/indian-express-malayalam/media/media_files/2024/11/22/AkvdPZd08j01uRk9kqVL.jpg)
ചിത്രം: എക്സ്
ഹൈദരാബാദ്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ യുഎസ് സമർപ്പിച്ച കുറ്റപത്രത്തിലെ സംസ്ഥാനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കുറ്റപത്രം സംസ്ഥാന സർക്കാരിൻ്റെ കൈവശമുണ്ടെന്നും ക്രമക്കേടുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും നായിഡു പറഞ്ഞു.
"യുഎസിൽ സമർപ്പിച്ച കുറ്റപത്രത്തിൻ്റെ എല്ലാ റിപ്പോർട്ടുകളും സർക്കാരിന്റെ പക്കലുണ്ട്. കുറ്റപത്രം പഠിച്ച് നടപടിയെടുക്കും. എന്ത് നടപടി സ്വീകരിക്കുമെന്ന് വഴിയെ അറിയിക്കും," ചന്ദ്രബാബു നായിഡു നിയമസഭയിൽ പറഞ്ഞു.
വൈ.എസ്.ആർ.സി.പി സർക്കാരിനെതിരായ ആരോപണങ്ങൾ സംസ്ഥാനത്തിന്റെ പ്രതിച്ഛായയും അന്തസ്സും വ്രണപ്പെടുത്തിയെന്ന്, മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട എൻ.ഡി.എ അംഗങ്ങളോട് പ്രതികരിച്ചുകൊണ്ട് നായിഡു വ്യക്തമാക്കി. സങ്കടകരമായ സംഭവമാണ് ഉണ്ടായതെന്നും നായിഡു കൂട്ടിച്ചേർത്തു.
ന്യൂയോർക്ക് കോടതിയിലാണ് ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.
അതേസമയം, ആന്ധ്രാപ്രദേശിലെ വൈദ്യുതി വിതരണ കമ്പനികളും അദാനി ഗ്രൂപ്പും തമ്മിൽ നേരിട്ട് ഒരു കരാറും ഇല്ലെന്ന് വൈഎസ്ആർസിപി പ്രസ്താവനയിൽ അറിയിച്ചു. വൈദ്യുതി വാങ്ങാൻ സംസ്ഥാന സർക്കാർ എസ്ഇസിഐ-യുമായി കരാറിൽ ഏർപ്പെട്ടിരുന്നു. സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളും അദാനി ഗ്രൂപ്പിൽ ഉൾപ്പെടുന്ന മറ്റു സ്ഥാപനങ്ങളും തമ്മിൽ നേരിട്ടുള്ള കരാറില്ല. അതുകൊണ്ടുതന്നെ, സംസ്ഥാന സർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന്, ആരോപണം തള്ളിക്കൊണ്ട് വൈഎസ്ആർസിപി വ്യക്തമാക്കി.
Read More
- അഴിമതി കുറ്റം; അദാനി ഗ്രൂപ്പുമായുള്ള കരാറുകളിൽ നിന്ന് പിൻമാറി കെനിയ
- അദാനിയെ സംരക്ഷിക്കുന്നത് മോദി, ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി
- സൗരോർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ്
- കാർലോ അക്യുട്ടിസിനെ അടുത്തവർഷം ആദ്യ സഹസ്രാബ്ദ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് മാർപ്പാപ്പ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.