scorecardresearch

പൗരത്വ നിയമം: ചട്ടങ്ങൾ തയ്യാർ, തിരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കും

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പീഡനങ്ങൾ കാരണം, ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ (മുസ്ലിങ്ങൾ ഒഴികെ) മതക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ സഹായിക്കുന്ന ബിൽ 2019 ഡിസംബറിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പീഡനങ്ങൾ കാരണം, ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ (മുസ്ലിങ്ങൾ ഒഴികെ) മതക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ സഹായിക്കുന്ന ബിൽ 2019 ഡിസംബറിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു.

New Update
CAA | CAA rules | BJP

എക്സ്പ്രസ് ഫൊട്ടോ

ഡൽഹി: 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ആക്ട് (സിഎഎ) ബില്ലിലെ നിയമങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതപരമായ പീഡനങ്ങൾ കാരണം, ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ (മുസ്ലിങ്ങൾ ഒഴികെ) മതക്കാർക്ക് ഇന്ത്യൻ പൗരത്വം അതിവേഗം ലഭിക്കാൻ സഹായിക്കുന്ന ബിൽ 2019 ഡിസംബർ 9ന് ലോക്സഭയും, രണ്ട് ദിവസത്തിന് ശേഷം രാജ്യസഭയും പാസാക്കിയിരുന്നു. പിന്നീട് 2019 ഡിസംബർ 12ന് ബില്ലിൽ രാഷ്ട്രപതിയും ഒപ്പിട്ടു.

Advertisment

നിയമം പാസാക്കിയ ഉടൻ തന്നെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിയമം നടപ്പാക്കുന്നതിനുള്ള നിയമങ്ങൾ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ ആവർത്തിച്ച് വിപുലീകരണത്തിനായി ശ്രമിക്കുകയാണ്. നിയമങ്ങൾ ഇപ്പോൾ തയ്യാറാണെന്നും ഓൺലൈൻ പോർട്ടലും നിലവിലുണ്ടെന്നും വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മുഴുവൻ പ്രക്രിയയും ഓൺലൈനിലായിരിക്കുമെന്നും അപേക്ഷകർക്ക് അവരുടെ മൊബൈൽ ഫോണിൽ നിന്ന് പോലും അപേക്ഷിക്കാമെന്നും വൃത്തങ്ങൾ അറിയിച്ചു.

“സിഎഎയുടെ നിയമങ്ങൾ വരും ദിവസങ്ങളിൽ ഞങ്ങൾ പുറപ്പെടുവിക്കാൻ പോകുന്നു. ചട്ടങ്ങൾ പുറപ്പെടുവിച്ച് കഴിഞ്ഞാൽ, നിയമം നടപ്പാക്കാനും അർഹരായവർക്ക് ഇന്ത്യൻ പൗരത്വം നൽകാനും കഴിയും, ” ഉദ്യോഗസ്ഥർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നിയമങ്ങൾ വിജ്ഞാപനം ചെയ്യുമോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും തയ്യാറാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനാണ് സാധ്യതയെന്നും വൃത്തങ്ങൾ പറഞ്ഞു. അപേക്ഷകർ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച വർഷം പ്രഖ്യാപിക്കണം. അപേക്ഷകരിൽ നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ല. 2014ന് ശേഷം അപേക്ഷിച്ച അപേക്ഷകരുടെ അഭ്യർത്ഥനകൾ പുതിയ നിയമങ്ങൾ അനുസരിച്ച് പരിവർത്തനം ചെയ്യും, ”ഉദ്യോഗസ്ഥർ പറഞ്ഞു.

"1955ലെ പൗരത്വ നിയമപ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും ഇന്ത്യൻ പൗരത്വം നൽകാൻ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒമ്പത് സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്‌ട്രേറ്റുകൾക്കും ആഭ്യന്തര സെക്രട്ടറിമാർക്കും അധികാരം നൽകിയിട്ടുണ്ട്,” കേന്ദ്ര ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാളിൽ ഒരു പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി സിഎഎ നടപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നു. “ദീദീ (പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി) സി‌എ‌എയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ അഭയാർത്ഥി സഹോദരങ്ങളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നു. സിഎഎ രാജ്യത്തെ നിയമമാണെന്നും ആർക്കും അതിനെ തടയാനാവില്ലെന്നും ഞാൻ വ്യക്തമാക്കട്ടെ. എല്ലാവർക്കും പൗരത്വം ലഭിക്കാൻ പോകുന്നു. ഇത് ഞങ്ങളുടെ പാർട്ടിയുടെ പ്രതിബദ്ധതയാണ്,” ഷാ യോഗത്തിൽ പറഞ്ഞു.

ജനങ്ങളെ മതപരമായി ധ്രുവീകരിക്കുന്ന ഈ നിയമനിർമ്മാണം നടപ്പിലാക്കാൻ മോദി സർക്കാർ കാലതാമസം വരുത്തുന്നതിന് ഒന്നിലധികം കാരണങ്ങൾ ആരോപിക്കപ്പെടുന്നുണ്ട്. അസമും ത്രിപുരയും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിഎഎ നേരിടുന്ന ശക്തമായ എതിർപ്പാണ് പ്രധാന കാരണങ്ങളിലൊന്ന്. നിയമനിർമ്മാണം സംസ്ഥാനത്തിന്റെ ജനസംഖ്യാ ശാസ്‌ത്രത്തെ ശാശ്വതമായി മാറ്റുമെന്ന ഭയമാണ് അസമിലെ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയത്. 1966 ജനുവരി ഒന്നിന് ശേഷം, 1971 മാർച്ച് 25ന് മുമ്പ് അസമിലേക്ക് വന്ന വിദേശ കുടിയേറ്റക്കാർക്ക് പൗരത്വം തേടാൻ അനുവദിക്കുന്ന, 1985ലെ അസം കരാറിന്റെ ലംഘനമായാണ് CAAയെ അസമുകാർ കാണുന്നത്. സിഎഎ പ്രകാരം പൗരത്വം നീട്ടുന്നതിനുള്ള കട്ട് ഓഫ് തീയതി 2014 ഡിസംബർ 31 ആണ്.

സിഎഎ ബില്ലിനെതിരായ പ്രതിഷേധം നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. സിഎഎയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ സമർപ്പച്ച ഹർജികൾ സുപ്രീം കോടതിയുടെ മുന്നിലുണ്ട്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യാനികൾ എന്നിവർക്ക് മാത്രമാണ് നിയമം ബാധകമാകുന്നതെന്നും, മ്യാൻമറിലെ പീഡിപ്പിക്കപ്പെടുന്ന റോഹിങ്ക്യകളെയും ചൈനയിൽ നിന്നുള്ള ടിബറ്റൻ ബുദ്ധമതക്കാരെയും ശ്രീലങ്കയിൽ നിന്നുള്ള തമിഴരെയും ഒഴിവാക്കുന്നതിനാൽ, ഈ ബിൽ ഏകപക്ഷീയമാണെന്നും ഹർജിക്കാർ വാദിക്കുന്നു.

കേന്ദ്ര സർക്കാർ ഇതിന് നൽകിയ മറുപടി, "2019ലെ സിഎഎ ആക്ട് ബില്ലിലെ വർഗീകരണം, മതത്തെ ആധാരമാക്കിയല്ലെന്നും, അയൽരാജ്യങ്ങളിലെ മതരാഷ്ട്രങ്ങളിലെ മതവിവേചനത്തെ ആധാരമാക്കി ആണ്. നിയമനിർമ്മാണം ലോകമെമ്പാടുമുള്ള പ്രശ്‌നങ്ങൾക്കുള്ള ഒരു പരിഹാരമല്ല. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന സാധ്യമായ പീഡനങ്ങളെക്കുറിച്ച് ഇന്ത്യൻ പാർലമെന്റ് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

സി‌എ‌എ ഒരു പൊതുമാപ്പിന്റെ സ്വഭാവത്തിൽ, നിർദ്ദിഷ്ട രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക സമുദായങ്ങൾക്ക് വ്യക്തമായ ആനുകൂല്യം നൽകാൻ ശ്രമിക്കുന്ന ഒരു നല്ല നിയമനിർമ്മാണമാണ്. നിർദ്ദിഷ്ട രാജ്യങ്ങളിൽ (പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്) നിലവിലുള്ള ഒരു പ്രത്യേക പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു പ്രത്യേക ഭേദഗതിയാണ് സിഎഎ.

ഈ രാജ്യങ്ങളിലെ ഭരണഘടനയുടെ പശ്ചാത്തലത്തിൽ മതത്തിന്റെ പേരിലുള്ള പീഡനം, അത്തരം വ്യവസ്ഥാപിത പ്രവർത്തനങ്ങൾ പ്രസ്തുത രാജ്യങ്ങളിലെ യഥാർത്ഥ സാഹചര്യമനുസരിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കിയേക്കാവുന്ന ഭീതി പല സംസ്ഥാനങ്ങൾക്കുമുണ്ട്. കഴിഞ്ഞ ഏഴ് ദശാബ്ദക്കാലത്തെ പ്രസ്തുത പ്രശ്‌നങ്ങൾ പാർലമെന്റ് മനസ്സിലാക്കുകയും മൂന്ന് പ്രത്യേക രാജ്യങ്ങളിലെ അംഗീകൃത ന്യൂനപക്ഷ വിഭാഗത്തെ പരിഗണിക്കുകയും ചെയ്ത ശേഷമാണ് ഇപ്പോഴത്തെ ഭേദഗതി നടപ്പിലാക്കിയത്," എന്നായിരുന്നു.

Read More

Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: