/indian-express-malayalam/media/media_files/0hXnHm7tyu28nk6ijxw4.jpg)
ഫൊട്ടോ: സുചന സേത്ത്(എക്സ്)
ബെംഗളൂരു: ഗോവയിലെ ആഡംബര ഹോട്ടലിൽ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി കടക്കാൻ ശ്രമിച്ച അമ്മ പിടിയിൽ. ബംഗളൂരുവിൽ സ്റ്റാർട്ടപ്പ് സി ഇ ഒയായ 39 വയസ്സുകാരി സുചന സേത്താണ് അതിക്രൂരമായ കൊല നടത്തിയതിന് പിടിയിലായിരിക്കുന്നത്. മകന്റെ മൃതദേഹം അടങ്ങിയ ബാഗുമായി ക്യാബിൽ രക്ഷപ്പെടാൻ ശ്രമിക്കവേയാണ് കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഭർത്താവുമായുള്ള പ്രശ്നങ്ങളാണ് മകനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. കൂടുതൽ വിശദാംശങ്ങൾക്കായി ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നോർത്ത് ഗോവയിലെ കാൻഡോലിമിലെ ആഡംബര അപ്പാർട്ട്‌മെന്റിൽ ശനിയാഴ്ച്ചയാണ് യുവതി മകനോടൊപ്പം എത്തിയത്. തിങ്കളാഴ്ച രാവിലെ ഇവർ അപ്പാർട്ട്മെന്റ് വിട്ടതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടലിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫിലെ ജീവനക്കാരിലൊരാൾ തിങ്കളാഴ്ച ഇവരുടെ മുറി വൃത്തിയാക്കാൻ എത്തിയപ്പോൾ രക്തക്കറകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അസ്വാഭാവികത തോന്നിയ ഹോട്ടൽ മാനേജ്‌മെന്റ് ഗോവ പോലീസുമായി ബന്ധപ്പെടുകയും തുടർന്ന് കലങ്കുട്ട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തുകയുമായിരുന്നു.
പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ സുചന ഹോട്ടൽ വിട്ടത് മകനില്ലാതെയായിരുന്നു എന്ന് വ്യക്തമായി. ഹോട്ടൽ നിന്നും ബാഗുമായി യുവതി പുറത്തേക്കിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഹോട്ടൽ ജീവനക്കാരോട് വിശദാംശങ്ങൾ അന്വേഷിച്ചതിലൂടെ ഇവർ ബെംഗളൂരുവിലേക്ക് പോകുന്നതിനായി ഒരു ക്യാബ് ഏർപ്പാടാക്കാൻ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നതായി വ്യക്തമായി. ക്യാബിന് പകരം ഫ്ലൈറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞെങ്കിലും യുവതി ക്യാബ് തന്നെ മതിയെന്ന് പറഞ്ഞായി ജീവനക്കാർ പൊലീസിന് മൊഴി നൽകി.
തുടർന്ന് റിസപ്ഷനിൽ നിന്നും ലഭിച്ച ക്യാബ് ഡ്രൈവറുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ ബന്ധപ്പെട്ട പൊലീസ് പ്രതിയുമായി ഫോണിൽ സംസാരിക്കുകയും മകനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ തന്റെ മകൻ ഗോവയിലെ ഫട്ടോർഡയിൽ ഒരു സുഹൃത്തിനൊപ്പമുണ്ടെന്നാണ് സുചന പൊലീസിനോട് പറഞ്ഞത്. യുവതിയുടെ മറുപടിയിൽ സംശയം തോന്നിയ പൊലീസ് ഉടൻതന്നെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വാഹനം എത്തിക്കാൻ ഡ്രൈവറോട് നിർദ്ദേശിച്ചു. ഇതേ തുടർന്ന് ചിത്രദുർഗയിലെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ഇവരുടെ ബാഗ് പരിശോധിച്ച പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഡേറ്റാ സയന്റിസ്റ്റായ സുചന സേത്ത്, ‘ദ മൈൻഡ്‌ഫുൾ എഐ ലാബ്’ എന്ന ടെക് കൺസൾട്ടൻസിയുടെ സ്ഥാപകയും സിഇഒയുമാണെന്ന് പോലീസ് പറഞ്ഞു.പ്രതി ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തിക്‌സ് വിദഗ്ദ്ധയും ഡാറ്റ സയൻസിലും സ്റ്റാർട്ടപ്പ് വ്യവസായത്തിലും 12 വർഷത്തെ പരിചയമുള്ള വ്യക്തിയുമാണ്. AI എത്തിക്‌സ് ലിസ്റ്റിലെ 100 മിടുക്കരായ സ്ത്രീകളിൽ ഒരാളാണ് സുചനയെന്നും അവരുടെ പ്രൊഫൈൽ പരിശോധിച്ച പൊലീസ് വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.