/indian-express-malayalam/media/media_files/wMJEc0s8Z57ks0LzD1dI.jpg)
എക്സ്പ്രസ് ഫൊട്ടോ-പ്രവീൺ ഖന്ന
ഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ സുപ്രധാനമായ 10 കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ബംഗ്ലാദേശും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹസീന നടത്തിയ കൂടിക്കാഴ്ച്ചയ്ക്കും ചർച്ചകൾക്കും പിന്നാലെയാണ് പ്രതിരോധം, ഡിജിറ്റൽ പങ്കാളിത്തം, സമുദ്ര സഹകരണം തുടങ്ങിയ മേഖലകളിലെ 10 കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്.
ബംഗ്ലദേശ് പൗരന്മാർക്ക് മെഡിക്കൽ ഇ-വിസ സൗകര്യം ആരംഭിക്കുമെന്നും രംഗ്പൂരിൽ ഒരു അസിസ്റ്റന്റ് ഹൈക്കമ്മീഷണർ കാര്യാലയം തുറക്കുമെന്നും ചർച്ചയിൽ ഇന്ത്യ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡിജിറ്റൽ പങ്കാളിത്തം, ഹരിത പങ്കാളിത്തം, സമുദ്ര സഹകരണം, സമ്പദ്‌വ്യവസ്ഥ, ബഹിരാകാശ സഹകരണം, റെയിൽവേ കണക്റ്റിവിറ്റി, സമുദ്രശാസ്ത്രം, പ്രതിരോധം, തന്ത്രപരമായ പ്രവർത്തന പഠനങ്ങൾ, ആരോഗ്യം, വൈദ്യം എന്നിവയിൽ പുതുക്കിയ കരാറുകളിൽ ഇന്ത്യ-ബംഗ്ലാദേശ് ഉദ്യോഗസ്ഥർ ഒപ്പുവച്ചു.
“വിക്ഷിത് ഭാരത് 2047, സ്മാർട്ട് ബംഗ്ലാദേശ് എന്നിവയുടെ ലക്ഷ്യങ്ങൾ ഒരുമിച്ച് സാക്ഷാത്കരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” കരാറുകളിൽ ഒപ്പുവെച്ചതിന് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. “കണക്‌റ്റിവിറ്റി, വാണിജ്യം, സഹകരണം” എന്നിവയിൽ ബംഗ്ലാദേശ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ യാത്രകൾ ആരംഭിച്ചതിനാൽ, വിഷൻ 2041-നും 2047-ഓടെയുള്ള വിക്ഷിത് ഭാരതും പിന്തുടർന്ന് സ്മാർട് ബംഗ്ലാദേശ് ഉറപ്പാക്കാനുള്ള ഭാവി നടപടി ക്രമങ്ങൾ തങ്ങൾ തയ്യാറാക്കിയതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.
പ്രതിരോധ ഉൽപ്പാദനം മുതൽ സായുധ സേനയുടെ നവീകരണം വരെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തിയതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം, തീവ്രവാദത്തെ ചെറുക്കൽ, അതിർത്തികളിലെ സമാധാനം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താനും ബംഗ്ലാദേശ് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
നേരത്തെ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായും ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഷെയ്ഖ് ഹസീന ഇന്നലെയാണ് ഡൽഹിയിലെത്തിയത്. ദേശീയ തലസ്ഥാനത്ത് എത്തിയ അവർ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം രാജ്യത്ത് ഒരു വിദേശ നേതാവ് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എന്നിവരെയും ബംഗ്ലാദേശ് പ്രധാനമന്ത്രി സന്ദർശിക്കും.
Read More
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
- മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
- പ്രധാനമന്തി മോദിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു: ശരദ് പവാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.