പുഴ കണ്ട് നിന്ന് സമയം കടന്നു പോയതിനാൽ പാറോയിലെ പ്രഭാതസവാരി ആ പാലത്തിൽ വച്ചവസാനിപ്പിച്ച് ‘റെയിൻബോ’വിലേയ്ക്ക് മടങ്ങുമ്പോൾ വഴിയിൽ അവിടവിടെ കർഷകർ ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു . മുറിയിലെത്തി ജനാലയിലൂടെ നോക്കുമ്പോൾ അവരെത്തന്നെ ചുറ്റുമുള്ള കൃഷിയിടങ്ങൾക്ക് നടുവിൽ ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ പേരായിട്ടോ കൃഷിപ്പണികളിൽ ഏർപ്പെട്ട് നിൽക്കുന്നവരായും കണ്ടു. ചെടികളെ താലോലിച്ചു പരിപാലിക്കുന്നതി ലായിരുന്നു അവരുടെ മുഴുവൻ ശ്രദ്ധയും. മുളകുപാടങ്ങളിലെ ഇലകളുടെ കടും പച്ച നിറങ്ങൾക്കിടയിൽ കണ്ടപ്പോൾ പഴുത്ത മുളകുകുലകളുടെ കടും ചുവപ്പിന് അപൂർവ ഭംഗി തോന്നി .

കിഴക്ക് ദിക്കിലെ മലനിരകളുടെ ഉയരക്കുറവിനാലാവാം – അതിരാവിലെ തന്നെ പാറോ താഴ്‌വരയാകെ വെയിൽ പരന്ന് മലകളുടെ നിഴലുകൾ വയലുകളിലേക്ക് നീണ്ടു തുടങ്ങിയിരുന്നു .അകലെയുള്ള മലയുയര ങ്ങളിൽ അവിടവിടെയായി തനിയെ നിലകൊണ്ട അജ്ഞാതങ്ങളായ മനുഷ്യനിർമ്മിതികൾ വെയിലത്ത് കൂടുതൽ തെളിഞ്ഞു കാണപ്പെട്ടു. വടക്ക് കിഴക്കൻ ഇന്ത്യൻ ദേശങ്ങളിൽ മുൻപ് തന്നെ കണ്ട് കണ്ണുകൾക്ക് പരിചിതമായിരുന്നത് കൊണ്ട് അവയ്ക്കിടയിലെ ബുദ്ധവിഹാരങ്ങൾ മാത്രം വേറിട്ട് തിരിച്ചറിയാൻ കഴിഞ്ഞു. പട്ടണത്തിന്റെ ദിശയിലെ പാർപ്പിട കേന്ദ്രങ്ങളെന്ന് തോന്നിച്ച കെട്ടിടങ്ങളും വിസ്താരമേറിയ കൃഷി നിലങ്ങ ളാൽ ചുറ്റപ്പെട്ടിരുന്നു .അന്തരീക്ഷത്തിൽ മൗനം മഴക്കാറ് പോലെ മൂടിക്കിട ന്നതിനാൽ പുഴയൊഴുക്കിന്റെ സംഗീതം ഇടതടവില്ലാതെ കേൾക്കാനായി.

ആകെപ്പാടെ പാറോ താഴ്‌വരയുടെ കാഴ്ചാനുഭവം വാൻഗോഗ് ചിത്രങ്ങൾ പോലെയാണ് മനസ്സിൽ പതിഞ്ഞത്. അവിടുത്തെ നെൽ വയലുകളുടെയും ചോളവയലുകളുടെയും മുളകു,കടുകു പാടങ്ങളുടെയുമൊക്കെ ഇട കലർന്ന വിന്യാസം, വയലുകളിലെ വിളകളും വരമ്പുകളിലെ പാഴ്ചെടി കളും വയലിലും വരമ്പിലും വഴിയരികിലുമെല്ലാം വിരിഞ്ഞ് നിന്ന പൂക്കളു മൊക്കെക്കൂടിയുള്ള വർണ്ണസങ്കലനം , മറ്റ് പാടങ്ങളിലെ പച്ചപ്പുകൾക്കിട യിലെ വിളഞ്ഞ നെൽപാടങ്ങളുടെ മഞ്ഞപ്പ്. ജീവജാല ദൃശ്യങ്ങളെയെല്ലാം ചൂഴ്ന്ന് നിന്ന ഏകാന്തത. അതൊക്കെയും വാൻഗോഗിനെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.’റെയിൻബോ’യ്ക്ക് മുന്നിൽ വിടർന്നു നിന്ന ഡാലിയാപ്പൂക്ക ളും വാൻഗോഗ് ചിത്രങ്ങളിലെ ഫ്‌ളവർ പോട്ടിൽ വിരിഞ്ഞവയെപ്പോലെ തന്നെയാണ് കാണപ്പെട്ടത് .aymanam john,bhutan

ചുറ്റുമുള്ള മലകൾക്ക് മുകളിൽ നിന്ന് കണ്ടാൽ പാറോ എന്ന പുഴയോരപട്ടണവും കാൻവാസിൽ വരച്ച് മണ്ണിലേക്ക് പകർത്തിയത് പോലെ തന്നെ തോന്നും. ഇനി അടുത്തെത്തി കണ്ടാലും അനുഭവം വ്യത്യസ്തമല്ല. ഒരദൃശ്യചിത്രകാരൻ പുതുചായങ്ങളിൽ ദിവസേന മിനുക്കി വരച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടണചിത്രത്തിന്റെ മാന്ത്രിക സൗന്ദര്യം ആ കൊച്ചു പട്ടണത്തിനുണ്ട്. അതിന്റെ ജ്യാമിതീയ ഘടന തന്നെ ഒരു കൽപ്പിത പട്ടണത്തിന്റെ പൂർണ്ണതയോട് ഒത്തിരിയടുത്തതാണെന്ന് പോലും പറയാം. അവിടുത്തെ കെട്ടിട നിർമ്മിതികളും ഡിസൈനിലും നിറങ്ങളാലും ചുറ്റുമുള്ള പ്രകൃതിയോട് അത്രമാത്രം വിസ്മയകരമായ ഇണക്കം പാലിക്കുന്ന തരത്തിലുള്ളവയാണ്. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളിലും ഭൂട്ടാനിലെങ്ങും നിയമപരമായ നിഷ്കർഷകളുമുണ്ട്. ഓരോ ഇടത്തും അംഗീകരിക്കപ്പെട്ട ഡിസൈനുകളിൽ പണിയപ്പെടുന്ന കെട്ടിടങ്ങൾക്ക് അതാത് സ്ഥലത്തേയ്ക്ക് നിശ്ചയിക്കപ്പെട്ട നിറങ്ങൾ മാത്രമേ നൽകാൻ കഴിയൂ.

അകലെ നിന്ന് കണ്ടിട്ട് പിന്നീട് അടുത്തേയ്ക്ക് പോകുന്ന വിധത്തിൽ തന്നെയായിരുന്നു ഞങ്ങൾ പാറോ പട്ടണം കണ്ടതും. എവിടെയോ രാത്രി കഴിച്ചുകൂട്ടി തലേന്ന് പറഞ്ഞുറപ്പിച്ചിരുന്ന നേരത്ത് തന്നെ ഉന്മേഷവാനാ യി എത്തിയ ദോർജി ഞങ്ങളെ ആദ്യം കൂട്ടിക്കൊണ്ടു പോയത് ഭൂട്ടാനിലെ നാഷണൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിലേയ്ക്കാണ്. പൈൻ മരങ്ങൾ കൂട്ടമായി വളർന്ന് നിന്ന മലഞ്ചെരുവുകൾ കടന്നായിരുന്നു യാത്ര. വഴിയോരങ്ങളിലും മനുഷ്യരേക്കാൾ കൂടുതൽ കണ്ടത് വളർന്ന് വലുതായി നിൽക്കുന്ന സൈപ്രസ്, പൈൻ മരങ്ങളെയാണ്. ഭൂട്ടാന്റെ ദേശീയ വൃക്ഷ മെന്ന ബഹുമതി സൈപ്രസിന് അർഹതപ്പെട്ടത്‌ തന്നെ.aymanam john,bhutan

കുന്നിൻമുകളിലെത്തവെ പാറോതാഴ്‌വരയുടെ നിറസൗന്ദര്യം ചുറ്റും വെളിപ്പെട്ടു .അതിനാൽ മ്യൂസിയത്തോട് അത്രയ്ക്കൊരാകർഷണം തോന്നിയില്ല. അങ്ങോട്ടുള്ള പടിക്കെട്ടുകൾ തുടങ്ങുന്നിടത്ത്, പീലി വിരിച്ചാടിയ ആ താഴ്‌വാരഭംഗിയിൽ മുഴുകി നിൽക്കുന്നത് കൂടുതൽ ആനന്ദകരമായിത്തോന്നി. നിറയെ കായ്ച്ചു നിന്ന ഒരു പീച്ച് മരത്തിന്റെ കൊമ്പുകൾക്കിടയിലൂടെ പട്ടണത്തിന്റെയും വിമാനത്താവളത്തിന്റെയും പക്ഷിക്കൺകാഴ്ചയും അവിടെ ലഭ്യമായിരുന്നു. ഭൂട്ടാനിലെ ഏക വിമാന ത്താവളമാണ് പാറോയിലുള്ളതെങ്കിലും പട്ടണം പോലെ തന്നെ മലകൾ ക്കിടയിൽ, പുഴക്കരയിൽ ചിറകൊതുക്കി പതുങ്ങിയിരിക്കുന്ന കൊച്ചൊരു വിമാനത്താവളമാണത്. ആ വലിപ്പക്കുറവാണ് അതിന് വിശേഷ ഭംഗി നൽകുന്നതും .ഭൂമിയിലെ ഏറ്റവുമുയരമുള്ള ചില കൊടുമുടികൾക്ക് മീതെയുള്ള വ്യോമയാത്രയാണ് യാത്രക്കാരെ പാറോയിൽ എത്തിക്കുന്ന തെന്നതിനാൽ ചെറിയവരായി വളരെ വിനീതരായിട്ടായിരിക്കുമല്ലോ അവർ അവിടെ വന്നിറങ്ങുന്നതും.

ഒരേ സമയം കോട്ടയും സന്യാസിമഠവുമായിരുന്ന റിൻപങ്ങ് സോങ്ങ് (രത്നങ്ങളുടെ കൂമ്പാരം എന്നർത്ഥം ) എന്ന പാറോയിലെ മുഖ്യ ചരിത്ര സ്മാരകം നിലകൊള്ളുന്ന കുന്നിന് മുകളിലായിരുന്നു നാഷണൽ മ്യൂസിയം സ്ഥിതി ചെയ്തിരുന്ന ആ കുന്നിൻപുറം. കോട്ടയോടനുബന്ധിച്ച് അവിടെയുണ്ടായിരുന്ന നിരീക്ഷണഗോപുരം 1967ൽ മ്യൂസിയമായി രൂപാന്തരപ്പെടുത്തുകയാണുണ്ടായത്. ഇന്നും ഭരണകേന്ദ്രത്തിന്റെ ആസ്ഥാനമായി തുടരുന്ന റിൻപങ്ങ് സോങ്ങിന് വലിയ ചരിത്ര പാരമ്പര്യ വും ഭാവനാത്മകമായ ഒരൈതിഹ്യ കഥയുമൊക്കെ പറയാനുണ്ട്. പത്താം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഭൂട്ടാനിലെ ബുദ്ധമതസ്ഥാപകനായ പദ്മസംഭവയുടെ ആശ്രമമായിരുന്നു അത്. ഐതിഹ്യപ്രകാരം അതൊരു സന്യാസിമഠമായി രൂപാന്തരപ്പെടുത്താനൊരുമ്പെട്ട ഒരു ബുദ്ധസന്യാസി അതിനുള്ള തടി ശേഖരിക്കാൻ കാട്ടിൽ ചെന്ന് മന്ത്രം ഉരുവിട്ടപ്പോൾ തടികൾ താനെ പലകകളായി മാറി ആശ്രമത്തിലേക്ക് പറന്ന് ചെല്ലുകയായിരുന്നു. പണിയെടുത്തതോ – പകലെല്ലാം ചുറ്റുമുള്ള ഗ്രാമവാസികളും രാത്രികളിൽ ഭൂതഗണങ്ങളും.aymanam john, bhutan

ആ ആശ്രമത്തിന്റ അടിത്തറമേൽ പതിനേഴാം നൂറ്റാണ്ടിൽ ഭൂട്ടാനെ ഏകീകരിച്ച മതനേതാവ് ഗവാങ് നംഗ്യാലിന്റെ മുൻകൈയ്യാൽ അഞ്ച് നിലകളായി പുതുക്കിപ്പണിയപ്പെട്ട കോട്ടയാണ് ഇന്ന് കാണുന്ന റിൻപങ്ങ് സോങ്ങ്. 1907 ൽ അഗ്നിബാധയ്ക്കിരയായ ആ കരിങ്കൽ നിർമ്മിതി പഴയ വാസ്തുവിദ്യയിൽ തന്നെ പുനർനിർമ്മിക്കപ്പെട്ടു. തിബത്തൻ അധിനിവേശ ത്തെ ചെറുത്ത് നിൽക്കുവാൻ സഹായിച്ച കോട്ട എന്ന നിലയിൽ ഭൂട്ടാന്റെ പ്രധാന രാഷ്ട്രീയ ചരിത്രശേഷിപ്പുകളിലൊന്നു കൂടിയാണ് ഈ കൂറ്റൻ സൗധം .അതീവ ദിവ്യത്വം കല്പിക്കപ്പെടുന്ന പല പുരാതനവസ്തുക്കളും അതിനുള്ളിൽ സൂക്ഷിക്കപ്പെടുന്നത് കൊണ്ട് ബുദ്ധമതാനുയായികളുടെ മുഖ്യ തീർത്ഥാടനകേന്ദ്രവും കൂടിയാണത് .അവിടെയെത്തി അതിൽ ചിലത് ദർശിക്കുന്നതോടെ നിർവാണമാർഗം തുറന്നു കിട്ടും എന്ന് പോലും വിശ്വസിക്കപ്പെട്ടു പോരുന്നു .

റിൻപങ്ങ് സോങ്ങിന് മുന്നിൽ നിൽക്കുമ്പോൾ ഏതാണ്ടെല്ലാ ബുദ്ധ വിഹാരങ്ങളുടെ കാര്യത്തിലുമെന്ന പോലെ അതിനുള്ളിലെ ദൈവ സാന്നിധ്യത്തിന് മുന്നിലല്ല അതൊക്കെ കെട്ടിപ്പൊക്കിയ മനുഷ്യ പ്രയത്ന ത്തിന് മുന്നിലാണ് വണങ്ങിപ്പോയത്. ചെന്നെത്താൻ വഴികൾ പോലും ഇല്ലാതിരുന്ന വിദൂരഭൂതകാലങ്ങളിൽ പർവ്വതാഗ്രങ്ങളിൽ അത്തരം കോട്ടകൊത്തളങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ അക്കാലങ്ങളിലെ വളർത്തു മൃഗങ്ങളും എന്തെന്ത്‌ ചുമടുകൾ ചുമന്ന് കാണും!

aymanam john, bhutan

റിൻപങ്ങ് സോങ്ങ്

റിൻപങ്ങ് സോങ്ങ് സന്ദർശനശേഷം അതിനെ വലം വച്ച് പോയി പിൻഭാഗത്തെത്തി താഴേക്കുള്ള നിരവധി പടിക്കെട്ടുകളിറങ്ങി താഴെയൊഴുകുന്ന പുഴയ്ക്ക് കുറുകെയുള്ള പുരാതന തടിപ്പാലവും കടന്ന് ചെല്ലേണ്ടിയിരുന്നു തിരികെ വഴിയിലെത്താൻ. അവിടെയെത്തിയപ്പോഴാ ണ് ഭൂട്ടാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഒരടയാളം ആദ്യമായിക്ക ണ്ടത്. ഇലക്ഷൻ അഡ്വെർടൈസ്‌മെന്റ് ബോർഡ് എന്ന മേലെഴുത്തോടെ വഴിയോരത്ത് സ്ഥാപിച്ചിരുന്ന ഒരു നോട്ടീസ് ബോർഡിൽ ഏതാനും മത്സരാർത്ഥികളുടെ ചിത്രങ്ങൾ. അത്ര മാത്രം.

തിരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ട് കഴിഞ്ഞുള്ള നാളുകളിലാണ് ഞങ്ങൾ ഭൂട്ടാനിൽ എത്തിയത്. ഭൂട്ടാൻ വിടുമ്പോൾ അവസാന റൗണ്ടിന് കേവലം രണ്ടാഴ്ചകൾ മാത്രമാണ് അവശേഷിച്ചിരുന്നതും. എന്നിട്ടും മേൽപ്പറഞ്ഞ തരം രണ്ടോ മൂന്നോ ബോർഡുകൾ കൂടി എവിടെയൊക്കെ വച്ചോ കണ്ടുവെന്നല്ലാതെ ഭൂട്ടാനിൽ ചെലവിട്ട ഒരാഴ്ചയോളം കാലത്ത് കാഴചയിലേയ്ക്കോ കേൾവിയിലേയ്ക്കോ തിരഞ്ഞെടുപ്പ് മത്സരം സംബന്ധിച്ച യാതൊന്നും കടന്നു വന്നിരുന്നില്ല. അധികാരം ജനങ്ങൾക്ക് കൈമാറുന്ന കാര്യത്തിൽ രാജാവിനുള്ളത്ര താൽപ്പര്യം പോലും ജനങ്ങൾ ക്കില്ല എന്ന് യാത്ര പോകും മുൻപ് വായിച്ചിരുന്ന പത്രവാർത്ത ഒട്ടും വാസ്തവവിരുദ്ധമായിരുന്നില്ലെന്ന് അങ്ങനെ ബോധ്യപ്പെട്ടു. രാജകൽപ്പനയെ മാനിക്കണമല്ലോ എന്നോർത്താണ് ജനങ്ങളിൽ പലരും വോട്ട് ചെയ്യാൻ പോകുന്നത് തന്നെ എന്നായിരുന്നു ആ വാർത്തയുടെ രത്നച്ചുരുക്കം.

aymanam john, bhutan

തിരഞ്ഞെടുപ്പ് പരസ്യബോർഡ്

വഴിയോരത്തെ ആ പരസ്യബോർഡ് കണ്ടിട്ട് വണ്ടിയിലേക്ക് കയറിയ പാടെ തിരഞ്ഞെടുപ്പ് വിഷയത്തെപ്പറ്റി ദോർജിക്ക് നേരെ എറിഞ്ഞു നോക്കിയ ചോദ്യങ്ങൾക്കും തീരെ ഉദാസീനമായ മറുപടിയാണ് ലഭിച്ചത് .

എന്നൊക്കെയിരിക്കിലും ഭൂട്ടാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തവണ ജനങ്ങളുടെ ഉത്സാഹത്തിന്റെ തോത് വർധിച്ചിരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. നിലവിലുണ്ടായിരുന്ന ഭരണകക്ഷിയെ ജനങ്ങൾ തിരസ്കരിച്ചു എന്നുള്ളത് തന്നെ ഭൂട്ടാൻ ജനതയുടെ മനസ്സുകളിൽ ജനാധിപത്യബോധം കൂടുതൽ വേരോടിത്തുടങ്ങിയെന്നതിന്റെ സൂചനയാണല്ലോ.

തിരഞ്ഞെടുപ്പിൽ നിന്ന് മുഖം തിരിച്ച് തനിക്ക് മുന്നിലുള്ള തടസ്സമേതുമി ല്ലാത്ത വഴിയിലേയ്ക്ക് മാത്രം നോക്കിക്കൊണ്ട് ദോർജി പാറോ പട്ടണത്തി ലേയ്ക്ക് വണ്ടിയോടിച്ചു. എന്നിട്ട് പട്ടണത്തിന്റെ പ്രവേശനകവാടം പോലെ വേണ്ട വിസ്താരത്തിൽ സംവിധാനം ചെയ്തിരുന്ന വഴിയോരത്തെ ടാക്സികൾ ക്കുള്ള പാർക്കിങ് ഏരിയയിൽ വണ്ടി നിർത്തി .

ഒച്ചയനക്കങ്ങൾ കാര്യമായൊന്നുമില്ലാതെ തിളങ്ങുന്ന വെയിലിൽ സ്വസ്ഥശാന്തമായിക്കിടന്ന പട്ടണത്തിന്റെ മുഖ്യതെരുവ് ഞങ്ങൾക്ക് മുന്നിൽ നെടുനീളത്തിൽ പ്രത്യക്ഷപ്പെട്ടു. തിക്കോതിരക്കോ ഒരിടത്തുമില്ലാത്ത ഫുട്പാത്തുകളിലൂടെ ചുറ്റിക്കറങ്ങി പട്ടണക്കാഴ്ചകളിൽ മുഴുകുമ്പോൾ കൃഷിയിടങ്ങൾക്കിടയിൽ ജീവിക്കുന്നവരുടെ പട്ടണമാണതെന്ന് തോന്നുകയേ ഇല്ലല്ലോ എന്നൊരു വിചാരമാണ് മനസ്സിൽ നിറഞ്ഞു നിന്നത് .നാഗരികതയുടെ ഏറ്റവും ആധുനികമെന്ന് കരുതപ്പെടുന്ന സംവിധാനങ്ങളാണ് അവിടെ കണ്ടതെല്ലാം .വഴിയിൽ കണ്ട മനുഷ്യരിൽ ഏറെപ്പേരും ഉടുപ്പിലും നടപ്പിലും പരിഷ്കാരികളുമായിരുന്നു .പുതുതലമുറ വാഹനങ്ങളല്ലാതെ പഴയതെന്ന് പറയാൻ പേരിനൊരെണ്ണം പോലും അവിടെ കാണുവാൻ കഴിഞ്ഞതുമില്ല .കെട്ടിടങ്ങൾ ഒട്ടു മിക്കതും പുതുമോടി വിടാത്ത മനോഹരനിർമ്മിതികളായിരുന്നു .എല്ലാം ദേശത്തനിമയുള്ള ഡിസൈനുകളിൽ നിര തെറ്റാതെ നില കൊള്ളുന്നവയും .കാൽ നടയാത്രകൾ സുഗമമാക്കും വിധം വഴിയിൽ വാഹനങ്ങൾക്കുള്ള അതിരടയാളങ്ങൾ തെളിച്ചു വരച്ചിട്ടിരുന്നു .

വഴിയോരക്കച്ചവടക്കാരും സേവനദാതാക്കളായി നമ്മെ സമീപിക്കുന്നവ രും യാചകരുമൊക്കെ ആ പട്ടണത്തിന് തീർത്തും അന്യമായിരുന്നു. അതിലൊന്നും പക്ഷെ അതിശയമൊന്നും തോന്നിയില്ല.കാരണം താൻ ഭൂട്ടാനിൽ ജീവിച്ചിരുന്ന ദീർഘമായ കാലയളവിൽ ഒരൊറ്റ ഭിക്ഷക്കാരനെ പ്പോലും ആ രാജ്യത്ത് കണ്ടിട്ടില്ലെന്ന് ജി.ബാലചന്ദ്രൻ വർഷങ്ങൾക്ക് മുൻപേ തന്നെ തന്റെ ഓർമ്മക്കുറിപ്പിൽ എഴുതിയിരുന്നുവെന്നോർക്കുന്നു. അംഗഭംഗം സംഭവിച്ചവർക്ക് പോലും അവിടെ സമൂഹത്തിന്റെ കൈകളിൽ നിത്യജീവിതം സുരക്ഷിതമാണെന്നും.

aymanam john, bhutan

പാറോ പട്ടണം

ഭൂട്ടാനിലെ മറ്റ് പട്ടണങ്ങളിലെന്ന പോലെ പാറോയിലും ബഹുനിലക്കെട്ടിട ങ്ങളിൽ പലതിലും ലിഫ്റ്റ് സംവിധാനം ഇല്ലായിരുന്നു എന്നത് മാത്രമാണ് ഒരുപക്ഷേ, ഇപ്പറഞ്ഞ ആധുനികതയ്ക്ക് നിരക്കാത്തതെന്ന് തോന്നിയ ഒരു സവിശേഷത. അത്യുന്നതങ്ങളായ പർവതങ്ങൾക്കിടയിൽ ജനിച്ചു വളരുന്ന ഭൂട്ടാനികളുടെ കായികശേഷിക്ക് മുന്നിൽ കെട്ടിടങ്ങളുടെ മുകളിലേയ്ക്കുള്ള പടിക്കെട്ടുകൾ പാട്ടുപാടിക്കയറാൻ മാത്രം എളുപ്പമുള്ളതാകുമല്ലോ. രക്തവർണ്ണമുള്ള മുളക് കോർത്ത് കെട്ടിയുണ്ടാക്കിയ അലങ്കാരമാലകൾ പല കടകൾക്ക് മുന്നിലും തൂക്കിയിട്ടിരുന്നത് മാത്രം പാറോയുടെ കാർഷിക സംസ്കാരത്തിന്റെ ഒരടയാളമായും കാണാം.

ആൾസഞ്ചാരവും വാഹനങ്ങളുടെ നീക്കവുമൊന്നും അത്ര കുറവല്ലാതിരു ന്നിട്ടും പരിസരമാകെച്ചൂഴ്ന്ന് നിന്ന നിശ്ശബ്ദതയായിരുന്നു മറ്റൊരു വിസ്മയം. മിക്കയിടങ്ങളിലും മനുഷ്യ വിനിമയങ്ങൾ പൊതുവെ താഴ്ന്ന സ്ഥായിയിലാ ണെന്നുള്ളതാണ് അതിന് കണ്ടെത്തിയ ഒരു കാരണം.വാഹനങ്ങളാകട്ടെ അപൂർവമായേ ഹോൺ മുഴക്കുന്നുള്ളൂ .ലൗഡ്‌ ഹോൺ മുഴക്കുന്നത് ഭൂട്ടാനിൽ പോലീസ് ചാർജ് ചെയ്യുന്ന കുറ്റകൃത്യവുമാണ്. വ്യവസായ സംരഭങ്ങൾ താരതമ്യേന തീരെക്കുറവായതിനാൽ യന്ത്രസംവിധാനങ്ങ ളുടെ ഒച്ചയോശകളും ഒരിടത്തും ഉയർന്ന് കേട്ടില്ല.ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ നഗരങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് ഭൂട്ടാൻ നഗരങ്ങളിലെ ജീവിതക്കാഴ്ചകൾ കണ്ട് നിൽക്കുന്നത് ശബ്ദരേഖ നഷ്ടപ്പെട്ട ഒരു സിനിമ കാണുന്ന പ്രതീതിയായിരിക്കും നൽകുന്നത് എന്ന് നിസ്സംശയം പറയാം. എന്നിട്ടും ആ അത്ഭുതത്തെ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നുവെങ്കിൽ അത് ഇടയ്ക്കിടെയുള്ള ഹർത്താൽ ആചരണങ്ങളിലൂടെയെങ്കിലും നമ്മുടെ നഗരങ്ങളും നിശ്ശബ്ദത നൽകുന്ന ആന്തരിക ആനന്ദത്തെ കുറച്ചെങ്കിലും അറിഞ്ഞിട്ടുള്ളതിനാലാകാം.

ദോർജിയുടെ നിർദ്ദേശം സ്വീകരിച്ചാണ് ഉച്ചഭക്ഷണത്തിന്റെ ഇടം തിരഞ്ഞെടുത്തത്. വനിതകൾ തന്നെ നടത്തുന്ന ഒതുക്കമുള്ള ഒരു കൊച്ചു റെസ്റ്റോറന്റ്. പന്നിയിറച്ചിയും ബീഫും മട്ടണുമൊക്കെത്തന്നെയായിരുന്നു ഭൂട്ടാനിൽ മറ്റെല്ലായിടത്തെയും പോലെ ആ കാർഷികപട്ടണത്തിലെയും മുഖ്യവിഭവങ്ങൾ.ഇറക്കുമതി ചെയ്യപ്പെടുന്ന മത്സ്യത്തിൽ ആയിടെ ഏതോ രോഗബാധ കണ്ടെത്തിയതിന്റെ പേരിൽ മൽസ്യവിഭവങ്ങൾ താൽക്കാലിക മായി നിരോധിക്കപ്പെട്ടിരുന്നു.

aymanam john, memories,

പാറോ -ഓപ്പൺ എയർ ഓഡിറ്റോറിയം

ഭാവനാത്മകമായി രൂപകൽപ്പന ചെയ്തതെന്ന് തോന്നിച്ച പാറോയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിനരികിലായിരുന്നു ആ റെസ്റ്റോറന്റ്. ഭക്ഷണശേഷം അവിടെ ഇരുന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷമാണ് പട്ടണത്തോട് യാത്ര പറഞ്ഞത്.

ആ യാത്രപറച്ചിൽ പക്ഷെ വലിയൊരു പശ്ചാത്താപത്തോടെ ആയിരുന്നു. കാരണം പാറോയിലെ എന്നല്ല ഭൂട്ടാനിലെ തന്നെ അനന്യമായ അനുഭവമാ യി കരുതപ്പെടുന്ന പാറോയിലെ ടൈഗർ നെസ്റ്റ് മൊണാസ്ട്രി സന്ദർശനം ഞങ്ങൾക്ക് യാത്രാപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയിരുന്നു. പതിനായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആ പൗരാണിക ബുദ്ധക്ഷേത്രത്തിലെത്താൻ പാറോയിൽ നിന്ന് കുറേദൂരം വാഹനത്തിലും പിന്നീട് കുതിരപ്പുറത്തും ഒടുവിൽ കാൽനടയായി മല കയറിയുമൊക്കെ പോകേണ്ടതുണ്ട്. അങ്ങനെ പോയി വരാൻ ഒരു പകൽ മുഴുവൻ വേണം താനും .ഭൂട്ടാനിലെ ഭൂപ്രകൃതി മുഖ്യവിഷയമാക്കി മറ്റ് കാഴ്ചകൾ ഐച്ഛിക വിഷയമായി വിട്ട് തയ്യാറാക്കപ്പെട്ടിരുന്ന ഞങ്ങളുടെ യാത്രാ പദ്ധതിയാക ട്ടെ ആവുന്നത്ര ഭൂഭാഗങ്ങൾ ചുറ്റിവരുന്ന വിധത്തിലായിരുന്നു പ്ലാൻ ചെയ്യപ്പെട്ടിരുന്നത്. അതനുസരിച്ചുള്ള അനുമതിപത്രമാണ് എമിഗ്രേഷനിൽ നിന്ന് സമ്പാദിച്ചിരുന്നതും. അങ്ങനെ ഒഴിവാക്കപ്പെട്ട് പോയ ടൈഗർ നെസ്റ്റ് വഴിയരികിൽ വണ്ടി നിർത്തി ദോർജി ചൂണ്ടിക്കാട്ടിയപ്പോഴാണ് ആ ഒഴിവാക്കലിൽ കഠിനമായ പശ്ചാത്താപം അനുഭവപ്പെട്ടത്.

ഉയരമേറിയ ഒരു പർവതത്തിന്റെ അഗ്രഭാഗത്ത് പാറക്കെട്ടുകൾക്കിടയിൽ അള്ളിപ്പിടിച്ചിരിക്കുന്നത് പോലെയായിരുന്നു ടൈഗർ നെസ്റ്റിന്റെ അകലെ ക്കാഴ്ച. അത്രമാത്രം അകലത്തേയ്ക്ക് ചെന്നെത്താൻ കണ്ണുകൾക്ക് പ്രയാസ മായിരുന്നതിനാൽ തീർത്തും അവ്യക്തമായിരുന്നു ആ ദൃശ്യം. ക്യാമറക്ക ണ്ണുകൾ കൊണ്ട് ഫോക്കസ് ചെയ്ത് അത് കൂടുതൽ അടുപ്പിച്ച് കാണാൻ കഴിഞ്ഞെങ്കിലും ആ കാഴ്ചയെ പകർത്തിയെടുക്കാൻ ക്യാമറയും വിസമ്മ തിച്ചു. ഇഷ്ടം തോന്നുന്നിടത്തേക്ക് കൊണ്ട് പോകാതിരിക്കുമ്പോൾ ക്യാമറ ചിലപ്പോഴൊക്കെ എന്നോടങ്ങനെ പിണങ്ങാറുള്ളതാണ്.

aymanam john,bhutan

ടൈഗർ നെസ്റ്റ് അകലെക്കാഴ്ച

.
അത്രയ്ക്കടുത്തെത്തിയിട്ടും ടൈഗർ നെസ്റ്റിലേക്ക് പോകാതിരുന്നതിൽ അന്ന് തോന്നിയ പശ്ചാത്താപം യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഇരട്ടിക്കു കയുമുണ്ടായി. കാരണം ടൈഗർ നെസ്റ്റ് അനുഭവത്തിന്റെ മനോഹരമായ ചില യാത്രാക്കുറിപ്പുകൾ അതിനിടെ വായിക്കാനിടയായിരുന്നു ഗുരു പദ്മസംഭവ. ഒരു പറക്കുന്ന പെൺകുതിരയുടെ പുറത്ത് കയറി ടൈഗർ നെസ്റ്റിൽ പ്രത്യക്ഷപ്പെടുകയുണ്ടായി എന്ന ഐതിഹ്യകഥയും അക്കൂട്ട ത്തിൽ വായിച്ചറിഞ്ഞു. ആ പറക്കും കുതിരയെ വായുവിൽ സങ്കല്പിച്ചു കാണാൻ അടുത്ത് കിട്ടിയ അവസരമാണ് നഷ്ടപ്പെട്ട് പോയത്!

കുറെക്കൂടി ഗൃഹപാഠം പഠിച്ചിട്ട് വേണം ഇനി മേൽ ദൂരയാത്രകൾക്ക് പോകാൻ എന്നതാണ് ടൈഗർ നെസ്റ്റ് അനുഭവം പഠിപ്പിച്ച ഗുണപാഠം.

വെയിലാറിത്തുടങ്ങിയപ്പോൾ പാറോയിൽ നിന്ന് തിമ്പുവിലേക്ക് പുറപ്പെട്ടു. പാറോനദിയെ ഗ്രാമീണപശ്ചാത്തലത്തിൽ കൂടി കണ്ടാൽ കൊള്ളാമായിരു ന്നു എന്നൊരാഗ്രഹം പ്രകടിപ്പിച്ചിരുന്നതിനാൽ പോകുന്ന വഴിക്ക് നദി വഴിയോട് ഏറെ അടുത്തോഴുകുന്ന ഒരിടമെത്തിയപ്പോൾ ദോർജി വണ്ടി നിർത്തി. ഇക്കരയിലെ തടമാകെ നിരന്നു കിടന്നവലിയ വെള്ളാരം കല്ലുകളും അക്കരെ ഒഴുക്കിലേയ്ക്ക് നിഴൽ വീശി തീരത്തോട് ചേർന്ന് നിന്ന പൈൻ മരങ്ങളും ചേർന്ന് അവിടം പാറോ നദിക്ക് അതുല്യമായ ദൃശ്യഭംഗി നൽകി യിരുന്നു.

ഇക്കരെ നിന്നിരുന്ന തദ്ദേശീയരായ ദമ്പതികൾ എന്ന് തോന്നിച്ച രണ്ട് പേർ നിന്നിടത്ത് നിന്ന് തന്നെ പെറുക്കിക്കൂട്ടിയ വെള്ളാരംകല്ലുകൾ അവിടെത്തന്നെ ക്ഷേത്രാകൃതിയിൽ അടുക്കി വയ്ക്കുന്നതിൽ വ്യാപൃതരായി രുന്നു.അങ്ങനെ ചെയ്‌താൽ സമീപകാലത്ത് തന്നെ സ്വന്തമായി ഒരു വീട് പണിയാൻ ഭാഗ്യമുണ്ടാകും എന്ന പ്രാദേശികരുടെ വിശ്വാസം ദോർജി ഞങ്ങൾക്ക് പങ്കിട്ടു.

അക്കരെക്കണ്ട കുളിക്കടവിൽ ഒരു കുട്ടി അമ്മയുടെ കൈ പിടിച്ച് വെള്ളത്തിലേക്കിറങ്ങാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. പാറോ നദിക്കരയിൽ മനുഷ്യസാന്നിധ്യം കണ്ട സന്ദർഭവും അതൊന്ന് മാത്രമായിരുന്നു.

പൈൻ മരങ്ങളുടെ എതിരേൽപ്പുകൾ പിന്നെയും ഏറ്റ് വാങ്ങി പ്രയാണം തുടരുന്ന നദിയുടെ ദിശയിൽ തന്നെ യാത്ര തുടർന്ന് തിമ്പു പാറോ വഴികൾ രണ്ടായി തിരിയുന്നിടത്തെ തലേന്ന് വിട്ടു പോന്ന അതേ സംഗമസ്ഥാനത്തെത്തിയപ്പോൾ അവിടെ വച്ച് ദിശ മാറിപ്പോകുന്ന നദിയോട് യാത്ര പറഞ്ഞ് ദോർജിയുടെ കാർ തിമ്പുവിലെത്താൻ കയറ്റം കയറുന്ന മലമ്പാതയിലേക്ക് തിരിഞ്ഞു. പിന്നിൽ പകലെല്ലാം പിന്തുടർന്നിരുന്ന പാറോ നദിയുടെ സംഗീതം നിലച്ചു പോയി.

Read More: ഒരു പർവ്വതദേശത്തിന്റെ പാർശ്വ ദൃശ്യങ്ങൾ-ഭൂട്ടാൻ യാത്രാനുഭവങ്ങൾ ഒന്നാം ഭാഗം

Read More: അയ്മനം ജോണിന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook