/indian-express-malayalam/media/media_files/EEH1pall7Gv1baJoiYvi.jpg)
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു
ഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ വ്യാപകമായി പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങൾ തണുപ്പിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. പരീക്ഷകളിലെ സുതാര്യത സംബന്ധിച്ച് പരിശോധന നടത്താൻ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പരീക്ഷാ പ്രക്രിയയുടെ മെക്കാനിസം പരിഷ്‌ക്കരിക്കുക, ഡാറ്റ സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തുക, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ഘടനയും പ്രവർത്തനവും സംബന്ധിച്ച് ശുപാർശകൾ ഉന്നതതലസമിതി നൽകും.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ബി ജെ റാവു, ഡൽഹി എയിംസ് മുൻ ഡയറക്ടർ രൺദീപ് ഗുലേറിയ എന്നിവരാണ് സമിതിയിലെ മറ്റ് രണ്ടംഗങ്ങൾ. രണ്ട് മാസത്തിനകം സമിതിയുടെ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിക്കാനാണ് നിർദ്ദേശം. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ള കർശനമായ നിയമം കേന്ദ്രം വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഉന്നതതല സമിതിക്ക് രൂപം നഷകിയിരിക്കുന്നത്.
പരീക്ഷാ ക്രമക്കേടുകൾ തടയാൻ ഇന്നലെ രാത്രി മുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിൽ കുറ്റവാളികൾക്ക് പരമാവധി 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും നൽകുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. വഞ്ചന തടയുന്നതിന് കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വഞ്ചനയുടെ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയും ലഭിക്കും.
2024-ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC-NET) റദ്ദാക്കിയതിനെച്ചൊല്ലിയുള്ള രൂക്ഷമായ വിവാദങ്ങൾക്കൊടുവിൽ പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്ന പ്രഥമദൃഷ്ട്യാ സൂചനകളെത്തുടർന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ. തിങ്കളാഴ്ച്ച ആരംഭിക്കുന്ന ലോക്സഭാ സമ്മേളനത്തിൽ ഉയർന്നേക്കാവുന്ന പ്രതിപക്ഷ പ്രതിഷേധത്തെ ഒരു പരിധി വരെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും നിലവിലെ തീരുമാനങ്ങൾക്ക് പിന്നിലുണ്ട്.
അതിനിടെ, ജൂൺ 18 ന് നടത്തിയ യുജിസി-നെറ്റ് പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തതിന് കുറ്റക്കാർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.