പാറോയിൽ നിന്ന് ഇരുപത് കിലോമീറ്ററോളം ദൂരമോടി, ദോർജിയുടെ കാർ പുഴ കുറുകെക്കടന്ന് ഫുൻഷോലിങ് – തിമ്പു ഹൈവേയിലേയ്ക്ക് പ്രവേശിച്ച ചുസോം (കോൺഫ്ലുവൻസ് ) വഴികളുടെ മാത്രമല്ല പുഴകളുടെയും സംഗമസ്ഥലമാണ്. പ്രാദേശികഭാഷയിൽ പാചൂ എന്ന് വിളിക്കപ്പെടുന്നതും,അത് വരെ ഞങ്ങൾക്കൊപ്പം സഞ്ചരിച്ചതുമായ പാറോ നദിയുടെയും തിമ്പുവിൽ നിന്ന് ഒഴുകിയെത്തുന്ന വാങ് ചൂ എന്ന് പേരായ തിമ്പു നദിയുടെയും സംഗമസ്ഥാനം. തിബത്തൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ‘ഹാ’ യിലേയ്ക്കുള്ള പാതയും ഈ വഴി – പുഴ സംഗമസ്ഥലത്ത് നിന്ന് തിരിയുന്നു .തിമ്പുവിലേക്ക് തിരിയുന്നി ടത്ത് ഭൂട്ടാന്റെ പരമ്പരാഗത ശിൽപ്പകലാചാതുര്യം വഴിയുന്ന മനോഹരമായ പ്രവേശനകവാട മുണ്ട്. അതിനടുത്ത് അവിടേയ്ക്ക് പോകുന്ന സഞ്ചാരികൾക്ക് മുൻകൂർ ദർശനം ലഭിക്കത്തക്കവിധം അധികാരത്തിലുള്ള രാജദമ്പതികളുടെ ചിത്രം പ്രദർശിപ്പിച്ച് വിസ്താരമേറിയ ഒരു പോസ്റ്റർ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ചുസോമിൽ നിന്ന് തിമ്പുവിലേയ്ക്കുള്ള നാൽപ്പത് കിലോമീറ്ററോളം ദൂരം വീണ്ടും ഉയരങ്ങളിലേക്ക് കയറിപ്പോകുന്ന വീതിയേറിയ പർവത പാതയാണ് .കയറ്റങ്ങൾ ചുറ്റിക്കയറി പാതിയോളം പ്രദക്ഷിണംവച്ച് കയറിപ്പോയ പർവതങ്ങൾ ഓരോന്നും തൊട്ടുപിന്നിൽ മറഞ്ഞതിനേക്കാൾ കൂടുതൽ വന്യത പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. പാറപ്രദേശങ്ങൾ നിറഞ്ഞതും അതിനാൽ പച്ചപ്പ് കുറഞ്ഞവയുമായിരുന്നു അവയിലേറെയും. പക്ഷേ, അടിവാരങ്ങളെ കൃഷിയോഗ്യമാക്കിക്കൊണ്ട് തിമ്പു നദി ജലസമൃദ്ധിയോടെ ഒഴുകിയതിനാൽ താഴ്വാരങ്ങളിൽ വഴിനീളെ നെൽ വയലുകളും ആപ്പിൾ തോട്ടങ്ങളുമുണ്ടായിരുന്നു. ഒരിടത്ത് ഒരു പാറക്കെട്ടിന്റെ വശങ്ങളിൽ തുമ്പിക്കൈ ആകൃതിയിൽ മുഴച്ചു നിന്ന പാളിയുടെ മുകളിലെ വശങ്ങളിൽ കണ്ണുകൾ രാകി വരച്ച് ആനത്തലയുടെ ആകൃതി നൽകി ഏതോ ഭാവനാശാലി സഞ്ചാരികൾക്ക് സൗജന്യമായി സമർപ്പിച്ചിരുന്നു.

മലയടിവാരങ്ങളിൽ ഫ്ളാറ്റുകൾ തിങ്ങിക്കൂടി നിൽക്കുന്ന കാഴ്ചയായിട്ടാണ് തിമ്പു നഗരം ആദ്യം പ്രത്യക്ഷപ്പെട്ടത്. അത് കൊണ്ട് പാറോയെക്കാൾ ഒത്തിരിയേറെ ജനസാന്ദ്രമായ ഒരു പട്ടണത്തെ സങ്കൽപ്പിച്ചുകൊണ്ടാണ് അവിടേയ്ക്ക് പ്രവേശിച്ച ത്. ആ സങ്കൽപ്പത്തെ പിന്തുണച്ചുകൊണ്ട് തിമ്പു തലസ്ഥാന നഗരമാണല്ലോ എന്നൊരു വിചാരവും ഒപ്പം കൂടിയിരുന്നു. എന്നാൽ, തലേന്ന് ബുക്ക് ചെയ്തിരുന്ന ഞങ്ങളുടെ താമസസ്ഥലം ഏതാണ്ട് നഗരമധ്യത്തിൽ തന്നെ ആയിരുന്നിട്ടും കാറിൽ നിന്നിറങ്ങിയത് ഏറെക്കുറെ നിർജ്ജനമായ തെരുവിലേയ്ക്കായിരിന്നു. പട്ടണങ്ങളിലെല്ലാം തന്നെ തിക്കുതിരക്കുകൾ കണ്ടു വരാറുള്ള വൈകുന്നേര മായിരുന്നിട്ട് പോലും അത്തരം ഒരു ബഹളവും അവിടെ കാണാനില്ലായിരുന്നു. പൊതുവാഹനങ്ങളൊന്നും പ്രത്യക്ഷപ്പെടാത്ത തെരുവിൽ ടാക്സികളും സ്വകാര്യ വാഹനങ്ങളും മാത്രം മിതമായ ഒച്ചകളോടെ സാവകാശം സഞ്ചരിച്ചു കൊണ്ടിരുന്നു. ഏതാണ്ട് പുഴയിലൊഴു കുന്ന വള്ളങ്ങൾ പോലെ.
Read More: ഒരു പർവ്വതദേശത്തിന്റെ പാർശ്വ ദൃശ്യങ്ങൾ-ഭൂട്ടാൻ യാത്രാനുഭവങ്ങൾ ഒന്നാം ഭാഗം
മൂന്നുനില ലോഡ്ജിന്റെ പടികൾ ചവിട്ടിക്കയറി മൂന്നാം നിലയിലെ മുറിയിൽ ചെന്ന് താമസമുറപ്പിച്ച ശേഷം ഒൻപതു മണിയോടടുത്ത് പട്ടണത്തിന്റെ രാത്രി ജീവിത ത്തിലേയ്ക്ക് കണ്ണോടിക്കുവാൻ ജനാലയിലൂടെ തല നീട്ടി നോക്കി. എന്നാൽ അപ്പോഴേയ്ക്ക് തന്നെ തീർത്തും ആളൊഴിഞ്ഞ ആ മുഖ്യനഗരപാത നായ്ക്കൂട്ടങ്ങൾ കൈയ്യടക്കിക്കഴിഞ്ഞിരുന്നു. എന്നിട്ട്, അല്ലാത്തപക്ഷം തീർത്തും നിശ്ശബ്ദമായിരു ന്ന രാത്രിയെ നായ്ക്കൾ അവരുടെ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ച് വെളുക്കുവോളം കൂട്ടക്കുരകൾ കുരച്ചു കൊണ്ടേയിരിക്കുകയും ചെയ്തു . അവർ പക്ഷേ, കുരയ്ക്കുക മാത്രമേ ചെയ്തുള്ളൂ. കടിച്ചതെല്ലാം കൊതുകുകളാണ്. ഏതായാലും രണ്ടു കൂട്ടരും ചേർന്ന് ഉറക്കത്തെ കാര്യമായി അലങ്കോലപ്പെടുത്തി. നായ്ക്കളും കൊതുകുകളും ഒത്തു ചേർന്നുണ്ടാക്കുന്ന ആ അലട്ടലുകളുടെ ഫലമായി പകലനുഭവിക്കേണ്ട ഉറക്കച്ചക്കടവെങ്കിലും ഭൂട്ടാന്റെ സമ്പൂർണ്ണ ദേശീയ സന്തോഷത്തിന്റെ കണക്കിൽ കുറവ് ചെയ്യേണ്ടതാണ്.
കാലത്തുണർന്നപ്പോൾ പ്രഭാതത്തെ കുരച്ചുണർത്തിയത് അവരാണെന്ന ഭാവത്തിൽ നായ്ക്കൾ വാലുയർത്തിപ്പിടിച്ച് ഫുട്പാത്തിൽ കൂട്ടം കൂടി നിൽക്കു ന്നുണ്ട്. കുറച്ച് കഴിഞ്ഞ് അവരൊന്നാകെ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ റെയ്ഡ് ചെയ്യാൻ പോകുന്ന മട്ടിൽ അവയ്ക്ക് നേരെ നീങ്ങുന്നത് കണ്ടു. റോഡിന് മറുവശം കണ്ടത് വലിയൊരു സ്പോർട്സ് കോംപ്ലക്സ് ആണ്. അവിടൊരിടത്ത് ഭൂട്ടാന്റെ ദേശീയ വിനോദമായ അമ്പെയ്ത്ത് പരിശീലനം നടക്കു ന്നത് കണ്ടു അതൊഴികെ കാഴ്ചവട്ടത്തൊന്നും മനുഷ്യ സാന്നിധ്യം അപ്പോഴുമില്ല. കുറച്ച് ദൂരെ മാറി ഉയർന്ന് കണ്ട സ്വർണ്ണനിറം പൂശിയ ബുദ്ധപ്രതിമമേൽ ഇളവെയിലേറ്റ് ബുദ്ധവദനം തിളങ്ങാൻ തുടങ്ങിയിരുന്നു.
പറയത്തക്ക ആൾസഞ്ചാരം കണ്ടു തുടങ്ങിയത് ഏഴേഴര മണിയോടെയാണ്. അതിൽ ഒട്ടുമുക്കാലും വിദ്യാർത്ഥികളായിരുന്നു. ഒറ്റയ്ക്കോ ഏറിയാൽ മൂന്നോ നാലോ പേരടങ്ങുന്ന കൂട്ടങ്ങളായിട്ടോ അവർ ഫുട്പാത്തുകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇലച്ചാർത്തുകൾ ഏറെയുള്ള മരങ്ങളെ ഫുട്പാത്തിൽ സംരക്ഷിച്ച് നിർത്തി അവയ്ക്കടിയിൽ കോൺക്രീറ്റ് ഇരിപ്പിടങ്ങൾ പണിതിട്ടിട്ടുണ്ട്. അവിടെ മാത്രം നേരംപോക്ക് പറഞ്ഞ് അവരുമിവരുമൊക്കെ കൂടിയിരിക്കുന്നത് കണ്ടു. അങ്ങനെയിരിക്കെ പ്രാവിൻകൂട്ടങ്ങൾക്ക് തീറ്റ കൊടുക്കാൻ ഒരാൾ സ്കൂട്ടറിലെത്തി. എവിടെ നിന്നൊക്കെയോ കൂട്ടത്തോടെ പറന്നടുത്ത പ്രാവുകൾ ആ സ്നേഹസൽക്കാരം ഹൃദയപൂർവം സ്വീകരിച്ചു. ഏകദേശം ഒൻപതര മണിയോടെ ലോഡ്ജ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഷോപ്പുകൾ ഷട്ടറുകൾ ഉയർത്തുന്ന ശബ്ദം കേട്ട് തുടങ്ങി. അങ്ങനെ വൈകിയുണരുന്ന ഒരു കുട്ടിയെപ്പോലെ തിമ്പു പട്ടണം മടിച്ചു മടിച്ച് ഉണർന്നു വന്നു.
ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റേഷനറിക്കട നടത്തുന്ന വൃദ്ധനുമായി സൗഹൃദം സ്ഥാപിച്ച് നഗരത്തിന്റെ ആ ഉദാസീനതകളുടെ കാരണമാരാഞ്ഞു. ചെറുപ്പത്തിൽ ഇന്ത്യയിൽ വിദ്യാർഥിയായിരുന്ന അദ്ദേഹം ഭൂട്ടാൻ ജീവിത ത്തെ ഇന്ത്യൻ അളവു കോലുകൾ കൊണ്ട് അളക്കാൻ തുനിയരുതെന്ന് ആമുഖമായി പറഞ്ഞു കൊണ്ട് തന്റെ നാട്ടിലെ ജീവിതാവസ്ഥകളുടെ ചെറിയൊരു വിവരണം തന്നു. ഇന്ത്യൻ അവസ്ഥയ്ക്ക് വിപരീതമായി ജനസംഖ്യ തീരെക്കുറവായ ഭൂട്ടാനിൽ വിദ്യാലയങ്ങളോ വ്യാപാരശാലകളോ വിപണികളോ ഒന്നും തിരക്കുള്ളിടങ്ങളല്ലെന്ന് പറഞ്ഞു തന്നു. കാരണം ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 22 പേർ മാത്രം അധിവസി ക്കുന്ന നാട്ടിലെ ആളോഹരി അകലവും അതിന് ആനുപാതികമായിരിക്കുമല്ലോ. എന്നിരിക്കെ അവരെന്തിന് വെറുതെ തിക്കിത്തിരക്കുണ്ടാക്കണം? പകൽ നീളെ കട തുറന്നിരിക്കുന്ന തന്റെ ദിവസവരുമാനം ഏറിയാൽ 2500 രൂപ മാത്രമാണെ ന്നും അദ്ദേഹം വെളിപ്പെടുത്തി. ഒട്ടും അതൃപ്തിയോടെ ആയിരുന്നുമില്ല ആ വെളിപ്പെടുത്തൽ.

അദ്ദേഹവുമായി സംസാരിച്ച് പിരിയുമ്പോൾ മനസ്സിലുണ്ടായ വിചാരമിതാ യിരുന്നു: ഒന്നോർത്താൽ തമ്മിൽത്തമ്മിൽ അത്രത്തോള ഭൂവിസ്താരം വിട്ട് ജീവിക്കുന്ന അവരെ കണ്ട് നാമെന്തിന് അദ്ഭുതപ്പെടണം? അവരുടെ 22ന്റെ സ്ഥാനത്ത് കാടുംപുഴയുമൊക്കെ കയ്യേറി ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 860 എന്ന കണക്കിൽ തിങ്ങിപ്പാർക്കുന്ന നമ്മൾ മലയാളികൾ, അവർക്ക് മുന്നില ല്ലേ അദ്ഭുതം കാട്ടുന്നത്?
അതിനപ്പുറത്തെ റസ്റ്റോറന്റിൽ പ്രാതൽ കഴിക്കുന്ന നേരം അടുത്തിരുന്ന് ബിയർ നുണഞ്ഞു കൊണ്ടിരുന്നത് മേൽപ്പറഞ്ഞ വ്യാപാരിയുടെ അനന്തര തലമുറയിൽ പ്പെട്ട, ഒരാളായിരുന്നു. യുവത്വം വിട്ട് മധ്യവയസ്സുകളിലേയ്ക്ക് പ്രവേശിക്കുന്ന ഒരു കോളേജ് അധ്യാപകൻ. കുറേനാൾ മലേഷ്യയിൽ ജോലി ചെയ്ത അദ്ദേഹം തിമ്പു വിനോടുള്ള ഗൃഹാതുരതകൊണ്ട് ജോലിവിട്ട് മടങ്ങിയെത്തിയിരിക്കുകയായിരു ന്നു. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനിരിക്കു ന്നതേയുള്ളൂ. ഭൂട്ടാൻ ജീവിതത്തെപ്പറ്റിപ്പറഞ്ഞപ്പോൾ അദ്ദേഹവും താരതമ്യം ചെയ്തതത്രയും ഇന്ത്യൻ ജീവിതത്തോടാണ്. പലതിലും സ്വയംപര്യാപ്തത നേടിയിട്ടില്ലാത്ത തന്റെ രാജ്യത്തിന് എന്തിനും ഏതിനും ഇന്ത്യയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്നും ചൈനയോട് ഒരാഭിമുഖ്യവും കാട്ടാത്തത് തന്നെ ഇന്ത്യയ്ക്ക് ഇഷ്ടമായില്ലെങ്കിലോ എന്നോർത്തിട്ടാണെന്നു മൊക്കെപ്പറഞ്ഞ ശേഷം ഭൗതിക ജീവിത സൗകര്യങ്ങൾ വർധിച്ചുവെങ്കിലും ഭൂട്ടാൻ പല മേഖലകളിലും ഒത്തിരി മുന്നോട്ട് പോകേണ്ടതു ണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥയിലായിരുന്നു പ്രൊഫസ്സർക്ക് ഏറെ ഖേദം. ഇന്നും ഉന്നതവിദ്യാഭ്യാസം തേടി രാജ്യം വിട്ട് പോകേണ്ട അവസ്ഥയാണ് ഭൂട്ടാനിലെ പുതുതലമുറയ്ക്കുമുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു .താനുൾപ്പെടെ തന്റെ തലമുറയിലെ ഒട്ടു മിക്കവാറും യുവാക്കളും മലയാളി അധ്യാപകരുടെ ശിഷ്യത്വ ത്തിൽ പഠിച്ചവരാണെന്നും അക്കൂടെ അനുസ്മരിച്ചു. അത് കേട്ടപ്പോൾ ഒരു കാലത്ത് തിമ്പുവിൽ വലിയ മലയാളി സാന്നിധ്യം ഉണ്ടായിരുന്നതായും ‘സ്വപ്നാടനം ‘സിനിമ പ്രദർശിപ്പിച്ചപ്പോൾ ആയിരക്കണക്കിന് മലയാളികൾ കാണാനെത്തിയിരുന്നതായും ജി. ബാലചന്ദ്രന്റെ ഓർമ്മക്കുറിപ്പുകളിൽ വായിച്ചിരുന്നത് എനിക്കുമോർമ്മ വന്നു.
ഞങ്ങളുടെ യാത്രാവഴികളിലൊരിടത്ത് നിന്നും ഭൂട്ടാനിലെ ഭൂരിപക്ഷ മനുഷ്യ ജീവിത ത്തിന്റെ അന്തഃസത്ത അറിയാൻ കഴിയില്ലെന്ന വിമർശനവും ആ അൽപ്പനേര സുഹൃദ് ബന്ധത്തിനിടയിൽ പ്രൊഫസ്സർ ഉന്നയിച്ചു .ഭൂട്ടാന്റെ ഉൾനാടൻ ജീവിതാവസ്ഥകൾ പാടെ വ്യത്യസ്തമാണെന്ന് സൂചിപ്പിച്ച് അതൊക്കെ എന്നെകിലും പോയി കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഭൂട്ടാനിൽ ഇന്ന് നിലവിലുള്ള സാമൂഹ്യക്ഷേമത്തിന്റെ മുഴുവൻ ക്രെഡിറ്റും വളരെ പരിമിതമായ ജനസംഖ്യ എന്ന അനുകൂല ഘടകത്തിനുള്ളതാണ് എന്നായിരുന്നു പ്രൊഫസറുടെ മതം. അത് കൊണ്ടല്ലേ ജനസാന്ദ്രത ഇത്രമേൽ കുറവായിട്ടും ഭരണനേതൃത്വം ജനസംഖ്യാ നിയന്ത്രണത്തിന് ജനതയെ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നതെ ന്ന യുക്തിയും അത് സ്ഥാപിക്കാൻ അദ്ദേഹം ഉപയോഗിച്ചു.

പ്രൊഫസ്സർ എന്തും മടിയില്ലാതെ തുറന്നു പറയുന്നു എന്ന് തോന്നിയത് കൊണ്ട് തമ്മിൽ പിരിയാറായ നേരം സമ്പൂർണ്ണ ദേശീയ സന്തോഷം എന്ന ഭൂട്ടാനീസ് മോട്ടോയെപറ്റിയും ഞങ്ങളിലൊരാൾ അദ്ദേഹത്തിന്റെ അഭിപ്രായം തേടി. അത് വരെ ചിരിച്ചതിലും ഭംഗിയായി ചിരിച്ചു കൊണ്ട് “ഒന്നെനിക്കറിയാം. ഞാൻ ഏതായാലും സന്തോഷവാനല്ല” എന്ന് മാത്രം കണ്ണിറുക്കിപ്പറഞ്ഞിട്ട് ആ സുമുഖനായ യുവാവ് അതേ ചിരിയോടെ തന്നെ ഞങ്ങൾക്ക് നല്ല യാത്ര ആശംസിച്ചു.
യാത്രാപദ്ധതി പ്രകാരം അന്നേ ദിവസം തന്നെ തിമ്പുവിൽ നിന്ന് ദോച്ചുലപാസ്സ് വഴി പുനാഖയി ലേയ്ക്ക് പോകാനുറപ്പിച്ചിരുന്ന ഞങ്ങൾ ദോർജി എത്തിയ പാടെ അതിനുള്ള അനുമതി തേടിപ്പോയി. അതിനായി ചെന്നെത്തിയ എമിഗ്രേഷൻ ഓഫീസിന് തൊട്ടടുത്തായിരുന്നു ‘സമ്പൂർണ്ണ ദേശീയ സന്തോഷ കമ്മീഷന്റെ’ പ്ലാനിങ് ഡിവിഷൻ ഓഫീസ്. അതിന് മുന്നിൽ ഡാലിയാപ്പൂക്കൾ പൊട്ടിച്ചിരിച്ചെന്ന പോലെ വിടർന്നു നിൽക്കുന്നുണ്ടായിരുന്നു. “മറ്റൊന്നിലും സന്തോഷം അനുഭവപ്പെടുന്നില്ലെങ്കിൽ ഇവിടെ വന്ന് കുറച്ചു നേരം ഞങ്ങളെ നോക്കി നിൽക്കാൻ റെസ്റ്റോറന്റിൽ കണ്ട ആ പ്രൊഫസ്സറോട് ചെന്ന് പറയൂ “എന്ന് ആ ചെടിക്കൂട്ടം പറഞ്ഞതായിത്തോന്നി.
അനുമതിരേഖകൾ ശരിയാകുംവരെ തിമ്പു കാഴ്ചകൾ ചിലത് കണ്ടു വരാമെന്ന് പറഞ്ഞ് വണ്ടി മുന്നോട്ടോടിച്ച ദോർജി ആദ്യം കൊണ്ട് പോയത് തിമ്പുവിലെ രാജകൊട്ടാരവും കൊട്ടാരത്തോ ട് ചേർന്ന് തന്നെ സ്ഥിതിചെയ്യുന്ന ഭരണ കേന്ദ്രങ്ങളും കാണിക്കുവാനായിരുന്നു. കൊട്ടാര പരിസരങ്ങളിൽ പക്ഷേ, സ്വകാര്യ വാഹനങ്ങൾ നിർത്തിയിടാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് കൊട്ടാരം സ്ഥിതി ചെയ്യുന്ന കുന്നിനേക്കാൾ ഉയരം കൂടിയ ഒരു കുന്നിൽ സ്ഥിതി ചെയ്യുന്ന കാഴ്ചബംഗ്ലാവിലേയ്ക്കുള്ള വഴിക്ക് പോയിട്ട് വണ്ടി വഴിയരികിലൊരിടത്ത് നിർത്തിയ ദോർജി കൊട്ടാരസമുച്ചയം താഴേയ്ക്ക് കൈ ചൂണ്ടി കാണിച്ചു തരിക യായിരുന്നു. പൂർവ്വകാലങ്ങളിൽ പ്രദേശത്തെ ഏറ്റവും ഉന്നതങ്ങളായ പർവ്വതങ്ങളിൽ മാത്രം പ്രതിഷ്ഠിതമാ യിരുന്ന പൗരോഹിത്യ ഭരണാധികാരം രാജാക്കന്മാരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട് ഒടുവിലിപ്പോൾ ആസ്ഥാനമന്ദിരങ്ങളുടെ ഉയരത്തിന്റെ കാര്യത്തിലെ ഇപ്പറഞ്ഞ തലതിരിച്ചിലൂടെ അത് ജനങ്ങളുടെ ഇടയിലേയ്ക്ക് താഴ്ത്തിക്കൊണ്ടു വരുന്നു എന്നൊരു സന്ദേശം കൂടി നൽകുന്നതായി തോന്നി. പ്രതീക്ഷിച്ചതിന് വിപരീതമായി തീർത്തും അനാർഭാടമായി നിർമ്മിക്കപ്പെട്ട ഒരു രാജകൊട്ടാരമായിട്ടാണ് അകലക്കാഴ്ചയിൽ അത് കാണപ്പെട്ടതും.

കുന്നിറങ്ങി കൊട്ടാരവളപ്പിന് സമീപത്ത് കൂടിയും ഭരണകേന്ദ്രങ്ങൾക്ക് മുന്നിലൂടെയും ചുറ്റിക്കറങ്ങിയാണ് തിരികെ പോന്നത്. അത് ഏതാണ്ട് പത്തര മണി നേരത്തായിരുന്നെങ്കിലും കെട്ടിടങ്ങൾക്ക് പുറത്തൊന്നും മനുഷ്യ സാന്നിധ്യമേ കാണാൻ കഴിഞ്ഞില്ല. നമ്മുടെ നാട്ടിലെ ഭരണ കേന്ദ്രങ്ങളുടെ ചുറ്റുവട്ടങ്ങൾ കാര്യസാധ്യക്കാരുടെ തിരക്ക് കൊണ്ട് പൊറുതി മുട്ടുന്ന നേരമാണല്ലോ അത് എന്നോർത്തപ്പോൾ എന്തെന്ത് പരസ്പര ഭിന്നതകൾ നിറഞ്ഞതാണ് കിഴക്കൻ രാജ്യങ്ങളിലെ രാഷ്ട്രീയം എന്നതിശയിച്ചു .
തിരികെയെത്തുമ്പോൾ പുനാഖയിലേക്കുള്ള അനുമതി പത്രം തയ്യാറായി ക്കഴിഞ്ഞിരുന്നു. അങ്ങോട്ടുള്ള യാത്രാവഴിയിൽ പ്രവേശിക്കും മുൻപ് തിമ്പു പട്ടണത്തിന്റെ മുഖ്യഭാഗങ്ങൾ കണ്ടു തീർത്തു. ഭരണകേന്ദ്രമായ തിമ്പു കോട്ട യുടെ പുനർനിർമ്മാണം 1968 ൽ പൂർത്തിയാക്ക പ്പെട്ടപ്പോൾ അതിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന പഴയ പട്ടണം പറിച്ചു നട്ടതാണ് ആധുനിക തിമ്പു എന്ന് ജി.ബാലചന്ദ്ര ന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് മുൻപേ മനസ്സിലാക്കിയിരുന്നു. പറിച്ചു നടലിന്റെ കാലത്ത് നാട്ടിലേയ്ക്കുള്ള യാത്രയിൽ ഒരു സന്ധ്യയ്ക്ക് അവിടെ എത്തിപ്പെട്ട അദ്ദേഹം അവിടെക്കണ്ട കാഴ്ചകളെപ്പറ്റി ഇങ്ങനെയാണ് എഴുതിയിട്ടുണ്ടായിരുന്നത്: “എവിടെയാണ് തിമ്പു? ഒരാഴ്ച കൊണ്ട് മാറ്റിത്താമസിപ്പിച്ചിരിക്കുന്ന തിമ്പു ടെന്റുകളിലും താൽക്കാലിക ഷെഡ്ഡുകളിലുമായി നിലകൊളളുന്നു. കൊയ്ത്ത് കഴിഞ്ഞുണങ്ങിക്കിടക്കുന്ന നെൽപ്പാടങ്ങളിലേയ്ക്ക് ഒരു നഗരത്തെ പറിച്ചു നടുക! പറിച്ചു നടൽ കഴിഞ്ഞതേയുള്ളൂ. വേരോടിത്തുടങ്ങിയിട്ടില്ല. ടെന്റുകളുടെ മഹാപ്രളയം. വെള്ളമില്ല. വെളിച്ചമില്ല.റോഡുകളില്ല. മനുഷ്യർ മാത്രം.”
ഇന്ന് കാണുമ്പോൾ ഭൂനിരപ്പിലെ വ്യത്യസ്തതകൾ കൊണ്ടുള്ള മാറ്റങ്ങളും കെട്ടിടങ്ങളുടെ വലിപ്പച്ചെറുപ്പങ്ങളിലുള്ള വ്യത്യാസങ്ങളുമൊഴിവാക്കിയാൽ ഫുൻഷോലിങ്ങിനും പാറോയ്ക്കും തിമ്പുവിനും ഏതാണ്ടൊരേ മുഖഛായ തന്നെയാണെന്ന് ശ്രദ്ധിച്ചു. ഇന്ത്യൻ പട്ടണങ്ങളുടെ ചരിത്രത്തോട് താരതമ്യം ചെയ്താൽ ശൈശവദശയിലുള്ള പട്ടണങ്ങളാണവ. തലസ്ഥാന മായ തിമ്പുവിന്റെ തന്നെ ആധുനിക മുഖത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമേയു ള്ളുവെന്ന് ജി.ബാലചന്ദ്രന്റെ മുകളിൽ പറഞ്ഞ ഓർമ്മകളും സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. രൂപരേഖ മുൻകൂർ വരച്ചുണ്ടാക്കിയ പട്ടണങ്ങളെന്ന് ഒറ്റ നോട്ടത്തിൽ തന്നെ നമ്മൾ പറഞ്ഞു പോകുന്ന പട്ടണങ്ങളാണ് മൂന്നും. കെട്ടിടങ്ങളുടെ വരികൾ തെറ്റാതുള്ള ഏകീകൃത വിന്യാസ വും വാസ്തുശിൽപ്പപ്പൊരുത്തവുമാണ് ഏറെ ശ്രദ്ധേയം. നാടിന്റെ തനിമ വെടിഞ്ഞുള്ള കെട്ടിട നിർമ്മിതികൾ ഒന്ന് പോലും അവിടങ്ങളിൽ കാണാൻ കഴിഞ്ഞില്ല.

ഒട്ടേറെ വൈദേശികമുദ്രകൾ കലർന്നതും, ഒത്തിരി ചരിത്രസ്മരണകൾ ഉണർത്തുന്നതും, പരസ്പരഭിന്നങ്ങളായ വാസ്തുശിൽപ്പവേലകളുടെ പ്രദർശനസ്ഥലങ്ങളുമായ ഇന്ത്യൻ നഗരങ്ങ ളിലെ നാനാവിധ നാനാത്വങ്ങൾ കണ്ടും കേട്ടും പഴകിയ നമ്മുടെ കണ്ണുകൾക്കും കാതുകൾ ക്കും കാര്യങ്ങളെല്ലാം ഏതാണ്ട് ഒരേ വടിവിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന ഭൂട്ടാൻ നഗരങ്ങൾ കാഴ്ചാസ്ഥലങ്ങൾ എന്ന നിലയിൽ അവയുടെ ഏകതാനത കൊണ്ടും, പ്രകടമായ വ്യവസ്ഥാധിപത്യം കൊണ്ടുമൊക്കെ വിരസമായി അനുഭവപ്പെടില്ലേ എന്ന ചോദ്യം പ്രസക്ത മായി തോന്നി. നാട് കാണാൻ മാത്രമുള്ള കണ്ണുകളും കാതുകളുമായി സന്ദർശകരായി പോകുമ്പോൾ നമുക്കവ ദേവാലയങ്ങൾക്കുള്ളിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന റിട്രീറ്റിന്റെ അനുഭവം നൽകിയേക്കാം. എന്നാൽ ഒരു ദിവസവും മറ്റൊരു ദിവസവും തമ്മിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടാത്തവിധം എല്ലാം ക്രമീകൃതവും ശബ്ദ രഹിതവുമാകുമ്പോൾ ഏറെക്കുറെ ദേവാലയങ്ങൾ താമസസ്ഥലമായാലുള്ള അവസ്ഥാന്തരമല്ലേ ഉണ്ടാകാനിട?
പക്ഷേ, പട്ടണങ്ങളുടെ കാര്യത്തിൽ പാലിച്ചിട്ടുള്ള ആ ക്രമബദ്ധതയോ കെട്ടിട ങ്ങളുടെ വാസ്തുശിൽപ്പപ്പകിട്ടുകളോ പ്രാന്തങ്ങളിലും വഴിയാത്രകളിൽ കടന്നു പോയ ഉൾനാടൻ മനുഷ്യവാസകേന്ദ്രങ്ങളിലും കണ്ടില്ലെന്ന് തന്നെ പറയാം. അവിടെല്ലാം പാരമ്പര്യമൊക്കെ കൈവിട്ട് അതിജീവനാവശ്യങ്ങളെ മാത്രം മുന്നിൽ കണ്ട് പണിയപ്പെട്ട കോൺക്രീറ്റ് നിർമിതികളാണ് കണ്ടതിലേറെയും. വടക്കു കിഴക്കൻ ഇന്ത്യൻ പ്രദേശങ്ങളിലെ പോലെതന്നെ കാഴ്ചപ്പകിട്ട് കാര്യമായി കണക്കിലെടുക്കാത്ത നിർമ്മാണങ്ങൾ. നാല് ചുറ്റും ഭൂമി പാഴായിക്കിടക്കുന്ന നാട്ടിൻപുറങ്ങളിലേയ്ക്കും ഫ്ളാറ്റ് സംസ്കാരം കടന്ന് ചെന്നിട്ടുമുണ്ട്. ചുരുക്ക ത്തിൽ, പട്ടണങ്ങൾ മാത്രം കണ്ട് ഭൂട്ടാനിലെ സംസ്കാരത്തെയും മനുഷ്യാവസ്ഥയെയും മനസ്സിലാക്കാൻ ഒരുമ്പെടരുതെന്ന പ്രൊഫസറുടെ ഉപദേശത്തെ ഓർമിപ്പിക്കുന്ന വിധത്തിലു ള്ളവയായിരുന്നു. കണ്ടിടത്തോളം ഗ്രാമക്കാഴ്ചകൾ.
പട്ടണങ്ങളുടെ കാര്യത്തിൽ പറഞ്ഞത് പോലുള്ള വൈവിധ്യങ്ങളുടെ അഭാവം ഭൂട്ടാന്റെ പ്രകൃതിയിലുമുണ്ട്. ലാൻഡ് ലോക്ഡ് എന്ന വിശേഷണം ഭൂട്ടാന് സർവധാ ഇണങ്ങുന്നത് തന്നെയാണ്. കാരണം കടലിലേയ്ക്കോ അതിവിശാലമായ കൃഷിയിടങ്ങളിലേയ്ക്കോ മരുഭൂമിയിലേയ്ക്കോ തുറക്കുന്ന ഒരു വാതായനം ഭൂട്ടാനിൽ ഒരിടത്തുമില്ലല്ലോ. പർവതങ്ങൾ ക്കിടയിൽ പൂട്ടപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളാണ് വഴിയാത്രയിൽ കണ്ടവയെല്ലാം. മൂന്ന് പട്ടണങ്ങൾ പിന്നിട്ട് നാലാമതൊന്നായ, പുനാഖയിലേയ്ക്കുള്ള യാത്രയിലും പർവ്വതങ്ങളുടെ യും താഴ്വാരങ്ങളുടെയും തുടർ ദൃശ്യങ്ങൾ തന്നെയാണ് വാഹനത്തിന്റെ ഇരുവശങ്ങളിലൂ ടെയും കടന്നു പൊയ്ക്കൊണ്ടിരുന്നത്.
ഹിമാലയത്തിലേയ്ക്കുള്ള യാത്രകളിലെല്ലാം ഒരു കാര്യത്തെച്ചൊല്ലിയുള്ള ആശങ്ക മനസ്സിൽ കൂടുകൂട്ടാറുണ്ട്. അത് മറ്റൊന്നുമല്ല -കാണാൻ കാംക്ഷിക്കുന്ന കാഴ്ചകളുടെ കാര്യത്തിലെ അനിശ്ചിതത്വമാണ്. ഉദ്ദേശിക്കുന്നത് മഞ്ഞുമലകളെയാണ്. യാത്ര പുറപ്പെടുമ്പോൾ തന്നെ മഞ്ഞുമലകൾക്കപ്പുറത്തെ പുനാഖയിലേക്കുള്ള യാത്രയെച്ചൊല്ലി അങ്ങനെയൊരു ഉത്കണ്ഠ മനസ്സിലുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 7656 അടി ഉയരത്തിലുള്ള തിമ്പുവിൽ നിന്ന് പർവതങ്ങൾ കയറിക്കയറിച്ചെന്ന് പതിനായിരത്തിലധികം അടി ഉയരെയുള്ള ദോച്ചുല പാസ്സിലെത്തിയിട്ട് താഴേയ്ക്കിറങ്ങിയിറങ്ങിയാണ് 4075 അടിമാത്രം ഉയരത്തിലുള്ള പുനാഖയിലെ ത്തുന്നത്.
ദോച്ചുല അനുഭവത്തെപ്പറ്റി “നോർബുലിംഗ് ” എന്ന ഓർമ്മക്കുറിപ്പിൽ ജി.ബാലചന്ദ്രൻ ഇങ്ങനെ എഴുതിയിട്ടുണ്ട്: “താഴെ പുനാഖാനദി ഒരു വെള്ളിരേഖ പോലെ കാണാം. അകലെ അകലെ ശുദ്ധശുഭ്രമായ ‘ചോ മാ ലാ ഹരി ‘ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു . പൂത്തുലഞ്ഞു കിടക്കുന്ന റോഡോഡഡ്രൻ മരങ്ങൾക്കിടയിൽക്കൂടി ആ മഞ്ഞ് മൂടിയ കൊടുമുടികൾ നോക്കി നിൽക്കുക ഹൃദയംഗമമായ അനുഭവമായിരുന്നു.”
Read More:പാറോ താഴ്വരയിലെ വാൻഗോഗ് ചിത്രങ്ങൾ-ഒരു പർവ്വതദേശത്തിന്റെ പാർശ്വദൃശ്യങ്ങൾ -ഭാഗം 2
‘ചോ മാ ലാ ഹരി ‘ ഭൂട്ടാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ഒത്തിരി വർഷങ്ങൾക്ക് പിന്നിലേക്ക് മറഞ്ഞ് കഴിഞ്ഞ ഒരു സെപ്റ്റംബർ മാസത്തിൽ ജി.ബാലചന്ദ്രന് ലഭിച്ച ‘ചോ മാ ലാ ഹരി ‘യുടെ മേൽപ്പറഞ്ഞ കാഴ്ചാനുഭവമായിരു ന്നു ഇക്കഴിഞ്ഞ സെപ്റ്റംബറിലെ ഈ യാത്രയിൽ പുനാഖാ, ലക്ഷ്യസ്ഥാനങ്ങളി ലൊന്നായി, ഒരു വിട്ടുവീഴ്ചയുമില്ലാതെ തിരഞ്ഞെടുക്കാൻ പ്രചോദനമായത്.
ദോർജിയുടെ കാർ കയറ്റങ്ങൾ ഓരോന്നും കയറിക്കയറി ദോച്ചുലയെ സമീപിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം ഹൃദയമിടിപ്പ് ഉയർന്നുയർന്ന് പൊയ്ക്കൊണ്ടിരുന്നു.
‘ചോ മാ ലാ ഹരി’ കാണാൻ ഹൃദയം ഒരു കൊച്ചു കുട്ടിയെപ്പോലെ തിടുക്കം കൂട്ടുകയാണ്.