ്പെടുന്നത് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവർ മാസങ്ങളായി യുഎസിലേക്ക് തിരികെ പോകാനാവാതെ ഇന്ത്യയിൽ കുടുങ്ങിയിരിക്കുന്നതാണ്. ഇന്ത്യയിലേക്ക് മടങ്ങിയവരിൽ പലരും ഫുൾ ഫർണിച്ചറുകളോട് കൂടിയ അപ്പാർട്ട്മെന്റ് വരെ ഉപേക്ഷിച്ചിരുന്നു. അവരുടെ ബിരുദ പഠനവും പാതി വഴിയിലാണ്. തിരികെ യുഎസിലേക്ക് പോകാനാവുമോ എന്ന് ചോദ്യത്തിന് ഉത്തരം ലഭിക്കാതെ ആശങ്കയിലാണ് വിദ്യാർഥികൾ.
ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെ സെവിസ്(SEVIS) റെക്കോർഡുകൾ ടെർമിനേറ്റ് ചെയ്തതിന് ശേഷം ഏതാനും ദിവസത്തിനുള്ളിൽ ശരിയാക്കിയിരുന്നു. പക്ഷേ അപ്പോഴും വിസ റദ്ദാക്കപ്പെട്ടു തന്നെയിരുന്നു. ഇതിൽ പലരും യുഎസ് ഭരണകൂടത്തിന്റെ ഈ നടപടി കോടതിയിൽ ചോദ്യം ചെയ്യുന്നു. ഭൂരിഭാഗം പേരും ഭയന്ന് യുഎസിൽ നിന്ന് മടങ്ങി. ഇപ്പോൾ തിരികെ പോകാനാവാത്ത അനിശ്ചിതത്വത്തിൽ നിൽക്കുന്നു.
Also Read: നിശബ്ദത അവരെ ധൈര്യശാലിയാക്കും; ഇന്ത്യക്കുമേലുള്ള യുഎസ് തീരുവയെ ശക്തമായി എതിർക്കുന്നുവെന്ന് ചൈന
യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ നൂറ് കണക്കിന് വിദ്യാർഥികളുടെ സെവിസ്(SEVIS) റെക്കോർഡുകൾ വീണ്ടും ശരിയാക്കിയിട്ടുണ്ട്. പക്ഷേ വിസ കാൻസൽ ചെയ്യപ്പെട്ട അവസ്ഥയിൽ തന്നെയാണ്. ഇനി എന്ത് ചെയ്യണം എന്ന ധാരണയില്ലാതെ നിൽക്കുന്ന വിദ്യാർഥികളിൽ പലരും യുഎസ് ബിരുദം എന്നത് ഹൈലൈറ്റ് ചെയ്ത് ഇന്ത്യൻ കമ്പനികളിൽ ജോലിക്ക് ശ്രമിക്കുകയാണ്. മറ്റ് ചിലർ വീണ്ടും പുതിയ വിസയ്ക്കായി അപേക്ഷിക്കുന്നു. എന്നാൽ ഈ വിസ അപേക്ഷയും നിരസിക്കപ്പെടും എന്ന് അവർക്ക് ഏറെക്കുറെ ഉറപ്പാണ്.
വിസ റദ്ദാക്കുന്നത് യുഎസ് ജനതയെ സുരക്ഷിതമാക്കാനെന്ന് വിശദീകരണം
അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ(എഐഎൽഎ)പറയുന്നത് അനുസരിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളിലായി എഫ് 1 വിസ റദ്ദാക്കപ്പെട്ട 327 വിദേശ വിദ്യാർഥികളിൽ 50 ശതമാനവും ഇന്ത്യൻ വിദ്യാർഥികളാണ്. ഓപ്പൺ ഡോർസ് ഡാറ്റയുടെ കണക്കുകൾ പ്രകാരം 2023-24 കാലയളവിൽ വിദേശ വിദ്യാർഥികൾ എൻറോൾ ചെയ്തപ്പോൾ അതിൽ 29 ശതമാനവും ഇന്ത്യൻ വിദ്യാർഥികളാണ്.
Also Read: കോവിഡിനുശേഷം ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള യുഎസ് സ്റ്റുഡന്റ് വിസയിൽ കുറവ്
ടെക്സാസിൽ ബിരുദാനന്തര ബിരുദം ചെയ്തിരുന്ന തെലങ്കാനയിൽ നിന്നുള്ള 25കാരനായ ഒരു വിദ്യാർഥി SEVIS റദ്ദാക്കപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. തന്റെ റൂംമേറ്റുമായുണ്ടായ തർക്കം പൊലീസ് പരാതിയിലേക്ക് എത്തുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തില്ല. എന്നാൽ നാടുകടത്തപ്പെട്ടേക്കും എന്ന ഭയത്തെ തുടർന്ന് ഈ വിദ്യാർഥി നാട്ടിലേക്ക് മടങ്ങി.
ജനുവരി മുതൽ എത്ര ഇന്ത്യൻ വിദ്യാർഥികൾ യുഎസ് വിട്ട് നാട്ടിലേക്ക് മടങ്ങി എന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ, "വിസയും സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫോർമേഷൻ സിസ്റ്റം(SEVIS) എന്നത് വിദേശ വിദ്യാർഥികളുടെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന വ്യത്യസ്ത വിഭാഗങ്ങളാണ്. വിസ റദ്ദാക്കുന്നത് അമേരിക്കയുടെ അതിർത്തിയും അമേരിക്കൻ ജനതയേയും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ്. വിസ റദ്ദാക്കപ്പെട്ടവർക്ക് യുഎസ് കോൺസുലേറ്റ് വഴിയോ, എംബസി വഴിയോ ഏത് സമയവും വീണ്ടും അപേക്ഷിക്കാം."
Read More: യുഎസ് സ്റ്റുഡന്റ് വിസ നിരസിക്കൽ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; കഴിഞ്ഞ വർഷം തള്ളിയത് 41 ശതമാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.