/indian-express-malayalam/media/media_files/uploads/2022/12/m-v-govindan-.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ പറഞ്ഞത് പാർട്ടിയുടെ നിലപാടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. "മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം പർവതീകരിച്ച് കാണിക്കുകയാണ്. സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് ഉയർന്ന് വന്നിട്ടുള്ള പരാതികൾ പാർട്ടി പരിശോധിക്കും. സജി ചെറിയാൻ്റെ പരാമര്‍ശം മൂലം ബിഷപ്പുമാർ ഉൾപ്പെടെ ആർക്കെങ്കിലും വല്ല രീതിയിലുമുള്ള പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ, ആ പ്രയാസപ്പെടുത്തുന്ന പദം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി പരിശോധിക്കും.
ഒരു മതത്തിനും വിശ്വാസത്തിനും സിപിഎം എതിരല്ല. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ബിഷപ്പുമാരാണ്. പക്ഷേ, പ്രധാനമന്ത്രി വിളിച്ച യോഗത്തിന്റെ ഭൌതിക സാഹചര്യം പരിശോധിക്കണം. ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ പരാമർശം പരിശോധിക്കും. പാർട്ടി നിലപാട് ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും തീരുമാനിക്കും," എം വി ഗോവിന്ദൻ പറഞ്ഞു.
ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
ആര് വിളിച്ചാൽ പോകണമെന്ന് തീരുമാനിക്കുന്നത് സഭയാണെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകുന്നത് വരെ സർക്കാരുമായി ഇനി സഹകരിക്കില്ലെന്ന് കർദിനാൾ മാർ ക്ലീമീസ് ബാവ പറഞ്ഞു. മന്ത്രി നിരുത്തരവാദപരമായ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാർ പരിപാടികളിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം നിലപാട് കടുപ്പിച്ചു.
അതേസമയം, ക്രിസ്മസിനോടനുബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേർത്ത ക്രിസ്മസ് വിരുന്നിൽ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും പങ്കെടുത്തതിനെ വിമർശിച്ചു കേരളത്തിന്‍റെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദിത്വപരവും അനുചിതവുമാണെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു. ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർ ഇത്തരം പ്രതികരണങ്ങളിൽ പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ച് ശ്രദ്ധയുള്ളവരാകണമെന്നും സംഘടന വിമർശിച്ചു.
കെസിബിസി ഡിസംബറിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിലും വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കന്മാർ പങ്കെടുത്തിരുന്നു. എന്നാൽ അതിനെ വിമർശിച്ചു മുൻ മന്ത്രി കെ ടി ജലീലും രംഗത്തുവന്നു. ഭരണകക്ഷി നേതാക്കന്മാർ രാഷ്ട്രീയ ശത്രുതയോടെ പ്രതികരിക്കുമ്പോൾ ഉപയോഗിക്കുന്ന പദങ്ങളിൽ സാമ്യം പ്രകടമാണ്. ഒരു പ്രത്യേക നിഘണ്ടു ഇതിനായി ഇവർക്കുണ്ടെന്നു സംശയം ജനിപ്പിക്കുന്ന രീതിയിലാണ് അത്തരം പദപ്രയോഗങ്ങൾ.
സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിയിൽ നിന്ന് മോശമായ പദങ്ങളുപയോഗിച്ചുള്ള പ്രതികരണരീതി സാംസ്കാരിക കേരളം പ്രതീക്ഷിക്കുന്നില്ല. മണിപ്പൂർ വിഷയുമായി ബന്ധപ്പെട്ടു കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും സഭാ മേലധ്യക്ഷന്മാർ ഗൗരവത്തോടെ തന്നെ ഉത്തരവാദിത്തപ്പെട്ടവരോട് നേരത്തെ സംസാരിച്ചിട്ടുള്ളതാണ്. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായ ഇത്തരം സംഗമങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെ വിമർശിക്കുന്നതും ഉചിതമല്ലെന്നും കെസിബിസി വക്താവ് കൂട്ടിച്ചേർത്തു.
Read More
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us