/indian-express-malayalam/media/media_files/2025/06/10/482gP5nCyCZRFiDzB7Ck.jpg)
ഏകദേശം രണ്ട് വർഷം മുമ്പാണ് അവർ കണ്ടുമുട്ടിയത്
ഭോപ്പാൽ: രാജ രഘുവംശിയെ കൊലപ്പെടുത്താൻ 21 കാരനായ രാജ് കുശ്വാഹ പദ്ധതിയിട്ടത് സോനത്തിന്റെ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണെന്ന് മധ്യപ്രദേശ് പൊലീസ് ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന്റെ സഹായത്തോടെ കുഷ്വാഹ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
സോനവും രാജയും മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ, രാജയെ കൊല്ലാനായി അക്രമികൾ അവിടെ എത്തി. അവർക്ക് ലൊക്കേഷൻ വിവരങ്ങൾ നൽകിയത് സോനമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ദമ്പതികളെ കാണാതായതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുന്ന സമയത്ത് കുശ്‌വാഹ ഇൻഡോറിൽ തന്നെ താമസിച്ചു. സോനത്തിന്റെ കുടുംബവീട്ടിലും ഇടയ്ക്ക് വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജയുടെ മൃതദേഹം കണ്ടെത്തുകയും ഇൻഡോറിൽ എത്തിച്ച് അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ കുശ്വാഹയെ സോനത്തിന്റെ പിതാവ് ദേവി സിങ്ങിനൊപ്പം കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: ഹണിമൂൺ കൊലപാതകം; 21 കാരൻ മുഖ്യപ്രതി; യുവതിയുമായി ബന്ധമെന്ന് പൊലീസ്
''ജനവാസമില്ലാത്ത സ്ഥലത്ത് വെച്ച് രാജയെ കൊലപ്പെടുത്തി മൃതദേഹം ആർക്കും എത്തിച്ചേരാൻ കഴിയാത്ത സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ അവർ (കുഷ്വാഹയും സോനവും) നിരന്തരം ബന്ധപ്പെട്ടിരുന്നു, ഇതാണ് സംശയത്തിന് ഇടയാക്കിയത്, ”ഒരു മുതിർന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.
സോനത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് നിർമ്മാണ യൂണിറ്റിലെ ബില്ലിംഗ് വിഭാഗത്തിലാണ് കുശ്വാഹ ജോലി ചെയ്തിരുന്നത്. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സോനം അവിടെ എച്ച്ആർ വിഭാഗത്തിൽ ജോലിക്ക് പ്രവേശിച്ചു. ഏകദേശം രണ്ട് വർഷം മുമ്പാണ് അവർ കണ്ടുമുട്ടിയത്. പിന്നീട് പരസ്പരം അടുക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോനത്തിന്റെ വീടിന് അടുത്തായാണ് കുശ്വാഹ താമസിച്ചിരുന്നത്, എന്നാൽ, അടുത്തിടെ കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ താമസിച്ചിരുന്ന നന്ദ്ബാഗ് പ്രദേശത്തേക്ക് താമസം മാറി.
Also Read: ഹണിമൂൺ കൊലപാതകം; നിർണായകമായത് ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി
മറ്റ് മൂന്ന് പ്രതികളായ വിശാൽ ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവരെ കുശ്വാഹ വാടകയ്‌ക്കെടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് പേരും ട്രെയിനിൽ ഗുവാഹത്തിയിലേക്ക് യാത്ര ചെയ്ത ശേഷം അവിടെ നിന്ന് മേഘാലയയിലേക്ക് പോയതായി പോലീസ് പറഞ്ഞു.
ഹണിമൂൺ പ്ലാൻ ചെയ്തത് സോനമാണെന്നും ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിനായി രാജയിൽ നിന്ന് 9 ലക്ഷം രൂപ വാങ്ങിയതായും രാജയുടെ അമ്മ ഉമ ആരോപിച്ചു. കുടുംബത്തിന്റെ ഇഷ്ടം അവഗണിച്ച് വിവാഹ സമയത്ത് ധരിച്ചിരുന്ന വിലകൂടിയ ആഭരണങ്ങൾ ഹണിമൂണിന് പോകുമ്പോൾ കൊണ്ടുപോകാൻ സോനം രാജയെ നിർബന്ധിപ്പിച്ചുവെന്നും അവർ ആരോപിച്ചു. അതേസമയം, കൊലയാളികൾക്ക് നൽകാനുള്ള പണം കണ്ടെത്താൻ സോനവും സഹായിച്ചുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
വിവാഹത്തിന് സോനത്തിന് താൽപര്യമില്ലെന്ന് തോന്നുന്നതായി മകൻ തന്നോട് പറഞ്ഞിരുന്നുവെന്നും ഉമ പറഞ്ഞു. “എന്റെ മകൻ എന്നോട് പറഞ്ഞിരുന്നു, അമ്മേ, അവൾ എന്നോട് താൽപ്പര്യം കാണിക്കുന്നില്ല. എനിക്ക് അവളെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ല. അപ്പോൾ ഞാൻ സോനത്തോട് എന്റെ മകനെ ഇഷ്ടമില്ലേ എന്ന് ചോദിച്ചു. ഓഫീസ് ജോലികളിൽ തിരക്കിലാണെന്നും അതാണ് രാജയോട് സംസാരിക്കാൻ സമയം കിട്ടാതിരുന്നതെന്നും അവൾ എന്നോട് പറഞ്ഞു. എന്നാൽ അതിനുശേഷം അവൾ എന്റെ മകനോട് സംസാരിക്കാൻ തുടങ്ങി. ഹണിമൂൺ പ്ലാൻ ചെയ്തത് സോനമാണ്," ഉമ അവകാശപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.