/indian-express-malayalam/media/media_files/jZIn63LqE10Dm6zeh9N5.jpg)
നട്‌വർ സിങ്
ന്യൂഡൽഹി: നയതന്ത്ര ബന്ധങ്ങളുടെ മർമം അറിയുന്ന വ്യക്തിയായിരുന്നു ഞായറാഴ്ച രാവിലെ അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ്. നയതന്ത്ര ഉദ്യോഗസ്ഥനായി ജീവിതം തുടങ്ങിയ അദ്ദേഹം രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി വരെയായത് വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ഇടമുറിയാതെ കൂട്ടികെട്ടി കൊണ്ടുപോകുവാനുള്ള കഴിവുകൊണ്ടാണ്.
ഡൽഹി സെന്റെ് സ്റ്റീഫൻസ് കോളേജ്, കേംബ്രിഡ്ജ് സർവ്വകലാശാല, ചൈനയിലെ പീക്കിംഗ് സർവ്വകലാശാല എന്നിവടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ നട്‌വർ സിങ്, 1953ൽ തന്റെ ഇരുപത്തിരണ്ടാമത്തെ വയസിലാണ് ഐഎഫ്എസ് നേടി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമാകുന്നത്. യുകെയിൽ ഡെപ്യൂട്ടി ഹൈകമ്മിഷണർ,സാംബിയയിൽ ഹൈകമ്മിഷണർ തുടങ്ങി നിലകളിലെല്ലാം പ്രവർത്തിച്ച അദ്ദേഹത്തിന്റെ നയതന്ത്ര ചാരുത ഏറ്റവും പ്രകടമായത് 1980കളിലാണ്. 1980 മുതൽ 1982 വരെ പാക്കിസ്ഥാനിൽ ഇന്ത്യയുടെ ഹൈകമ്മിഷണറായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്രബന്ധകളിലെ നിർണ്ണായക കണ്ണിയായിരുന്നു. 1983ൽ ന്യൂഡൽഹിയിൽ ചേർന്ന ചേരിചേരാ ഉച്ചകോടിയുടെ പ്രിപ്പറേറ്ററി കമ്മറ്റിയുെട തലവനായും സേവനം അനുഷ്ഠിച്ചത് അദ്ദേഹമാണ്. ഇതിനെ തുടർന്ന് രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
രാഷ്ട്രീയത്തിലേക്ക്
1984-ലാണ് ജോലി ഉപേക്ഷിച്ച് നട്‌വർ സിങ്, രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. കോൺഗ്രസ് ടിക്കറ്റിൽ കന്നിയങ്കത്തിൽ തന്നെ രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് മിന്നും വിജയം നേടി. ആദ്യം കൃഷി, സ്റ്റീൽ, കൽക്കരി വകുപ്പുകളുടെ സഹമന്ത്രിയായി. എന്നാൽ അധികം വൈകാതെ 1986ൽ വിദേശകാര്യ സഹമന്ത്രി സ്ഥാനം സിങ്ങിനെ തേടിയെത്തി. നയതന്ത്ര ബന്ധങ്ങളിലെ അനുഭവസമ്പത്താണ് വിദേശകാര്യ സഹമന്ത്രി സ്ഥാനം അദ്ദേഹത്തെ തേടി എത്തുന്നതിന് കാരണമായത്. 1989വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന് അദ്ദേഹം പിന്നീട് മൻമോഹൻ സിങിന്റെ കാലത്ത് വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. 2004-2005 കാലഘട്ടത്തിൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗോദയിൽ കരിനിഴലായത് 2006-ൽ ഭക്ഷ്യ,എണ്ണ കുഭകോണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളാണ്. ഇതേ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്തുപോയ അദ്ദേഹം 2008ൽ കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.ആരോപണങ്ങൾ വന്നുകൊണ്ടിരുന്നപ്പോഴും വ്യക്തിപരമായി ഒരിക്കലും നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് സിംങ്് എപ്പോഴും വാദിച്ചു.
ആത്മകഥയിലെ വെളിപ്പെടുത്തലുകൾ
നട്‌വർ സിങ് വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നത് 2014 ൽ 'വൺ ലൈഫ് ഈസ് നോട്ട് ഇനഫ്' എന്ന ആത്മകഥ പുറത്തുവന്നതോടെയാണ്. ആത്മകഥയിൽ മൻമോഹൻ സിങ്ങിനെയും സോണിയഗാന്ധിയെയും വിമർശിച്ചുള്ള ഭാഗങ്ങൾ വിവാദമായിരുന്നു.
ആ സമയം ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ നട്‌വർ സിങ് ഇങ്ങനെ പറഞ്ഞു 'എന്റെ ആത്മകഥയിൽ ബോധപൂർവ്വം ആരെയും ഞാൻ വ്യക്തിപരമായി അധിക്ഷേപിക്കുന്നില്ല. ഞാൻ കണ്ടതും ബോധ്യപ്പെട്ടതുമായ യാഥാർഥ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ യുപിഎ സർക്കാരിന്റെ താക്കോൽ സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു എന്നതാണ് യാഥാർഥ്യം'-സിങ് വെളിപ്പെടുത്തി. ഞായറാഴ്ച രാവിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശൂപത്രിയിലായിരുന്നു തൊണ്ണുറ്റിമൂന്നുകാരനായ നട്‌വർ സിങ്ങിന്റെ അന്ത്യം.
Read More
- മാലിദ്വീപിൽ യുപിഐ പേയ്മെന്റ് സേവനം പ്രഖ്യാപിച്ച് ഇന്ത്യ; ധാരണാപത്രം ഒപ്പുവച്ചു
- 23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.