scorecardresearch

ഏജന്റിനു നൽകിയത് ഒരു കോടി; അതിർത്തി കടന്നതിനു പിന്നാലെ പിടിയിൽ; ദുരന്തമായ 'അമേരിക്കൻ സ്വപ്നം'

ഏജന്റിന് ഒരു കോടി രൂപ നൽകിയാണ് അമേരിക്കയിലെത്തിയതെന്ന് നാടുകടത്തപ്പെട്ട പഞ്ചാബ് സ്വദേശിയായ യുവതി

ഏജന്റിന് ഒരു കോടി രൂപ നൽകിയാണ് അമേരിക്കയിലെത്തിയതെന്ന് നാടുകടത്തപ്പെട്ട പഞ്ചാബ് സ്വദേശിയായ യുവതി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lovepreet Kaur

ലവ്പ്രീത് കൗർ

മെച്ചപ്പെട്ട് ജീവിതം, നല്ല ഭാവി അതെല്ലാം സ്വപ്നം കണ്ടാണ് പഞ്ചാബിൽ നിന്നുള്ള ലവ്പ്രീത് കൗറും പത്തു വയസ്സുകാരനായ മകനും അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ജനുവരി രണ്ടിന് ആരംഭിച്ച ആ യാത്ര ഒരു മാസത്തിനു ശേഷം ഇന്ന് അമൃത്സർ വിമാനത്താവളത്തിൽ അവസാനിക്കുമ്പോൾ അസ്തമിച്ച പ്രതീക്ഷകൾ മാത്രമല്ല നഷ്ടപ്പെട്ട ഭീമമായ തുകയുടെ കണക്കും ലവ്പ്രീതിന് പറയാനുണ്ട്.

Advertisment

ഒരു കോടി രൂപ ഏജന്റിന് നൽകിയാണ് ലവ്പ്രീതും മകനും അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഭേലാത്ത് സ്വദേശിയാണ് ലവ്പ്രീത്. തന്നെ പോലെ നിരവധി പേർ 'ഡങ്കി റൂട്ടി'ലൂടെ അമേരിക്കയിലെത്താൻ നിർബന്ധിതരാവുകയായിരുന്നെന്ന് ലവ്പ്രീത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

നേരിട്ട് യുഎസിലേക്ക് കൊണ്ടുപോകാം എന്നായിരുന്നു ഏജന്റിന്റെ വാഗ്ദാനമെന്നും, ഒടുക്കം കാര്യങ്ങളെല്ലാം ഈ രീതിയിൽ അവസാനിക്കുകയുമായിരുന്നെന്ന് ലവ്പ്രീത് പറഞ്ഞു. കൊളംബിയയിലെ മെഡെലിനിലേക്ക് തങ്ങളെ ആദ്യം കൊണ്ടുപോയതെന്ന് യുഎസിൽ എത്തിപ്പെട്ടത് എങ്ങനെയെന്ന് വിവരിച്ച് ലവ്പ്രീത് പറഞ്ഞു. 'ആദ്യം ഞങ്ങളെ കൊളംബിയയിലെ മെഡെലിനിലേക്ക് വിമാനത്തി കൊണ്ടുപോയി. രണ്ടാഴ്ചയോളം അവിടെ താമസിപ്പിച്ച ശേഷം ഒരു വിമാനത്തിൽ സാൻ സാൽവഡോറിലെത്തിച്ചു. അവിടെ നിന്ന് മൂന്ന് മണിക്കൂറിലധികം ഗ്വാട്ടിമാലയിലേക്ക് നടന്നു. പിന്നീട് ടാക്സികളിൽ മെക്സിക്കൻ അതിർത്തിയിലേക്ക് പോയി. രണ്ട് ദിവസം മെക്സിക്കോയിൽ താമസിച്ച ശേഷം, ജനുവരി 27ന് ഞങ്ങൾ യുഎസിലേക്ക് കടന്നു,' ലവ്പ്രീത് പറഞ്ഞു.

അതിർത്തി കടന്നതിനു പിന്നാലെ യുഎസ് അധികാരികളുടെ പിടിയിലായി. "ഞങ്ങൾ യുഎസിൽ എത്തിയപ്പോൾ, അവർ ഞങ്ങളോട് സിം കാർഡും വളയും കമ്മലും, ചെറിയ ആഭരണങ്ങൾ പോലും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തേക്ക് ഞങ്ങളെ ഒരു ക്യാമ്പിൽ പാർപ്പിച്ചു. അരയിലും കാലുകളിലും ചങ്ങലയിട്ടു, കൈകൾ ബന്ധിച്ചു. കുട്ടികളെ മാത്രമായിരുന്നു ഒഴിവാക്കിയത്.'

Advertisment

'സൈനിക വിമാനത്തിലെ യാത്രയ്ക്കിടെ പരസ്പരം സംസാരിക്കാൻ പോലും ആരെയും അനുവദിച്ചിരുന്നില്ല. ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ആരും ഞങ്ങളോട് പറഞ്ഞില്ല. ഒടുവിൽ ഇന്ത്യയിൽ എത്തിയപ്പോൾ അത് വലിയ ഒരു ഞെട്ടലായിരുന്നു. അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് ഇന്ത്യയിലെത്തിയെന്ന് ഞങ്ങളെ അറിയിക്കുന്നത്. സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നതുപോലെയാണ് അപ്പോൾ തോന്നിയത്,' ലവ്പ്രീത് പറഞ്ഞു.

ഏജന്റിന് പണം നൽകിയത് ലോൺ എടുത്ത്

'മകന്റെ ഭാവിയെക്കുറിച്ചും യുഎസിലെ പുതിയ ജീവിതത്തെക്കുറിച്ചും എനിക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. മെച്ചപ്പെട്ട ജീവിതവും നല്ലൊരു ഭാവിയും ലഭിക്കുമെന്ന് പ്രതീക്ഷിച്ച്, ഏജന്റിനു പണം നൽകാൻ കുടുംബം വലിയൊരു തുക വായ്പ എടുത്തു. അതെല്ലാം ഇപ്പോൾ തകർന്നടിഞ്ഞു. കാലിഫോര്‍ണിയയിലെ ഞങ്ങളുടെ ബന്ധുക്കളുടെ അടുത്തെത്തിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എല്ലാം നഷ്ടപ്പെട്ടു, അവസാനം വേദന മാത്രം. ഞങ്ങളെ കബളിപ്പിച്ച ആ കുറ്റവാളികളിൽ നിന്ന് സർക്കാർ ഇടപെട്ട് പണം തിരികെ വാങ്ങി നൽകണം,' ലവ്പ്രീത് പറഞ്ഞു.

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നൂറിലധികം ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ബുധനാഴ്ച ഉച്ചയോടെയാണ് അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. 25 സ്ത്രീകളും പ്രായപൂർത്തിയാകാത്ത 12 പേരും 79 പുരുഷന്മാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്തിൽ നിന്ന് 33 പേരും, പഞ്ചാബിൽ നിന്ന് 30 പേരും, ഉത്തർപ്രദേശിൽ നിന്നും ചണ്ഡീഗഡിൽ നിന്നും രണ്ടുപേർ വീതവും മഹാരാഷ്ട്രയിൽ നിന്ന് മൂന്നു പേരുമായിരുന്നു നാടുകടത്തപ്പെട്ടവരിൽ ഉണ്ടായിരുന്നത്.

Read More

America Usa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: