/indian-express-malayalam/media/media_files/4qPCCSN0v1SPhpHcaq4d.jpg)
ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ
ന്യൂഡൽഹി: ജമ്മുകശ്മീർ,ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. കശ്മീരിൽ മൂന്ന് ഘട്ടമായും ഹരിയാനയിൽ ഒറ്റഘട്ടമായുമാകും തിരഞ്ഞെടുപ്പ് നടത്തുക. കശ്മീരിൽ ഒന്നാംഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 19ന് നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഹരിയാനയിൽ ഒക്ടോബർ ഒന്നിനാണ് തിരഞ്ഞെടുപ്പ്. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള വോട്ടെണ്ണൽ ഒക്ടോബർ നാലിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
ജമ്മുകശ്മീൽ 90 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ ഒൻപത് സീറ്റുകൾ പട്ടികവർഗ വിഭാഗത്തിനും ഏഴ് സീറ്റുകൾ പട്ടിക ജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളതാണ്. 88,66,704 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 11838 പോളിങ് സ്‌റ്റേഷനുകൾ ഉണ്ടാകും. 2014ലാണ് ജമ്മുകശ്മീരിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2018ൽ കേന്ദ്ര സർക്കാരിന്റെ ശുപാർശയെ തുടർന്ന് രാഷ്ട്രപതി നിയമസഭ പിരിച്ചുവിടുകയായിരുന്നു. 2019-ൽ കശ്മീരിന്റെ പ്രത്യേക പദവിയും എടുത്തുകളഞ്ഞിരുന്നു. അഞ്ചുവർഷമായി സംസ്ഥാനത്ത് നിയമസഭ ഇല്ലാത്ത സ്ഥിതിയായിരുന്നു. സെപ്റ്റംബർ 30നകം ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഹരിയാനയിലും 90 നിയമസഭാ സീറ്റുകൾ ആണ് ഉള്ളത്. ഇതിൽ 17 സീറ്റുകൾ സംവരണ മണ്ഡലങ്ങളായിരുന്നു. രണ്ടുകോടി വോട്ടർമാർക്കായി 20629 പോളിങ് സ്‌റ്റേഷനുകൾ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. നിലവിൽ 40 സീറ്റുകളുമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 31 സീറ്റുകൾ നേടിയ കോൺഗ്രസാണ് നിലവിലെ പ്രതിപക്ഷം. പത്ത് ലോക്‌സഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ലോകസ്ഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും അഞ്ച് സീറ്റുകൾ വീതമാണ് നേടിയത്.
അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് കമ്മിഷൻ സന്ദർശനം നടത്തിയിരുന്നു. ഇരുസംസ്ഥാനങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വേണമെന്ന് കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യങ്ങൾ ചർച്ചചെയ്യാൻ ബുധനാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല യോഗം വിളിച്ചുചേർത്തിരുന്നു.
ജമ്മുകാശ്മീരിൽ എല്ലാ സ്ഥാനാർഥികൾക്കും പ്രത്യേക സുരക്ഷവേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.ഒരു മണ്ഡലത്തിൽ ശാരാശരി 15 മുതൽ 20സ്ഥാനാർഥികൾ വരെ മത്സരിച്ചേക്കാം. ഒരു മണ്ഡലത്തിലെ സുരക്ഷക്കായി മാത്രം 16000 സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.
ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല
ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവുവന്ന സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചില്ല. നേരത്തെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചത്. കേരളത്തിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര,പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താൻ തീരൂമാനിച്ചതിനെ തുടർന്നാണ് വയനാട്ടിൽ ലോക്സഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എംഎൽഎമാരായിരുന്ന കെ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എന്നിവർ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ചേലക്കര, പാലക്കാട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Read More
- 'സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു'; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
- യുവഡോക്ടറുടെ കൊലപാതകം;രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ
- യുവഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ചുതകർത്ത ഒൻപതുപേർ അറസ്റ്റിൽ
- രാജ്യം ഒന്നാമത് മുദ്രാവാക്യമാക്കി മുന്നോട്ട് പോകണം:നരേന്ദ്ര മോദി
- വൈക്കം സത്യാഗ്രഹം; സ്വാതന്ത്രസമരത്തിലേക്കുള്ള ആദ്യപടി
- 'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.