/indian-express-malayalam/media/media_files/XfVmugmca2H92QAaDsjc.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമാവുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠക്ക് മുമ്പായി 11 ദിവസത്തെ വ്രതം നോക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധീകരിക്കാൻ ദൈവം ഈ ചടങ്ങിലേക്ക് തന്നെ നിയോഗിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ തന്നെ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രാധാന്യം കണക്കിലെടുത്ത് താൻ പ്രതിഷ്ഠാ ദിനമായ ജനുവരി 22 വരെ വ്രതാനുഷ്ടാനത്തിലായിരിക്കുമെന്നും മോദി തന്റെ ട്വിറ്ററിൽ കുറിച്ചു.
“അയോധ്യയിലെ രാംലാലയുടെ അഭിഷേകത്തിന് ഇനി 11 ദിവസം മാത്രം. ഈ ശുഭമുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്. പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കാൻ ദൈവം എന്നെ ഒരു ഉപകരണമാക്കിയിരിക്കുന്നു. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിക്കുന്നു. ഈ വേളയിൽ എല്ലാ ജനങ്ങളിൽ നിന്നും ഞാൻ അനുഗ്രഹം തേടുകയാണ്. ഈ നിമിഷത്തിൽ, എന്റെ വികാരങ്ങൾ വാക്കുകളിൽ ഒതുങ്ങുന്നതല്ല, ” പ്രധാനമന്ത്രി തന്റെ എക്‌സിൽ കുറിച്ചു.
രണ്ടാഴ്ച്ച മുമ്പ് അയോധ്യയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, രാമക്ഷേത്രം പ്രതിഷ്ഠിക്കുന്ന ജനുവരി 22 വീടുകളിൽ ദീപം തെളിയിക്കണമെന്ന് മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. എല്ലാവർക്കും അയോധ്യയിലേക്കെത്താൻ പരിമിതികളുള്ളതിനാൽ പ്രതിഷ്ഠാ ദിനം വീടുകളിൽ ആഘോഷിക്കാനായിരുന്നു ജനങ്ങളോട് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. ഒപ്പം ജനുവരി 23 മുതൽ ജനങ്ങളുടെ സൗകര്യമനുസരിച്ച് അയോധ്യ സന്ദർശിക്കണമെന്നും കൂട്ടിച്ചേർത്തു.
വ്രതാനുഷ്ഠാന പ്രഖ്യാപനത്തിലൂടെ ബി ജെ പി മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരു പടികൂടി ഊന്നൽ നൽകുകയാണ് പ്രധാനമന്ത്രി എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. രാമക്ഷേത്രത്തിനൊപ്പം തന്നെ അയോധ്യയുടെ അടിസ്ഥാന വികസനങ്ങൾ ആധുനിക വത്കരിക്കുന്ന കോടി കണക്കിന് രൂപയുടെ പദ്ധതികളും ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കുമെന്നതുറപ്പ്.
ജനുവരി 22 ന് നടക്കുന്ന "ചരിത്രപരമായ" രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു, എന്നാൽ ഈ പരിപാടിക്ക് നഗരത്തിലേക്ക് വരരുതെന്ന് ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു, തിരഞ്ഞെടുത്ത കുറച്ച് ആളുകൾ മാത്രമേ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുകയുള്ളൂവെന്നും മോദി അയോധ്യയിൽ പറഞ്ഞിരുന്നു.
“ഏതെങ്കിലും രാജ്യം വികസിക്കണമെങ്കിൽ അതിന്റെ പൈതൃകം സംരക്ഷിക്കണം. നമ്മൾ പഴയതും പുതിയതുമായ രീതിയിൽ മുന്നേറുകയാണ്. ഒരിക്കൽ രാം ലല്ല അയോധ്യയിൽ ഒരു കൂടാരത്തിലായിരുന്നു. ഇന്ന് രാംലല്ലയ്ക്ക് മാത്രമല്ല നാല് കോടി ജനങ്ങൾക്കും ഇവിടെ നല്ല വീടുകൾ ഉണ്ട്..ഇന്ന് അയോധ്യയ്ക്ക് വികസനത്തിന്റെ ഉത്സവമാണ്; കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവിടെ പാരമ്പര്യത്തിന്റെ ഉത്സവം നടക്കും," മോദി പറഞ്ഞു.
Read More
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us