scorecardresearch

മഹാരാഷ്ട്രയിലെ കോൺഗ്രസിനെ താഴെത്തട്ടിൽ കരുത്തുള്ളതാക്കി ഒന്നിച്ചു കൊണ്ടുപോകും: രമേശ് ചെന്നിത്തല

മഹാരാഷ്ട്ര എപ്പോഴും കോൺഗ്രസിന്റെ പാരമ്പര്യത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന മണ്ണാണ്, ജനങ്ങൾ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും പാർട്ടിയുടെ നേതാക്കളെയും സ്നേഹിക്കുന്നു

മഹാരാഷ്ട്ര എപ്പോഴും കോൺഗ്രസിന്റെ പാരമ്പര്യത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന മണ്ണാണ്, ജനങ്ങൾ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും പാർട്ടിയുടെ നേതാക്കളെയും സ്നേഹിക്കുന്നു

author-image
WebDesk
New Update
Chennithala

ഫയൽ ചിത്രം

എൻ എസ് യു ദേശീയ പ്രസിഡന്റായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിൽ നിന്നുള്ള നേതാവാണ് മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല. അതിനാൽ തന്നെ മറാട്ടാ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ ഗതിവിഗതികളെ കുറിച്ച് ഏറെക്കുറെ അദ്ദേഹം പരിചിതനുമാണ്. ശരദ് പവാറടക്കമുള്ള മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് മുഖങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്ന ചെന്നിത്തലയെ അതിനാലാണ് കലങ്ങിക്കിടക്കുന്ന മഹാരാഷ്ട്രയിലെ കോൺഗ്രസ് രാഷ്ട്രീയത്തിനെ കരുത്തുള്ളതാക്കൻ ചുമതല നൽകി ഹൈക്കമാൻഡ് മറാട്ടാ മണ്ണിലേക്ക് അയച്ചതെന്നും ഉറപ്പാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ പാർട്ടി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം സംസ്ഥാനത്തേക്കുള്ള തന്റെ ആദ്യ പര്യടനം നടത്തിയിരിക്കുകയാണ്. 

Advertisment

മഹാരാഷ്ട്രയിൽ തന്റെ പദ്ധതികളെക്കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ,  സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന്  ചെന്നിത്തല വ്യക്തമാക്കി, സഖ്യകക്ഷികളായ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും പിളർന്നിട്ടും കോൺഗ്രസ് പതറാതെ നിന്നുവെന്നും മുന്നണി സംവിധാനത്തിൽ എല്ലാ കക്ഷികളേയും ഒന്നിച്ചു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക് 

മഹാരാഷ്ട്ര കോൺഗ്രസിന്റെ സംഘടനാ ശക്തിയെക്കുറിച്ചുള്ള അഭിപ്രായം ?

ഇവിടെ പാർട്ടി വളരെ ശക്തമാണ്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രവർത്തകർ അങ്ങേയറ്റം അർപ്പണബോധമുള്ള പ്രവർത്തകരാണ്. കൃത്യമായ ലക്ഷ്യത്തോടെയുള്ള പരിപാടികൾ അവർക്ക് നിർദ്ദേശിച്ചു നൽകണമെന്ന് മാത്രം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന 2024-ന്റെ പ്രാധാന്യം കണക്കിലെടുത്ത് അത്തരത്തിലുള്ള രാഷ്ട്രീയ പരിപാടികൾ ആസൂത്രണം ചെയ്യുക എന്നതാണ് നേതൃത്വം എന്ന നിലയിൽ ഞങ്ങൾ ചെയ്യുക. പാർട്ടി പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരികയും അടിത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്റെ കടമ. അതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

മഹാരാഷ്ട്ര കോൺഗ്രസിൽ ഏതെങ്കിലും തരത്തിലെ സംഘടനാ പ്രശ്നം നിലവിലുണ്ടോ?

ഇല്ല.. എല്ലാ സംസ്ഥാനങ്ങളിലും ചില പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മഹാരാഷ്ട്രയിലെ കോൺഗ്രസിന് വലിയ ശക്തിയുണ്ട്. ഇവിടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രശ്‌നവും ഞാൻ കാണുന്നില്ല. പക്ഷേ അതിന് നമ്മൾ ജനങ്ങളിലേക്ക്,ഇറങ്ങുകയാണ് വേണ്ടത്. മഹാരാഷ്ട്ര എപ്പോഴും കോൺഗ്രസിന്റെ പാരമ്പര്യത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന മണ്ണാണ്. ജനങ്ങൾ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും പാർട്ടിയുടെ നേതാക്കളെയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളിലേക്ക് പോയി ഈ പൈതൃകത്തെ നമ്മൾ കൂടുതൽ കരുത്തുറ്റതാക്കുകയാണ് വേണ്ടത്. 

സംഘടനയെ ശക്തിപ്പെടുത്താനുള്ള പദ്ധതി എന്താണ്?

Advertisment

സംഘടനയെ താഴെത്തട്ടിൽ വരെ ശക്തിപ്പെടുത്തുകയാണ് എന്റെ ആദ്യ ലക്ഷ്യം. മുംബൈയിലെ ഞങ്ങളുടെ ആദ്യ മീറ്റിംഗിന് ശേഷം, എല്ലാ മുതിർന്ന നേതാക്കളുമായും ഞാൻ കൂടിക്കാഴ്ച്ച നടത്തും. മാത്രമല്ല ആറ് ഡിവിഷനുകൾ സന്ദർശിച്ച് പ്രവർത്തകരെയും നേതാക്കളെയും കാണും. സംസ്ഥാനത്തുടനീളം പാർട്ടിക്കുള്ളിലെ ഐക്യം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഞങ്ങൾക്ക് ഭൂരിപക്ഷം സീറ്റുകളും നൽകാൻ ജനങ്ങൾ തയ്യാറാകും. എനിക്കറിയാവുന്നിടത്തോളം, മഹാരാഷ്ട്ര കോൺഗ്രസിനുള്ളിലെ തർക്കങ്ങളൊക്കെ സാഹചര്യങ്ങൾ മനസ്സിലാക്കി എല്ലാവരും ചേർന്നു നിന്നു തന്നെ പരിഹരിച്ചിട്ടുണ്ട്. ഭൂതകാലത്തെ മറന്ന്, ഒറ്റക്കെട്ടായി നിൽക്കുകയും, തൊഴിലാളികളെയും സാധാരണ ജനവിഭാഗത്തേയും സമീപിക്കുകയും തിരഞ്ഞെടുപ്പ് വിജയത്തിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് വേണ്ടത്. 

എന്താണ് മഹാരാഷ്ട്രയെക്കുറിച്ചുള്ള ഈ ആത്മവിശ്വാസത്തിന് പിന്നിൽ ?

മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ഭരണസഖ്യം അധാർമ്മികമായ ഒന്നാണ് . ഈ സർക്കാർ രൂപീകരിച്ചത് തന്നെ കൂറുമാറ്റത്തിലൂടെയാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതല്ല. മഹാരാഷ്ട്രയിലെ ജനങ്ങൾ ജനാധിപത്യ വിശ്വാസികളാണ്, അവർക്ക് ഈ കൂറുമാറ്റ ഭരണത്തിൽ തൃപ്തിയില്ല. അടുത്തിടെ കർണാടകയിലെ ജനങ്ങൾ ഇതേ രീതിയിലെ കൂറുമാറ്റ സർക്കാരിന് തക്ക മറുപടി നൽകുകയും തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ഭൂരിപക്ഷം നൽകുകയും ചെയ്തു. ഇവിടെയും അത് തന്നെയാണ് സംഭവിക്കാൻ പോകുന്നത്. 

പാർട്ടിയുടെ ചുമതലയുള്ളവരുടെ നിയമനം വൈകിപ്പിച്ച് കേന്ദ്രനേതൃത്വം സംസ്ഥാനത്തോട് അവഗണന കാണിക്കുന്നത് എന്തുകൊണ്ടാണ്?

മുൻ ചുമതലക്കാരനായ എച്ച്‌കെ പാട്ടീൽ മന്ത്രിയായിട്ടും പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു. ഒരു തരത്തിലും കാലതാമസം ഉണ്ടായില്ല. ഇപ്പോൾ, CWCയുടെയും ഭാരവാഹികളുടെയും പുതിയ ഘടനയിൽ, നിയമനങ്ങൾ നടന്നുകഴിഞ്ഞു
ഇപ്പോൾ എല്ലാം ശരിയായ ട്രാക്കിലാണ് നീങ്ങുന്നത്.

മഹാരാഷ്ട്രയിലെ നിങ്ങളുടെ രണ്ട് സഖ്യകക്ഷികളിലെ പിളർപ്പും അവ തുടർച്ചയായി ദുർബലമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ മഹാ വികാസ് അഘാഡിയെ നയിക്കാൻ കോൺഗ്രസ്  തയ്യാറാകുമോ?

ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ഒരു സഖ്യമായി തന്നെ നേരിടും, എല്ലാവരും തുല്യരാണ്. അതാണ് 'സഖ്യ ധർമ്മം', ഞങ്ങൾ 'സഖ്യ ധർമ്മത്തിന്' കൂടുതൽ പ്രാധാന്യം നൽകുന്നു. മതേതര ചിന്താഗതിക്കാരായ പാർട്ടികളെയും ഞങ്ങൾ ഒപ്പം നിർത്തും.ആത്യന്തികമായി തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം, ഇന്ത്യൻ മുന്നണി അധികാരത്തിൽ വരണം. ഞാൻ തീർച്ചയായും ശരദ് പവാറിനെയും ഉദ്ധവ് താക്കറെയെയും ശരിയായ സമയത്ത് കാണും.

മഹാരാഷ്ട്രയിൽ കോൺഗ്രസ് എത്ര സീറ്റുകളിൽ മത്സരിക്കും?

സീറ്റ് വിഭജനത്തിന്റെ ഏക മാനദണ്ഡം വിജയസാധ്യതയാണ്. മറ്റൊന്നുമല്ല. അനുകൂലമായ അന്തരീക്ഷത്തിലാണ് ഞങ്ങൾ ഇപ്പോൾ ആദ്യ യോഗം നടത്തിയത്. തിരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ തന്നെ ചർച്ചകളിലൂടെ സീറ്റുകൾ തീരുമാനിക്കും. അടുത്ത റൗണ്ട് ചർച്ചകൾക്ക് ശേഷം അതിലെ കണക്ക് അന്തിമമാക്കും, എന്നാൽ ഇതിനായി ഞങ്ങൾ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. അത് എത്രയും വേഗം തന്നെ ചെയ്യും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിയിലെ മുതിർന്ന നേതാക്കളോട് ആവശ്യപ്പെടുമോ?

അത് തീരുമാനിക്കേണ്ടത് കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റികളാണ്. സീറ്റ് വിഭജന ക്രമീകരണം അന്തിമമായതിന് ശേഷം ആരൊക്കെ എവിടെ നിന്ന് മത്സരിക്കുമെന്ന് തീരുമാനിക്കും.

ഗാന്ധി കുടുംബത്തിലെ ഒരാൾ മഹാരാഷ്ട്രയിൽ മത്സരിക്കുമോ?

അക്കാര്യത്തിൽ ഒരു തീരുമാനം പറയാൻ എനിക്ക് കഴിയില്ല അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ അത് ഹൈക്കമാൻഡ് തീരുമാനിക്കും. 

Read More

Indian National Congress Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: