/indian-express-malayalam/media/media_files/2025/06/30/digital-scam-crores-move-in-minutes-across-banks-state-borders-2025-06-30-17-59-26.jpg)
Digital Scam; Crores move in minutes across banks, state borders: (Express Photo)
രാജ്യത്തെ 28 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ആറ് കോടി രൂപ തട്ടിയെടുക്കാൻ വേണ്ടിവന്നത് മിനിറ്റുകൾ മാത്രം. ഇതിപ്പോൾ ഒരു ഞെട്ടിക്കുന്ന വാർത്ത അല്ലാതായിരിക്കുന്നു. കാരണം ഓരോ ദിവസവും ഡിജിറ്റൽ തട്ടിപ്പിന് ഇരയായി അക്കൗണ്ട് കാലിയായവരുടെ മുഖങ്ങൾ നമുക്ക് മുൻപിലെത്താൻ തുടങ്ങിയിട്ട് ഒരുപാട് നാളായി. എന്നാൽ നമ്മൾ കരുതുന്നതിലും ഭീകരമാണ് അവസ്ഥ.
രാജ്യ തലസ്ഥാനത്തിനടുത്ത് അത്യാഡംബര അപ്പാർട്ട്മെന്റിൽ നിന്ന്, ഹരിയാനയിലെ ഗ്രാമങ്ങളിലൊന്നിലെ ചെറിയൊരു മൂന്ന് മുറി വീട്ടിൽ നിന്ന്, ഹൈദരാബാദിലെ വാടകയ്ക്കെടുത്ത റൂമിന്റെ ടെറസിൽ നിന്ന്, പിന്നലെ 15ഓളം മറ്റ് സംസ്ഥാനങ്ങളിലെ നമ്മൾ സ്വാഭാവികം എന്ന് കരുതുന്ന ഇടങ്ങളിൽ നിന്നെല്ലാമാണ് ഈ 28 ബാങ്ക് അക്കൗണ്ടിൽ നിന്ന് ആറ് കോടി രൂപ തട്ടിയെടുക്കാനുള്ള ബുദ്ധികൾ പ്രവർത്തിച്ചത്. പിന്നെ 141 അക്കൗണ്ടുകള്‍ വഴി പണം അപ്രത്യക്ഷമായി.
2024ൽ 1.23 ലക്ഷം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തട്ടിപ്പുകാർ പോക്കറ്റിലാക്കിയത് 1,935 കോടി രൂപ. 2022ൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ മൂന്നിരട്ടിയാണ് ഇത്. തട്ടിപ്പുകാർ പിടിമുറുക്കുന്നത് 'ഡിജിറ്റൽ അറസ്റ്റ്' എന്ന തന്ത്രം ആയുധമാക്കിയാണ്. വിഡിയോ കോളിലൂടെ വ്യാജ ചോദ്യം ചെയ്യലിന് ആളുകൾ ഇരയാവുന്നു. പിന്നാലെ അവരുടെ അക്കൗണ്ടുകൾ കാലിയാക്കുന്നു.
Also Read: ആധാർ കാർഡ് ലോക്ക് ചെയ്തോ? ബാങ്ക് അക്കൗണ്ട് കാലിയാക്കും; ചെയ്യേണ്ടത് ഇങ്ങനെ
രാജ്യത്തെ സംസ്ഥാന പൊലീസ് സേനകളിലും സൈബർ ഫ്രോഡ് സെല്ലുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം ട്രെൻഡുകൾ പിന്തുടർന്ന് ഗുരുഗ്രാമിലെ 44കാരിയായ അഡ്വെർടൈസിങ് എക്സിക്യൂട്ടീവ് ഇരയായ തട്ടിപ്പിലൂന്നി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പണം പോയ വഴി തേടി പൊലീസ് റെക്കോർഡുകൾ പരിശോധിച്ച്, മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളി ചോദ്യം ചെയ്യലിനിടെ പ്രതികൾ പറഞ്ഞ വിവരങ്ങൾ ശേഖരിച്ച്, ഈ തട്ടിപ്പിന് ഇരയായതിന്റെ ട്രോമയിലൂടെ ജീവിക്കുന്ന നിരവധി പേരെ നേരിട്ട് കണ്ട്, ബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിച്ചെല്ലാമാണ് ഈ അന്വേഷണം നടത്തിയത്.
വരുമാനം കുറഞ്ഞവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ രണ്ട് ലക്ഷം രൂപ മുതൽ 81 ലക്ഷം രൂപ വരെയാണ് തട്ടിപ്പുകാർ സ്വന്തമാക്കിയത്. വ്യക്തമായ മറുപടി നൽകാനാവാതെ ബാങ്ക് അധികൃതർ ഉൾപ്പെടെ പരസ്പരം പഴി ചാരുന്നു.
"അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരും എന്നോട് ചോദിക്കുകയാണ്, ഇത്രയും വിദ്യാഭ്യാസമുള്ള എന്നെപ്പോലൊരു യുവതി എങ്ങനെയാണ് ഇങ്ങനെയൊരു തട്ടിപ്പിന് ഇരയായത് എന്ന്. കുറ്റബോധവും നാണക്കേടും കാരണം ഇങ്ങനെ തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും മൗനമായി ഇരിക്കുന്നു. അത് ഈ ക്രിമിനലുകൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു," ഗുരുഗ്രാമിൽ തട്ടിപ്പിന് ഇരയായ യുവതി പറയുന്നു.
ഒരു ആയുഷ്കാലത്തെ സമ്പാദ്യമാണ്. അത് തിരികെ പിടിക്കാൻ തട്ടിപ്പിന് ഇരയായ സിംഗിൾ പാരന്റായ ആ യുവതി മുട്ടാത്ത വാതിലുകളില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വരെ പരാതി അയച്ചു. ഗുരുഗ്രാം പൊലീസിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ആണ് ഈ ടീമിന് രൂപം നൽകിയത്. മൂന്ന് പേരെ ഈ അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തു. ഒരു സഹകരണ ബാങ്ക് ഡയറക്ടറും അദ്ദേഹത്തിന്റെ രണ്ട് സഹായികളുമാണ് പിടിയിലായത്. ഇവരിൽ നിന്ന് കണ്ടെത്തിയത് 58 ലക്ഷം രൂപയും.
തട്ടിപ്പിലൂടെ കണ്ടെത്തിയ പണം നിക്ഷേപിച്ച 11 അക്കൗണ്ടുകളെ കുറിച്ച് ഈ അന്വേഷണ സംഘം ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിനെ അറിയിച്ചിട്ടുണ്ട്. ഹൈദരാബാദിൽ ഇത്തരം 181 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മാസത്തിന് ഇടയിൽ 21 കോടി രൂപയാണ് 11 അക്കൗണ്ടുകളിലൂടെ തട്ടിയെടുത്തിരിക്കുന്നത്. ഇങ്ങനെ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്റ്റോ കറൻസി വാങ്ങാൻ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
അന്വേഷണ സംഘത്തിൽ നിന്ന് ലഭിച്ച സൂചനകൾ കൂട്ടിയിണക്കി ഇന്ത്യൻ എക്സ്പ്രസ് സംഘം ഗുരുഗ്രാം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നിലെ കണ്ണികളെ തേടിയിറങ്ങിയപ്പോൾ ലഭിച്ച വിവരങ്ങൾ ഇങ്ങനെ;
ആദ്യം സ്റ്റോപ്പ് ജജ്ജർ
സെപ്തംബർ 4-5, 2024: പൊലീസ് റെക്കോർഡുകൾ പ്രകാരം തട്ടിപ്പിന് ഇരയായ വ്യക്തി താമസിച്ചിരുന്നതിന് സമീപത്തായുള്ള എച്ച്ഡിഎഫ്സിയുടെ രണ്ട് ബ്രാഞ്ചുകൾ സന്ദർശിച്ചു. തട്ടിപ്പുകാരുടെ നിർദേശപ്രകാരമായിരുന്നു ഇത്. 5.85 കോടി രൂപയാണ് ട്രാൻസ്ഫർ ചെയ്തത്. 99 ലക്ഷം രൂപ വീതമായിരുന്നു ട്രാൻസ്ഫർ. ആർടിജിഎസ് വഴി ഹരിയാനയിലെ ജജ്ജർ ജില്ലയിലെ പീയുഷ് എന്ന വ്യക്തിയുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം എത്തിയത്.
സെപ്തംബർ 4, 2024: പീയുഷിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നോക്കുമ്പോൾ തട്ടിപ്പിന് ഇരയായ വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് ഇയാളുടെ കറന്റ് അക്കൗണ്ടിലേക്ക് ആ ദിവസം ഉച്ചയ്ക്ക് 2.45നും 2.47നും 2.88 കോടി രൂപ വന്നതായി വ്യക്തമാകുന്നു. ഉച്ചയ്ക്ക് 2.52 മുതൽ പീയുഷിന്റെ അക്കൗണ്ടിൽ നിന്ന് 10 വ്യത്യസ്ത ബാങ്കുകളിലെ 28 അക്കൗണ്ടുകളിലേക്കായി പണം പോകാൻ തുടങ്ങി. ഒരു മണിക്കൂർ 28 മിനിറ്റ് പിന്നിട്ടപ്പോഴേക്കും മുഴുവൻ തുകയും ഈ 28 അക്കൗണ്ടുകളിലേക്ക് മാറ്റി.
സെപ്തംബർ 5, 2024: പീയുഷിന്റെ അക്കൗണ്ടിലേക്ക് തട്ടിപ്പിന് ഇരയായ വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് ഈ ദിവസം ഉച്ചയ്ക്ക് 2.50 ആയപ്പോഴേക്കും 2.97 കോടി രൂപ എത്തി. 35 സെക്കൻഡിനുള്ളിൽ ഈ പണം വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തുടങ്ങി. 29 മിനിറ്റിനുള്ളിൽ തട്ടിപ്പിന് ഇരയായ വ്യക്തിയുടെ പണം പീയുഷിന്റെ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായി. 26കാരനായ പീയുഷ് എന്ന തൊഴിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന യുവാവിന്റെ അക്കൗണ്ടിൽ പിന്നെയുണ്ടായത് 2,844 രൂപ മാത്രം.
സുബാനയിലെ പീയുഷിന്റെ വസതി ഇന്ത്യൻ എക്സ്പ്രസ് അന്വേഷണ സംഘം കണ്ടെത്തി. സൈന്യത്തിൽ നിന്ന് വിരമിച്ച 60കാരനായ പീയുഷിന്റെ പിതാവ് രൺബീറാണ് വീട്ടിലുണ്ടായത്. പീയുഷ് അറസ്റ്റിലായതായും ആറ് മാസം ബോണ്ട്സി ജയിലിൽ തടവിലായിരുന്നതായും പിതാവ് പറഞ്ഞു. ഈ വർഷം ഏപ്രിലിൽ പീയുഷ് ജാമ്യത്തിലിറങ്ങി. ഇപ്പോൾ ഒരു ബന്ധുവിനൊപ്പം മറ്റൊരു സ്ഥലത്താണ് പീയുഷ് കഴിയുന്നത്.
കരച്ചിലടക്കാനാവാതെയാണ് രൺബിറും ഭാര്യ ശകുന്തളയും മകൻ പീയുഷിനെ കുറിച്ച് പറയുന്നത്. സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം ആണ് പീയുഷ് ഈ ബാങ്ക് അക്കൗണ്ട് ആരംഭിച്ചത് എന്നാണ് ഇരുവരും അവകാശപ്പെടുന്നത്. പീയുഷിന് പണമായി ഒന്നും ലഭിച്ചില്ല. സെപ്തംബർ അഞ്ച് 2024ന് ബാങ്ക് മാനേജർ ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ മാത്രമാണ് ഈ അക്കൗണ്ട് വഴി തട്ടിപ്പ് നടന്നത് അറിയുന്നത്.
രണ്ടാമത്തെ സ്റ്റോപ്പ് ഹൈദരാബാദ്
പൊലീസ് റെക്കോർഡ് പ്രകാരം പീയുഷിന്റെ അക്കൗണ്ടിലെത്തിയ ഭൂരിഭാഗം പണവും ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകളിലേക്കാണ് പോയതെന്ന് വ്യക്തമാക്കുന്നു. ഇതിൽ ഹൈദരാബാദിലെ സരൂർ നഗറിലെ ശ്രീനിവാസ പദ്മാവതി സഹകരണ അർബൻ ബാങ്കിലെ 11 അക്കൗണ്ടിലേക്ക് 4.87 കോടി രൂപ എത്തി. 10 ജീവനക്കാർ മാത്രമുള്ള ബ്രാഞ്ച് ആണ് ഇത്.
തട്ടിപ്പിലൂടെ ലഭിച്ച പണം വന്ന 11 അക്കൗണ്ടുകളിൽ അഞ്ചെണ്ണം ബാങ്കിന്റെ ഡയറക്ടർമാരിലൊരാളായ വെങ്കടേശ്വരലു സമുദ്രാലയുടെ നിർദേശപ്രകാരമാണ് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ നൽകിയ വിവരങ്ങൾ പലതും സംശയങ്ങൾ ഉയർത്തുന്നതാണ്. ഇതിൽ മൂന്നെണ്ണം തയ്യൽക്കാരൻ, മരപ്പണിക്കാരൻ, ഓട്ടോറിക്ഷാ ഡ്രൈവർ എന്നിവരുടെ പേരിലുള്ളതാണ്. ഈ മൂന്ന് പേരേയും ഹൈദരാബാദ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
തട്ടിപ്പിലൂടെ കണ്ടെത്തിയ പണം വന്ന മൂന്ന് അക്കൗണ്ട് ഉടമകളുടെ അടുത്തേക്ക് ഇന്ത്യൻ എക്സ്പ്രസ് സംഘം എത്തി. രണ്ട് മക്കളെ തനിച്ച് വളർത്തുന്ന അമ്മയായ ആർ ശാരദ (35), എൻ രവീന്ദർ(45), ജി ശിവരാജു(24) എന്നിവരുടെ പേരിലാണ് ഈ മൂന്ന് അക്കൗണ്ടുകൾ. ബാങ്കിന്റെ ഡയറക്ടർമാരിലൊരാളായ വെങ്കടേശ്വരലു സമുദ്രാലയുടെ നിർദേശപ്രകാരം ആണ് അക്കൗണ്ട് തുറന്നത് എന്ന് ശാരദയും രവീന്ദറും പറഞ്ഞു.
രവിന്ദറിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിനെതിരെ 37 കേസുകൾ ആണ് 14 സി പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചംപാപേട്ടിലെ സായ് കൃഷ്ണ എന്ന ആളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിനെതിരെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് പേർക്കും ഈ ബാങ്ക് അക്കൗണ്ടുകളിടെ ഇടപാടുകളെ കുറിച്ച് യാതൊരു വിവരവും ഇല്ല.
കാണ്ഡി എന്ന പേരിലെ അക്കൗണ്ടിനെതിരെ 46 കേസുകളാണ് 14സി വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടിലേക്ക് ഗുരുഗ്രാമിലെ പീയുഷ് എന്നയാളിൽ നിന്നാണ് 81.4 ലക്ഷം രൂപയും വന്നിരിക്കുന്നത്. ഈ അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ്റ് നോക്കുമ്പോൾ മനസിലാവുന്നത് 11 മാസത്തിന് ഇടയിൽ 5.24 കോടി രൂപ ഇതിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. ഈ വർഷം ഫെബ്രുവരിയിലെ ഈ അക്കൗണ്ടിലെ ബാലൻസ് 6000 രൂപയും. എന്നാൽ കാണ്ഡിയുടെ പേരിലെ ഈ അക്കൗണ്ട് വ്യാജമാണ്. അന്വേഷണ സംഘത്തിന് ഇങ്ങനെയൊരാളെ കണ്ടെത്താനായിട്ടില്ല.
ശാരദയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കുന്നത് 1.07 കോടി രൂപ ഈ അക്കൗണ്ടിലേക്ക് വന്നതായാണ്. മൂന്ന് മാസത്തിനിടയിലാണ് ഇത്രയും തുക വന്നത്. അതിൽ 1.06 കോടി രൂപ 2024 ഒക്ടോബറോടെ പിൻവലിച്ചു. അക്കൗണ്ടിൽ ബാലൻസ് ഉള്ളത് 6000 രൂപ. പീയുഷിൽ നിന്നാണ് ഈ അക്കൗണ്ടിലേക്ക് 41 ലക്ഷം രൂപ വന്നത്.
'ഞാൻ ഒരു മരപ്പണിക്കാരനാണ്, ഒരു തെറ്റും ചെയ്തിട്ടില്ല'
"സമുദ്രാലയെ ഞാൻ ആദ്യം കാണുന്നത് ഒരു ബസിൽ വെച്ചാണ്. എനിക്ക് ജോലി ആവശ്യമുണ്ടോ എന്ന് സമുദ്രാല ചോദിച്ചു. ജോലി എനിക്ക് അത്യാവശ്യം ആയതിനാൽ ഞാൻ വേണമെന്ന് പറഞ്ഞു. അയാൾ പിന്നെ എനിക്ക് ബാങ്ക് അക്കൗണ്ട് തുറന്ന് തന്നു. ഞാൻ ആ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുകയോ ബാങ്കിലേക്ക് പോവുകയോ ചെയ്തിട്ടില്ല. ഫെബ്രുവരിയിലാണ് സമുദ്രാലയുടെ തട്ടിപ്പിന്റെ കാര്യങ്ങൾ പൊലീസിൽ നിന്ന് ഞാൻ അറിയുന്നത്. ഹൈദരാബാദിലെ അയാളുടെ വസതിയിലേക്ക് പൊലീസിനെ ഞാൻ കൊണ്ടുപോയി," തയ്യൽക്കാരിയായ ശാരദ പറയുന്നു.
"ബാങ്കിന് സമീപമുള്ള ഒരു ചായക്കടയിൽ വെച്ചാണ് സമുദ്രാലയെ കണ്ടത് എന്നാണ് രവീന്ദർ പറയുന്നത്. ഒരു സ്ഥിര ജോലി വാങ്ങി നൽകാം എന്ന് ഇയാൾ എനിക്ക് ഉറപ്പ് നൽകി. ജോലിക്ക് ബാങ്ക് അക്കൗണ്ട് വേണമെന്നും പറഞ്ഞു. പിന്നാലെ പൊലീസ് എന്നോട് കോടതിയിൽ വന്ന് തെളിവ് നൽകണം എന്ന് നിർദേശിക്കുകയാണുണ്ടായത്. ഞാൻ ഒരു മരപ്പണിക്കാരനാണ്. കുടുംബം നോക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന വ്യക്തിയാണ് ഞാൻ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല," രവീന്ദർ പറയുന്നു.
ശിവരാജു എന്ന ഓട്ടോറിക്ഷ ഡ്രൈവർ ഇന്ത്യൻ എക്സ്പ്രസ് സംഘത്തെ നേരിൽ കാണാൻ തയ്യാറായില്ല. ഫോൺ കോളിലൂടെയാണ് ഇദ്ദേഹം സംസാരിച്ചത്. ഇദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടിനെതിരെ 14 സൈബർ പരാതികളാണുള്ളത്. "എന്റെ ഭാര്യസഹോദരന്റെ നിർദേശപ്രകാരമാണ് ഞാൻ ഈ അക്കൗണ്ട് തുറന്നത്. എല്ലാ ദിവസവും എനിക്ക് തിരക്കായിരിക്കും. ഓട്ടോറിക്ഷയോടിക്കണം എനിക്ക്. ബാങ്കുമായി ഞാൻ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. എന്നാൽ പിന്നാലെ പൊലീസ് എത്തി," ശിവരാജു പറഞ്ഞു.
സമുദ്രാലയുമായും അയാളുടെ സഹായികളുമായും ബന്ധപ്പെട്ട ഹൈദരാബാദിലെ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുഗ്രാം കേസുമായി ബന്ധപ്പെട്ട 11 അക്കൗണ്ടുകളിലെ രണ്ട് അക്കൗണ്ടുകൾ തുറക്കാൻ സഹായിച്ച കെ വീരഭദ്ര റാവു, ജെ ജോൺ വെസ്ലറി എന്നിവരെ കണ്ടെത്തി. 63 ലക്ഷം രൂപ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
സമുദ്രാലയ്ക്കെതിരെ ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. സമാന തട്ടിപ്പിന്റെ പേരിൽ ഗുജറാത്തിൽ ഇയാൾ അറസ്റ്റിലായതായും 2024 സെപ്തംബർ മുതൽ ഈ വർഷം ജനുവരി വരെ സബർമതി ജയിലിൽ തടവിലായിരുന്നതായും പൊലീസ് പറയുന്നു, ഫെബ്രുവരി വരെ രാജ്കോട്ട് സെൻട്രൽ ജയിലിലും.
സംഭവത്തെ കുറിച്ച് ഗുരുഗ്രാം ഡെപ്യുട്ടി പൊലീസ് കമ്മിഷണർ ഡോ.ഹിതേഷ് യാദവ് പറയുന്നത് ഇങ്ങനെ, "ഈ കേസിൽ പിടിയിലായ പ്രധാന പ്രതി നേരത്തേയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ തട്ടിപ്പിന് പിന്നിലുള്ള മറ്റുള്ളവരേയും ഞങ്ങൾ പിടികൂടാൻ പോവുകയാണ്. മറ്റ് ഡിജിറ്റൽ അറസ്റ്റ് കേസുകളും അന്വേഷിക്കും. വ്യാജ അക്കൗണ്ടുകൾ തുടങ്ങാൻ അനുവദിച്ച ഹൈദരാബാദിലെ സഹകരണ ബാങ്കിനെതിരെ നടപടി സ്വീകരിക്കും."
Read More: PNB Loan Fraud: പിഎൻബി വായ്പ തട്ടിപ്പ്: രത്‌നവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.