/indian-express-malayalam/media/media_files/6rbtNyMgh06XEygWk3El.jpg)
ഓരോ ഇലക്ടറൽ ബോണ്ടിലും അച്ചടിച്ചിരിക്കുന്ന തനത് ആൽഫാന്യൂമെറിക് കോഡാണ് പരസ്യമാക്കാൻ പാടില്ലാത്തത് (ഫയൽ ചിത്രം)
ഡൽഹി: ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 15ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ച് പുറത്തുവിടുമ്പോൾ, 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ ഇഷ്യൂ ചെയ്ത ബോണ്ടുകളുടെ വിശദാംശങ്ങൾ രണ്ട് വ്യത്യസ്ത ലിസ്റ്റുകളിലായാണ് പൊതുസമൂഹത്തിന് ലഭ്യമാകും. ഒരു ലിസ്റ്റിൽ ബോണ്ടുകൾ വാങ്ങിയ തീയതി, വാങ്ങുന്നയാളുടെ പേര്, ഓരോ ബോണ്ടിൻ്റെയും മൂല്യം എന്നിവ ഉണ്ടായിരിക്കും. മറ്റൊന്ന് രാഷ്ട്രീയ പാർട്ടികൾ പിൻവലിച്ച ഓരോ ബോണ്ടിൻ്റേയും വിശദാംശങ്ങൾ, പണം പിൻവലിച്ച തീയതി, ബോണ്ടിൻ്റെ മൂല്യം എന്നിവ നൽകും.
ഓരോ ഇലക്ടറൽ ബോണ്ടിലും അച്ചടിച്ചിരിക്കുന്ന തനത് ആൽഫാന്യൂമെറിക് കോഡാണ് പരസ്യമാക്കാൻ പാടില്ലാത്തത്. അത് പൊതുവായി പ്രദർശിപ്പിക്കാൻ പാടില്ലാത്തതാണ്. ഇതേക്കുറിച്ച് എസ്ബിഐയുടെ നിയമാവലിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
2017ൽ ഇലക്‌ട്രൽ ബോണ്ട് സ്‌കീം രൂപീകരിക്കുമ്പോൾ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്ന മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, ഓരോ ബോണ്ടിലെയും തനത് കോഡ് ഒരു സുരക്ഷാ സവിശേഷതയാണെന്നും, വിൽപ്പന സമയത്തോ നിക്ഷേപിക്കുന്ന സമയത്തോ രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതില്ലാതെ, ഒരു രാഷ്ട്രീയ പാർട്ടിയേയും സംഭാവന നൽകുന്നയാളേയും കണ്ടെത്തൽ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിൽ കേസ് വാദിക്കുന്ന ഹർജിക്കാരും അഭിഭാഷകരും മതിയായ തെളിവുകൾ ഡാറ്റാസെറ്റുകളിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനെ (എഡിആർ) പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
"രണ്ട് ഡാറ്റയിലും (ദാതാക്കളുടെ വിശദാംശങ്ങളും വാങ്ങുന്നയാളുടെ വിശദാംശങ്ങളും) എസ്ബിഐ നൽകിയ ആൽഫാന്യൂമെറിക് കോഡും പുറത്തുവിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആരാണ്, ആർക്കാണ് ധനസഹായം നൽകുന്നതെന്ന് വോട്ടർമാർ അറിയണം എന്നതാണ് ഹർജിയുടെ മുഴുവൻ ഉദ്ദേശവും. എസ്ബിഐക്ക് രണ്ട് സെറ്റ് ആൽഫാന്യൂമെറിക് കോഡുകളുണ്ട്. അവ ദാതാവിൻ്റെയും വാങ്ങുന്നയാളുടെയും ഡാറ്റ ഷീറ്റുകൾക്കൊപ്പം നൽകണം. അല്ലാത്തപക്ഷം എസ്ബിഐക്കെതിരെ ഞങ്ങൾ വീണ്ടും കോടതിയലക്ഷ്യ ഹർജി നൽകും," ഭൂഷൺ പറഞ്ഞു. എസ്‌ബിഐക്ക് “വാങ്ങുന്നയാളുമായും രാഷ്ട്രീയ പാർട്ടിയുമായുള്ള പരസ്പരബന്ധം” പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞപ്പോൾ, മറ്റുള്ളവർക്ക് ഇത് എളുപ്പത്തിൽ ചെയ്യാമെന്നാണ് അദ്ദേഹത്തിൻ്റെ വ്യാഖ്യാനം.
തിരഞ്ഞെടുപ്പ് ഫണ്ടിംഗിൽ സുതാര്യതയ്ക്കായി പ്രചാരണം നടത്തുന്ന സംഘടനയായ എഡിആർ സ്ഥാപക അംഗവും ട്രസ്റ്റിയുമായ ജഗ്ദീപ് ചോക്കർ കൂടുതൽ സൂക്ഷ്മത പുലർത്തുന്നു. അനുകൂല വിധി നേടാൻ ഇത് മതിയാകുമെന്നും, വെളിപ്പെടുത്തലുകൾ എന്താണെന്നതിനെ ആശ്രയിച്ച് എസ്ബിഐ ഡാറ്റയിൽ ഫോറൻസിക് നടത്താൻ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഞങ്ങൾ വെള്ളം കയറാത്ത തെളിവ് പ്രതീക്ഷിക്കുന്നു. പക്ഷേ, ഇതിലൂടെ ഫണ്ടിംഗിൽ വിശാലമായ പ്രവണതകൾ ഉയർന്നുവരും. ഡാറ്റയിൽ വലിയ തടസ്സങ്ങൾ ഇല്ലെങ്കിലോ, അതിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിലോ കുറച്ച് പൊരുത്തങ്ങൾ സാധ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങനെയാണെങ്കിൽ ലഭ്യമായ ഭരണഘടനാപരമായ നടപടികൾ ഞങ്ങൾ സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്താൻ സമയം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയത് കേന്ദ്രത്തിനും തിരിച്ചടിയാണെന്നായിരുന്നു ആദ്യ പ്രതികരണങ്ങൾ. എന്നാൽ ഉത്തരവിലെ വിശദാംശങ്ങൾ തെളിയിക്കുന്നത് ബോണ്ട് കൈപറ്റിയതിൻ്റെ വിശദാംശങ്ങൾ ഉടൻ ലഭ്യമാക്കില്ലെന്നാണ്. ഇതോടെ, ആര് ആർക്ക് വേണ്ടി പണം നൽകിയെന്ന വിവരം അറിയാൻ നാളെ തന്നെ സാധിക്കില്ല. ഇത് യഥാർത്ഥത്തിൽ ഇലക്ടറൽ ബോണ്ട് വഴി കൂടുതൽ സംഭാവന ലഭിച്ച ബിജെപിക്ക് ആശ്വാസമാണ്.
തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി പണം നല്‍കിയവരുടെ വിവരങ്ങളും ആ പണം ഏതൊക്കെ പാര്‍ട്ടികളുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന വിവരവും ശേഖരിക്കാന്‍ സാവകാശം വേണമെന്നതായിരുന്നു ഇന്ന് സുപ്രീം കോടതിയില്‍ എസ്ബിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാത്രം ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ മതിയെന്നാണ് എസ്ബിഐക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ബോണ്ടുകള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് നല്‍കിയതെന്ന് എസ്ബിഐ തല്‍ക്കാലം വെളിപ്പെടുത്തേണ്ടതില്ല. ഇതോടെ ആര്, ആര്‍ക്ക് പണം നല്‍കി എന്ന വിവരങ്ങള്‍ കുറച്ചുനാള്‍ കൂടി രഹസ്യമായി തുടരും.
Read More:
- ഭാരത് ജോഡോ യാത്രയുടെ സമാപന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാൻ കോൺഗ്രസ്
- ആർട്ടിക്കിൾ 370 ലൂടെ കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു; നരേന്ദ്ര മോദി കശ്മീരിൽ
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 ലോക്സഭാ സീറ്റുകൾ എൻഡിഎ നേടും; അസം മുഖ്യമന്ത്രി ഹിമന്ത
- ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയാകുന്ന നീക്കവുമായി ഒവൈസി; യു.പിയിലും ബിഹാറിലും കൂടുതൽ സീറ്റുകളിൽ മത്സരിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.