/indian-express-malayalam/media/media_files/uploads/2018/12/aymanam-1.jpg)
മഞ്ഞുമലദർശനത്തിന്റെ കാര്യത്തിൽ ഞാനെന്നും ഒരു നിർഭാഗ്യവാനാണോ? ആണെന്നും അല്ലെന്നുമുള്ള ഉത്തരങ്ങൾ ശരിയാണ്. അതെന്താണങ്ങനെയെന്ന് ചോദിച്ചാൽ ഉത്തരമായി മറ്റൊരു ഹിമാലയൻ യാത്രാനുഭവം എടുത്തെഴുതണം. ഡാർജിലിങ് -ഗാങ്ടോക് യാത്രയാണത്. സൂര്യോദയത്തിന്റെ നേരത്ത് ടൈഗർ ഹില്ലിൽ നിന്നുമുള്ള കാഞ്ചൻജംഗ കൊടുമുടിയുടെ ആ കേൾവികേട്ട കാഴ്ച കാണുകയെന്നതായിരുന്നു ഡാർജിലിങ് യാത്രയുടെ മുഖ്യലക്ഷ്യം.
കാഞ്ചൻജംഗ ദർശനം കാത്ത് നിന്ന ടൈഗർ ഹില്ലിലെ ആൾക്കൂട്ടംഉത്കണ്ഠയാൽ ഉറക്കം പോലും ശരിയാകാതെ വെളുപ്പിന് മൂന്നുമണിയോടെ ഉണർന്നൊരുങ്ങി കാരവനായി കൊടുമുടി കയറിയ സിക്സ് വീലർ ജീപ്പുകളിലൊന്നിൽ കൊടുംതണുപ്പത്ത് ടൈഗർഹില്ലിലെത്തുമ്പോൾ അവിടെ മകരവിളക്ക് കാണാൻ നിൽക്കും പോലെ വലിയൊരു ആൾക്കൂട്ടം കിഴക്കോട്ട് തന്നെ നോക്കി നിൽക്കുണ്ടായിരുന്നു. ആൾക്കൂട്ടത്തെയൊന്നാകെ ആശങ്കപ്പെടു ത്തിക്കൊണ്ട് ചക്രവാളച്ചെരുവിൽ മേഘങ്ങൾ മേഞ്ഞ് നടക്കുന്നുണ്ട്. നീണ്ട നേരത്തെ കാത്ത് നിൽപ്പിനൊടുവിൽ സൂര്യൻ സാവധാനം പൊന്തി വന്നപാടെ, ആൾക്കൂട്ടത്തിന്റെ ഹർഷാരവം ഏറ്റുവാങ്ങിക്കൊണ്ട് കാഞ്ചൻജംഗയുടെ സ്വർണ്ണ ശിരസ്സ് ഒരു നിമിഷാർദ്ധനേരത്തേക്ക് തിളങ്ങി നിൽക്കുകയുണ്ടായി. അത്ര മാത്രം. മേഞ്ഞ് നടന്ന മേഘങ്ങളത്രയും ഉടനടി കാഞ്ചൻ ജംഗയുടെ നേരെ കുതിച്ചു ചെന്നിട്ട് മുന്നിൽ കൂട്ടം കൂടി നിന്ന് കൊടുമുടിയുടെ കാഴ്ചയെ മറച്ചു. വെയിൽ പരക്കുവോളം മാറിപ്പോകാൻ കൂട്ടാക്കിയതുമില്ല .
Read More: ഒരു പർവ്വതദേശത്തിന്റെ പാർശ്വ ദൃശ്യങ്ങൾ-ഭൂട്ടാൻ യാത്രാനുഭവങ്ങൾ ഒന്നാം ഭാഗം
ഭൂമിയിലെ നിർഭാഗ്യവാന്മാരുടെ ഗണത്തിൽ സ്വയം പെടുത്തി വലിയ നിരാശയോടെയാണ് ഡാർജിലിങ് വിട്ട് ഗാങ്ടോക്കിലെക്ക് പോയത്. മഴയാലുള്ള മാർഗ്ഗതടസ്സങ്ങൾ കൊണ്ട് ഗാങ്ടോക്കിലെത്തുമ്പോൾ വളരെ വൈകിയിരുന്നു. ചെന്ന പാടെ അവിടുത്തെ ലോഡ്ജിൽ തയ്യാറായിരുന്ന മൂന്നാം നിലയിലെ മുറിയിലേക്ക് തിടുക്കപ്പെട്ട് കയറിപ്പോയി. ഒട്ടും വൈകാ തെ ഉറങ്ങാൻ കിടന്നു. ഗാങ്ടോക്കിലെത്തുന്നത് ആദ്യമായായിട്ടാണ്. അവിടുത്തെ കാഴ്ചകളെപ്പറ്റി യാതൊരു മുൻധാരണകളുമില്ലാഞ്ഞതിനാൽ ഡാർജിലിങ്ങിലേത് പോലെ ഓർത്തോർത്ത് ഉത്കണ്ഠപ്പെടാനും യാതൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് നല്ല മനഃസമാധാനത്തോടെയാണ് ഉറക്കം പിടിച്ചത്. തലേന്നത്തെ ഉറക്കക്ഷീണം കൊണ്ടാവാം ഉണരുമ്പോൾ നേരം വെളുത്തിരുന്നു. കണ്ണുകൾ അലസമായി തുറന്ന് മുറിയാകെയൊന്ന് കണ്ട് കിടക്കെ ഒരറ്റത്ത് തുറന്ന് കിടന്ന ജനൽപ്പാളിയുടെ ഫ്രെയിമിലെ കണ്ണാടിയിൽ അതാ ഒരു കൂറ്റൻ മഞ്ഞുമലയുടെ കലണ്ടർ ചിത്രം പ്രതിഫലിക്കുന്നു. എവിടെക്കിടക്കുന്നു ആ കലണ്ടർ? ചുറ്റും നോക്കി. ഭിത്തിയിലെങ്ങുമില്ല. കണ്ണുകൾ വീണ്ടും ജനാലയിലേക്കോടി. കലണ്ടറല്ലല്ലോ ശരിക്കുള്ള പ്രതിഫലനം തന്നെയല്ലേ ? തിളങ്ങുന്നുമുണ്ടല്ലോ.ചാടിയെഴുന്നേറ്റ് ഓടിച്ചെന്ന് ജനാലപ്പാളിയിലൂടെ പുറത്തേക്ക് നോക്കിയത് ശുഭ്രസുന്ദരമായ ഒരു കൊടുമുടിയിലേക്കാണ്. ഇളവെയിലേറ്റ് വെട്ടിത്തിളങ്ങുന്ന അത്രയൊന്നും അകലത്തല്ലാത്ത കൂറ്റൻ മഞ്ഞുമല!
കാഞ്ചൻജംഗയുടെ ഗാങ്ടോക്കിൽ നിന്നുള്ള കാഴ്ചഒട്ടും വൈകിച്ചില്ല ക്യാമറയെടുത്ത് മുകൾ നിലയിലേക്കോടി. അവിടെയുള്ള റസ്റ്റോറന്റിൽ ചായ വിതരണത്തിന് തയ്യാറായിക്കൊണ്ട് നിന്നിരുന്ന യുവ പരിചാരകരോട് പുറത്ത് കാണുന്നത് കാഞ്ചൻജംഗ തന്നെയല്ലേ എന്ന് അത്യാകാംക്ഷയോടെ അന്വേഷിച്ചു. ആണെന്നുള്ള മറുപടി കിട്ടിയ നിമിഷം ജീവിതത്തിൽ ഏറ്റവുമധികം സന്തോഷമനുഭവപ്പെട്ട നിമിഷങ്ങളി ലൊന്നാണ്. റസ്റ്റോറന്റ് ഭിത്തിയിലെ ഗ്ളാസ്സ് പെയ്‌നുകൾ നീക്കി ചക്രവാളം നിറഞ്ഞ് കണ്ട കാഞ്ചൻജംഗയുടെ കാഴ്‍ച ക്യാമറ പല കോണുകളിൽ നിന്ന് പകർത്തിത്തന്നു. പിന്നെ തിരികെ മുറിയിലെ സ്വകാര്യതയിൽ നിന്നും വീണ്ടും റസ്റ്റോറന്റിൽ പോയി പ്രാതൽ കഴിക്കും നേരത്തും വഴിയിലിറങ്ങി നടക്കുന്നതിനിടയ്ക്കുമൊക്കെ വെയിലേറും വരെ തെളിഞ്ഞു നിന്ന കാഞ്ചൻജംഗയെ കൊതി തീരുവോളം കണ്ടിട്ട് ഭൂമിയി ലെ ഭാഗ്യവാന്മാരിലൊരാളായി തന്നത്താൻ കണക്കാക്കിക്കൊണ്ടാണ് ആ ദിവസം മുഴുവൻ ഗാങ്ടോക്ക് കാഴ്ചകൾ കണ്ട് ഉല്ലാസത്തോടെ നടന്നത്.
പിറ്റേന്ന് അലാറം തയ്യാറാക്കി വച്ച് അതിരാവിലെ എഴുന്നേറ്റു. കാഞ്ചൻ ജംഗയുടെ ആ ദർശനസാധ്യത ഒട്ടുമേ അറിയാതെ പോയതിനാലും ഉണരാൻ വൈകിയതിനാലും തലേന്ന് നഷ്ടപ്പെട്ടു പോയ, സൂര്യോദയത്തിന്റെ നേരത്തെ കൊടുമുടിയുടെ സുവർണ്ണ ദൃശ്യം കാണുക എന്നതാ യിരുന്നു മോഹം. പക്ഷെ അത് വീണ്ടും നിർഭാഗ്യത്തിന്റെ ദിവസമായി രുന്നു. ടൈഗർ ഹിൽ അനുഭവത്തിന്റെ അനുബന്ധം പോലെ ആ പുലർച്ചയിൽ മേഘങ്ങളുടെ കൂറ്റൻ തിരമാലകൾ കൊടുമുടിക്കാഴ്ചയെ അപ്പാടെ മറച്ചു പിടിച്ചു. മേഘങ്ങളുടെ കീറലുകൾക്കിടയിലൂടെ കൊടുമുടിയുടെ സ്വർണ്ണനിറങ്ങൾ അൽപ്പാൽപ്പമായി പുറത്തു കണ്ടിരുന്നതും നേരം പുലർന്നതോടെ വെളുത്ത് അവ്യക്തമായി. അന്നേ ദിവസം കാഞ്ചൻജംഗ ഗാങ്ടോക്കിലേക്ക് മുഖം തിരിച്ചതേയില്ല. തലേന്ന് ഉദിച്ചുയർന്നു നിന്നിരുന്ന എന്റെ ഭാഗ്യനക്ഷത്രം പിറ്റേന്നായപ്പോൾ അസ്തമിച്ചു പോയതാവാം.
Read More:പാറോ താഴ്‌വരയിലെ വാൻഗോഗ് ചിത്രങ്ങൾ-ഒരു പർവ്വതദേശത്തിന്റെ പാർശ്വദൃശ്യങ്ങൾ -ഭാഗം 2
ദോച്ചുലയിൽ ആവർത്തിക്കാൻ പോകുന്നത് ഏതനുഭവമാണ് ? ടൈഗർ ഹിൽ അനുഭവമോ , ഗാങ്ടോക്കിലെ ആദ്യരാത്രിയിലെ അനുഭവമോ? അതറിയാനുള്ള വ്യഗ്രതയുടേത് കൂടിയായിരുന്നു ദോർജിയുടെ കാർ ദോച്ചുലയോടടുത്തപ്പോൾ ഉയർന്നു തുടങ്ങിയ ഹൃദയമിടിപ്പുകൾ.
ഇപ്പോൾ കാറിന് വേഗത കുറയുന്നുണ്ട്. അതിന് കയറ്റങ്ങൾ കഠിനമായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒപ്പം വളവുതിരുവുകളും വർധിച്ചിരിക്കുന്നു കാഴ്ചവട്ടത്തിൽ സൈപ്രസ് മരക്കൂട്ടങ്ങൾ എണ്ണത്തിലേറിക്കൊണ്ടിരുന്നു. അതിനതിന് പുറത്തെ അന്തരീക്ഷത്തിൽ ഇരുളിമയുമേറിയേറിപ്പോയി. ദോച്ചുല എത്തുവാൻ പോകുന്നുവെന്ന് സ്പഷ്ടം. അധികം വൈകിയില്ല. വഴിയോരത്തെ കുറ്റിക്കാടുകളിൽ മൂടൽ മഞ്ഞിന്റെ വെള്ള മുയലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആദ്യം അവിടവിടെയാണ് കണ്ടു തുടങ്ങിയതെങ്കിൽ മൂന്നു നാല് വളവുകൾ കൂടി തിരിഞ്ഞു കയറിയതോടെ അവയുടെ എണ്ണം പെരുക്കപ്പട്ടികയിലേത് പോലെ പെരുത്തു കൊണ്ടിരുന്നു. അകലെക്കാഴ്ചകൾ മങ്ങി മങ്ങി വന്നു. മനസ്സിലെ പ്രത്യാശയ്ക്കും മങ്ങലേൽക്കാൻ തുടങ്ങി. ഒടുവിൽ വെളുത്ത അന്ധകാരം പോലെ മൂടൽമഞ്ഞ് നാല് ചുറ്റും മൂടിക്കിടന്ന ഒരു കൊടുമുടിയുടെ അഗ്രഭാഗത്തേയ്ക്ക് കാർ വളച്ച് കയറ്റി ഒരു കൂട്ടം സ്മാരകസ്തംഭങ്ങൾക്ക് മുന്നിൽ ബ്രെയ്ക്കിട്ടു നിർത്തിയിട്ട് ദോർജി പറഞ്ഞു "ദോച്ചുല"
ടൈഗർഹിൽ ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഏതു ദിക്കിലാണ് ചോമാ ലാഹരി എന്ന് ദോർജിയോട് ചോദിക്കുവാൻ പോലും സങ്കോചം തോന്നുംവണ്ണം ദിക്കുകൾ നാലും അന്യത്വമില്ലാത്ത അദൃശ്യതയിൽ മുങ്ങിക്കിടന്നു.
ചോമാ ലാഹരി കാഞ്ചൻജംഗയുടെ വധുവാണെന്നൊരു വിശ്വാസം ഭൂട്ടാനിലുണ്ട്. അങ്ങനെയെങ്കിൽ, കാണണമെന്ന് വാശി പിടിച്ച് വരുമ്പോൾ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടരുതെന്ന് ആ വരൻ തന്റെ വധുവിനോട് മുൻകൂട്ടി പറഞ്ഞു വച്ച് കാണണം .താൻ ചെയ്തത് പോലെ കാണുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെ ചെല്ലുന്നിടത്ത് ഒരു വിസ്മയം പോലെ പ്രത്യക്ഷ പ്പെടണമെന്നും.
പുനാഖ കോട്ട: " പരമാനന്ദത്തിന്റെ കൊട്ടാരം"മനസ്സിലുണ്ടായ ഖിന്നതയകറ്റാൻ മാർഗമൊന്നെ ഉണ്ടായിരുന്നുള്ളൂ. സ്മാരകസ്തംഭങ്ങളുടെ നിർമ്മാണഭംഗികളിലേക്ക് കണ്ണിനെയും മനസ്സിനെയും തിരിക്കുക. കൊടുമുടിയുടെ ഉച്ചിയിൽ, വൃത്താകാരത്തിൽ തികഞ്ഞ കലാഭംഗിയോടെ ഒരേ മാതൃകയിൽ നിർമ്മിച്ച് വിന്യസിക്കപ്പെട്ടിരിക്കുന്ന ആ 108 സ്തൂപങ്ങൾ, 2003 ൽ അസ്സമിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ തുരത്തിയോടിക്കാൻ നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭൂട്ടാനീസ് ഭടന്മാരുടെ സ്മരണയ്ക്കായി ഉയർത്തപ്പെട്ടവയാണ്.
'അമ്മ മഹാറാണി ആഷി ദോർജി വാങ്‌മോ വാഞ്ചൂക്കിന്റെ പ്രത്യേക താൽപര്യത്തിൽ നിർമ്മിതമായ ആ സ്തൂപസമുച്ചയത്തിന്റെ പണി 2003 ൽ തന്നെ തുടങ്ങുകയുണ്ടായി. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതാചാരപ്രകാരമുള്ള പല പല അനുഷ്ഠാനങ്ങൾ നടത്തിയും പ്രാർത്ഥനാ മന്ത്രങ്ങളടങ്ങിയ ലിഖിതങ്ങൾ അടക്കം ചെയ്തുമൊക്കെ 2004 ൽ പണി പൂർത്തീകരിക്കുകയും ചെയ്തു. 2008 ൽ രാജവാഴ്ചയുടെ നൂറാം സംവത്സര ത്തിൽ സ്മാരകസ്തൂപങ്ങളുടെ പിന്നിലായി ബുദ്ധവിഹാരവും നിർമ്മിതമായി.
അങ്ങനെ പൂർവ്വകാലങ്ങളിൽ മഞ്ഞുമലകളുടെ കാഴ്ചാസ്ഥലം മാത്രമായിരുന്ന ദോച്ചുല ഇന്ന് അതിനും പുറമെ ദേശീയപ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രം കൂടിയാണ്. ദേശത്തിന്റെ അഭിവൃദ്ധിക്കും സമാധാനത്തിനുമെ ന്നുള്ള വിശ്വാസത്തോടെ ഭൂട്ടാനീസ് ജനത ചുരത്തിന്റെ ചുറ്റുപാടുകൾ പ്രാപഞ്ചികശക്തികളെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് നിറങ്ങളുള്ള പ്രാർത്ഥനാപതാകകളാൽ അലംകൃതമാക്കുന്നു. ഫെബ്രുവരിയിലെ ബുദ്ധിസ്റ്റ് പുതുവർഷാഘോഷത്തെത്തുടർന്ന് മഞ്ഞുരുകുന്ന കാലത്ത് ആ പ്രദേശമാകെ ബഹുവർണ്ണപുഷ്പങ്ങൾ പൂത്തുലഞ്ഞ് ദോച്ചുല മറ്റെന്ന ത്തെക്കാളുമേറെ അലംകൃതമാകുമെന്നും പറയപ്പെടുന്നു. അക്കാലങ്ങ ളിൽ ആകാശം തെളിഞ്ഞ് അകലങ്ങളിൽ മഞ്ഞുമലകൾ തിളങ്ങിക്കാണു മെന്നും
2011 മുതൽ എല്ലാക്കൊല്ലവും ഡിസംബർ മാസത്തിൽ യുദ്ധ വിജയത്തിന്റെ ഓർമ്മയ്ക്കായി സ്തൂപങ്ങൾക്ക് മുന്നിലെ മൈതാനത്തിൽ നിറപ്പകിട്ടേറിയ പരമ്പരാഗത ഭൂട്ടാനീസ് നൃത്തരൂപങ്ങൾ പ്രദർശിപ്പിക്കപ്പെടുന്ന ദോച്ചുല ഉത്സവവും കൊണ്ടാടപ്പെടുന്നുണ്ട്. തിബത്തൻ സൈന്യമാണ് ഉത്സവത്തിന്റെ സംഘാടകർ.
ഇത്രയൊക്കെപ്പറയാനുള്ള ദോച്ചുലയാണ് ഞങ്ങളുടെ സന്ദർശന ദിവസം സ്മാരകസ്തൂപങ്ങൾ തന്നെയും മുഴുവനായി കണ്ണിൽപ്പെടാത്ത വിധം അനക്കമേയില്ലാത്ത മൂടൽമഞ്ഞിനാൽ ആവൃതമായിക്കിടന്നത് .
കാത്ത് നിന്നാലും മൂടൽമഞ്ഞ് അകന്ന് പോകാൻ സാധ്യത കാണാഞ്ഞ സാഹചര്യത്തിൽ, ഞങ്ങൾ പുനാഖയിലേക്കുള്ള കൊടുമുടിയിറക്കം വൈകിച്ചില്ല.എങ്കിലും മടക്കയാത്രയിൽ മാനം തെളിയാനുള്ള ഒരു വിദൂര സാധ്യത ഒരാശയായി മനസ്സിൽ സൂക്ഷിച്ചിരുന്നു. വേറൊരു വിധത്തിൽ പറഞ്ഞാൽ ഭൂട്ടാൻ ലോട്ടറി എന്നല്ല ഒരു ലോട്ടറിയുടെയും ടിക്കറ്റുകൾ ഇത് വരെ എടുത്തിട്ടില്ലെങ്കിലും ചൊമാ ലാഹരിക്കാഴ്ചയെ ഞാൻ കൈവശം കരുതിയ ഒരു ഭൂട്ടാൻ ലോട്ടറി ടിക്കറ്റായി സങ്കൽപ്പിച്ചു.
Read More: അയമനംജോണിന്റെ രചനകൾ ഇവിടെ വായിക്കാം
ഇറങ്ങിപ്പോകുംതോറും മൂടൽമഞ്ഞിന്റെ സാന്ദ്രത കുറഞ്ഞ് കുറഞ്ഞ് കൊടുമുടി താണ്ടിക്കഴിഞ്ഞപ്പോൾ പുനാഖാ താഴ്‌വരയിലേക്ക് പോകുന്ന പാത താഴത്തെ മലകളെ വരിഞ്ഞുചുറ്റി ഇഴഞ്ഞുപോകുന്ന ഒത്തിരി നീളമുള്ള ഒരു കറുത്ത മലമ്പാമ്പിനെപ്പോലെ കാറിന് മുന്നിൽ വളഞ്ഞ് പുളഞ്ഞ് കിടക്കുന്നതായി കണ്ടു. താഴെ മലമടക്കുകൾക്കിടയിലെ ഭൂവിസ്താരം കൂടുതൽ കൂടുതൽ കൃഷിയോഗ്യമായിക്കൊണ്ടിരുന്ന മുറയ്ക്ക് വർധിച്ചുവന്ന ജനസാന്ദ്രതയും എണ്ണത്തിലേറിയേറി വന്ന പാർപ്പിടങ്ങളാൽ അടയാളപ്പെട്ടു കൊണ്ടിരുന്നു. അത്തരം മനുഷ്യവാസകേന്ദ്രങ്ങളിൽ കുന്നിൻ ചെരുവുകളിലെ കരിമ്പച്ചക്കാടുകളും കുന്നുകൾക്ക് നടുവിൽ സമൃദ്ധമായി വിളഞ്ഞ് കിടന്ന നെൽവയലുകളും ചേർന്നുണ്ടാക്കിയിരുന്ന നിറസങ്കലനങ്ങൾക്ക് സവിശേഷ ദൃശ്യഭംഗിയുണ്ടായിരുന്നു. നെല്ലറകളുടെ നാട്ടിൽ പിറന്നിട്ടും അപരിചിമായി അനുഭവപ്പെട്ട കാഴ്ചാഭംഗി.
പുനാഖാ താഴ്‌വരയെത്തുമ്പോൾ അന്തരീക്ഷം വെയിൽ തെളിഞ്ഞ് പ്രസന്നമായിക്കഴിഞ്ഞിരുന്നു. നദീമുഖമെത്തിയതോടെ വഴിയും സമനിര പ്പായി. പാറോയിലെപ്പോലെ തന്നെ അവിടെയും അത് നദിയോരം ചേർന്നു മുന്നോട്ട് നീണ്ടു .ഒരിടത്ത് നദീതടത്തിൽ കൂടാരമടിച്ചിരുന്ന വലിയൊരു സംഘം ലാമമാർ നദീതടത്തിൽ പലതരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു നടക്കുന്ന കാഴ്ച കണ്ടു . ഭൂപ്രകൃതിയിലെയും കാലാവസ്ഥയിലെ യും സമാനതകൾ കൊണ്ടാകാം പുനാഖയിലൂടെ സഞ്ചരിക്കുമ്പോൾ പലയിടങ്ങളിലും കേരളീയപ്രതീതി അനുഭവപ്പെട്ടു കൊണ്ടിരുന്നു.
നദീതീരത്തെ ലാമാക്യാമ്പ്1955 വരെ ഭൂട്ടാന്റെ തലസ്ഥാനമായിരുന്ന പുനാഖായിലെത്തുന്ന സഞ്ചാരികൾക്കുള്ള മുഖ്യകാഴ്ച 'പരമാനന്ദത്തിന്റെ കൊട്ടാരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുദ്ധവിഹാരം കൂടിയായ പുനാഖാ കോട്ടയാണ്. പഴക്കത്തിന്റെ കാര്യത്തിലും വലിപ്പത്തിന്റെ കാര്യത്തിലും ഭൂട്ടാനിൽ രണ്ടാം സ്ഥാനത്തുള്ള ഈ കൊട്ടാരം കലാഭംഗി യിൽ ഒന്നാം സ്ഥാനത്താണെന്നും കരുതപ്പെടുന്നു . രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള മുഖ്യ സംഭവങ്ങൾ പലതിന്റേയും വേദിയായിരുന്നു ഇത്. രാജഭരണത്തിന്റെ തുടക്കത്തിൽ 1907 ൽ ഭൂട്ടാനിലെ ആദ്യരാജാവ് ഉഗ്‌യേൻ വാങ്ങ് ചൂക്കിന്റെ കിരീടധാരണച്ചടങ്ങ് ഈ കോട്ടയിൽ വച്ചാണ് നടത്തപ്പെട്ടത് .ഇപ്പോഴത്തെ രാജാവ് ജിഗ്മെ ഖേസർ നാംഗെയ്ൽ വാങ്ങ് ചൂക്ക് 2008 ൽ കിരീടം ധരിച്ചതും 2011 ൽ വിവാഹിതനായതും ഇവിടെ വച്ച് തന്നെ, ആ രാജകീയ വിവാഹം ഭൂട്ടാൻ ചരിത്രത്തിലെ ഏറ്റവും വാർത്താപ്രാധാന്യം ലഭിച്ച സംഭവമായി പറയപ്പെടുന്നതുമാണ്. തിബത്തൻ ബുദ്ധിസവുമായി ബന്ധപ്പെട്ട അമൂല്യങ്ങളായ നിരവധി പുരാതന ശേഷിപ്പുകളും സൂക്ഷിക്ക പ്പെടുന്നതിനാൽ പ്രമുഖമായ ബുദ്ധമതതീർത്ഥാടന കേന്ദ്രവും കൂടിയാണ് പുനാഖാ കോട്ട .
1637 -38 ൽ ആദ്യം പണിപ്പെട്ട് കാലാകാലങ്ങളിൽ പലപല പുനരുദ്ധാരണങ്ങൾ നടത്തി ഇന്നും പുതുമ മായാതെ സംരക്ഷിക്കപ്പെടുന്ന ആറ് നിലകളുള്ള ഈ കൂറ്റൻ ചരിത്രസ്മാരകം ഹിമാലയകൊടുമുടികളിൽ നിന്നുത്ഭവിക്കുന്ന, രണ്ടു നദികളുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. പിതൃനദിയെന്നും മാതൃനദിയെന്നും അർത്ഥം വരുന്ന പേരുകളാണ് ഭൂട്ടാനിൽ ഈ നദികൾക്ക് നൽകിയിട്ടുള്ളത്. ഭൂട്ടാനിലെ മുഖ്യനദികളിൽപ്പെട്ട ഇരുനദികളും ഒന്നിച്ച് സംഘോഷ് നദിയെന്ന പേരിൽ ഒഴുകിപ്പോയി ഇന്ത്യനതിർത്തിയും കടന്ന് ചെന്ന് ബ്രഹ്മപുത്രാനദിയോട് ചേരുന്നു. ഈ നദീതടങ്ങൾ ഭൂട്ടാനിലെ പ്രധാന നെൽകൃഷിമേഖലയുമാണ്.
പുനാഖയിലെ നെൽപ്പാടത്തിൽ നിന്ന്അത്യന്തം പ്രകൃതിസുന്ദരമായ പശ്ചാത്തലത്തിൽ അനന്യമായ കലാവിരുതോടെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കോട്ടയുടെ ദൃശ്യാനുഭവം ഒന്ന് മാത്രം മതി പുനാഖാ യാത്രയെ സഫലമാക്കാൻ. ഭൂട്ടാനിൽ മറ്റെവിടെക്കണ്ട തിലുമധികം സന്ദർശകരെ കണ്ടതും പുനാഖാ കോട്ടയുടെ മുന്നിലാണ്. പാറോ നദിയുടെ ശാലീന സൗന്ദര്യത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു പുനാഖായിലെ നദിയനുഭവവും. അടിത്തട്ട് കാട്ടാതെ ആഴം പ്രദർശിപ്പി ക്കുന്ന ഗാംഭീര്യമാണ് പുനാഖാ നദിയുടെ മുഖമുദ്ര. അതിന്റെയൊഴുക്കിലു യർന്ന് കേട്ടതും ഒരുതരം രൗദ്രസംഗീതമാണ്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കങ്ങളിൽ നദി കരകവിഞ്ഞൊഴുകി പലവട്ടം കേടുപാടുകൾ സംഭവിച്ചിട്ടുള്ളതായി പുനാഖാ കോട്ടയുടെ ചരിത്രത്തിലും എഴുതപ്പെട്ടിട്ടുണ്ട്.
ഭൂട്ടാനിൽ അത് വരെ സന്ദർശിച്ച സ്ഥലങ്ങളിലെല്ലാമെന്ന പോലെ തന്നെ ബുദ്ധവിഹാരങ്ങളല്ലാതെ മറ്റ് പറയത്തക്ക പ്രാധാന്യമുള്ള ചരിത്രസ്മാരക ങ്ങളോ ഇതര കൗതുകക്കാഴ്ചകളോ പുനാഖയിലുമില്ല. പ്രകൃതി തന്നെ ഒരുജ്ജ്വല ദൃശ്യമായി കണ്മുന്നിലുള്ളിടത്ത് മനുഷ്യനിർമ്മിതികൾ പരിമിത മാകുന്നതും ഉള്ളവയ്ക്ക് തന്നെ കൗതുകമുണർത്താനുള്ള ശേഷി കുറയുന്ന തും സ്വാഭാവികം.
പട്ടണം ചുറ്റാൻ പോകാതെ തിരികെ തിമ്പുവിലെത്താൻ വേണ്ട മൂന്നു മണിക്കൂർ യാത്ര മഞ്ഞ് വീണ് വെളിച്ചംമായും മുൻപ് തന്നെ തീർക്കുന്ന താണഭികാമ്യം എന്ന അഭിപ്രായമാണ് ദോർജിക്കുമുണ്ടായിരുന്നത്. തന്നെയുമല്ല, ചോമാ ലാഹരിക്കാഴ്ചയുടെ സാങ്കൽപ്പിക ഭൂട്ടാൻ ലോട്ടറി ടിക്കറ്റിന്റെ ഫൈനൽ ഡ്രോ കൂടിയാണല്ലോ ആ മടക്കയാത്ര. അതുകൂടി കണക്കാക്കി സമ്മതം മൂളിയതും ദോർജി മടക്ക യാത്രയ്ക്കായി വാഹനം തിരിച്ചു
എന്നാൽ ചുരം തിരികെക്കയറുമ്പോൾ ചോമാ ലാഹരിസ്വപ്നത്തിൽ മുഴുകാൻ ഒരവസരം പോലും നൽകാത്തവിധം അന്തരീക്ഷത്തിന് തെളിച്ചം കുറഞ്ഞുകൊണ്ടിരുന്നതേയുള്ളൂ. ഞങ്ങൾ മുകളിലെത്തുമ്പോൾ മുഴുവനായി മൂടത്തക്കവിധം ആ മലയോരപ്രകൃതി താഴെ വച്ച് തന്നെ മഞ്ഞിന്റെ വെള്ളത്തിരശ്ശീല നെയ്തു തുടങ്ങിയിരുന്നു. കൊടുമുടിയുടെ മുകളിലെത്തിയപ്പോൾ. സ്മാരകസ്തൂപങ്ങളുടെ കാഴ്ച തന്നെ കാലത്ത് കണ്ടതിലും അസ്പഷ്ടവുമായിരുന്നു. പിന്നല്ലേ ചൊമാ ലാ ഹരി! വരനെക്കാ ൾ കടുംപിടുത്തക്കാരിയാണ് വധു എന്ന് ഇച്ഛാഭംഗത്തോടെ മനസ്സിലാക്കി.
ദോച്ചുലയിലെ സ്മാരക സ്തംഭങ്ങൾമൂടൽമഞ്ഞിലൂടെ നടക്കുമ്പോൾ മനസ്സിലേക്ക് മടങ്ങി വരാറുള്ള ബാല്യത്തിന്റെ അനുഭവം മാത്രം കുറെ നേരത്തേക്ക് നൽകിയിട്ട് ദോച്ചുല ഞങ്ങളെ യാത്രയയച്ചു. അപ്പോഴേയ്ക്ക് തന്നെ കട്ടിമഞ്ഞിനാൽ കാഴ്ച മങ്ങാൻ തുടങ്ങി യിരുന്ന ടാർ റോഡിൽ കൊടുമുടിയിറങ്ങുന്നിടം വരെ അത്യാവശ്യം വഴിവെട്ടം അവശേഷിപ്പിക്കാനുള്ള ഉദാരത പ്രദർശിപ്പിച്ചത് തന്നെ ഭാഗ്യം.
തിമ്പുവിനോടടുക്കുമ്പോൾ സന്ധ്യയാകാൻ തുടങ്ങിയിരുന്നു. ആകാശത്ത് അവിടവിടെ നക്ഷത്രങ്ങൾ കണ്ണ് ചിമ്മിത്തുടങ്ങി. അതിലൊന്നായിരിക്കണം എന്റെ നിർഭാഗ്യത്തിന്റെ നക്ഷത്രമെന്ന് ഞാൻ സ്വകാര്യമായി വിചാരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us