അൻപത് വർഷം മുൻപ് പത്താം ക്ലാസ്സിൽ ഉപപാഠപുസ്തകമായി പഠിച്ച ‘ലോസ്റ്റ് ഹൊറൈസൺ’ എന്ന ജയിംസ് ഹിൽട്ടൺ നോവലിന്റെ പശ്ചാത്തല ഭൂമിക ഹിമാലയത്തിന്റെ ഉയരങ്ങളിലെ തിബത്തൻ, ഭൂട്ടാൻ പർവ്വത ദേശങ്ങളിലെവിടെയുമാകാവുന്ന ‘ഷാംഗ്രില’ എന്ന സാങ്കൽപ്പിക ബുദ്ധവിഹാരമായിരുന്നു. തട്ടിക്കൊണ്ട് പോയ ഒരു വിമാനത്തിൽ അകപ്പെട്ടാണ് നോവലിലെ കഥാനായകനായ കോൺവെ അവിടെയെത്തിപ്പെടുന്നത്. മരണം പോലും കടന്ന് ചെല്ലാൻ ഭയപ്പെട്ടിരുന്ന സ്വർഗ്ഗസമാനമായ ആ നിഗൂഢ സങ്കേതത്തിൽ നിന്ന് അതീവ വിസ്മയകരവും അമാനുഷികവുമായ അനുഭവങ്ങളായിരുന്നു കോൺവേയ്ക്ക് ലഭിച്ചത്. അതെല്ലാം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഇംഗ്ലീഷ് ടീച്ചർ പറഞ്ഞു കേൾപ്പിച്ചിരുന്നത് കണ്ണ് മിഴിച്ച് കേട്ടുകൊണ്ടിരുന്ന നാളുകൾ മുതൽ എന്നെങ്കിലും ചെന്നെത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർത്ത് കൊതിച്ചിരുന്ന നാടുകളായിരുന്നു എനിക്കതൊക്കെയും. പിന്നെ എഴുപതെൺപതുകളിൽ ഭൂട്ടാൻ ജീവിതാനുഭവം പ്രമേയമാക്കി ജി.ബാലചന്ദ്രൻ മാതൃഭൂമി വാരികയിൽ എഴുതിയ ഹൃദയസ്പർശിയായ ആഖ്യാനങ്ങൾ ചാരം മൂടിക്കിടന്ന ആ ആശയുടെ കനലിനെ പിന്നെയും ആളിക്കത്തിച്ചു.
പർവ്വതങ്ങൾ കൂട്ടം കൂടി നിൽക്കുന്ന ഭൂട്ടാൻ എന്ന കൊച്ചു രാജ്യം സമ്പത്തിനേക്കാൾ സന്തോഷത്തെ ലക്ഷ്യംവച്ച് ജീവിക്കുന്ന ഒരു ജനതയുടേതാണെന്ന സമീപ കാല കേട്ടുകേൾവി ആ ദീർഘകാല മോഹത്തിന് ഈയിടെ പൂർവാധികം ആക്കം കൂട്ടുകയുമുണ്ടായി. അങ്ങനെയാണ് ഞാനും തന്നത്താൻ തട്ടിയെടുത്തു കൊണ്ട് കൂട്ടുകാരിൽ ചിലരോട് ചേർന്ന് ഭൂട്ടാനിലേയ്ക്ക് യാത്ര പോകാനിടയായത്. ഷാംഗ്രിലയോളമെത്തുന്ന അഥവാ ഭൂട്ടാന്റെ ഉള്ളറിയാൻമാത്രം ദൈർഘ്യമുള്ള യാത്രയൊന്നുമായില്ലത്. നാലഞ്ച് ദിവസങ്ങൾകൊണ്ട് നടത്തിയ ഒരോട്ടപ്രദക്ഷിണം മാത്രമേ സാധ്യമായുള്ളൂ. ജെയിംസ് ഹില്ട്ടനും ജി.ബാലചന്ദ്രനും എഴുതിക്കൊതിപ്പിച്ച ആ ഭൂപ്രകൃതിയുടെ ഭംഗിയല്ലാതെ അവരാവിഷ്കരിച്ച മനുഷ്യപ്രകൃതി യുടെ മനോഹാരിതകളൊന്നും കാര്യമായി അടുത്തറിയാൻ കഴിഞ്ഞില്ലെന്നർത്ഥം.

കൊൽക്കത്തയിലെ സിയാൽദ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബംഗാളിന്റെ അസ്സം അതിർത്തിയായ അലിപ്പൂർ ദ്വാറിലേക്ക് തലേന്ന് രാത്രി പുറപ്പെട്ട കാഞ്ചൻ കന്യാ എക്സ്പ്രസ്സിലായിരുന്നു ഒരു നട്ടുച്ചനേരത്ത് ഭൂട്ടാൻ അതിർത്തിയോടടുത്ത ഹാസിമാരാ റെയിൽവേസ്റ്റേഷനിൽ ഞങ്ങൾ എത്തിച്ചേർന്നത്. ഹാസിമാരയിൽ നിന്ന് പതിനെട്ട് കിലോമീറ്റർ ദൂരമേയുള്ളൂ ഭൂട്ടാൻ അതിർത്തിയെത്താൻ. ആ ദൂരം ഒട്ടു മുക്കാലും നെൽപ്പാടങ്ങൾ പോലെ പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങളെ പകുത്ത് പോകുന്ന ഒരു നെടുനീളൻ ടാർ റോഡാണ് . കുന്നുകളെ മൂടുന്ന തേയിലത്തോട്ടങ്ങൾ മാത്രം കണ്ട് പരിചയിച്ചവരായ നമ്മൾ തെക്കെ ഇൻഡ്യാക്കാരുടെ കണ്ണുകളെ ആ സമതലങ്ങളിലെ തേയിലക്കൃഷി തെല്ല് വിസ്മയിപ്പിച്ചേക്കാം . എന്നാൽ ആ ദൂരം കൂടി താണ്ടിക്കഴിഞ്ഞാൽ എത്തിച്ചേരുന്ന ജയ്ഗോൺ എന്ന ബംഗാളി അതിർത്തിപ്പട്ടണം ഇപ്പറഞ്ഞ വിസ്മയത്തെ പെട്ടെന്നകറ്റുന്നു. ഒരു രാത്രി മുഴുവനോടി ശിവോക് മലനിരകളും ചൈനയിൽ നിന്നുത്ഭവിക്കുന്ന തോർസാ നദിയുമൊക്കെ പിന്നിലാക്കി കാഞ്ചൻകന്യ കടന്ന് പോന്ന ദൂരത്തെയൊക്കെയും അതിലും ദൂരേക്കെറിഞ്ഞ് തലേന്ന് വിട്ടു പോന്ന കൊൽക്കത്തയുടെ പ്രതീതികൾ തന്നെ തിരികെ നൽകിയ പട്ടണമാണ് ജയ്ഗോൺ. അതെ പൗരാണിക മുഖച്ഛായ ഏതാണ്ട് അതേതരം ബഹളങ്ങൾ. വിഭജനശേഷം വർഷങ്ങളിത്രയും കടന്നു പോന്നിട്ടും ഇന്നും അഭയാർത്ഥികളെപ്പോലെ തന്നെ കാണപ്പെടുന്ന ആൾക്കൂട്ടങ്ങൾ. നടുറോഡിലൂടെ അലഞ്ഞു നടക്കുന്ന പശുക്കളും. നായ്ക്കളും ഉച്ചത്തിൽ മുക്രയിടുന്ന ചരക്കു ലോറികൾ, ചപ്പുചവറുകൾ, ഉച്ചഭാഷിണികൾ ആദ്യകാഴ്ചയിൽ തന്നെ ജയ്ഗോണിനെ നമുക്ക് കൊൽക്കത്തയുടെ അനുജത്തീ എന്ന് വിളിക്കാൻ തോന്നും.

തൊട്ടപ്പുറത്തെ ഭൂട്ടാന്റെ അതിർത്തിപ്പട്ടണമായ ഫുൻഷോലിങ്ങിനെ ജയ്ഗോണിൽ നിന്ന് വേർതിരിക്കുന്നത് അതിർത്തി രേഖയിലെ ഉയരമേറിയ ഒരു കമ്പിവേലി മാത്രമാണ്. വേലിക്കപ്പുറത്തേക്ക് കടന്ന് ഭൂട്ടാനിലേയ്ക്ക് പ്രവേശിക്കാനും ഇന്ത്യയിലേയ്ക്ക് തിരിച്ചു വരാനും അങ്ങോട്ടു മിങ്ങോട്ടും കാണാവുന്ന അകലത്തിൽ അപ്പുറത്തും ഇപ്പുറത്തുമായി പ്രത്യേക കവാടങ്ങളുണ്ട്. ഇരുപട്ടണങ്ങൾക്കുമിടയിലെ സഞ്ചാരങ്ങൾക്ക് കവാടങ്ങളിലെ സുരക്ഷാപരിശോധനയല്ലാതെ മറ്റൊരു തടസ്സവുമില്ലാത്തതിനാൽ രണ്ടിനെയും ചേർത്ത് ഒരൊറ്റ പട്ടണമായി കാണാവുന്ന തേയുള്ളൂ. ഇന്ത്യൻ കറൻസിയും ഭൂട്ടാൻ കറൻസിയും ഭൂട്ടാനിലെങ്ങും ഒരേമൂല്യത്തോടെ വിനിമയം ചെയ്യാവുന്നതുമാണ് പക്ഷേ, ആ ഒരുമയുടെ അനുഭവം ഒട്ടുമേ നൽകാത്ത അവസ്ഥാന്തരമാണ് ജയ്ഗോണിനും ഫുൻഷോലിങ്ങിനും തമ്മിലുള്ളത്. ജയ്ഗോൺ ഒരു വൃദ്ധനഗരവും ഫുൻഷോലിങ് ഒരു യുവനഗരവുമാണെന്ന് ആദ്യകാഴ്ചയിൽത്തന്നെ ആരും പറയും. പത്തറുപത് കൊല്ലം മുൻപ് അവിടെയെത്തിയ ജി.ബാലചന്ദ്രൻ തന്റെ ‘കൊടുമുടികൾ,കുതിരകൾ’ എന്ന് പേരിട്ട ഓർമ്മക്കുറിപ്പിൽ ഫുൻഷോലിങ്ങിനെ “ഹിമാലയത്തിന്റെ അടിവാരത്തുള്ള ഒരു ഗ്രാമ”മാണെന്നാണ് വിശേഷിപ്പിച്ചിരുന്നതും .

ജയ്ഗോണിലെ അവ്യവസ്ഥകൾക്ക് ബദലായി തികഞ്ഞ വ്യവസ്ഥാധിപത്യത്തിന്റെ മുഖച്ഛായയാണ് ഇന്ന് ഫുൻഷോലിങ്ങിന്റേത്. ജയ്ഗോണിലെ തോന്നുംപടി കെട്ടിപ്പൊക്കിയ പഴഞ്ചൻ കെട്ടിടക്കൂട്ടങ്ങളുടെയും കുണ്ടു കുഴികൾ നിറഞ്ഞ ഇടുക്കു വഴികളുടെയും അവയിലൂടെ തുല്യാവകാശം സ്ഥാപിച്ച് കെട്ടുപിണഞ്ഞ് ഒച്ചവച്ച്, മല്ലടിച്ച് മുന്നേറുന്ന വാഹനങ്ങളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ സ്ഥാനത്ത് അതെല്ലാറ്റിന്റെയും വിപരീതങ്ങൾപോലെ വിസ്താരവും വൃത്തിയും വെടിപ്പുമുള്ള സമനിരപ്പായ, ആൾബഹളമി ല്ലാത്ത വഴികൾ, വിസ്താരമുള്ള കാൽ നടപ്പാതകൾ. കർശനമായ ട്രാഫിക് നിയമവ്യവസ്ഥ. ഹോണടിക്കാതെ ഓടുന്ന വാഹന ങ്ങൾ. നിങ്ങൾക്ക് തിരക്കില്ലെങ്കിൽ എനിക്കത്ര പോലും തിരക്കില്ല എന്ന് പറയുന്നൊരു മുഖഭാവത്തോടെ നമുക്ക് സീബ്രാ ലൈൻ മുറിച്ചു കടക്കു വാൻവേണ്ടി സ്വമേധയാ വാഹനം നിർത്തിയിടുന്ന ഡ്രൈവർമാർ. ഭംഗിയുള്ള ഡിസൈനുക ളിൽ തമ്മിലിണങ്ങുന്ന നിറങ്ങൾ പൂശിയ പുതുക്കം വെടിയാത്ത കെട്ടിടങ്ങൾ, അടുക്കും ചിട്ടയുമുള്ള കൊച്ചു കൊച്ചുകടകൾ മിതമായ വിലയ്ക്ക് വേണ്ടത്ര മദ്യം ലഭിക്കുന്ന റെസ്റ്റോറന്റു കൾ. മിതഭാഷികളായ മനുഷ്യർ അങ്ങനെ ആകമാനം വൈദേശിക മുദ്രകൾ പേറുന്ന കാഴ്ചാനുഭവമാണ് ഫുൻഷോലിങ്. എങ്ങും ശാന്തത, സ്വസ്ഥത. കവാടം കടന്ന് കയറിച്ചെല്ലുമ്പോൾ തന്നെ കാണുന്ന കൊച്ചു പാർക്കിൽ സ്ഥിതിചെയ്യുന്ന ബുദ്ധക്ഷേത്ര ത്തിലെ ധ്യാനചക്രം തിരിയുന്നതും ഒരൊച്ചയും ഉണ്ടാക്കാതെയാണ്. അങ്ങനെ എല്ലാം കൊണ്ടും ഒരു കാലത്ത് നിന്ന് മറ്റൊരു കാലത്തേയ്ക്ക് അല്ലെങ്കിൽ ഒരു സംസ്കാരത്തിൽ നിന്ന് മറ്റൊരു സംസ്കാരത്തിലേയ്ക്ക് പെട്ടെന്ന് കാലെടുത്ത് കുത്തിയ പ്രതീതി നൽകുന്ന വിചിത്ര സ്ഥലമാണ് ആ ഇന്ത്യ – ഭൂട്ടാൻ അതിർത്തി.

സന്ദർശകവാടത്തിന് തൊട്ടപ്പുറത്ത് തന്നെയാണ് ജയ്ഗോണിൽ നിന്ന് ഭൂട്ടാനിലേയ്ക്ക് നീളുന്ന ഹൈവേയിലെ വാഹനങ്ങളുടെ പ്രവേശന കവാടത്തിലെ ഭൂട്ടാൻ ഗേറ്റും. ഭൂട്ടാനീസ് ശിൽപ്പചാതുരി തുടിക്കുന്ന കലാഭംഗിയുള്ള ഒരു നിർമ്മിതിയാണത്. ആ കവാടത്തിന്റെ ചിത്രം ഭൂട്ടാൻ ഭാഗത്ത് നിന്ന്പകർത്താൻ ശ്രമിച്ചാൽ ഭൂട്ടാനീസ് കാവൽക്കാർ ഓടി വന്ന് നിങ്ങളെ തടയും. എന്നാൽ ജയ്ഗോൺ ഭാഗത്ത് നിന്നായാൽ ആരും തടയാൻ വരികയുമില്ല. ഭൂട്ടാനിലെ ഭരണ വ്യവസ്ഥ വേറെയാണെന്ന് യാത്രയുടെ തുടക്കത്തിൽ തന്നെ ഇന്ത്യാക്കാരെ ഒന്ന് ഓർമ്മിപ്പിച്ച് വിടാൻ പറ്റിയതാണ് ആ അനുഭവവ്യത്യസ്തത.
ഭക്ഷ്യധാന്യങ്ങളും ഒട്ടു മിക്ക ഗാർഹിക വ്യവസായിക ഉൽപ്പന്നങ്ങളുമൊക്കെ ഭൂട്ടാൻ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ ഇപ്പറഞ്ഞ ഭൂട്ടാൻ ഗെയ്റ്റിൽ സദാനേരവും ചരക്കുനീക്കത്തിന്റെ കാഴ്ചകൾ കാണാം. അതേകാരണം കൊണ്ട് ഫുൻഷോലിങ് ഭൂട്ടാന്റെ ഒരേയൊരു വാണിജ്യ നഗരമെന്ന് അറിയപ്പെടുകയും ചെയ്യുന്നു. പക്ഷെ നമ്മൾ ഇന്ത്യാക്കാരുടെ വാണിജ്യ നഗരങ്ങളിലെ ബഹളമൊന്നും അവിടെ കാണാനില്ല. ഏതാണ്ട് ഏഴെട്ട് ലക്ഷത്തോളം പേർ മാത്രം അധിവസിക്കുന്ന, അതായത്, ഏറെക്കുറെ നമ്മുടെ വയനാട് ജില്ലയിലുടെയത്ര ജനസംഖ്യ മാത്രം വരുന്ന ഭൂട്ടാൻ ജനതയുടെ ഉപഭോഗത്തിന് വേണ്ടതായ വാണിജ്യം അത്രയ്ക്കല്ലേ വരൂ .
യാത്രയ്ക്ക് ഹാസിമാരാ വഴി തിരഞ്ഞെടുക്കുന്ന ഇന്ത്യൻ സന്ദർശകരുടെയെല്ലാം തന്നെ ഭൂട്ടാനിലെ ആദ്യരാത്രിയുടെ പട്ടണം ഫുൻഷോലിങ് ആയിരിക്കും. കാരണം ലക്ഷ്യസ്ഥാനമായ തിമ്പുവിലോ പാറോയിലോ പാർപ്പിടസൗകര്യം ബുക്ക് ചെയ്ത രേഖയും തിരിച്ചറിയൽ കാർഡുമൊക്കെ സമർപ്പിച്ച് അവിടുത്തെ എമിഗ്രേഷൻ ഓഫീസിൽ നിന്ന് അനുമതി പത്രം കൈവശമാക്കിയെങ്കിൽ മാത്രമേ ഫുൻഷോലിങ് വിട്ട് ഭൂട്ടാനിലൂടെ മുന്നോട്ടുള്ള യാത്ര സാധ്യമാകുകയുള്ളൂ.
ഫുൻഷോലിങ്ങിലെത്തിയ പാടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്കായി കരാറിലേർപ്പെട്ട ടാക്സിയുടമ യാഷി ദോർജിയോടൊപ്പം പോയതിനാൽ ഞങ്ങളുടെ ചെറിയ യാത്രാ സംഘത്തിന് അനുമതിശേഖരണം സംബന്ധിച്ച കാര്യങ്ങൾക്കെല്ലാം എളുപ്പം നീക്കുപോക്കുണ്ടായി . അത്യാധുനിക ഭരണകേന്ദ്രങ്ങൾക്ക് ചേർന്ന സൗകര്യങ്ങൾ എല്ലാം കാണാൻ കഴിഞ്ഞ എമിഗ്രേഷൻ ഓഫീസിനുള്ളിൽ ദോർജിക്ക് വേണ്ടത്ര പിടിപാടൊക്കെയുണ്ടെങ്കിലും അതിനുള്ളിൽ പ്രവേശിക്കണമെങ്കിൽ ധരിച്ചിരുന്ന വസ്ത്രം മാറി ഭൂട്ടാന്റെ ദേശീയ വസ്ത്രം ധരിക്കേണ്ടിയിരുന്നു വെന്ന് മാത്രം. ദോർജി വേഷം മാറി വരാൻ എടുത്തത്ര സമയം മാത്രമേ പെർമിറ്റ് കിട്ടാനും വേണ്ടി വന്നുള്ളൂ. അത് പറയുമ്പോൾ ഭൂട്ടാന്റെ ദേശീയവസ്ത്രം ധരിക്കാൻ പ്രയാസമേറിയതാണെന്ന് ധരിച്ചു പോകരുതേ. എടുത്തണിയാൻ ഇത്രയ്ക്ക് എളുപ്പമുള്ള വേഷം വേറെയില്ലെന്നു പറയാൻ മാത്രം ലളിതമാണ് ഭൂട്ടാന്റെ ദേശീയവസ്ത്രമായ ‘ഖോ’ .ദോർജി അത് തന്റെ കാറിൽ സൂക്ഷിക്കാതെ പോയതിനാൽ താമസസ്ഥലത്ത് പോയി എടുത്തു കൊണ്ടു വരാൻ അൽപ്പം താമസമുണ്ടായി എന്നതാണ് വസ്തുത.

ഇന്ത്യൻ ഭാഗത്തെ സമനിരപ്പായ പ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഫുൻഷോലിങ് പട്ടണത്തിനപ്പുറം ഭൂപ്രകൃതി പൊടുന്നനെ പാടെ മാറുകയാണ്. ഭൂട്ടാൻ ഗേറ്റ് കടന്ന് കുറച്ചൊരു ദൂരം നടക്കുമ്പോൾ തന്നെ പട്ടണത്തിന്റെ അതിർത്തി വിട്ട് വഴി ഇരുവശങ്ങളിലേക്ക് ശാഖ പിരിഞ്ഞ് കയറ്റം കയറി ചുറ്റി വളഞ്ഞ് അപ്രത്യക്ഷമാകുന്നു. അതിനപ്പുറം പർവ്വതശിരസ്സുകൾ ഉയർന്ന് നിൽക്കുന്നത് കാണാം.
ദൂരയാത്രകളിൽ വാഹനത്തിന് പുറത്തെ ഭൂപ്രകൃതി മാറുന്നതിനൊപ്പം അകത്തെ മനുഷ്യപ്രകൃതിയും മാറിക്കൊണ്ടിരിക്കുന്നത് പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുള്ള ഒരു കാര്യമാണ്. യാത്ര പർവ്വത ദേശങ്ങളിലേയ്ക്കാകുമ്പോഴാണ് ആ മാറ്റം ഏറെ പ്രകടമായി തോന്നാറുള്ളത്. സമതലങ്ങളിലൂടെ ഓടുന്ന വണ്ടികളിൽ ഉറക്കെ സംസാരിച്ചും ചിരിച്ചു രസിച്ചുമൊക്കെയിരിക്കുന്ന മനുഷ്യർ വണ്ടി വേഗം കുറച്ച് മല കയറിത്തുടങ്ങുമ്പോൾ പൊതുവെ മൗനികളാകാറുണ്ട്. സമതലങ്ങളിലെ ഭൂപ്രകൃതിയോട് ഒരുതരം സമഭാവന പുലർത്തുന്ന നമ്മളൊക്കെ ഉയർന്ന പർവ്വതങ്ങളെ കാണാറുള്ളത് ഒരൽപ്പം ഉൾഭയത്തോടെ യാണെന്ന് തോന്നുന്നു. ചുറ്റും പർവതങ്ങൾ രാജകീയപ്രൗഢിയോടെ തലയുയർത്തി നിൽക്കുമ്പോൾ മനുഷ്യർ പ്രകൃതിയോട് സമതലങ്ങളിൽ വച്ച് പുലർത്തിയ സഹഭാവം വെടിഞ്ഞ് പ്രകൃതിയുടെ വിനീതരായ പ്രജകളെപ്പോലെ പെരുമാറിത്തുടങ്ങുന്നു. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേയ്ക്ക് കടന്നപ്പോൾ പൊടുന്നനെ ചുറ്റും പരന്ന മൂകതയിൽ ഭൂപ്രകൃതിയിലെയും മനുഷ്യപ്രകൃതിയിലെയും ആ ഭാവമാറ്റങ്ങൾ പ്രത്യക്ഷത്തിൽ അനുഭവപ്പെടുകയുമുണ്ടായി മാത്രമല്ല, നേരത്തെ പറഞ്ഞവിധം ഭൂട്ടാൻ ഗേറ്റിൽ വച്ച് തന്നെ അനുഭവപ്പെട്ട ജനാധിപത്യ ത്തിൽ നിന്ന് രാജവാഴ്ചയിലേയ്ക്കുള്ള ഭരണവ്യവസ്ഥയിലെ മാറാട്ടത്തോട് ഭൂപ്രകൃതിയിലെ ആ മാറ്റം ഒത്ത് പോകുന്നതായും തോന്നി.
ഫുൻഷോലിങ് വിട്ട് കുറച്ചൊരു ദൂരം മല കയറിചെല്ലുന്നിടത്തുള്ള ബുദ്ധ വിഹാരത്തിന് മുന്നിൽ ഇന്ത്യയോട് യാത്ര പറയാൻ പറ്റിയ ഒരു കുന്നിൻ ചെരിവുണ്ട്. അവിടെ നിന്നാൽ കമുകിൻ തലപ്പുകൾക്കിടയിലൂടെ ജയ്ഗോണിലെ മനുഷ്യരുടെയും വാഹനങ്ങളുടെയും നായ്ക്കളുടെയും നെട്ടോട്ടങ്ങളുടെ ആകാശദൃശ്യം കിട്ടും. അതിനൊക്കെ നേരെ ഒന്ന് കൈവീശിക്കാട്ടിയിട്ടാണ് മുന്നോട്ടുള്ള യാത്രയെങ്കിൽ ഇന്ത്യ വിട്ട് ഭൂട്ടാനിലെ ശാന്ത പ്രകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന അനുഭവം ഒന്ന് കൂടി തീവ്രമാകും. കാരണം മുന്നോട്ടുള്ള യാത്രയിലുടനീളം ഏറ്റവും സ്പർശിക്കുന്ന അനുഭവം വിജനതയുടേതാണ്. കര വിട്ട് കടലിലേയ്ക്ക് കടക്കുന്ന പ്രതീതി പോലൊന്നാണത്. ചുറ്റും കാണുന്ന പർവ്വതനിരകളുടെ നിമ്നോന്ന വിശാലത കടലിന്റെ അപാരതയോളം പോന്ന കാഴ്ചാനുഭവമാണ്. ഹിമാലയൻ മലനിരകളുടെ പൊതുസ്വഭാവം പാലിക്കുന്ന, കൃഷി ഭൂമികൾപോലും കാണാനില്ലാത്ത ആദിമകാല ഭൂവിശാലതയാണ് ചുറ്റും. അതിലേയ്ക്ക് നോക്കി നോക്കിയിരുന്നപ്പോൾ ഭൂട്ടാൻ എന്ന് കേൾക്കുമ്പോൾ തന്നെ മിക്കവാറും മനസ്സിൽ തെളിയാറുള്ള ശ്രീബുദ്ധന്റെ മുഖഭാവം ആവർത്തിച്ചാവർത്തിച്ച് തെളിഞ്ഞു വരികയുണ്ടായി. വിദൂരതയിൽ പർവ്വതങ്ങളുടെ ഉയരങ്ങളിൽ ഷാംഗ്രിലയുടെ ഇരുണ്ട നിഴലുകളും തെളിഞ്ഞുമാഞ്ഞു കൊണ്ടിരുന്നു.
ഞങ്ങളുടെ ആദ്യലക്ഷ്യസ്ഥാനമായിരുന്ന പാറോ പട്ടണം ലക്ഷ്യമാക്കി മലഞ്ചെരുവുകളിലൂ ടെ ചുറ്റിക്കയറി സഞ്ചരിച്ച ആറു മണിക്കൂറോളം നേരത്തിനിടെ വഴിയിൽ ആകെക്കണ്ട മനുഷ്യർ എണ്ണമെടുക്കാൻ സാധ്യമായിരുന്നത്ര പരിമിതമായിരുന്നു. അവരിൽ തന്നെ ഏറിയ പേരും വഴിപ്പണികളിൽ ഏർപ്പെട്ട് നിന്നവരായിരുന്നു. ഭൂട്ടാൻ ഭരണകൂടം റോഡുകൾ സംരക്ഷിക്കുന്നതിൽ കാട്ടുന്ന നിതാന്ത ജാഗ്രത ഇവിടെ എടുത്ത് പറയേണ്ട സംഗതിയായി തോന്നുന്നു. കുന്നിൻചെരുവുകൾ വെട്ടിത്താഴ്ത്തി ഉണ്ടാക്കിയ റോഡുകളുടെ കട്ടിംഗുകളിൽ ഒരു നിശ്ചിത ഉയരംവരെ ഒരു പുൽനാമ്പു പോലും വളർന്ന് നീണ്ട് വാഹനമോടിക്കുന്നവരുടെ കാഴ്ചയെ തടയരുത് എന്നൊരു കരുതലോടെ തീർത്തും തെളിച്ചിട്ടിരിക്കുന്ന കാഴ്ച വഴിയാത്ര യിൽ അങ്ങോളം കാണുകയുണ്ടായി. ദിവസേന മുഖക്ഷൗരം ചെയ്യുന്നത് പോലുള്ള ഒരു പ്രക്രിയയാണല്ലോ അവർക്കത് എന്ന് തോന്നിപ്പോയി. മലയിടിച്ചിൽ മൂലമുണ്ടായ തടസ്സങ്ങൾ നീക്കുന്ന കാര്യത്തിലും അതെ ശുഷ്കാന്തി കാണാൻ കഴിഞ്ഞു. എവിടെയൊക്കെ അത്തരം തടസ്സങ്ങൾ രൂപപ്പെട്ടിരുന്നോ അവിടെയെല്ലാം അത് നീക്കുന്ന പണികളും പുരോഗമിക്കുന്നു ണ്ടായിരുന്നു. എന്നിട്ടു പോലും ‘ഇൻകൺവീനിയൻസ് റിഗ്രെറ്റഡ്’ എന്നൊരു ബോർഡ് പണിസ്ഥലത്ത് പ്രദർശിപ്പിച്ച് യാത്രക്കാരോടുള്ള പ്രതിജ്ഞാബദ്ധത കാട്ടുന്ന സമ്പ്രദായവും അവിടെയൊക്കെക്കണ്ടു.
പത്തറുപത് കൊല്ലം മുൻപ് ഫുൻഷോലിങ്ങിലെത്തിച്ചേർന്ന ജി.ബാലചന്ദ്രൻ മൂന്ന് കൂട്ടുകാരോടൊപ്പം തിമ്പുവിലെക്ക് പോകാൻ ഒരു ജീപ്പിന് വേണ്ടി ഒൻപത് ദിവസം അവിടെ കാത്തുകിടന്ന ശേഷം ട്രാൻസ്പോർട്ട് ഓഫീസർ അവർക്കുള്ള ജീപ്പ് അനുവദിച്ചത് “വഴിയെല്ലാം മലയിടിച്ചിലാണ്. ഭാഗ്യമുണ്ടെങ്കിൽ മൂന്ന് നാല് ദിവസം കൊണ്ട് തിമ്പുവിലെത്താം” എന്ന് പറഞ്ഞു കൊണ്ടായിരുന്നുവെന്നോർക്കുക.
അതിനും മുൻപ്, 1958-ൽ നാഥുലാപാസ്സും ഹായും കടന്ന് കുതിരകളുടെയും യാക്കുകളുടെയും പുറത്തു കയറി ഭൂട്ടാന്റെ ഉയരങ്ങളിൽ ചെന്നെത്തി അന്നത്തെ ഭൂട്ടാൻ ജനത സഞ്ചാര സൗകര്യങ്ങളിൽ അനുഭവിച്ചിരുന്ന കടുത്ത ദാരിദ്ര്യം നേരിൽ കണ്ടപ്പോൾ ജവാഹർലാൽ നെഹ്റുവിനുണ്ടായ മനസ്സലിവിൽ നിന്നാണ് ഇന്ത്യയിൽ നിന്ന് ഭുട്ടാനിലേയ്ക്കുള്ള റോഡ് നിർമ്മാണത്തിന്റെ തുടക്കം എന്ന് ചരിത്രം. അന്ന് മുതൽ ഇന്നോളം ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ സാങ്കേതിക സഹായം സ്വീകരിച്ചാണ് ഭൂട്ടാൻ റോഡുകൾ നവീകരിക്കപ്പെടുന്നതെങ്കിൽ പോലും ഇന്ത്യൻ റോഡുകളുടെ ശരാശരി അവസ്ഥയെക്കാൾ എത്രയോ ഏറെ മികവുറ്റതാണ് ഭൂട്ടാൻ റോഡുകളുടെ ഇന്നത്തെ അവസ്ഥ എന്നത് യാഥാർഥ്യവും. അതേ, റോഡുകളുടെ മേൽ സൂചിപ്പിച്ച ആദ്യകാലസ്ഥിതിയിൽ രണ്ടുദിവസം ജീപ്പിലും മൂന്നു ദിവസം കുതിരപ്പുറത്തും രണ്ടുദിവസം കാൽനടയായും സഞ്ചരിച്ച് ഭൂട്ടാനിലെ ഒരു വനമേഖലയിൽ സ്കൂൾ ആരംഭിക്കാൻ കടന്നു ചെന്ന ജി.ബാലചന്ദ്രൻ വനത്തിനുള്ളിലെ ഏകാന്തമായ ഒരു തടാകക്കരയിൽ നീണ്ട് നിവർന്ന് കിടന്ന് കൊണ്ട് പത്തോപതിനഞ്ചോ വർഷങ്ങൾക്കകം പരിഷ്കാരത്തിന്റെ ആക്രമണമുണ്ടായി ഭൂട്ടാനിലേയ്ക്കുള്ള റോഡുകൾ വികസിക്കപ്പെട്ട് വാഹനങ്ങൾ ലക്കില്ലാത്ത മനുഷ്യരെ അവിടേക്ക് കൊണ്ട് ചെല്ലുന്നതോടെ തന്റെ ഏകാന്തത തകർക്കപ്പെടുമെന്നും ആ തടാകത്തിൽ കാട്ടുതാറാവുകൾ നീന്താതാവുമെ ന്നും ആശങ്കപ്പെട്ടതായി അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. എഴുത്തിലൂടെ പ്രിയങ്കരനായ ആ മലയാളി മുൻഗാമിയുടെ പ്രവചനത്തെ ശരിവച്ചു കൊണ്ട് ഞങ്ങളുടെ വാഹനം ആ പർവതഭൂമിയുടെ ഉയരങ്ങളിലേയ്ക്ക് അനായാസം ഓടിക്കയറിക്കൊണ്ടിരുന്നു.

വൃക്ഷങ്ങൾക്ക് മുകളിലൂടെ അവിടവിടെയായിക്കാണുന്ന തകര മേൽക്കൂരകളും ഒറ്റപ്പെട്ട വഴിയോര റെസ്റ്റോറന്റുകളുമൊക്കെ മനുഷ്യവാസത്തിന്റെ അടയാളങ്ങളായി കാണാമെന്നല്ലാതെ യാത്രാവഴിയിൽ ആൾപ്പാർപ്പിന്റെ നേർക്കാഴ്ചകളും ഗ്രാമീണസഹജീവിതത്തിന്റെ ദൃശ്യങ്ങളും വിരളമായേ കാണാനുണ്ടായിരുന്നുള്ളൂ. സ്കൂൾകുട്ടികളെപ്പോലും കൂട്ടം തെറ്റി നടന്നു പോകുന്നത്പോലെ ഒറ്റയ്ക്കൊറ്റയ്ക്കായിട്ടാണ് കണ്ടത്. ഭൂട്ടാനിലെ ഭൂനിയമപ്രകാരം നാട്ടിൻപുറങ്ങളിൽ ഓരോ കുടുംബത്തിന്റെയും ഭൂസ്വത്ത് കുറഞ്ഞത് അഞ്ച് ഏക്കർ കൂടിയാൽ 25 ഏക്കർ എന്നിങ്ങനെ നിജപ്പെടുത്തിയിട്ടു ണ്ടെന്നും അഞ്ചേക്കറിൽ താഴെ ഭൂമിയുള്ളവർക്ക് ഉള്ള ഭൂമി വിൽക്കാൻ കഴിയില്ലെന്നും യാത്രയ്ക്കിടയിൽ അറിയാനിടയായപ്പോഴാണ് ആ അഭാവങ്ങളെച്ചൊല്ലിയുള്ള ദുരൂഹത ശമിച്ചത്. മേൽപ്പറഞ്ഞ ഭൂനിയമം മൂലം പാർപ്പിടങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന അനിവാര്യമായ അകലം കൊണ്ട് തന്നെ ഭൂട്ടാനിലെ ഗ്രാമങ്ങൾ നമ്മുടെ ഗ്രാമസങ്കൽപ്പങ്ങൾക്ക് അന്യമാകുമല്ലോ. കൃഷിക്കനുയോജ്യമായ ഭൂമി വളരെക്കുറവായതിനാൽ കൃഷിയിടങ്ങളും അവിടവിടെ ചിതറിക്കിടക്കുന്നതായേ കാണുവാനുണ്ടായിരുന്നുള്ളൂ. കണ്ടിടങ്ങളിൽ ഏറെയും നെൽവയലുകളും മുളകുപാടങ്ങളുമായിരുന്നു. വീടുകളുടെ തകര മേൽക്കൂരകളിൽ കടുംചുവപ്പ് നിറമുള്ള വറ്റൽമുളക് ഉണങ്ങാനിട്ടിരിക്കുന്ന കാഴ്ചയാണ് ഒരുപക്ഷേ, കാർഷികവൃത്തിയുടെ സാക്ഷ്യമായി പലയിടങ്ങളിലും ഉണ്ടായിരുന്നത്. പിന്നെയുണ്ടായിരുന്നതെന്ന് പറയാൻ വഴിയോരങ്ങളിൽ പ്രാദേശികരായ ചെറുകിട കച്ചവടക്കാർ വിൽപ്പനയ്ക്ക് വച്ചിരുന്ന ആപ്പിൾ, പീച്ച് തുടങ്ങിയ പഴവർഗങ്ങളും. മൊത്തം ഭൂവിസ്തൃതിയുടെ നാല് ശതമാനംമാത്രം കൃഷിയോഗ്യമായ ഭൂട്ടാനികളെ സംബന്ധിച്ച് കാർഷികവൃത്തി മുഖ്യവരുമാനമാർഗവുമല്ല, ഉയരങ്ങളിൽ നിന്ന് പതിക്കുന്ന ജലപാതങ്ങളാണ് പ്രധാനമായും അവരുടെ മന്നാ നൽകുന്നതെന്ന് പറയാം. കാരണം, ജലവൈദ്യുതിയാണ് രാജ്യത്തിന്റെ മുഖ്യവരുമാന സ്രോതസ്സ്. വൈദ്യതിയുടെ മുഖ്യഉപഭോക്താവും നിലയങ്ങങ്ങളുടെ സാങ്കേതിക സഹായിയുമായി ഇന്ത്യയും.
മനുഷ്യസാന്നിധ്യത്തിന്റെകാര്യം അങ്ങനെയെങ്കിൽ നിബിഡവനങ്ങളില്ലാതെ ഏറെയും കാടുപടപ്പുകൾ മൂടിക്കിടക്കുന്ന ആ പർവ്വതപ്രാന്തങ്ങളിൽ ഏതുതരം വനങ്ങളിലും സാധാരണ കാണുന്ന കുരങ്ങന്മാർ ഒഴികെ. കാണാൻ കൗതുകം തോന്നുന്ന മറ്റ് ജീവജാലങ്ങൾ അങ്ങനെയിങ്ങനെ ഒന്നിനെയും യാതയ്ക്കിടയിൽ കാണാൻ കഴിഞ്ഞില്ല. ആളനക്കമേയില്ലാത്ത വനഭൂമി ആവശ്യത്തിലേറെയുള്ള ഭൂട്ടാനിലെ മൃഗങ്ങൾക്ക് ശല്യക്കാരായ മനുഷ്യരുടെ സഞ്ചാരപാതകൾക്ക് വിലങ്ങം ചാടേണ്ട ഗതികേട് ഇല്ലാത്തതാവാം അതിനുകാരണം. ഭൂവിസ്തൃതിയുടെ ഏതാണ് മൂന്നിൽ രണ്ടോളം ഭാഗമാണല്ലോ ഭൂട്ടാനിൽ മൃഗങ്ങൾക്കുള്ളത്.
അങ്ങനെ വിജനതയിലൂടെയുള്ള ആ മരുയാത്ര പർവ്വതങ്ങളെ ഒന്നൊന്നായി വലംവച്ച് കുറെദൂരം ചെല്ലുമ്പോൾ മരുപ്പച്ചകൾ പോലെ ആൾസാന്നിധ്യമുള്ള ചുരുക്കം ചില ഇടത്താവളങ്ങൾ പെട്ടെന്ന് വഴിയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.ഒരിടത്ത് ഒരു വെള്ളച്ചാട്ടം. പിന്നെ താഴ്വരയിൽ അങ്ങുദൂരെ ചുക്കാ പവ്വർ സ്റ്റേഷന്റെ കാഴ്ച ലഭിക്കുന്ന ഒരിടം. വേറൊരു മലഞ്ചെരുവിൽ ഒരു വഴിയോര അങ്ങാടി. പാതയോരക്കൊക്കയുടെ അഗാധതയിലൂടെ രൗദ്രശബ്ദത്തോടെ ഒഴുകുന്ന ഒരു നദീദൃശ്യവുമായി മറ്റൊരിടം. അങ്ങനെയങ്ങനെ, അവിടെയൊക്കെ വിശ്രമകേന്ദ്ര വിപണി കളുമുണ്ട്. ആ വിപണികളിലെല്ലാം വടക്കുകിഴക്കൻ ഇന്ത്യയിൽ എവിടെയുമെന്നപോലെ തന്നെ വ്യാപാരികൾ ഏറെയും പ്രാദേശികരായ പെണ്ണുങ്ങളാണ്. അവർക്കിടയിൽ കൊച്ചുപെൺകുട്ടികൾ മുതൽ പടുവൃദ്ധകൾ വരെയുണ്ട്. വഴിയോരത്ത് നിരയായി പണിയപ്പെട്ട കൊച്ചു ബൂത്തുകളിൽ പാൽക്കുപ്പികളും തുടുത്ത് ചുവന്നവ മുതൽ ഉണക്കി സൂക്ഷിച്ചവ വരെയുള്ള പലയിനം പഴങ്ങളും പച്ചക്കറികളുമൊക്കെ വിൽപ്പനയ്ക്ക് വച്ച് സന്ദർശകർക്ക് നേരെ ചെറുതായി ചിരിച്ചു കൊണ്ടിരിക്കുന്ന അവരിൽ ചിലരുടെയൊക്കെ കഴുത്തിൽ പിന്നോട്ട് കെട്ടിയിട്ടിരുന്ന തുണിത്തൊട്ടിലുകളിൽ പതുങ്ങിയിരുന്ന് അവരുടെ കുഞ്ഞുങ്ങളും കണ്ണിറുക്കിനോക്കി പാൽപ്പുഞ്ചിരിതൂകി. റസ്റോറന്റുകളുടെ നടത്തിപ്പും മുഖ്യമായും സ്ത്രീകൾ തന്നെയാണ്. സ്വതേയുള്ള മുഖപ്രസാദം വെടിയാതെ ബാർ കൗണ്ടറിൽ സന്ദർശകർക്ക് മദ്യം പകർന്ന് കൊടുക്കാൻ നിൽക്കുന്നതും അവർ തന്നെ. ഒട്ടുമിക്ക റസ്റ്റോറന്റുകൾക്ക് മുന്നിലും നിരുപദ്രവികളായ നായ്ക്കളുടെ വൻസംഘങ്ങൾ തമ്പടിച്ചു കിടന്നു. ഭൂട്ടാനിലൊരിടത്തെങ്കിലും നായ്ക്കൾ വെറുക്കപ്പെടുന്നതായി കണ്ടതുമില്ല.

വിജനപ്രദേശങ്ങളിലെ കുന്നോരങ്ങളിൽ പലയിടങ്ങളിലും കൂട്ടമായി നാട്ടിവച്ചിരുന്ന പ്രാർത്ഥനാ പതാകകളായിരുന്നു കൗതുകമുണർത്തിയ മറ്റൊരു വഴിയോരക്കാഴ്ച. മൺമറഞ്ഞവരുടെ ഓർമ്മയ്ക്കായി നിശ്ചിത ദിവസങ്ങളിലേയ്ക്കായി ഉയർത്തപ്പെടുന്ന ആ പ്രാർത്ഥനകൾ എഴുതിയ പതാകകൾ കാറ്റത്ത് ആ പ്രാർത്ഥനാ മന്ത്രങ്ങൾ മറ്റൊരുഭാഷയിൽ ഉരുവിട്ട് കൊണ്ട് നിൽക്കുന്ന കാഴ്ച വഴിയിൽ പല വളവുകളിലും തിരിവുകളിലും ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു. അവയ്ക്കങ്ങനെ ആവർത്തിക്കപ്പെടാതിരിക്കാൻ ആവുകയുമില്ലല്ലോ.
.
ഉയരങ്ങളിലേയ്ക്ക് കയറിപ്പോകുന്തോറും മലഞ്ചെരുവുകളിൽ കാണുന്ന മരക്കൂട്ടങ്ങൾ ഇനവൈവിധ്യം ഘട്ടംഘട്ടമായി ഉപേക്ഷിച്ച് ഒടുവിൽ പൈൻ മരങ്ങൾക്കും ദേവദാരുക്കൾക്കും മാത്രമായി മണ്ണൊഴിഞ്ഞു കൊടുക്കുന്നത് എല്ലാ ഹിമാലയൻ യാത്രകളിലുമെന്ന പോലെ ഈ യാത്രയിലും ശ്രദ്ധിക്കുകയുണ്ടായി. അങ്ങനെ പൈൻ,ദേവദാരു മരക്കൂട്ടങ്ങൾമാത്രം വളർന്ന് നിൽക്കുന്ന പർവ്വതപ്രാന്തങ്ങളിലെത്തുമ്പോൾ, അതായത് ഹിമാലയൻ പ്രകൃതി അതിന്റെ തനിമ കാട്ടിത്തുടങ്ങുന്നിടത്ത് ഒരു പുഴയോട് സന്ധിച്ച് അത് വരെ വന്ന വഴി രണ്ടായി പിരിയുന്നു. ഇടത്തേയ്ക്കുള്ള പാലം കടന്ന്. പോകുന്നത് പാറോയിലേയ്ക്ക്. പുഴക്കരയിലൂടെ മുന്നോട്ട് പോകുന്നത് തിമ്പുവിലേയ്ക്കും.
അങ്ങനെ കയറ്റങ്ങൾ കയറിക്കയറിപ്പോയ ആ ദീർഘമായ പകൽ യാത്ര വൈകുന്നേരത്തോടെ നെൽവയലുകളും മുളകുപാടങ്ങളുമൊക്കെ നിറഞ്ഞ ഒരു നദീതട സമതലദേശത്തെത്തിയാ ണ് അവസാനിക്കുകയെന്ന് കരുതിയിരുന്നതേയില്ല. അത് കൊണ്ട് ഏറെ ദൂരെ വച്ച് തന്നെ പർവ്വതങ്ങൾക്കിടയിലെ കൊക്കകളിലൂടെ ഒളിഞ്ഞും തെളിഞ്ഞും കണ്ടു തുടങ്ങിയിരുന്ന അലച്ചൊഴുകുന്ന ഒരു നദി പർവ്വതനിരകളുടെ മുകൾത്തട്ടിൽ നെടുനീളം നീണ്ടു കിടക്കുന്നിടത്ത് പണിയപ്പെട്ടിട്ടുള്ള ചെറുപട്ടണമാണ് പാറോ എന്ന് കണ്ടത് ഒരൽപ്പം വിസ്മയത്തോടെയാണ്. കയറ്റങ്ങളെയും വളവു തിരിവുകളെയും തടസ്സമില്ലാതെ പിന്നിട്ടതിന്റെ ആഹ്ലാദത്തോടെ ദോർജിയുടെ കാർ പാറോയിലെ നീണ്ടു നിവർന്ന നിരപ്പായ വഴിയിലൂടെ വേഗത്തിലോടാൻ തുടങ്ങി.
പട്ടണമെത്തും മുൻപേയുള്ള ഒരു വിജനസ്ഥലത്ത്, അതിവിശാലമായ കൃഷിയിടങ്ങൾക്ക് മദ്ധ്യേ പുഴയോരത്ത് സ്ഥിതി ചെയ്തിരുന്ന റെയിൻബോ എന്ന് പേരായ ടൂറിസ്റ്റ് ഹോം ആയിരുന്നു ഫുൻഷോലിങ്ങിലെ ലോഡ്ജ് മാനേജർ ഞങ്ങൾക്കായി ബുക്ക് ചെയ്തിരുന്നത്. മൂന്ന് നില വീടിന്റെ മട്ടിൽ പണിതിരുന്ന അതിന്റെ മുറ്റത്ത് ഡാലിയാച്ചെടികളും പലയിനം ചെമ്പരത്തികളും ആർഭാടത്തോടെ പൂത്തുനിന്നു. അന്തരീക്ഷത്തിൽ കുതിച്ചൊഴുകുന്ന പുഴയുടെ അവിരാമശബ്ദംമാത്രം. സന്ധ്യവീണ് തുടങ്ങിയിരുന്നതിനാൽ പുഴ ശ്രവണാനുഭവം മാത്രമായിരുന്നു താനും.
കാറിൽ നിന്നിറങ്ങുമ്പോൾ ഞങ്ങളോട് ഇഷ്ടമെന്തെന്ന് ആരായാതെ തന്നെ രാത്രി പാർക്കുവാൻ അത്രമാത്രം ഇച്ഛയ്ക്കൊത്ത ഒരിടം തിരഞ്ഞെടുത്ത, ചുറുചുറുക്കുള്ള, യുവാവായ ആ ലോഡ്ജ് മാനേജരുടെ ഉചിതജ്ഞതയെ മനസ്സാ അഭിനന്ദിച്ചിരുന്നു.
തമ്മിൽ തിരിച്ചറിയാൻ പ്രയാസം തോന്നിയ പ്രാദേശികളായ രണ്ട് പെൺകുട്ടികളായിരുന്നു റെയിൻബോവിലെ പരിചാരകർ. മുറികളൊരുക്കി ഭക്ഷണവും തയ്യാറാക്കിത്തന്നിട്ട് അവരൊന്നിച്ച് തിടുക്കപ്പെട്ട് സ്ഥലം വിട്ടു പോയി. കൊതുകൾക്കെതിരെ കരുതിയിരിക്കണം എന്നൊരറിയിപ്പ് തന്ന് വസതിയുടമയും വൈകാതെ പിൻവാങ്ങി. കൊതുകകളെ തുരത്തി യോടിക്കാൻ നമ്മൾ കണ്ടെത്തിയിട്ടുള്ള ഉപായങ്ങളൊന്നും ഭൂട്ടാൻ ജനത സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്ന് സംശയിക്കുന്നു.

രാത്രിയുറക്കത്തിന് പുഴ ഈണത്തിൽ പിന്നണി പാടിക്കൊണ്ടിരുന്നത് ഹൃദ്യമായ അനുഭവ മായിരുന്നു. വാതിൽ വെറുതെ തുറന്നിടാതെ കരുതൽ പാലിച്ചെങ്കിലും കൊതുകുകളുടെ ആക്രമണം ഒഴിവാക്കാനാ യിരുന്നില്ല. പക്ഷേ, ഇടയ്ക്കിടെ കുത്തിയുണർത്തിയ കൊതുകു കളോട് പരിഭവമല്ല അൽപ്പമെങ്കിലും കൃതജ്ഞതയാണ് തോന്നിയത്. കാരണം അവരങ്ങനെ ഉണർത്തിക്കൊണ്ടിരുന്നിരുന്നില്ലായിരുന്നുവെങ്കിൽ പുഴയുടെ താരാട്ടു പാട്ട് മതിവരുവോളം കേൾക്കുവാൻ കഴിയുമായിരുന്നില്ലല്ലോ.
പുലർച്ചെയുണർന്നതും ആ ഒറ്റ രാത്രി കൊണ്ട് തന്നെ മറക്കില്ലാത്ത വിധം കേൾവിയാൽ പരിചിതയായ പുഴയെ അടുത്ത് പോയിക്കാണാൻ ധൃതി തോന്നി. റെയിൻബോയ്ക്ക് മുന്നിലൂടെ നെടുനീളത്തിൽ കിടന്ന റോഡ് ആ നേരം ഏതാണ്ട് തീർത്തും വിജനമായിരുന്നു. റോഡിന്റെ ഇടതുവശം നീളെ നിരപ്പായിക്കിടക്കുന്ന കൃഷിയിടങ്ങളാണ്. വഴിയോരം ചേർന്ന് സമൃദ്ധമായി വിളഞ്ഞ് കിടന്ന നെൽവയലുകളും വയലുകൾക്ക് പിന്നിൽ മുളകുപാടങ്ങളും മറ്റേതൊക്കെയോ കൃഷിനിലങ്ങളും. വലതുവശം ചേർന്ന് പുഴയൊഴുകി. അക്കരെയാകട്ടെ ഇക്കരെയുടെ പ്രതിബിംബമെന്നോണം വയലുകളുടെയും മുളകുപാടങ്ങളുടെയും മറ്റൊരു കൊളാഷ്. അതെല്ലാറ്റിനും അതിരിട്ട് നിൽക്കുന്നത് നീലിച്ച് കണ്ട വിദൂരപർവ്വതനിരകളും.
വയലുകളിൽ കതിർക്കുലകളുടെ കനം താങ്ങാനാവാതെ മുതുക് കുനിഞ്ഞു പോയ നെൽച്ചെടികൾ നേർത്ത മഞ്ഞിൽ നനഞ്ഞ് തിങ്ങിക്കൂടി നിന്നു. വഴിയരികിലെ ഇലക്ട്രിക് ലൈനിൻമേൽ വയറ് നിറഞ്ഞ രണ്ട് കാട്ടുപ്രാവുകൾ നിശ്ശബ്ദത പാലിച്ച് ഒട്ടിച്ചേർന്നിരുന്നു. അവരെ മാത്രമല്ല ഭൂട്ടാനിലെങ്ങും പക്ഷികളെ പൊതുവെ നിശ്ശബ്ദരായാണ് കണ്ടത്.
പുലർച്ചയിലെ തണുപ്പ് പ്രതീക്ഷിച്ചതിലും സഹനീയമായിരുന്നു. അത് കൊണ്ട് പുഴയ്ക്ക് കുറുകെയായി കുറെയകലെക്കണ്ട പാലം ലക്ഷ്യമാക്കി നടന്നു. അവിടെയെത്തി അതിനു നടുവിൽ പോയി നിന്ന് പുഴയുടെ ആകാരം മുഴുവനായും കണ്ടു. ആകമാനം വെള്ളാരം കല്ലുകൾ നിരന്ന അടിത്തട്ടിന് മീതെ തെളിഞ്ഞ വെള്ളം കുത്തിയൊഴുകുന്ന പുഴ ആനന്ദകരമായ പ്രഭാതക്കാഴ്ചയായി.
തൊട്ട് മുൻപ് ഒരു പട്ടണം കടന്ന് ഒഴുകിയെത്തിയാതായിരുന്നിട്ടു കൂടിയും ആ നദി ഒരു കാട്ടുചോലയുടെ കാഴ്ചാനുഭവം തന്നെയാണല്ലോ നൽകുന്നത് എന്നോർത്ത് അതിശയപ്പെട്ടു. ജലവിതാനം അത്രയ്ക്ക് തെളിഞ്ഞതും മാലിന്യരഹിതവുമായിരുന്നു. പുഴയിൽ കണ്ട ഇനം വെള്ളാരംകല്ലുകൾ തന്നെ ഉപയോഗിച്ച് കെട്ടിപ്പൊക്കിയതാണ് അതിന്റെ തിട്ടകൾ. കല്ലുകൾ അടർന്ന് പോകാതെ ഭൂവസ്ത്രം പോലൊരു വല കൊണ്ട് കെട്ടിനെ ഒന്നാക്കി ബന്ധിച്ചിട്ടുമുണ്ട് .
അവിടവിടെ ഉയർന്ന് കണ്ട മിനുസമാർന്ന പാറകൾക്ക് മുകളിലൂടെ ചിരിച്ചുല്ലസിച്ച് ഒഴുകിയോടുന്ന പുഴയെ മതിവരുവോളം നോക്കി നിന്നിട്ട് മടങ്ങുമ്പോൾ പുഴസംരക്ഷണ ത്തിന്റെ ആ പാറോ മാതൃക മലയാളികൾ കണ്ടിരിക്കേണ്ടതാണെന്നൊരു വിചാരം മനസ്സിലൂടെ കടന്നു പോയി.
Read More: അയമനം ജോണിന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം
Read More: പാറോ താഴ്വരയിലെ വാൻഗോഗ് ചിത്രങ്ങൾ-ഒരു പർവ്വതദേശത്തിന്റെ പാർശ്വദൃശ്യങ്ങൾ -ഭാഗം 2