/indian-express-malayalam/media/media_files/qS0qxsoAr5az3yYgNJk9.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
താമരശ്ശേരി: ഏറെ പ്രതീക്ഷയോടെ കുസാറ്റ് കാമ്പസിൽ പഠിക്കാനയച്ച മൂന്ന് മക്കളിൽ ഒരാൾ ഇനി ജീവനോടെ തിരികെ വരില്ലെന്ന വാർത്തയുണ്ടാക്കിയ ഞെട്ടലിലാണ് താമരശേരി വയലുപിള്ളിൽ വീട്ടുകാർ. കുസാറ്റ് കാമ്പസിലെ തിക്കിലുംതിരക്കിലും പെട്ട് മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസിന്റെ വിയോഗം കുടുംബത്തേയും ആ നാടിനേയുമാകെ നടുക്കിയിരിക്കുകയാണ്. മകളുടെ ജീവനറ്റ ശരീരം വീട്ടിലേക്ക് എത്തിക്കുന്നതും കാത്ത് ഉറക്കെ കരയാൻ പോലും കഴിയാതെ വിതുമ്പലടക്കുകയാണ് സാറാ തോമസിന്റെ മാതാപിതാക്കളും ബന്ധുക്കളും.
ഇന്നലെ വാർത്തയിലൂടെയാണ് സാറയുടെ ബന്ധുക്കൾ കാമ്പസിലെ അപകട വിവരമറിഞ്ഞത്. ഇതേ കാമ്പസിൽ പഠിക്കുന്ന സാറയുടെ കസിൻസാണ് സാറയുടെ വിയോഗ വാർത്ത ഫോണിൽ വിളിച്ച് അറിയിച്ചതെന്നും ബന്ധുവായ അമ്മുക്കുട്ടി പറയുന്നു. "വൈകിട്ട് ഏഴ് മണിക്ക് ടിവിയൽ കണ്ടപ്പോഴാ അപകടവിവരം അറിഞ്ഞത്. മക്കൾ അവിടായതു കൊണ്ട് വിളിച്ചുനോക്കാൻ ഹസ്ബന്റ് പറഞ്ഞു. മോള് പിഎച്ച്ഡിക്ക് പഠിക്കുന്നോണ്ട് ക്ലാസ് ഉണ്ട് 6 മണി വരെ. അതുകൊണ്ട് മോനെ വിളിച്ചു. അവനാ പറഞ്ഞത് ഇങ്ങനൊരു പ്രശ്നമുണ്ടായി. സാറയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്.
പിന്നെ കുറേ കഴിഞ്ഞിട്ടും വിളിച്ചില്ല. എട്ടര മണി കഴിഞ്ഞപ്പോ ഞാൻ വിളിക്കുമ്പോഴാ മോൾ എന്നോട് പറഞ്ഞത് നമ്മുടെ സാറയാ മമ്മി പോയത്, അവളുടെ അടുത്താ ഉള്ളതെന്ന്. അത്രേം വിവരമാ അന്നേരം അറിഞ്ഞത്. പിന്നീടാണ് മെഡിക്കൽ കോളേജിലാ ഉള്ളേന്ന് അറിഞ്ഞത്. ആദ്യമേ കൊച്ചിന്റെ മുഖം കണ്ടാലറിയാത്ത വിധമാരുന്നു. ടെസിക്ക് തിരിച്ചറിയാൻ പറ്റുന്നില്ലാരുന്നു. അന്നേരം കൂടെയുള്ള കൊച്ചുങ്ങള് പറഞ്ഞെന്ന് പറഞ്ഞു സാറ തന്നെയാ ഇതെന്ന്.
മുഖമാകെ വികൃതമായിക്കാണും ചവിട്ടൊക്കെ കൊണ്ട്. പിന്നെ രാത്രീൽ തന്നെ ജനറൽ ആശുപത്രീലോട്ട് കൊണ്ടുപോയി. ഇന്ന് രാവിലെ ആങ്ങളയൊക്കെ പോയി തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്മോർട്ടവും പൊതുദർശനവുമൊക്കെ കഴിഞ്ഞ് ഇങ്ങ് കൊണ്ടുവരും. നാളെ രാവിലെ സംസ്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്," അമ്മുക്കുട്ടി പറഞ്ഞു.
കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ പള്ളിക്ക് കീഴിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കുന്നതിലും മുൻകയ്യെടുത്തിരുന്നത് സാറയായിരുന്നു എന്ന് പുരോഹിതൻ മാധ്യമങ്ങളോട് പറഞ്ഞു. വളരെ ഉത്സാഹിയായ കുടിയായിരുന്നു അവർ. ഇവിടെയെല്ലാം ചിരിച്ചും കളിച്ചും നടന്നിരുന്ന പൂമ്പാറ്റയെ പോലെയായിരുന്നു അവളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More Kerala News Here
- കുസാറ്റ് ദുരന്തം: ടെക് ഫെസ്റ്റിനിടെ തിരക്കില്‍പ്പെട്ട് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു
- ഞാന്‍ പ്രോഗ്രാമിന് പുറപ്പെടും മുന്‍പ് തന്നെ സംഭവിച്ചു, ദൗര്‍ഭാഗ്യകരം; ഹൃദയം തകരുന്നു എന്ന് ഗായിക നികിത ഗാന്ധി
- ഹൃദയം ഹരിയ്ക്ക്; സെല്‍വിന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
- കേരളത്തിന്റെ പൂര്‍ണ്ണമായ പ്രൊപ്പോസല്‍ മാര്‍ച്ച് 31ന് മുന്‍പ് വന്നില്ല; നിര്‍മ്മല സീതാരാമന്
#SaraThomas #Thamarasseri
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.