/indian-express-malayalam/media/media_files/li3E9aozXfYnHWw8eEJo.jpg)
എക്സ്പ്രസ് ഫൊട്ടോ (സ്ക്രീൻ ഗ്രാബ്)
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ അസം പര്യടനത്തിനിടെ വീണ്ടും നാടകീയ രംഗങ്ങൾ. യാത്രയ്ക്കിടയിലുണ്ടായ സംഘർഷത്തിൽ അസം കോൺഗ്രസ് അദ്ധ്യക്ഷൻ ഭൂപൻ ബോറയ്ക്കും പാർട്ടി നേതാവ് ജാക്കീർ ഹുസൈൻ സിക്ദറിനും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വിലക്കുകൾ മറികടന്ന് ഗുവാഹത്തിയിലേക്ക് കടക്കാൻ ശ്രമിച്ച പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
രാവിലെ, മേഘാലയയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട യാത്രക്കാർക്ക് നഗരത്തിലേക്കുള്ള പ്രവേശിക്കാനുള്ള മാർഗ്ഗമായ ഖനപാര മേഖല പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇതേ തുടർന്ന് രാഹുലിന്റ സാന്നിധ്യത്തിൽ തന്നെ ബാരിക്കേഡുകൾ ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു.
“പോലീസ് ലാത്തി പ്രയോഗിച്ചു, എന്റെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു. നിരവധി പ്രവർത്തകർക്കും പരിക്കേറ്റു,” യാത്രയുടെ ഭാഗമായ കോൺഗ്രസ് പ്രവർത്തകൻ നവീൻ കുമാർ പാസ്വാൻ പറഞ്ഞു.
ഗുവാഹത്തി നഗരത്തിനുള്ളിൽ യാത്ര അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു, സംസ്ഥാനത്തെ ബിജെപി സർക്കാർ കോൺഗ്രസിന്റെ ന്യായ് യാത്രയെ അട്ടിമറിക്കാൻ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേ സമയം ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ അസം പോലീസിന് നിർദ്ദേശം നൽകിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അനിയന്ത്രിതമായ പെരുമാറ്റത്തിനും , അംഗീകരിച്ചിരുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനും കോൺഗ്രസ് പ്രവർത്തകരെ പൊലീസിന് നേരിടേണ്ടി വന്നതായി ശർമ്മ പറഞ്ഞു.
“ഇവ ആസാമീസ് സംസ്കാരത്തിന്റെ ഭാഗമല്ല. സമാധാനപരമായ ഒരു സംസ്ഥാനമാണ് നമ്മുടേത്. ഇത്തരം "നക്സലൈറ്റ് തന്ത്രങ്ങൾ" നമ്മുടെ സംസ്കാരത്തിന് തികച്ചും അന്യമാണ്. ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട് @DGPAssamPolice, ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും കോൺഗ്രസ് ഹാൻഡിലുകളിൽ നിങ്ങൾ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ തെളിവായി ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നിങ്ങളുടെ അനിയന്ത്രിതമായ പെരുമാറ്റവും അംഗീകരിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനവും ഇപ്പോൾ ഗുവാഹത്തിയിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്, ”ശർമ്മ പറഞ്ഞു.
സംഘർഷത്തിൽ ബോറയ്ക്കും സിക്ദറിനും പരിക്കേറ്റു. രണ്ട് ദിവസം മുമ്പ് അസമിലെ സോനിത്പൂർ ജില്ലയിൽ ബിജെപി പതാകയുമായി എത്തിയ ജനക്കൂട്ടം യാത്രയുടെ ഭാഗമായ വാഹനങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിലും ബോറയ്ക് പരിക്കേറ്റിരുന്നു.
രാവിലെ 7.30 ഓടെ ഗുവാഹത്തി നഗരത്തിൽ പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ യാത്രയിൽ പങ്കെടുത്തവർ ഖാനപാറയിൽ ഒത്തുകൂടിയെന്നും എന്നാൽ അവരെ പോലീസ് തടഞ്ഞുവെന്നും അസം പ്രദേശ് മഹിളാ കോൺഗ്രസ് പ്രസിഡന്റ് മീര ബോർഡാകൂർ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. “പോലീസ് എല്ലാ റോഡുകളും ബാരിക്കേഡു വെച്ച് തടഞ്ഞിരുന്നു. ഭരണകൂടം എല്ലാ ഗതാഗതവും തടഞ്ഞു - ചില ആംബുലൻസുകളും, വിമാനത്താവളങ്ങളിലേക്ക് പോകുന്ന ആളുകളും ഇതേ തുടർന്ന് ദുരിതത്തിലായി അതിനും കുറ്റം രാഹുലിന്റെ യാത്രയുടെ പേരിലാക്കാനാണ് ബിജെപി ശ്രമിക്കുക ”അവർ പറഞ്ഞു.
പിന്നീട് പോലീസ് സാന്നിധ്യം മൂലം ഹൈവേയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ, യാത്ര ഹൈവേയിലൂടെ തുടർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം മേഘാലയയിലെ ഒരു സ്വകാര്യ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും രാഹുൽ ആരോപിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശം അസം മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന കേന്ദ്രമന്ത്രിയാണ് നൽകിയതെന്നും രാഹുൽ പറഞ്ഞു.
ചൊവ്വാഴ്‌ച രാവിലെ അസമിന്റെ അതിർത്തിയിലുള്ള മേഘാലയയിലെ റി ഭോയ് ജില്ലയിലുള്ള മേഘാലയയിലെ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിൽ (യുഎസ്‌ടിഎം) വിദ്യാർഥികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, പാർട്ടി നേതാക്കളുമായി രാഹുൽ പ്രത്യേകം ആശയവിനിമയം നടത്താൻ തീരുമാനിച്ചിരുന്നു.
Read More
- അയോധ്യയിൽ വൻ ഭക്തജനത്തിരക്ക്; സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയും
- 'രാം ലല്ല' മിഴി തുറന്നു; കനത്ത സുരക്ഷയിൽ അയോധ്യ
- താൽക്കാലിക ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് ബൂത്തുകൾ; അയോധ്യയിൽ മെഡിക്കൽ ടീമുകൾ സജ്ജം
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നു മുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.