/indian-express-malayalam/media/media_files/LfiAOF91qPFc7qhTobZu.jpg)
എക്സ്പ്രസ് ഫൊട്ടോ-നിർമ്മൽ ഹരീന്ദ്രൻ
അഹമ്മദാബാദ്: മോദി ഭരണത്തിന് കീഴിൽ കഴിഞ്ഞ പത്തു വർഷത്തനിടെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമാനമായ രീതിയിൽ തന്നെ എല്ലാ മേഖലകളിലും രാജ്യത്തെ ഉന്നതിയിലേക്കത്തിക്കാൻ നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമെന്നും അമിത് ഷാ പറഞ്ഞു. മോദിയുടെ മൂന്നാം വരവോട് കൂടി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ (വിജിജിഎസ്) പത്താം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി ചുമതലയേൽക്കുമ്പോൾ നമ്മുടെ സമ്പദ്‌വ്യവസ്ഥ ലോകത്ത് 11-ാം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്ന്, നാം അഞ്ചാം സ്ഥാനത്താണ്, മോദിജി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമ്പോൾ, ആ അഞ്ച് വർഷത്തിനുള്ളിൽ, മൂന്നാം സമ്പദ്‌വ്യവസ്ഥയായി നമ്മൾ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ നിൽക്കുമെന്ന് ഞാൻ ആത്മവിശ്വാസത്തോടെ പറയുന്നു, ”ഷാ പറഞ്ഞു.
നോർവീജിയൻ നയതന്ത്രജ്ഞനും യുഎൻ പരിസ്ഥിതി പദ്ധതിയുടെ മുൻ ഡയറക്‌ടറുമായ എറിക് സോൾഹൈം, ഇന്ത്യയുടെ ലോകബാങ്ക് കൺട്രി ഡയറക്ടർ അഗസ്‌റ്റെ ടാനോ കൗമെ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി പർഷോത്തം രൂപാല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
2003ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ആരംഭിച്ച വിജിജിഎസിന്റെ പത്താമത്തെ പതിപ്പലെത്തി ആശംസകളറിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഷാ പറഞ്ഞു. “വിജിജിഎസിന്റെ കഴിഞ്ഞ 20 വർഷത്തെ പിന്നിലേക്ക് നോക്കുമ്പോൾ, അത് നൂതനമായ ആശയങ്ങൾക്ക് വേദി നൽകുകയും ഗുജറാത്തിന്റെ മണ്ണിലേക്ക് നിക്ഷേപം കൊണ്ടുവരികയും ചെയ്തു. ഇതിലൂടെ ഗുജറാത്തിന് മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ സമ്പദ്‌വ്യവസ്ഥയ്ക്കും നേട്ടമുണ്ടായി. വൈബ്രന്റ് ഗുജറാത്തിന്റെ മാതൃക പല സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ഈ വ്യാവസായിക മാതൃകയുമായി അവർ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിരവധി ഘടനാപരമായ പരിഷ്‌കാരങ്ങൾക്ക് മോദി തുടക്കമിട്ടിട്ടുണ്ടെന്നും ഷാ പറഞ്ഞു, “ഭൂതകാലത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഈ പരിഷ്‌കാരങ്ങൾ മൂലമാണ് ഞങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നത് എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ഈ പരിഷ്കാരങ്ങൾ നമ്മുടെ പരിവർത്തനത്തിന്റെ അടിസ്ഥാനമായി മാറിയിരിക്കുന്നു. മോദിജി നമ്മുടെ മുൻപിൽ വെച്ച ആത്മവിശ്വാസം നിറഞ്ഞതും സ്വയം പര്യാപ്തവുമായ ഇന്ത്യ എന്ന ലക്ഷ്യം നമ്മൾ നേടിയെടുക്കാൻ പോകുകയാണ്. പത്ത് വർഷം മുമ്പ്, ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായാണ് നമ്മളെ ലോകം നോക്കിക്കണ്ടിരുന്നത്. എന്നാൽ ഇന്ന്, നാം ലോകത്തെ അഞ്ച് മികച്ച സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിലാണ്.
ഈ 10 വർഷത്തിനുള്ളിൽ രാജ്യം നിശബ്ദനായ പ്രധാനമന്ത്രിയിൽ നിന്ന് ദീർഘവീക്ഷണവും ഊർജ്ജസ്വലവുമായ പ്രധാനമന്ത്രിയിലേക്കുള്ള യാത്ര പൂർത്തിയാക്കി. കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ പ്രധാനമന്ത്രി രാഷ്ട്രീയ സ്ഥിരതയും, അഴിമതി രഹിത ഭരണം, ജനകേന്ദ്രീകൃത നയങ്ങൾ, നിക്ഷേപ സൗഹൃദ അജണ്ട, സമാധാന അന്തരീക്ഷം എന്നിവ രാജ്യത്തിന് നൽകിയിട്ടുണ്ട്, ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആക്കം കൂട്ടിയെന്നും അമിത് ഷാ വ്യക്തമാക്കി.
അതേ സമയം വിജിജിഎസിന്റെ പത്താമത്തെ പതിപ്പ് വലിയ നിക്ഷേപങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്. 41,299 പദ്ധതികളിൽ നിക്ഷേപിക്കുന്നതിനായി 26.33 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾ ഉച്ചകോടിയിൽ ഒപ്പുവെച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എക്‌സിൽ പറഞ്ഞു.
ഹരിത ഊർജ മേഖലയിൽ 5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന റിലയൻസ് ഗ്രൂപ്പിന്റെ ഉടമ്പടിയും രണ്ട് ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ ധാരണയും ഈ വർഷം ഒപ്പുവച്ച ചില ബിഗ് ടിക്കറ്റ് ധാരണാപത്രങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ രാഹുൽ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ടോറന്റ് ഗ്രൂപ്പിലെ സുധീർ മേത്ത, വെൽസ്പൺ ഗ്രൂപ്പിലെ ബി കെ ഗോയങ്ക, സൈഡസ് ലൈഫ് സയൻസസിൽ നിന്നുള്ള പങ്കജ് പട്ടേൽ തുടങ്ങിയ പ്രമുഖ വ്യവസായികളും പരിപാടിയെ അഭിസംബോധന ചെയ്യുകയും ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തു.
140-ലധികം രാജ്യങ്ങളിൽ നിന്നുള്ള 61,000-ലധികം പ്രതിനിധികളും പങ്കാളികളുമാണ് ഉച്ചകോടിയിൽ പങ്കെടുത്തതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഇൻഡസ്ട്രി & മൈൻസ്) എസ് ജെ ഹൈദർ പറഞ്ഞു.
Read More
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.