/indian-express-malayalam/media/media_files/nRRzb9dvOuYlW1uoakCN.jpg)
ഫയൽ ചിത്രം
ഷിംല: അവർ പാർട്ടി വിടുമോ ഇല്ലയോ? രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്‌തതിനെ തുടർന്ന് ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് ഈ ചോദ്യം ആദ്യം ഉയർന്നത്. ആറ് എംഎൽഎമാരെന്ന് പറയുമ്പോഴും അത്തരത്തിലൊരു നീക്കം നടത്തി കോൺഗ്രസിന് ഒരു താക്കീത് നൽകിയത് മുൻ മുഖ്യമന്ത്രിയായ വീർഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിംഗും മകനും മന്ത്രിയുമായ വിക്രമാദിത്യയുമാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. അതിനാൽ തന്നെ ഇരുവരുടേയും നീക്കങ്ങളെ ജാഗ്രതയോടെയാണ് കോൺഗ്രസ് നോക്കിക്കാണുന്നതും.
ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായ വീർഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിംഗ്, 2022 ൽ അധികാരമേറ്റത് മുതൽ നിലവിലെ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെ പരസ്യമായി വിമർശിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ എത്തുമെന്ന ചിന്തയിലാണ് പ്രതിഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കേന്ദ്ര നേതൃത്വവും ഭൂരിപക്ഷം എംഎൽഎമാരും അതിന് എതിരായിരുന്നു. ആ സമയം തൊട്ട് തന്നെ പ്രതിഭാ സിങ് പാർട്ടിയുമായി പൂർണ്ണ യോജിപ്പിലല്ല മുന്നോട്ട് പോകുന്നതും.
ശനിയാഴ്ച, ചണ്ഡീഗഡിൽ ആറ് വിമത എംഎൽഎമാരെ കണ്ടതിന് തൊട്ടുപിന്നാലെ, വിക്രമാദിത്യ തന്രെ ഫേസ്ബുക്ക് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തു, ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നത് നീക്കം ചെയ്യുകയും "ഹിമാചൽ കാ സേവക് (ഹിമാചൽ സേവക്)" എന്ന് ലളിതമായി പ്രസ്താവിക്കുകയും ചെയ്തു. ഇതിന് മുമ്പ്, ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എച്ച്പിസിസി) തലവനായ പ്രതിഭ സിംഗ് ബിജെപിയെ പ്രശംസിച്ചു, “ബിജെപിയുടെ പ്രവർത്തനം ഞങ്ങളേക്കാൾ മികച്ചതാണ്”.
ജനുവരി 29ന്, രാജ്യസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്രെ പരാജയത്തെത്തുടർന്ന്, ഷിംലയിലെ മാൾ റോഡിൽ തന്റെ പിതാവിന്രെ പ്രതിമ സ്ഥാപിക്കാൻ സുഖു അനുവദിച്ചില്ലെന്ന് ആരോപിച്ച് വിക്രമാദിത്യ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 2017 ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിമാചൽ സ്റ്റേറ്റ് യൂത്ത് കോൺഗ്രസിനെ നയിച്ച 34 കാരനായ വിക്രമാദിത്യ, സുഖുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉയർത്തിക്കാട്ടുന്നത് തുടരുന്നു. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനൗദ്യോഗിക നിർദ്ദേശം പോലും അദ്ദേഹം ലംഘിച്ചു.
കിയോന്തലിലെ പഴയ രാജകുടുംബത്തിൽപ്പെട്ട പ്രതിഭ, 1985-ൽ വീർഭദ്രയെ വിവാഹം കഴിച്ചു, തന്റെ ആദ്യ ഭാര്യയുടെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമായിരുന്നു വീർഭദ്ര സിങ്ങിന്റെ ഈ രണ്ടാം വിവാഹം. 2004ൽ മാണ്ഡി ലോക്‌സഭാ സീറ്റിൽ വിജയം നേടിക്കൊണ്ട് അവർ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ആ കാലത്ത് പാർട്ടിയിൽ അവരുടെ സ്വാധീനം നന്നായി അറിയപ്പെട്ടിരുന്നു, ഇത് പാർട്ടിയിലെ ചിലർക്ക് അത്ര കണ്ട് പിടിച്ചിരുന്നില്ല.
2021 ജൂലൈയിൽ വീർഭദ്ര അന്തരിച്ചപ്പോൾ, അദ്ദേഹത്തിന്റെ വിശ്വസ്തർ പ്രതിഭയെ അദ്ദേഹത്തിന്രെ സ്വാഭാവിക പിൻഗാമിയായി കണ്ടു. പിന്നീട് പിസിസി അദ്ധ്യക്ഷയായി നിയമിതയായ പ്രതിഭ സിംഗ്, പരേതനായ വീർഭദ്രയുടെ വിശ്വസ്തരെ മാറ്റിനിർത്തുകയാണെന്നും "എല്ലാ എംഎൽഎമാരെയും ഒപ്പം കൊണ്ടുപോകുന്നില്ലെന്നും" അവകാശപ്പെട്ട് സുകുവിനെ കുറിച്ച് ഹൈക്കമാൻഡിന് പലപ്പോഴും പരാതി നൽകിയിരുന്നു.
വീർഭദ്ര സിങ്ങിന്റെ സ്വാധീനമോ വിശ്വസ്തതയോ ആവർത്തിക്കാൻ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി നേതാക്കൾ പറയുന്നു. “തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം, പ്രതിഭാ സിംഗ് ഭർത്താവിന്റെ ജനപ്രീതിയുടെ അടിസ്ഥാനത്തിലാണ് സഞ്ചരിച്ചത്. 2013ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒഴികെ, വീർഭദ്ര രാഷ്ട്രീയത്തിൽ അവതരിപ്പിച്ച അവരുടെ വിജയമാർജിൻ കാലക്രമേണ കുറഞ്ഞു. 2021ലെ മാണ്ഡി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വെറും 8,766 വോട്ടുകൾക്ക് അവർ വിജയിച്ചു, അതും പരേതനായ ഭർത്താവിനോടുള്ള സഹതാപത്താലായിരുന്നുവെന്നും ഒരു മുൻ കോൺഗ്രസ് നേതാവ് പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ട് പ്രായവും അവർക്കെതിരായ അഴിമതിക്കേസും അതിന് പ്രധാന കാരണമാണ്.
അതേ സമയം അമ്മയും മകനും പാർട്ടിയുമായി പ്രകടിപ്പിക്കുന്ന അഭിപ്രായ ഭിന്നത പരസ്യമായതോടെ ഇവർ പാർട്ടി വിടുമോയെന്ന ചോദ്യത്തിന് ഉത്തരമില്ല. സമീപകാല സംഭവങ്ങൾ ഇരുവരും പ്രയോഗിച്ച സമ്മർദ്ദ തന്ത്രങ്ങൾ മാത്രമാണെന്നാണ് വിലയിരുത്തൽ.
Read More
- 'മോദിയിലുള്ള വിശ്വാസം വഞ്ചനയുടെ ഗ്യാരണ്ടി'; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
- ബംഗളൂരുവിലെ കഫേയിൽ നടന്നത് സ്ഫോടനം; സ്ഥിരീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
- 'ഹിമാചലിലെ ബിജെപിയുടെ പ്രവർത്തനം തങ്ങളേക്കാൾ മികച്ചത്'; ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.