/indian-express-malayalam/media/media_files/2024/10/17/RoG0ux7UBiE2KoJ8Qqca.jpg)
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണ് സഞ്ജീവ് ഖന്നയുടെ പേര് ശുപാർശ ചെയ്തത്
ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ രണ്ടാമനായ സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസ് ആയേക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണ് സഞ്ജീവ് ഖന്നയുടെ പേര് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാർശ ചെയ്തത്. ശുപാർശ സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് ഖന്ന ആയിരിക്കും സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസ്.
2025 മേയ് 31 ന് വിരമിക്കുന്ന അദ്ദേഹത്തിന് ആറു മാസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ തുടരാൻ കഴിയുക. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ 10 ന് വിരമിക്കാനിരിക്കെ അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് നിർദേശിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചിരുന്നു. തുടർന്നാണ് അദ്ദേഹം സഞ്ജീവ് ഖന്നയുടെ പേര് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്തത്.
1983 ലാണ് ജസ്റ്റിസ് ഖന്ന ഡൽഹി ബാർകൗൺസിലിൽ നിന്ന് എൻറോൾ ചെയ്തത്. ആദ്യം തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളിൽ പ്രാക്ടീസ് ചെയ്തു. പിന്നീട് ഡൽഹി ഹൈക്കോടതിയിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറി. ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം 2004-ൽ ഡൽഹിയുടെ സ്റ്റാൻഡിംഗ് കൗൺസലായി (സിവിൽ) നിയമിതനായി.
ഡൽഹി ഹൈക്കോടതിയിൽ നിരവധി ക്രിമിനൽ കേസുകളിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും ഹാജരാകുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 2006-ൽ സ്ഥിരം ജഡ്ജിയായി. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ, ഡൽഹി ജുഡീഷ്യൽ അക്കാദമി, ഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ, ജില്ലാ കോടതി മീഡിയേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ ചെയർമാൻ/ജഡ്ജ്-ഇൻ-ചാർജ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
2019 ജനുവരി 18 നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ഏതെങ്കിലും ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതിയിലേക്ക് നിയമനം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ജസ്റ്റിസ് ഖന്ന. 2023 ജൂൺ 17 മുതൽ 2023 ഡിസംബർ 25 വരെ സുപ്രീം കോടതി ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനായിരുന്നു. നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനും ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഗവേണിംഗ് കൗൺസൽ അംഗവുമാണ് ജസ്റ്റിസ് ഖന്ന.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us