/indian-express-malayalam/media/media_files/nSbbp7fXlMtYBlEZjd2Z.jpg)
ഫയൽ ചിത്രം
ചെന്നൈ: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച എഐഎഡിഎംകെയുടെ വോട്ട് ബാങ്കിനെ ഉന്നം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ് നാട് പര്യടനം. എഐഎഡിഎംകെയുടെ തമിഴ് നാട്ടിലെ പരമ്പരാഗത വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രസംഗത്തിൽ എഐഎഡിഎംകെ എക്കാലത്തേയും മികച്ച് നേതാക്കളായ എംജി രാമചന്ദ്രനെയും (എംജിആർ) ജെ ജയലളിതയെയും നരേന്ദ്ര മോദി പ്രശംസിച്ചു. തിരുപ്പൂരിലെ പല്ലടത്തിനടുത്ത് മടപ്പൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എം.ജി.ആറിനെ സമാനതകളില്ലാത്ത നേതാവായും ജയലളിതയുടെ ഭരണം തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയുള്ള സമർപ്പിത സേവനത്തിന്റെ മുഖമുദ്രയായും മോദി തന്റെ പ്രസംഗത്തിൽ വിലയിരുത്തി. രണ്ട് ശക്തികൾ കാരണം മുന്നേറാൻ പാടുപെടുന്ന തമിഴ്‌നാടിനോടുള്ള ബിജെപിയുടെ സമീപനം വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. തമിഴ് സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള പരാമർശങ്ങളാൽ സമ്പന്നമായിരുന്നു മോദിയുടെ പ്രസംഗം. ഐക്യരാഷ്ട്രസഭയിൽ തമിഴ് കവിതകൾ വായിക്കുക, കാശി തമിഴ് സംഗമം സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള തമിഴ് പൈതൃകത്തെ ബഹുമാനിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകളും പ്രസംഗത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു.
“തമിഴ്‌നാട് സന്ദർശിക്കുമ്പോൾ ഞാൻ എംജിആറിനെയാണ് ഓർക്കുന്നത്. ഞാൻ ശ്രീലങ്ക സന്ദർശിച്ചപ്പോൾ അദ്ദേഹം ജനിച്ച കാൻഡി സന്ദർശിച്ചു. എന്നാൽ അദ്ദേഹം ജനങ്ങളെ സേവിച്ച മണ്ണിലാണ് ഞാനിന്ന് വന്ന് നിൽക്കുന്നത്. അദ്ദേഹം ജനങ്ങളെ സേവിച്ചതിനാൽ, മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം ഇവിടെ സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഇവിടെ കൊണ്ടുവന്ന സാമൂഹിക പരിഷ്‌കാരങ്ങളിലൂടെ ജനനേതാവായി എംജിആർ കണക്കാക്കപ്പെടുന്നു. എംജിആർ കുടുംബപരമ്പരയിലൂടെയല്ല വന്നത്. എന്നാൽ തമിഴ്‌നാട്ടിലെ ഡിഎംകെ ഭരണം യഥാർത്ഥത്തിൽ എംജിആറിന്റെ മഹത്തായ സേവനത്തെ അപമാനിക്കുന്നതാണ് " മോദി പറഞ്ഞു
എം.ജി.ആറിന് ശേഷം തമിഴ്‌നാട്ടിലെ ജനങ്ങളെ സേവിച്ചത് ജയലളിത മാത്രമായിരുന്നു. അവർ തന്റെ ജീവിതം മുഴുവൻ ജനങ്ങൾക്ക് വേണ്ടി ചെലവഴിച്ചു. അവരുടെ ഈ നാട്ടിൽ നിൽക്കുമ്പോൾ ജയലളിതയുടെ ഓർമ്മകൾക്ക് മുന്നിൽ ഞാനും കൈ കൂപ്പുന്നു. വർഷങ്ങളോളം ഞാൻ അവരുമായി വളരെ അടുപ്പത്തിലായിരുന്നു. ജനങ്ങൾക്ക് വേണ്ടി ജീവിച്ച അവർ ജനതാത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച എംജിആറിന്റെ മൂല്യങ്ങൾ പിന്തുടർന്നു. അതുകൊണ്ടാണ് തമിഴ്‌നാട്ടിലെ എല്ലാ വീടുകളും അവരെ ഇപ്പോഴും ഓർക്കുന്നത്-മോദി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിനും ക്ഷേമത്തിനും നൽകിയ സംഭാവനകൾക്ക് തമിഴ്‌നാട്ടിൽ ആദരിക്കപ്പെടുന്ന എം.ജി.ആറിന്റെയും ജയലളിതയുടെയും പാരമ്പര്യം വിളിച്ചോതിക്കൊണ്ട്, മോദി അവരുടെ വിശാലവും വിശ്വസ്തവുമായ പരമ്പരാഗത വോട്ട് ബാങ്കിലേക്കാണ് ലക്ഷ്യമിട്ടത്. എഐഎഡിഎംകെ അടുത്തിടെ ബിജെപിയിൽ നിന്ന് അകന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ ജയലളിത അഴിമതിക്കാരിയാണെന്നും മുമ്പ് അവർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞിരുന്നു.
ഡിഎംകെയെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി ഡിഎംകെ സർക്കാരിന് മേൽ കാര്യക്ഷമതയില്ലായ്മയും അഴിമതിയും ആരോപിച്ചു, അവരുടെ ഭരണകാലത്തെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് നടപ്പാക്കിയ വികസന സംരംഭങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിമർശനം. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളെ കൊള്ളയടിക്കാനാണ് ഇന്ത്യാ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്നും മോദി പരിഹസിച്ചു.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.