/indian-express-malayalam/media/media_files/mDWYLvhbUOmrYaXUwOWT.jpg)
Malayalam Top News Headlines today:
Malayalam Top News Highlights today: നവകേരള സദസ്സിന് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ. ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരൂരങ്ങാടി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പിന്‍വലിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചത്. കേസ് അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആവശ്യത്തെ ഹര്‍ജിക്കാരായ എംഎസ്എഫ് എതിര്‍ത്തു.
14ലെ ഉത്തരവ് 20നാണ് പിന്‍വലിച്ചതെന്നും ഉത്തരവ് പിന്‍വലിച്ചിട്ടും കുട്ടികളെ റോഡില്‍ എത്തിച്ചെന്നും ഹർജിക്കാർ അറിയിച്ചു. 22 ന് തലശ്ശേരിയിലും 25 ന് കോഴിക്കോട് കടത്തനാട്ടും കുട്ടികളെ റോഡരികില്‍ എത്തിച്ചതായി എംഎസ്എഫ് ചൂണ്ടിക്കാട്ടി. ഉത്തരവ് പിന്‍വലിച്ച ശേഷം കുട്ടികളെ എത്തിച്ചത് കോടതിയോടുള്ള വെല്ലുവിളിയാണന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
വീഡിയോ ഹാജരാക്കാമെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കുട്ടികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പരാമര്‍ശിച്ചു. കേസ് അവസാനിപ്പിക്കാന്‍ വിസമ്മതിച്ച കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
സാറയ്ക്ക് കണ്ണീരോടെ യാത്രാമൊഴി ചൊല്ലി ജന്മനാട്
കുസാറ്റിലെ ടെക് ഫെസ്റ്റില്‍ തിക്കിലുംതിരക്കിലും പെട്ട് മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസിന്റെ മൃതദേഹം സംസ്കരിച്ചു. പുതുപ്പാടി സെയ്ന്റ് ജോർജസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിലായിരുന്നു അന്തിമ ശുശ്രൂഷകൾ നടന്നത്. കുന്ദംകുളം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ യൂലിയോസിസിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
താമരശ്ശേരി കോരങ്ങാട് സെയ്ന്റ് അൽഫോൺസാ ഹയർ സെക്കന്ററി സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. പള്ളിയിലും പൊതുദർശനത്തിന് അവസരം നൽകിയിരുന്നു. നൂറുകണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി പള്ളിയിലെത്തിയത്. കുസാറ്റില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ സാറാ തോമസ് കോരങ്ങാട് തൂവക്കുന്നുമ്മല്‍ വയലപ്പള്ളില്‍ തോമസ് സ്കറിയുടെയും കൊച്ചുറാണിയുടെയും മകളാണ്. സാനിയ, സൂസന്‍ എന്നിവരാണ് സഹോദരങ്ങള്‍.
അതേസമയം, പറവൂർ സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം നാളെയാണ്. വിദേശത്തുള്ള അമ്മ നാളെ പുലർച്ചെ നാട്ടിലെത്തും. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം പറവൂർ കുറുമ്പത്തുരുത്തിലെ വീട്ടിലെത്തിക്കും. നാളെ 11 മണി വരെ വീട്ടിൽ പൊതുദർശനം. ഉച്ചയ്ക്ക് ഒരു മണിയോടെ കുറുമ്പത്തുരുത്ത് സെന്‍റ് ജോസഫ് പള്ളിയിലാണ് സംസ്കാരം.
കുസാറ്റ് ദുരന്തം: രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു
കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിലവില്‍ 34 പേര്‍ ചികിത്സയിലുണ്ട്.
കുസാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍വകലാശാല ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാവിലെ 10.30ന് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം. ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേരും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് 2.30ന് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കുസാറ്റ് സർവകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവൻ പരീക്ഷകളും മാറ്റിവച്ചതായും സർവകലാശാല അറിയിച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതർ വ്യക്തമാക്കി.
Read More Kerala News Here
- കുസാറ്റ് ദുരന്തം: ടെക് ഫെസ്റ്റിനിടെ തിരക്കില്‍പ്പെട്ട് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു
- ഞാന്‍ പ്രോഗ്രാമിന് പുറപ്പെടും മുന്‍പ് തന്നെ സംഭവിച്ചു, ദൗര്‍ഭാഗ്യകരം; ഹൃദയം തകരുന്നു എന്ന് ഗായിക നികിത ഗാന്ധി
- ഉറ്റകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ; മഴ പെയ്തതല്ല അപകട കാരണമെന്നും ദൃക്സാക്ഷികൾ
- "കൊച്ചിന്റെ മുഖം കണ്ടാലറിയാത്ത വിധമാരുന്നു"; ഞെട്ടൽ വിട്ടുമാറാതെ സാറയുടെ ബന്ധുക്കളും നാട്ടുകാരും
- Nov 27, 2023 15:33 IST
കുസാറ്റ് അപകടം: 25 വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്‌തു; 18 പേർ ചികിത്സയിൽ
കുസാറ്റ് അപകടത്തിൽ 25 വിദ്യാർഥികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. ഏഴ് പേരാണ് ഐസിയുയിൽ ഉള്ളത്. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാർഥിനികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടു പേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
- Nov 27, 2023 14:07 IST
മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും
ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലിസിനെ അറിയിച്ചത്. കേസിൽ അമ്മയേയും കാമുകനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ശിശുപാലൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
- Nov 27, 2023 14:04 IST
യുഡിഎഫ് ബഹിഷ്കരണത്തിന് കാരണം നവകേരള സദസിന് ലഭിച്ച പൊതുസ്വീകാര്യത: മുഖ്യമന്ത്രി
യുഡിഎഫ് ബഹിഷ്കരണത്തിന് കാരണം നവകേരള സദസിന് ലഭിച്ച പൊതുസ്വീകാര്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ മലപ്പുറത്തെ ആദ്യ വേദിയായ പൊന്നാനിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "140ൽ 41 മണ്ഡലങ്ങളിൽ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് പ്രവർത്തിക്കുന്നത്. എന്നാൽ യുഡിഎഫ് സദസിനെ പൂർണമായും ബഹിഷ്കരിക്കുകയാണ്. ബഹിഷ്കരണത്തിന് തൊട്ട് പിന്നാലെ എല്ലാ ദിവസങ്ങളിലും ഒന്നിനൊന്ന് മെച്ചപ്പെട്ടു എന്നു മാത്രമല്ല, ഓരോ പരിപാടിക്കും ജനം വിശാലമായ വേദിയാണ് ഒരുക്കുന്നത്. വേദിയ്ക്ക് പുറത്തേക്കും ആളുകൾ എത്തുന്ന നിലയാണ് ഉണ്ടായത്. പൊന്നാനിയിൽ കണ്ടതും ഇത്തരത്തിലുള്ള ഒരു സ്വീകരണമാണ്. വരും ദിവസങ്ങളിൽ ഇതിലും വലിയ ജനപങ്കാളിത്തം ഉണ്ടാകും," മുഖ്യമന്ത്രി പറഞ്ഞു.
- Nov 27, 2023 13:40 IST
അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം
കളമശ്ശേരി കുസാറ്റ് കാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ വിശദമായ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് ഇന്ന് പരിശോധനയ്ക്കായി എത്തിയത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നുള്ള രണ്ട് പേരാണ് ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തിയത്. പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും, വിശദമായി പരിശോധിച്ചെന്നും സമിതി അംഗം ഡോ. സുനില്‍ വ്യക്തമാക്കി. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം എസ് രാജശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി എടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പരിപാടിയുടെ വിവരം പൊലിസിന് അറിയാമായിരുന്നു എന്നാണ് മനസിലാക്കുന്നതെന്നും 6 പൊലിസുകാര്‍ അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണങ്ങളാണ് നടക്കുന്നതെന്നും ഇന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി യോഗവും സിന്‍ഡിക്കേറ്റ് യോഗവും ചേരുന്നുണ്ടെന്നും ഇതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും കുസാറ്റ് വൈസ് ചാന്‍സിലര്‍ പി ജി ശങ്കരന്‍ പറഞ്ഞു.
- Nov 27, 2023 10:37 IST
മലപ്പുറത്ത് കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ നവ കേരള സദസിൽ
യുഡിഎഫ് വിലക്ക് മറികടന്ന് കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ മലപ്പുറത്ത് നവ കേരള സദസിൽ പങ്കെടുക്കാനെത്തി. നവകേരള സദസിലെ ലീഗ് സാന്നിധ്യം വലിയ ചർച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിൽ നവകേരള സദസിൽ പങ്കെടുത്തു. തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത്. കോൺഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുൻ ബ്ലോക്ക് പ്രസിഡന്റായ സി മൊയ്തീൻ പ്രഭാത യോഗത്തിനാണ് പങ്കെടുത്തത്.
- Nov 27, 2023 10:35 IST
നവകേരള സദസ് മലപ്പുറത്ത്; പര്യടനം ഇന്ന് മുതൽ
നവ കേരള സദസ് ഇന്ന് മുതൽ മലപ്പുറത്ത് പര്യടനം തുടങ്ങി. തിരൂരിലെ പ്രഭാത യോഗത്തിന് ശേഷം രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി. വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരക്ക് തിരൂര്‍ മണ്ഡലത്തിലും നവ കേരള സദസ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂര്‍ മണ്ഡലത്തിലെ പരിപാടി. നവ കേരള സദസിനോട് അനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- Nov 27, 2023 09:56 IST
സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി തിങ്കളാഴ്ച ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല. അതേസമയം, കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യത നിലനില്‍ക്കുന്നത്.
- Nov 27, 2023 08:42 IST
ചക്കുളത്തമ്മയ്‌ക്ക് ഇന്ന് കാർത്തിക പൊങ്കാല
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് കാർത്തിക പൊങ്കാല. പുലർച്ചെ നാല് മണിക്ക് നിർമ്മാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയും ചടങ്ങുകൾക്ക് തുടക്കമായി. വിളിച്ചുചൊല്ലി പ്രാർത്ഥന രാവിലെ ഒമ്പത് മണിക്ക് നടക്കും. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. ഇതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും.
11 മണിക്ക് 500ലേറെ വേദ പണ്ഡിതരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പൊങ്കാലയുടെ ഉദ്‌ഘാടനം നിർവഹിക്കും.
- Nov 27, 2023 08:21 IST
നവ കേരള സദസ്സിൽ പങ്കെടുത്തതിന് ലീഗ് നേതാക്കൾക്ക് സസ്‌പെൻഷൻ
പാർട്ടി നിർദ്ദേശം ലംഘിച്ച് നവ കേരള സദസ്സിൽ പങ്കെടുത്തതിന് ലീഗ് നേതാക്കൾക്ക് സസ്‌പെൻഷൻ. കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെ മുസ്ലിം ലീഗിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. വിശദീകരണം തൃപ്തികരം അല്ലാത്തതിനാലാണ് ലീഗ് നേതാക്കളെ സസ്‌പെൻഡ് ചെയ്തത്.
- Nov 27, 2023 07:55 IST
സാറാ തോമസിന്‍റെ സംസ്കാരം ഇന്ന്; ആൻ റിഫ്തയുടേത് നാളെ
ദുരന്തത്തിൽ മരിച്ച താമരശ്ശേരി സ്വദേശി സാറാ തോമസിന്‍റെ സംസ്കാരം ഇന്ന് നടക്കും. ഈങ്ങാപ്പുഴ സെന്റ് ജോർജ് പള്ളിയിലാണ് സംസ്കാരം. പറവൂർ സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം നാളെയാണ്. വിദേശത്തുള്ള അമ്മ നാളെ പുലർച്ചെ നാട്ടിലെത്തും. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം പറവൂർ കുറുമ്പത്തുരുത്തിലെ വീട്ടിലെത്തിക്കും. നാളെ 11 മണി വരെ വീട്ടിൽ പൊതുദർശനം. ഉച്ചയ്ക്ക് ഒരു മണിയോടെ കുറുമ്പത്തുരുത്ത് സെന്‍റ് ജോസഫ് പള്ളിയിലാണ് സംസ്കാരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us