/indian-express-malayalam/media/media_files/SFyUc0NLcgnSeG3ZBpiM.jpeg)
ബാബരി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ച രാമക്ഷേത്ര പ്രക്ഷോഭം പ്രമേയമാക്കിയാണ് പ്രശസ്ത സംവിധായകൻ ആനന്ദ് പട്‌വർധൻ 1992ൽ 'രാം കെ നാം' എന്ന ഡോക്യുമെന്ററി പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലുള്ള കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ക്യാമ്പസിന് പുറത്ത് പ്രദർശനം നടത്താനായിരുന്നു ആദ്യം സ്റ്റുഡന്റ്സ് കൗൺസിൽ തീരുമാനിച്ചത്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ഉദ്ഘാടനത്തിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് ഈ പ്രദർശനം സംഘടിപ്പിച്ചതെന്നാണ് സ്റ്റുഡന്റ്സ് കൗൺസിൽ അറിയിച്ചത്. ഈ വിവരം പള്ളിക്കത്തോട് പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നുവെന്നും, പ്രദർശനം ക്യാമ്പസിന് ഉള്ളിൽ വെച്ചാക്കണമെന്നാണ് പൊലീസ് കർശന നിലപാടെടുത്തെന്നും കുട്ടികൾ ആരോപിച്ചു. പ്രദർശനത്തിനെതിരെ തിങ്കളാഴ്ച രാത്രി ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്യാമ്പസിന് പുറത്ത് പ്രദർശനം നടത്തുന്നത് പ്രതിഷേധക്കാർ തടഞ്ഞു.
സംഘപരിവാർ പ്രവർത്തകരായ നാട്ടുകാരുടെ ഭീഷണിയും തെറിവിളിയും ആക്രോശങ്ങളും പൊലീസ് വകവച്ചില്ലെന്നും സ്റ്റുഡന്റ്സ് കൗൺസിൽ ആരോപിക്കുന്നു. സ്ത്രീകളടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ സംഘപരിവാർ പ്രവർത്തകർ അശ്ലീല ആംഗ്യങ്ങൾ കാണിച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ക്യാമ്പസിലെ കാൻ്റീനിനുള്ളിൽ വച്ചാണ് വിദ്യാർത്ഥികൾ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയത്.
വിവാദ ഡോക്യുമെന്ററിയുടെ പ്രമേയം
ആനന്ദ് പട്‌വർധൻ 1992ൽ പുറത്തിറക്കിയ, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ച ഡോക്യുമെന്ററിയാണ് 'രാം കെ നാം.' 75 മിനിറ്റുള്ള ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും അദ്ദേഹം തന്നെയാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഈ ഡോക്യുമെന്ററി യൂട്യൂബിൽ ലഭ്യമാണ്. ബാബരി മസ്ജിദിൽ തകർത്ത് അവിടെ രാമക്ഷേത്രം സ്ഥാപിക്കാൻ ആർഎസ്എസും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ചേർന്ന് നടത്തിയ നീക്കങ്ങൾതുറന്നു കാട്ടുകയും, അക്കാലത്ത് നടന്ന അക്രമസംഭവങ്ങളുടെ അനന്തരഫലങ്ങൾ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട് ഈ ചിത്രം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിഎച്ച്പി തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ഇത് കൊളുത്തിവിട്ട വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് ഡോക്യുമെന്ററിയിലെ പ്രമേയം. അയോധ്യയില്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി.
എൽ കെ അദ്വാനിയുടെ രഥയാത്ര ഉൾപ്പെടെയുള്ളവ സൃഷ്ടിച്ച വർഗീയ സംഘർഷങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്.
ആരാണ് ആനന്ദ് പട്‌വർധൻ?
1950 ഫെബ്രുവരി 18ന് മുംബൈയിൽ ജനിച്ച ആനന്ദ് പട്‌വർധൻ, സാമൂഹ്യ-രാഷ്ട്രീയ, മനുഷ്യാവകാശ സിനിമകൾക്ക് പേരുകേട്ട ഇന്ത്യൻ ഡോക്യുമെന്ററി ചലച്ചിത്ര നിർമ്മാതാവാണ്. ഇന്ത്യയിലെ മതമൗലികവാദത്തിന്റെയും വിഭാഗീയതയുടേയും ജാതീയതയുടേയും വളർച്ചയേയും, സുസ്ഥിരമല്ലാത്ത വികസനത്തെയും കുറിച്ച് അന്വേഷിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ. ബോംബെ: അവർ സിറ്റി (ഹമാരാ ഷഹർ മുംബൈ) (1985), ഇൻ മെമ്മറി ഓഫ് ഫ്രണ്ട്സ് (1990), ഇൻ ദി നെയിം ഓഫ് ഗോഡ് (രാം കേ നാം) (1992), പിതാവും പുത്രനും വിശുദ്ധ യുദ്ധവും (1995), എ നർമദ ഡയറി (1995), യുദ്ധവും സമാധാനവും (2002), ജയ് ഭീം കോമ്രേഡ് (2011), കാരണം (2018) എന്നീ ചിത്രങ്ങൾ ദേശീയ-അന്തർദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.
'രാം കെ നാം' കേരളത്തിലുടനീളം പ്രദർശിപ്പിക്കാൻ ഡിവൈഎഫ്ഐ
അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെയാണ് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതാണ് ആർഎസ്എസ് പ്രതിഷേധത്തിലും പൊലീസ് നടപടിയിലും അവസാനിച്ചത്. തുടര്‍ന്നാണ് ജെയ്ക്ക് സി തോമസ് ഡിവൈഎഫ്‌ഐയുടെ കാവലിൽ ക്യാമ്പസിന് പുറത്ത് 'രാം കെ നാം' പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
''രാം കെ നാം എവിടെയും പ്രദര്‍ശിപ്പിക്കും. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നിലും അത് പ്രദര്‍ശിപ്പിക്കും. ഡിവൈഎഫ്ഐയുടെ പതാകകള്‍ അതിന് കാവല്‍ നിൽക്കും. സ്ഥലവും അറിയിപ്പും പറഞ്ഞ സ്ഥിതിക്ക്, തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതം," എന്നാണ് ജെയ്ക്ക് ഫേസ്ബുക്കില്‍ കുറിച്ചത്.
കോട്ടയം കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘപരിവാർ പ്രദർശനം തടസപ്പെടുത്തിയ ആനന്ദ് പട് വർദ്ധൻ്റെ രാം കേ നാം...
Posted by DYFI Kerala on Monday, January 22, 2024
ഇതിന് പിന്നാലെ 'രാം കെ നാം' കേരളത്തിലുടനീളം പ്രദർശിപ്പിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവരാണ് വാർത്ത സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും പ്രദർശിപ്പിച്ചു
എസ്‌എഫ്‌ഐ ഹൈദരാബാദ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി കാമ്പസിലും 'രാം കേ നാമി'ന്റെ സ്‌ക്രീനിങ് നടത്തിയിരുന്നു. രാജ്യത്തിന്റെ മതേതര ഘടന ഉയർത്തിപ്പിടിക്കാനാണ് ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്നാണ് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ അറിയിച്ചത്. ഡോക്യുമെന്റി പ്രദർശനത്തിന്റെ ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഹൈദരാബാദിലും പ്രദർശനം തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ
ഹൈദരാബാദിൽ ഒരു സിനിമാ ആസ്വാദകരുടെ നേതൃത്വത്തിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത് ഹിന്ദുത്വ സംഘടനകൾ തടഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിനും സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതിനും ചിത്രം പ്രദർശിപ്പിച്ച നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ 'ഹൈദരാബാദ് സിനിഫൈൽസ്' എന്ന സംഘടന പ്രതിഷേധം അറിയിച്ച് കൊണ്ട് വാർത്താക്കുറിപ്പ് പുറത്തിറക്കി.
ഇത് നിരോധിച്ച സിനിമയല്ലെന്നും യുട്യൂബിൽ ലഭ്യമാണെന്നും സംഘാടകർ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അതുകേൾക്കാൻ തയ്യാറായില്ലെന്ന് ഹൈദരാബാദ് സിനിഫൈൽസ് എന്ന സംഘടനപരാതിപ്പെട്ടു. "ചിത്രത്തിന് 1992ൽ 'യു' സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ആ വർഷം ദേശീയ അവാർഡും ഫിലിം ഫെയർ അവാർഡും ഈ ഡോക്യുമെന്ററി നേടി. ഇത് പ്രൈം ടൈമിൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യണമെന്ന ബോംബെ ഹൈക്കോടതിയും വിധിച്ചിരുന്നു. എന്നാൽ, സംഘാടകർ നൽകിയ എല്ലാ വസ്തുതകളും അവഗണിച്ച്, സംഘാടകനേയും പങ്കാളികളേയും പ്രദർശനം നടത്തിയ കഫേ ഉടമയേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു," സംഘാടകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Read More
- രാഹുലിന്റെ ന്യായ് യാത്രയ്ക്കിടെ അസമിൽ സംഘർഷം; കോൺഗ്രസ് അദ്ധ്യക്ഷന്‍ പരിക്ക്
- അയോധ്യയിൽ വൻ ഭക്തജനത്തിരക്ക്; സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയും
- 'രാം ലല്ല' മിഴി തുറന്നു; കനത്ത സുരക്ഷയിൽ അയോധ്യ
- താൽക്കാലിക ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് ബൂത്തുകൾ; അയോധ്യയിൽ മെഡിക്കൽ ടീമുകൾ സജ്ജം
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നു മുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.