/indian-express-malayalam/media/media_files/49EbFTTPWGYCdES1hSG7.jpg)
1924 മാർച്ച് 30ന് തുടങ്ങി 1925 നവംബർ 23 വരെ നീണ്ടുനിന്നതായിരുന്നു വൈക്കം സത്യാഗ്രഹം
വൈക്കം:ജാതിവ്യവസ്ഥയ്ക്ക് എതിരായ നടന്ന പ്രക്ഷോഭം ഒരു നാട്ടിൽ സ്വാതന്ത്രസമരത്തിന് പ്രചോദനമായ കഥയാണ് വൈക്കം സത്യാഗ്രഹത്തിന് പറയാനുള്ളത്. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം അവർണർക്ക് ക്ഷേത്രവഴികളിലൂടെ നടക്കാനുള്ള അവകാശം നേടിയെടുക്കൽ മാത്രമായിരുന്നില്ല. മറിച്ച്, മലയാളനാട്ടിൽ ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരുന്നതായിരുന്നു.
ചരിത്രം
1924 മാർച്ച് 30ന് തുടങ്ങി 1925 നവംബർ 23 വരെ നീണ്ടുനിന്നതായിരുന്നു വൈക്കം സത്യാഗ്രഹം. നൂറ്റാണ്ടുകൾക്ക് മുൻപ് ജാതിവാദത്തിൻറെയും യാഥാസ്ഥിതികത്വത്തിൻറെയും നെടുങ്കോട്ടയായിരുന്നു തിരുവിതാംകൂർ നാട്ടുരാജ്യത്തിൻറെ ഭാഗമായിരുന്ന വൈക്കം. അവർണ്ണവിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ മാത്രമല്ല അതിനു ചുറ്റുമുള്ള പൊതുവഴികളിൽപ്പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.അയ്യൻകാളിയും നാരായണ ഗുരുവും വരെ വൈക്കത്ത് ഇത്തരത്തിൽ വഴി നടക്കാനാകാതെ മാറി സഞ്ചരിച്ചിരുന്നുവെന്നാണ് ചരിത്രം. ഇത്തരം ജാതിവിവേചനത്തിനെതിരെ പ്രാദേശികമായി തുടങ്ങിയ സമരമാണ് പിന്നീട് രാജ്യം ഏറ്റെടുത്തത്. സ്വാതന്ത്ര്യസമര സേനാനി ടികെ മാധവനാണ് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ തിരുവിതാംകൂറിലെ ജാതിവിവേചനം ദേശീയ നേതാക്കളുടെ ശ്രദ്ധയിലെത്തിക്കുന്നത്. കോൺഗ്രസ് ദേശീയ സമ്മേളനത്തിൻറെ നിർദ്ദേശ പ്രകാരം കേരളത്തിലെ കോൺഗ്രസ് ഘടകം ഈ വിഷയം ഏറ്റെടുക്കുകയായിരുന്നു.
സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിൽ നിന്ന് ഇ.വി. രാമസ്വാമി നായ്ക്കർ, പഞ്ചാബിൽ നിന്ന് അകാലികൾ എന്നിവർ എത്തിയതോടെ വിഷയം ദേശീയ ശ്രദ്ധയിലെത്തി. അതുകൊണ്ടുതന്നെ വൈക്കത്തെ തൊട്ടുകൂടായ്മയ്ക്ക് എതിരെ ഗാന്ധിജിയുടെ ഇടപെടലുമുണ്ടായി. ശ്രീനാരായണ ഗുരു, സ്വാമി വിവേകാന്ദൻ, ആചാര്യ വിനോബഭാവെ എന്നിവരുടെ പങ്കാളിത്തവും ഉണ്ടായി. കോൺഗ്രസ് നേതാക്കളായ ടികെ മാധവൻ, കെപി കേശവമേനോൻ, കെ കേളപ്പൻ എന്നിവരായിരുന്നു ആദ്യ ഘട്ടത്തിൽ സമരത്തിന് നേതൃത്വം നൽകിയത്.
ഇതിനിടെ സമരത്തിന് സവർണ സമുദായങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് സവർണ ജാഥ നടന്നു. അന്നത്തെ റീജൻറായിരുന്ന റാണിക്ക് നിവേദനം നൽകിയെങ്കിലും ആ നിവേദനം പ്രമേയമായി നിയമസഭയിലെത്തിയപ്പോൾ പരാജയപ്പെട്ടു. പ്രശ്‌ന പരിഹാരമെന്ന നിലയിൽ ഇണ്ടംതുരുത്തി മനയിൽ ചർച്ചയ്ക്ക് എത്തിയ ഗാന്ധിജി എത്തിയെങ്കിലും ചർച്ച വിജയിച്ചില്ല.ഗാന്ധിജി വീണ്ടും സമരത്തിൽ ഇടപെടുകയും ബ്രിട്ടീഷ് പൊലീസ് കമ്മിഷണർ, റീജൻറ് റാണി, സവർണ പ്രതിനിധികൾ എന്നിവരുമായി സംസാരിച്ച് സമരം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തി. അതിൻറെ ഫലമായി 1925 നവംബർ 23ന് വൈക്കം ക്ഷേത്രത്തിൻറെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകൾ ജാതിമതഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഗാന്ധിജിയെ അപമാനിച്ച ഇണ്ടംതുരുത്തി മന
വൈക്കം സത്യഗ്രഹത്തിൻറെ ഭാഗമായി അവർണർക്ക് വൈക്കം ക്ഷേത്രത്തിന് സമീപത്തെ വഴികളിൽ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യവുമായി സവർണ വിഭാഗത്തിൻറെ പ്രതിനിധികളുമായി സന്ധി സംഭാഷണം നടത്താൻ ഗാന്ധിജി വൈക്കത്ത് എത്തി. വൈക്കത്തെ പ്രസിദ്ധമായ ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുമായാണ് കൂടിക്കാഴ്ച. സി രാജഗോപാലാചാരി, മഹാദേവദേശായി, രാമദാസ് ഗാന്ധി എന്നിവും മഹാത്മജിക്കൊപ്പമുണ്ടായിരുന്നു.
ഗാന്ധിജിയും സഹപ്രവർത്തകരും അവർണരുടെ സ്പശനമേറ്റ് അശുദ്ധി വന്നവരാണെന്നും അവരെ മനയുടെ അകത്ത് കടത്തുന്നത് ശരിയല്ലെന്നും നീലകണ്ഠൻ നമ്പൂതിരി പറഞ്ഞു. അതിനാൽ മഹാത്മജി ഉൾപ്പെടെയുള്ളവരെ മനയുടെ വരാന്തയിലിരുത്തി. നമ്പൂതിരിയും കൂട്ടരും അകത്തെ മുറിയിലിരുന്നു.
/indian-express-malayalam/media/media_files/oQpbICQlT04ZrBXjsPPp.jpg)
അതുമാത്രമല്ല, അവർണർക്ക് വഴി നടക്കാൻ അനുവദിക്കണമെന്ന ഗാന്ധിജിയുടെ ആവശ്യവും നമ്പൂതിരി അംഗീകരിച്ചില്ല. സത്യഗ്രഹത്തിൻറെ ഫലമായി വൈക്കത്ത് അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചുവെന്നത് ചരിത്രം. പക്ഷേ കാലത്തിൻറെ കുത്തൊഴുക്കിൽ മനയുടെ അവകാശത്തിനും മാറ്റം വന്നു. 1963ൽ മന വിൽക്കാൻ നമ്പൂതിരി കുടുംബം തീരുമാനിച്ചപ്പോൾ അത് വാങ്ങിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ചെത്തുതൊഴിലാളി യൂണിയനാണ്. ഇന്ന് ചെത്തുതൊഴിലാളി യൂണിയന്റെ ഓഫീസാണ് മന.
വൈക്കം സത്യാഗ്രഹവും സ്വാതന്ത്ര്യ സമരവും
അയിത്തത്തിനെതിരെ നടന്ന പ്രക്ഷോഭമാണെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി വൈക്കം സത്യാഗ്രഹം ബന്ധപ്പെട്ട് കിടക്കുന്നു. അതിൽ ഏറ്റവും പ്രധാനം തിരുവിതാംകൂറിന് ആദ്യമായി ഗാന്ധിജിയുടെ സത്യാഗ്രഹ രീതികൾ പകർന്നു നൽകിയത് വൈക്കം സത്യഗ്രഹമാണ്. ഭരണകൂട മർദനങ്ങൾക്കെതിരായ, വൈക്കം സത്യഗ്രഹികളുടെ സഹനശക്തിയും ത്യാഗനിഷ്ഠയും എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
മലബാർ,കൊച്ചി,തിരുവിതാകൂർ എന്നിങ്ങനെ വിഭജിച്ച് കിടന്നിരുന്ന അന്നത്തെ കേരളത്തിൽ ഐക്യത്തിന്റെ ശക്തി പകർന്ന് നൽകി ജനങ്ങളിൽ സ്വാതന്ത്ര്യബോധവും സ്വത്വബോധവും പകർന്ന് നൽകിയതിൽ വൈക്കം സത്യാഗ്രഹത്തിന് വലിയ പങ്കുണ്ടെന്ന് ചരിത്രകാരൻമാർ പറയുന്നു. കൂടാതെ സംസ്ഥാനത്തെ വൈക്കം സത്യാഗ്രഹത്തിന്റെ വിജയം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുകയും അത് ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ സഹായിക്കുകയും ചെയ്തു.
Read More
- 'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?
- വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം, പ്രതിമാസ വാടകയായി 6000 നൽകും
- പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെതിരെ പരാതിയില്ലെന്ന് ഭാര്യ
- പാലക്കാട് സ്ഥാനാര്ത്ഥിയെക്കുറിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ല: കെ.മുരളീധരൻ
- സംസ്ഥാനത്ത് മഴ കനക്കും, 12 ജില്ലകളിൽ മുന്നറിയിപ്പ്
- അർജുനായി ഇന്നും തിരച്ചിൽ, ഈശ്വർ മാൽപെയ്ക്കൊപ്പം നാവിക സേനയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.